അനീസ റെനി മാത്യൂ സ്റ്റീവ്‌നേജിലെ ആദ്യ ഡെപ്യൂട്ടി യൂത്ത് മേയര്‍
ലണ്ടണ്‍: കോട്ടയം അതിരൂപതാംഗവും ലണ്ടണ്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷന്‍ അംഗവുമായ അനീസ റെനി മാത്യൂ, സ്റ്റീവ്‌നേജിലെ ആദ്യ ഡെപ്യൂട്ടി യൂത്ത് മേയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റീവ്‌നേജില്‍ നടന്ന യൂത്ത് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ അത്യൂജ്വല വിജയം കൈവരിക്കുകയും കൗണ്‍സിലര്‍മാര്‍ക്ക് കിട്ടിയ വോട്ടുകളില്‍ മുന്‍തൂക്കം നേടുകയും ചെയ്ത അനീസയെ അവരുടെ അതുല്യ പ്രതിഭയ്ക്ക് അവസരം കൊടുക്കുന്നതിനു പുറമെ അവരുടെ കഴിവുകളും വ്യക്തിഗത നേട്ടങ്ങളും യുവജനങ്ങള്‍ക്കിടയില്‍ അവരുടെ സേവനങ്ങള്‍ ലഭ്യമാക്കുവാനുമായി കൗണ്‍സില്‍ ഭരണ നേതൃത്വം സ്റ്റീവനേജ് യൂത്ത് കൗണ്‍സില്‍ ഭരണഘടനയെ തിരുത്തിയെഴുതിച്ചു അനീസയ്ക്കായി പുതിയ പദവി സൃഷ്ടിക്കുകയായിരുന്നു.
അനീസയുടെ പിതാവ് റെനി മാത്യൂ, മാറിക ഇല്ലിക്കാട്ടില്‍ കുടുംബാംഗവും, മാതാവ് ലിജി റെനി ചക്കാമ്പുഴ വടക്കേമണ്ണൂര്‍ കുടുംബാംഗവുമാണ്. ആന്‍ റെനി മാത്യൂ, അഡോണ റെനി മാത്യൂ എന്നിവര്‍ സഹോദരിമാരാണ്.
അനീസ റെനി യൂത്ത് ക്രൈമിന് പ്രാമുഖ്യം നല്‍കി അവതരിപ്പിച്ച മാനിഫെസ്റ്റോയിലും തുടര്‍ന്ന് നടത്തിയ അഭിമുഖത്തിലും പ്രതിഫലിച്ച ദീര്‍ഘവീക്ഷണം, സാമൂഹ്യ പ്രതിബദ്ധത, നേതൃത്വ പാടവം, യുവജനതയുടെ സുരക്ഷിത്വത്തിലുള്ള താത്പര്യം, സുരക്ഷാവീഴ്ചകള്‍ക്കുള്ള വ്യക്തതയാര്‍ന്ന പ്രതിവിധികള്‍ അതോടൊപ്പം കലാ-കായികതലങ്ങളിലുള്ള വ്യക്തിതല അംഗീകാരങ്ങളും ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുവാനും അവരില്‍ സ്വാധീനം ചെലുത്തുവാനും ഇടയാക്കി.
ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയും ഉന്നതമായ സ്ഥാനം അലങ്കരിക്കുവാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന അനീസയ്ക്ക് യു.കെ ക്‌നാനായ കാത്തലിക് മിഷന്റെയും ലണ്ടണ്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തിലിക് മിഷന്റെയും എല്ലാ പ്രാര്‍ത്ഥനാശംസകളും മംഗളങ്ങളും.
കടപ്പാട്- മലയാളം യു.കെ