യു.കെയില്‍ ക്‌നാനായ കത്തോലിക്കര്‍ക്ക് സ്വന്തമായ ഒരു ദൈവാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു.

ലിവര്‍പൂള്‍: യു.കെയില്‍ ക്‌നാനായ കത്തോലിക്കര്‍ക്ക് സ്വന്തമായ ഒരു ദൈവാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. ലിവര്‍പൂള്‍ അതിരൂപത ലിതര്‍ലാന്റിലുള്ള സെന്റ് എലിസബത്ത് ഓഫ് ഹംഗറി ദൈവാലയവും പാരീഷ് ഹാളും പൂര്‍ണ്ണമായും സൗജന്യമായി ദീര്‍ഘകാലത്തയ്ക്ക് ലിവര്‍പൂളിലെ ക്‌നാനായ മിഷനുവേണ്ടി നല്‍കിയതോടെയാണ് വര്‍ഷങ്ങളായുള്ള യു.കെയിലെ ക്‌നാനായമക്കളുടെ പ്രാര്‍ത്ഥനയും ആഗ്രഹവും സഫലമായത്. ദൈവാലയത്തോടനുബന്ധിച്ചുള്ള വൈദിക മന്ദിരവും നാമമാത്രമായ വാടകയ്ക്ക് പള്ളിയുടെ ഉപയോഗത്തിനായി ഇതോടൊപ്പം ലഭിച്ചത് ഈ സന്തോഷത്തിന് ഇരട്ടി മധുരം നല്‍കി. ലിവര്‍പ്പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മാക്മഹോനയുമായി യു.കെ ക്‌നാനായ കാത്തലിക് മിഷന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തില്‍ ഡീക്കന്‍ അനില്‍, കൈക്കാരന്മാരായ ഫിലിപ്പ് കുഴിപ്പറമ്പിൽ, ജോയി പാവക്കുളത്ത് എന്നിവര്‍ നാളുകളായി നടത്തിയ ചര്‍ച്ചകളുടെ വെളിച്ചത്തിലും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുവാദത്താലുമാണ് 450ല്‍ പരം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ദൈവാലയവും 300ല്‍ അധികം പേരെ ഉള്‍ക്കൊള്ളുന്ന ഹാളും വൈദിക മന്ദിരവും ലഭിച്ചിരിക്കുന്നത്. യു.കെയില്‍ ക്‌നാനായ മിഷനുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ നാള്‍വഴിയില്‍ ഒരു പ്രധാന നാഴികക്കല്ലായി പുതിയ ദൈവാലയത്തിന്റെ ലഭ്യത മാറും. അമേരിക്കയ്ക്കും കാനഡയ്ക്കും ശേഷം ഇന്ത്യയ്ക്ക് വെളിയില്‍ ക്‌നാനായക്കാര്‍ക്ക് സ്വന്തമായി യു.കെയിലെ ലിവര്‍പൂളില്‍ ഒരു ദൈവാലയം ലഭിക്കുന്നത് യൂറോപ്പില്‍ ആകമാനമുള്ള ക്‌നാനായ കത്തോലിക്കര്‍ക്ക് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമായി മാറുന്നു.

യു.കെയിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികള്‍ക്ക് അവരുടെ തനതായ പാരമ്പര്യങ്ങളും തനിമയും നിലനിര്‍ത്തിക്കൊണ്ടുതന്നെ കത്തോലിക്കാ വിശ്വാസത്തില്‍ വളരുന്നതിനും പുതിയ തലമുറയ്ക്ക് അത് പകര്‍ന്നു നല്‍കുന്നതിനുമായാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ കീഴില്‍ ക്‌നാനായക്കാര്‍ക്ക് മാത്രമായി 15 ക്‌നാനായ മിഷനുകള്‍ കത്തോലിക്കാ സഭ സ്ഥാപിച്ചു നല്‍കിയിരിക്കുന്നത്. നമ്മുടെ പൂര്‍വ്വികര്‍ അഭിവന്ദ്യ പിതാക്കന്മാരോടും വൈദികരോടും ചേര്‍ന്ന് ദൈവാലയങ്ങളില്‍ ഒത്തുകൂടി ഏകമനസ്സോടെ ദൈവത്തെ ആരാധിച്ചതിലൂടെയാണ് സീറോമലബാര്‍ സഭയിലൂടെ കത്തോലിക്കാ വിശ്വാസവും പാരമ്പര്യങ്ങളും തലമുറകളായി സംരക്ഷിക്കുവാന്‍ നമുക്ക് സാധിച്ചത്.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുഗ്രഹാശിസ്സുകളും ലിവര്‍പൂള്‍ രൂപതയിലെ പെര്‍മനെന്റ് ഡീക്കന്‍ അനില്‍ ലൂക്കോസിന്റെ അക്ഷീണ പരിശ്രമവും കൈക്കാരന്മാരായിരുന്ന ഫിലിപ്പ് കുഴിപ്പറമ്പിൽ, ജോയി പാവക്കുളത്ത് എന്നിവരുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളും ഈ സ്വപ്ന സാക്ഷാത്കാരത്തില്‍ ഏറെ നിര്‍ണ്ണായകമായി. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ അഭി. മാത്യൂ മൂലക്കാട്ട് മെത്രാപ്പോലീത്തയുടെയും മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെയും ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം പിതാവിന്റെയും വികാരി ജനറാളായിരുന്ന സജി മലയില്‍ പുത്തന്‍പുരയില്‍ അച്ചന്റെയും ദീര്‍ഘവീഷണത്തോടെയുള്ള കാഴ്ചപ്പാടുകളും അക്ഷീണ പരിശ്രമങ്ങളുമാണ് ഇപ്രകാരം ക്‌നാനായ മിഷനുകള്‍ സ്ഥാപിക്കുന്നതിനും അതിനെ വളര്‍ത്തുന്നതിലേയ്ക്കും നയിച്ചതെന്ന് കോ-ഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറെക്കര അനുസ്മരിച്ചു. ദൈവാലയത്തിന്റെയും മറ്റും ചെറിയ നവീകരണ പ്രവര്‍ത്തനത്തിന് ശേഷം ദൈവാലയത്തിന്റെ പുനര്‍ കൂദാശ നടത്തപ്പെടുന്നതാണ്.

.