നോട്ടിങ്ഹാം ക്നാനായ കത്തോലിക് മിഷന് അനുഗ്രഹത്തിന്റെയും,അഭിമാനത്തിന്റെയും നിമിഷങ്ങൾ!

2017-ൽ സ്ഥാപിതമായ സെന്റ് മൈക്കിൾസ് ക്നാനായ പ്രൊപ്പോസ്ഡ് മിഷൻ, സെപ്റ്റംബർ 13-ാം തീയതി ഞായറാഴ്ച മിഷൻ പദവിയിലേക്ക് ഉയർത്തപ്പെട്ടു. മിഷന്റെ മധ്യസ്ഥനായ വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുനാൾ ആഘോഷത്തോടനുബന്ധിച്ചാണ് ഈ ചരിത്രപ്രധാനമായ ചടങ്ങുകൾ സംഘടിപ്പിച്ചത്.

തിരുനാൾ ദിനത്തിന് തുടക്കമായത് വികാരി ഫാ. ടോം പുത്തൻപുരയ്ക്കലും ട്രസ്റ്റിമാരും ഇടവകാംഗങ്ങളും ചേർന്ന് ബിഷപ്പ് മാർ ജോസഫ് പണ്ടാരശ്ശേരിലിനെയും ഫാ. സുനി പടിഞ്ഞാറേക്കരയെയും ഹൃദ്യമായി സ്വാഗതം ചെയ്തുകൊണ്ടാണ്. തുടർന്ന് ഫാ. ടോം പുത്തൻപുരയ്ക്കൽ തിരുനാൾ കൊടിയേറ്റി. തിരുനാൾ ലുത്തിനിയയും പ്രസുദേന്തി വാഴ്ചയും ക്രമമായി നടത്തപ്പെട്ടു.

തുടർന്ന്, ക്നാനായ കത്തോലിക്കാ മിഷൻസ് യു.കെ. കോർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര, ബിഷപ്പ് മാർ ജോസഫ് ശ്രാമ്പിക്കൽ പുറപ്പെടുവിച്ച ഔദ്യോഗിക മിഷൻ പ്രഖ്യാപന ഡിക്രി വായിച്ചു. ഇതോടെ പ്രൊപ്പോസ്ഡ് മിഷൻ ഔദ്യോഗികമായി മിഷൻ പദവിയിലേക്ക് ഉയർത്തപ്പെട്ടു.

പരമ്പരാഗതമായ മേനോറ വിളക്കിൽ ബിഷപ്പ് മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. ടോം പുത്തൻപുരയ്ക്കൽ, ട്രസ്റ്റിമാരായ ജിൽസ് നന്തിക്കാട്ട്, ജെയിംസ് ആകാശാല എന്നിവർ തിരിതെളിച്ചു. വിൻസെന്റ് ഡി പോൾ സൊസൈറ്റിയെ പ്രതിനിധീകരിച്ച് ജെയിംസ് കാവനാലും ലീജിയൻ ഓഫ് മേരിയെ പ്രതിനിധീകരിച്ച് മോളി സൈമണും യുവജനങ്ങളെ പ്രതിനിധീകരിച്ച് അമൽ ലിജോ, ബിനിറ്റ ബേബി, ബെലീഷ്യ ജിൽസ് എന്നിവരും മെഴുകുതിരികൾ തെളിയിച്ചു.

ബിഷപ്പ് മാർ ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യകാർമികത്വം വഹിച്ച ആഘോഷമായ വിശുദ്ധ കുർബാനയ്ക്കുശേഷം ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിപൂർവം നടന്നു. വിശുദ്ധ കുർബാനയെ തുടർന്ന് പള്ളിയിൽ ഔദ്യോഗിക സമ്മേളനം സംഘടിപ്പിച്ചു. സിറിൽ പ്രാലയിൽ എല്ലാവരെയും സ്വാഗതം ചെയ്തു. ബിഷപ്പ് മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. ഫിലിപ്പ് കുഴിപ്പറമ്പിൽ എന്നിവർ അനുഗ്രഹപ്രഭാഷണങ്ങൾ നടത്തി. ജിൽസ് നന്തിക്കാട്ട് നന്ദി രേഖപ്പെടുത്തി. സമ്മേളനത്തിനുശേഷം പള്ളിഹാളിൽ ഒരുക്കിയ രുചികരമായ ഉച്ചഭക്ഷണവും തുടർന്ന് വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

ക്നാനായ കത്തോലിക്കാ സഭയ്ക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ;വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും വാഴ്‌വ് 2026

ക്നാനായ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ അഭിമാനത്തിന്റെയും ആനന്ദത്തിന്റെയും വിശ്വാസദൃഢീകരണത്തിന്റെയും സ്മരണീയ നിമിഷങ്ങളായി മാറുകയാണ് ഈ ദിനങ്ങൾ. കോട്ടയം അതിരൂപതയ്ക്ക് പുതിയ സഹായമെത്രാനായി മാർ തോമസ് ആനിമൂട്ടിൽ അഭിഷിക്തനായത് സഭാസമൂഹത്തിന് വലിയ ആത്മീയ സന്തോഷവും അഭിമാനവും പകരുന്ന അനുഗ്രഹീത സംഭവമാണ്. സഭയുടെ വളർച്ചയ്ക്കും വിശ്വാസികളുടെ ആത്മീയ ഉന്നമനത്തിനും പുതിയ ഇടയന്റെ ശുശ്രൂഷകൾ ശക്തിപകരട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം.

ഇതോടൊപ്പം യുകെ ക്നാനായ കത്തോലിക്കാ മിഷനുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട വാഴ്‌വ് 2026 വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും സമർപ്പണത്തിന്റെയും മനോഹരമായ സാക്ഷ്യമായി മാറി. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്നാനായ വിശ്വാസികൾ ഒരുമിച്ചുചേർന്ന ഈ സംഗമം, പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും പാരമ്പര്യവും വിശ്വാസവും സഭാസ്നേഹവും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഒരു സമൂഹത്തിന്റെ ശക്തി വിളിച്ചോതുന്നതായിരുന്നു. ആഘോഷങ്ങളുടെ പൊലിമയ്ക്കപ്പുറം, തലമുറകളിലൂടെ കൈമാറിവന്ന വിശ്വാസപൈതൃകം പുതുതലമുറയിലേക്ക് പകരുന്നതിനുള്ള പ്രതിജ്ഞ പുതുക്കിയ അവസരമായിരുന്നു വാഴ്‌വ്. കുടുംബബന്ധങ്ങൾക്കും മിഷനുകൾ തമ്മിലുള്ള ഐക്യത്തിനും യുവജനങ്ങളുടെ പങ്കാളിത്തത്തിനും സഭാജീവിതത്തിലെ സജീവസാന്നിധ്യത്തിനും ഈ കൂട്ടായ്മ പുതിയ ഊർജം പകർന്നു. വിശ്വാസത്തിൽ വേരൂന്നിയ ഒരു സമൂഹത്തിന് ഭൂമിശാസ്ത്രപരമായ അകലങ്ങൾ ഒരിക്കലും ഐക്യത്തിന് തടസ്സമാകില്ലെന്ന സന്ദേശവും ഈ സംഗമം നൽകി.

ജപമാല മാസത്തിലെ മാതൃസാന്നിധ്യവും അനുഗ്രഹവും

ഒക്ടോബർ മാസമായ ജപമാല മാസത്തിൽ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യവും പ്രത്യേക അനുഗ്രഹവും ഈ ആത്മീയ സന്തോഷങ്ങൾക്ക് കൂടുതൽ അർത്ഥം പകരുന്നു. വീടുകളിലും ക്നാനായ കത്തോലിക്കാ മിഷനുകളിലും ജപമാല പ്രാർത്ഥനകളിലൂടെ വിശ്വാസികൾ ഒന്നിച്ചുചേരുമ്പോൾ, കുടുംബപ്രാർത്ഥനയുടെയും പരസ്പരസ്നേഹത്തിന്റെയും വിശ്വാസസാക്ഷ്യത്തിന്റെയും മഹത്വം വീണ്ടും ഓർമിക്കപ്പെടുന്നു.

പരിശുദ്ധ അമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്ന വിനയവും സമർപ്പണവും അനുസരണവും നമ്മുടെ കുടുംബജീവിതത്തിലും സഭാസേവനത്തിലും പ്രതിഫലിക്കട്ടെ. പുതിയ സഹായമെത്രാന്റെ അഭിഷേകത്തിലൂടെ ലഭിച്ച ആത്മീയ സന്തോഷവും വാഴ്‌വിലൂടെ അനുഭവിച്ച കൂട്ടായ്മയുടെ ശക്തിയും ജപമാല മാസത്തിലെ പ്രാർത്ഥനാനുഭവങ്ങളും ഒരേ സന്ദേശത്തിലേക്കാണ് നമ്മെ നയിക്കുന്നത്: വിശ്വാസത്തിൽ ഒന്നായി, സ്നേഹത്തിൽ വളർന്ന്, സേവനത്തിലൂടെ ദൈവമഹത്വം പ്രഘോഷിക്കുക.

ക്നാനായ കത്തോലിക്കാ സഭയുടെ ഈ അഭിമാനനിമിഷങ്ങൾ വെറും ആഘോഷങ്ങളുടെ ഓർമകളായി ഒതുങ്ങാതെ, വിശ്വാസജീവിതത്തെ കൂടുതൽ ആഴപ്പെടുത്തുന്ന പ്രചോദനങ്ങളായി മാറട്ടെ. കോട്ടയം അതിരൂപതയുടെ ആത്മീയ വളർച്ചയ്ക്കും യുകെ ക്നാനായ മിഷനുകളുടെ ഐക്യത്തിനും കുടുംബങ്ങളുടെ സമാധാനത്തിനും പുതുതലമുറയുടെ വിശ്വാസദൃഢീകരണത്തിനുമായി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.

പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തിൽ, ദൈവാനുഗ്രഹം നിറഞ്ഞ പുതിയൊരു വിശ്വാസയാത്രയിലേക്ക് ക്നാനായ കത്തോലിക്കാ സമൂഹം മുന്നേറട്ടെ.

വിശ്വാസം നമ്മുടെ പൈതൃകം, ഐക്യം നമ്മുടെ ശക്തി, ദൈവാനുഗ്രഹം നമ്മുടെ പ്രത്യാശ

ഫാ. മാത്യൂസ് വലിയ പുത്തൻപുര

ചീഫ് എഡിറ്റർ

കെന്റ് സെന്റ് ജോൺ പോൾ രണ്ടാമൻ ക്നാനായ മിഷനിൽ ഇടവക മധ്യസ്ഥന്റെ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു

കെന്റ് സെന്റ് ജോൺ പോൾ രണ്ടാമൻ ക്നാനായ മിഷനിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തിരുനാൾ 2026 ഒക്ടോബർ 3-ാം തീയതി ശനിയാഴ്ച ഭക്ത്യാദരപൂർവം ആഘോഷിച്ചു.

രാവിലെ 10.30-ന് ഇടവക വികാരി ഫാ. അജൂബ് തൊട്ടനാനി തിരുനാൾ കൊടിയേറ്റി. തുടർന്ന് നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ജോസഫ് അമ്മായികുന്നേൽ മുഖ്യകാർമികത്വം വഹിക്കുകയും വചനസന്ദേശം നൽകുകയും ചെയ്തു.

തുടർന്ന് നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ഫാ. ജോസ് അഞ്ചാനിക്കൽ നേതൃത്വം നൽകി. പ്രദക്ഷിണത്തിനുശേഷം അദ്ദേഹം പരിശുദ്ധ കുർബാനയുടെ ആശീർവാദവും നൽകി.

സ്നേഹവിരുന്നിനുശേഷം വേദപാഠ സ്കൂളിന്റെ വാർഷികാഘോഷവും നടന്നു. വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും സന്തോഷം പങ്കുവെച്ച തിരുനാൾ ആഘോഷങ്ങളിൽ പങ്കുചേർന്ന വിശ്വാസികൾ വൈകുന്നേരം ആറുമണിയോടെ സന്തോഷപൂർവം സ്വന്തം ഭവനങ്ങളിലേക്ക് മടങ്ങി.

ലെസ്റ്റർ, കെറ്ററിംഗ് സേക്രഡ് ഹാർട്ട് – സെന്റ് സെബാസ്റ്റ്യൻ കുർബാന സെന്ററുകൾക്നാനായ കത്തോലിക്ക പ്രൊപ്പോസ്ഡ് മിഷനുകളായി ഉയർത്തി

ലെസ്റ്റർ: ലെസ്റ്റർ സേക്രഡ് ഹാർട്ട് വിശുദ്ധ കുർബാന സെന്ററും കെറ്ററിംഗ് സെന്റ് സെബാസ്റ്റ്യൻ വിശുദ്ധ കുർബാന സെന്ററും ക്നാനായ കത്തോലിക്ക പ്രൊപ്പോസ്ഡ് മിഷനുകളായി പ്രഖ്യാപിച്ചു. 2026 സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 11:30-ന് ലെസ്റ്ററിലെ സെന്റ് പാട്രിക് ആർ. സി. ദേവാലയത്തിൽ വെച്ചായിരുന്നു ചരിത്രപരമായ ഈ ശുശ്രൂഷകൾ നടന്നത്.

സെന്റർ വികാരി റവ. ഫാ. ടോം പുത്തൻപുരക്കൽ ചടങ്ങുകൾക്ക് സ്വാഗതം ആശംസിച്ചു. ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാ ചാൻസലർ റവ. ഫാ. മാത്യു പിനാക്കാട്ട് പ്രൊപ്പോസ്ഡ് മിഷനുകളായുള്ള ഔദ്യോഗിക പ്രഖ്യാപന രേഖ വായിച്ചു. തുടർന്ന് ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മിഷനുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയുടെ അനുഗ്രഹീത സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. പ്രൊപ്പോസ്ഡ് മിഷൻ പ്രഖ്യാപനത്തിന്റെ ഭാഗമായി ബിഷപ്പുമാരും വൈദികരും കൈക്കാരന്മാർ: വിനോദ്, ടോമി (ലെസ്റ്റർ), ജിജോ, സഖറിയ (കെറ്ററിംഗ്) എന്നിവരും ചേർന്ന് പരമ്പരാഗത മനോറ തെളിച്ചു.

യു.കെ ക്നാനായ കത്തോലിക്ക മിഷൻസ് കോർഡിനേറ്റർ റവ. ഫാ. സുനി പടിഞ്ഞാറേക്കര ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. യുകെയിലെ ക്നാനായ കത്തോലിക്ക സമൂഹത്തിന് പുതിയ ആത്മീയ ഉണർവ് നൽകുന്നതാണ് ഈ പുതിയ മിഷൻ പ്രഖ്യാപനങ്ങൾ.