2017-ൽ സ്ഥാപിതമായ സെന്റ് മൈക്കിൾസ് ക്നാനായ പ്രൊപ്പോസ്ഡ് മിഷൻ, സെപ്റ്റംബർ 13-ാം തീയതി ഞായറാഴ്ച മിഷൻ പദവിയിലേക്ക് ഉയർത്തപ്പെട്ടു. മിഷന്റെ മധ്യസ്ഥനായ വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുനാൾ ആഘോഷത്തോടനുബന്ധിച്ചാണ് ഈ ചരിത്രപ്രധാനമായ ചടങ്ങുകൾ സംഘടിപ്പിച്ചത്.
തിരുനാൾ ദിനത്തിന് തുടക്കമായത് വികാരി ഫാ. ടോം പുത്തൻപുരയ്ക്കലും ട്രസ്റ്റിമാരും ഇടവകാംഗങ്ങളും ചേർന്ന് ബിഷപ്പ് മാർ ജോസഫ് പണ്ടാരശ്ശേരിലിനെയും ഫാ. സുനി പടിഞ്ഞാറേക്കരയെയും ഹൃദ്യമായി സ്വാഗതം ചെയ്തുകൊണ്ടാണ്. തുടർന്ന് ഫാ. ടോം പുത്തൻപുരയ്ക്കൽ തിരുനാൾ കൊടിയേറ്റി. തിരുനാൾ ലുത്തിനിയയും പ്രസുദേന്തി വാഴ്ചയും ക്രമമായി നടത്തപ്പെട്ടു.
തുടർന്ന്, ക്നാനായ കത്തോലിക്കാ മിഷൻസ് യു.കെ. കോർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര, ബിഷപ്പ് മാർ ജോസഫ് ശ്രാമ്പിക്കൽ പുറപ്പെടുവിച്ച ഔദ്യോഗിക മിഷൻ പ്രഖ്യാപന ഡിക്രി വായിച്ചു. ഇതോടെ പ്രൊപ്പോസ്ഡ് മിഷൻ ഔദ്യോഗികമായി മിഷൻ പദവിയിലേക്ക് ഉയർത്തപ്പെട്ടു.
പരമ്പരാഗതമായ മേനോറ വിളക്കിൽ ബിഷപ്പ് മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. ടോം പുത്തൻപുരയ്ക്കൽ, ട്രസ്റ്റിമാരായ ജിൽസ് നന്തിക്കാട്ട്, ജെയിംസ് ആകാശാല എന്നിവർ തിരിതെളിച്ചു. വിൻസെന്റ് ഡി പോൾ സൊസൈറ്റിയെ പ്രതിനിധീകരിച്ച് ജെയിംസ് കാവനാലും ലീജിയൻ ഓഫ് മേരിയെ പ്രതിനിധീകരിച്ച് മോളി സൈമണും യുവജനങ്ങളെ പ്രതിനിധീകരിച്ച് അമൽ ലിജോ, ബിനിറ്റ ബേബി, ബെലീഷ്യ ജിൽസ് എന്നിവരും മെഴുകുതിരികൾ തെളിയിച്ചു.
ബിഷപ്പ് മാർ ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യകാർമികത്വം വഹിച്ച ആഘോഷമായ വിശുദ്ധ കുർബാനയ്ക്കുശേഷം ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിപൂർവം നടന്നു. വിശുദ്ധ കുർബാനയെ തുടർന്ന് പള്ളിയിൽ ഔദ്യോഗിക സമ്മേളനം സംഘടിപ്പിച്ചു. സിറിൽ പ്രാലയിൽ എല്ലാവരെയും സ്വാഗതം ചെയ്തു. ബിഷപ്പ് മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. ഫിലിപ്പ് കുഴിപ്പറമ്പിൽ എന്നിവർ അനുഗ്രഹപ്രഭാഷണങ്ങൾ നടത്തി. ജിൽസ് നന്തിക്കാട്ട് നന്ദി രേഖപ്പെടുത്തി. സമ്മേളനത്തിനുശേഷം പള്ളിഹാളിൽ ഒരുക്കിയ രുചികരമായ ഉച്ചഭക്ഷണവും തുടർന്ന് വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

