ബര്‍മിംഗ്ഹാം: ക്‌നാനായ കത്തോലിക്കാ മിഷനുകളുടെ ഫിസിക്കല്‍ നാഷണല്‍ മീറ്റ് ബര്‍മിംഗ്ഹാമിലെ കിംഗ്‌സ് വിന്‍ഫോര്‍ഡിലുള്ള ഔർ ലേഡി ഓഫ് ലൂര്‍ദ്ദ് ദൈവാലയത്തില്‍ വച്ച് ഡിസംബര്‍ മാസം 14 ന് നടത്തപ്പെട്ടു. രാവിലെ 11 മണിക്ക് വി. കുര്‍ബാനയോടെ നാഷണല്‍ മീറ്റിന് തുടക്കമായി. സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ബഹു. സജി തോട്ടത്തില്‍ അച്ചന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ മിഷനുകളില്‍ സേവനം ചെയ്യുന്ന എല്ലാ ബഹു. വൈദികരും ചേര്‍ന്ന് അര്‍പ്പിച്ച വി. കുര്‍ബാനയെ തുടര്‍ന്ന് ജൂബിലി ആഘോഷിക്കുന്ന ബഹു. സജി അച്ചന്‍ കേക്ക് മുറിച്ച് ജൂബിലിയുടെ സന്തോഷം പങ്കുവച്ചു. തുടര്‍ന്ന് എല്ലാ വൈദികരും ചേര്‍ന്ന് ക്‌നാനായക്കാരുടെ വിവാഹ അവസരത്തില്‍ പാടുന്ന ബറുമറിയം ആലപിച്ചുകൊണ്ട് നാഷണല്‍ മീറ്റില്‍ സംബന്ധിക്കുന്നവര്‍ക്ക് ആശീര്‍വ്വാദം നല്‍കി. ഉദ്ഘാടനത്തിന് ശേഷം ഡീക്കന്‍ അനില്‍ ലൂക്കോസ് നയിച്ച ക്ലാസ്സ് ആനുകാലിക വിഷയങ്ങളും സഭയും സമുദായവും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന കാര്യവും ചര്‍ച്ച ചെയ്തു. ലഞ്ചിനു ശേഷം ചേര്‍ന്ന നാഷണല്‍ മീറ്റില്‍ യു.കെയിലെ മിഷനുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുകയും ഒരോ ഗ്രൂപ്പില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിമാര്‍ അതാത് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ആശയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന പൊതു ചര്‍ച്ചയ്ക്ക് കോ-ഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കര നേതൃത്വം നല്‍കി. 4 മണിക്ക് പ്രാര്‍ത്ഥനയോടെയും സമാപന ആശീര്‍വ്വാദത്തോടെയും നാഷണല്‍ മീറ്റ് അവസാനിച്ചു. വിവിധ മിഷനുകളില്‍ സേവനം ചെയ്യുന്ന ബഹു. വൈദികര്‍, കൈക്കാരന്മാര്‍, അക്കൗണ്ടന്റ്‌സ്, ഹെഡ് ടീച്ചേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടെ 55 ഓളം പേര്‍ നാഷണല്‍ മീറ്റില്‍ സംബന്ധിച്ചു.
വളര്‍ച്ചയുടെ പാതയില്‍ സെന്റ് തോമസ് ക്‌നാനായ മിഷനിലെ വിന്റ്‌സെന്റ് ഡി പോള്‍ സൊസൈറ്റി യോര്‍ക്ക്‌ഷെയര്‍
യോര്‍ക്ക്‌ഷെയര്‍: സെന്റ് തോമസ് ക്‌നാനായ മിഷന്‍ യോര്‍ക്ക്‌ഷെയറിലെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്നു. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ കോട്ടയം അതിരൂപതാ സെക്രട്ടറി ഡോണ്‍ ബോസ്‌കോ പതിയിലും ക്‌നാനായ കാത്തലിക് മിഷന്‍സ് യു.കെയുടെ കോ-ഓര്‍ഡിനേറ്റര്‍ ബഹു. സുനി പടിഞ്ഞാറേക്കരയച്ചനും ചേര്‍ന്ന് സംയുക്തമായി മെനോറാ വിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്ത യു.കെയിലെ ക്‌നാനായ മിഷനുകളിലെ പ്രഥമ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഷിബു ഓട്ടപ്പള്ളിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയിലൂടെയും ഉപവി പ്രവര്‍ത്തനങ്ങളിലൂടെയും മുന്നോട്ടു നീങ്ങുന്നു. ദൈവം തന്ന ചെറുതും വലുതുമായ താലന്തുകള്‍ അര്‍ഹതപ്പെട്ടവരിലേയ്ക്ക് പങ്കുവച്ചും ഭവന സന്ദര്‍ശനം നടത്തിയും രോഗീ സന്ദര്‍ശനം നടത്തിയും സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതിന് ഇടയാകുന്നു. ബഹു. ജോഷി കൂട്ടുങ്കലച്ചന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് സോഫി ഷാജി ഇടത്തിമറ്റത്തില്‍, സെക്രട്ടറി ആരോമല്‍ വിന്‍സെന്റ് ആലപ്പാട്ട്, ട്രഷറര്‍ വിനോദ് ചന്ദ്രപ്പള്ളില്‍ എന്നിവര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു.
രക്ഷിക്കപ്പെടുവാനും വിശുദ്ധീകരിക്കപ്പെടുവാനും വചന വായന അനിവാര്യം : ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം
യു.കെ: രക്ഷിക്കപ്പെടുവാനും വിശുദ്ധീകരിക്കപ്പെടുവാനും വചന വായന അനിവാര്യമാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം പിതാവ്. ക്‌നാനായ കാത്തലിക് മിഷന്‍ യു.കെ, ഡിസംബര്‍ മാസം 2 -ന് വൈകുന്നേരം 4 മണി മുതല്‍ 3-ന് വൈകുന്നേരം 5 മണിവരെയുള്ള 24 മണിക്കൂര്‍ സമയത്തിനുള്ളില്‍ ബൈബിള്‍ പുതിയനിയമം വായിച്ചതിന്റെ സമാപനത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു മാർ അപ്രേം പിതാവ്. 2025 സെപ്റ്റംബര്‍ മാസം വരെയുള്ള കാലയളവിനുള്ളില്‍ ഒരു മിഷനില്‍ നിന്നും ഒരു സമ്പൂര്‍ണ്ണ ബൈബിള്‍ കൈയ്യെഴുത്ത് പ്രതിയായി തയ്യാറാക്കുന്ന പദ്ധതിയുടെയും ഉദ്ഘാടനവും അഭി. പിതാവ് നിര്‍വ്വഹിച്ചു. എഴുതപ്പെട്ട വചനമാണ് ബൈബിള്‍. വചനം എന്നത് ദൈവം തന്നെയാണ്. ദൈവം തന്റെ സൃഷ്ടികര്‍മ്മവും രക്ഷാകര്‍മ്മവും നടത്തിയത് വചനത്തിലൂടെയാണ്. ആ വചനം മാംസം ധരിച്ചതാണ് ഈശോ. വചനത്തിലൂടെ ആഴത്തില്‍ നമ്മുടെ കര്‍ത്താവിനെ മനസ്സിലാക്കുന്നു. ബൈബിള്‍ വായനയിലൂടെയും എഴുതുന്നതിലൂടെയും ബൈബിളിനെ കൂടുതല്‍ ഹൃദയത്തില്‍ സ്വീകരിച്ച് ബൈബിള്‍ അധിഷ്ഠിതമായി ക്രൈസ്തവ ജീവിതം നയിക്കാന്‍ നമുക്കു സാധിക്കണമെന്ന് അഭി. പിതാവ് കൂട്ടിച്ചേര്‍ത്തു. 2025 ജൂണ്‍ മാസം 19 മുതല്‍ 22 വരെ സ്റ്റഫോര്‍ഡ്‌ഷെയറില്‍ വച്ച് ഫാ. ഡാനിയേല്‍ പൂവണ്ണത്തിലച്ചന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ക്‌നാനായ ഫാമിലി റിന്യൂവല്‍ റിട്രീറ്റിന്റെ ഔദ്യോഗിക രജിസ്‌ട്രേഷന്റെ ഉദ്ഘാടനവും അഭി. പിതാവ് നിര്‍വ്വഹിച്ചു. ക്‌നാനായ ഫാമിലി റിട്രീറ്റിലൂടെ ഈശോയിലേയ്ക്ക് കൂടുതല്‍ അടുക്കുവാന്‍ ഇടവരട്ടെ എന്ന് അഭി. പിതാവ് ആശംസിച്ചു. ക്‌നാനായ കാത്തലിക് മിഷന്‍സ് യു.കെയുടെ മുഖപത്രമായ തെക്കന്‍ ടൈസിന്റെ ഔദ്യോഗിക ഉദ്ഘാടനവും അഭി. പിതാവ് നിര്‍വ്വഹിച്ചു. വാര്‍ത്തകള്‍ കോര്‍ത്തിണക്കപ്പെടുന്നതിലൂടെ ബന്ധങ്ങള്‍ വളരുവാന്‍ ഇടയാകട്ടെ എന്ന് പിതാവ് തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു. ലോഗോയുടെ ഔദ്യോഗിക പ്രകാശന കര്‍മ്മവും അഭി. പിതാവ് നിര്‍വ്വഹിച്ചു. ലോഗോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും അത് എന്തിനെ സൂചിപ്പിക്കുന്നു എന്നും ലോഗോയുടെ ഡിസൈനിംഗിന്റെ ചുക്കാന്‍ പിടിച്ച ബിജു പന്നിവേലില്‍ വിശദീകരിച്ചു. ക്‌നാ ഫയര്‍ കോ-ഓര്‍ഡിനേറ്റര്‍ ബിജോയ് മുണ്ടുപാലത്ത് എല്ലാവര്‍ക്കും നന്ദി അറിയിച്ചു.