വിവാഹ കൂദാശ നിഷേധം എന്ന വ്യാജ പ്രചരണത്തിൽ ക്നാനായ കത്തോലിക്ക വിശ്വാസികൾ നിജസ്ഥിതി മനസ്സിലാക്കണമെന്നും സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ പ്രചരണത്തിൽ വിശ്വസിക്കരുതെന്നും ക്നാനായ കത്തോലിക്ക മിഷൻസ് യുകെ മീഡിയ കമ്മീഷൻ പ്രസ്താവന വഴി അറിയിച്ചു.
കത്തോലിക്കാ സഭ ദൈവിക നിയമത്തിന്റെയും കാനൻ നിയമത്തിന്റെയും ഓരോ രാജ്യത്തിൻറെയും നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. യു കെ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ ആൻഡ് ഡേറ്റ പ്രൊട്ടക്ഷൻ ആക്ട് 2018 പ്രകാരമാണ് യുകെയിലെ ഓരോ കത്തോലിക്ക രൂപതയും പ്രവർത്തിക്കുന്നത്. രാജ്യത്തിൻറെ നിയമം അനുസരിച്ച് യുകെയിൽ പ്രവർത്തിക്കുന്ന ഓരോ ഇടവകകൾക്കും അതാത് രൂപത തയ്യാറാക്കിയ കൺസന്റ് രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് നൽകേണ്ടതുണ്ട്. ഇങ്ങനെ ഫോം പൂരിപ്പിച്ച് നൽകിയവരുടെ കൂദാശ സ്വീകരണങ്ങൾക്ക് ഒരു നിഷേധവും നടത്തിയിട്ടില്ല. യുകെയിൽ ക്നാനായ കാത്തലിക് മിഷൻസ് ഇടവകകളിൽ ഫോം പൂരിപ്പിച്ചു നൽകുന്നവർക്ക് തങ്ങളുടെ മാതൃ ഇടവകാംഗത്വം നഷ്ടപ്പെടുകയില്ല എന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് 2023 ജൂലൈ 20 പ്രസിദ്ധീകരിച്ച സർക്കുലർ നമ്പർ 302 കൃത്യമായി പ്രതിപാദിക്കുന്നുണ്ട്.
പൗരസ്ത്യ സഭയിലെ അംഗങ്ങൾ അവരുടെ സ്വയാധികാര സഭയിൽ നിന്നും കൂദാശകൾ സ്വീകരിക്കണമെന്ന് പൗരസ്ത്യ സഭയുടെ കാര്യാലയത്തിൽ നിന്ന് യുകെയിലെ ലാറ്റിൻ രൂപതകളിലേക്ക് 2024 നവംബർ 22ന് നിർദ്ദേശം നൽകിയിട്ടുണ്ട്. സീറോ മലബാർ രൂപത യുകെയിൽ വരുന്നതിനുമുമ്പ് ആത്മീയ ആവശ്യങ്ങൾക്ക് ലാറ്റിൻ പള്ളികളിൽ നിന്നും സേവനം ലഭ്യമാകുമായിരുന്നു. നമ്മുടെ പൗരസ്ത്യ സഭ വ്യക്തിത്വം മറച്ചുവെച്ചുകൊണ്ട് കൂദാശകൾ ലാറ്റിൻ ദേവാലയങ്ങളിൽ നിന്നും സ്വീകരിക്കുന്നത് പൗരസ്ത്യ സഭയുടെ നിയമങ്ങൾക്ക് വിരുദ്ധമാണ്.
വളരെ സജീവമായി ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ പ്രവർത്തനങ്ങൾ നടത്തപ്പെടുമ്പോൾ അതിനെതിരെ ചില തല്പരകക്ഷികൾ നടത്തുന്ന വ്യാജ പ്രചാരണത്തിൽ ആരും വിശ്വസിക്കരുത്. കൂടാതെ ഏതെങ്കിലും കാര്യത്തിൽ സംശയമുണ്ടെങ്കിൽ അതാത് മിഷനുകളിലെ വൈദികരുമായി ബന്ധപ്പെടുകയാണെങ്കിൽ നിജസ്ഥിതി ബോധ്യമാകും. കത്തോലിക്കാ സഭക്കെതിരെ പ്രവർത്തിക്കുന്ന നിഗൂഢ ശക്തികൾക്കെതിരെ നിതാന്ത ജാഗ്രത വിശ്വാസികൾക്ക് ഉണ്ടാകണം. വിശ്വാസ ജീവിതത്തെയും വിശ്വാസ ജീവിതത്തിൽ അധിഷ്ഠിതമായ നമ്മുടെ ക്നാനായ പാരമ്പര്യങ്ങളെയും തച്ചുടച്ച് ഈ തലമുറയെയും വരും തലമുറയെയും വിശ്വാസ ജീവിതത്തിൽ നിന്നും, ക്നാനായ പാരമ്പര്യ ജീവിത രീതികളിൽ നിന്നും അകറ്റുവാനുള്ള ശ്രമങ്ങളെ വിവേചിച്ചറിഞ്ഞ് ഓരോ ക്നാനായ കത്തോലിക്ക വിശ്വാസികളും പ്രവർത്തിക്കണം.
യുകെയിലും നാട്ടിലുമായി ഏകദേശം 250ലധികം ക്നാനായ കത്തോലിക്ക യുവതി യുവാക്കളാണ് ഈ വർഷം വിവാഹിതരാകുന്നത്. ഇവരെല്ലാം രാജ്യത്തിന്റെയും സഭയുടെയും നിയമങ്ങൾ അനുസരിച്ച് വേണ്ടുന്നതായ ഫോമുകൾ പൂരിപ്പിച്ച് നൽകി ദൈവീക നിയമത്തിന്റെയും രാജ്യ നിയമത്തിന്റെയും അടിസ്ഥാനത്തിൽ കൂദാശകൾ സ്വീകരിക്കുന്നു.
കൂദാശ സ്വീകരണ സംബന്ധമായ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അതാത് മിഷൻ വികാരിമാരുമായി ബന്ധപ്പെടേണ്ടതാണ്.