യോർക്ക്ഷെയർ: സെൻ്റ് തോമസ് ക്നാനായ കാത്തലിക് മിഷൻ യോർക്ക്ഷെയറിൽ ഇടവകാംഗങ്ങൾ ചേർന്ന് കൈകൊണ്ട് പകർത്തി എഴുതിയ സമ്പൂർണ്ണ ബൈബിൾ മിഷൻ സെൻ്ററിൽ ഭക്തിപൂർവ്വം പ്രതിഷ്ഠിച്ചു. ദൈവവചനം കൂടുതൽ ആഴത്തിൽ പഠിക്കുന്നതിനും, ഓരോ വാക്യവും ഹൃദയത്തിൽ സ്വീകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് മിഷനിലെ വിവിധ അംഗങ്ങൾ ചേർന്ന് ബൈബിൾ പകർത്തി എഴുതുന്ന ഈ ഉദ്യമം ആരംഭിച്ചത്. വിശ്വാസത്തോടും, പ്രാർത്ഥനയോടും കൂടിയാണ് ഓരോരുത്തരും ഈ ദൗത്യത്തിൽ പങ്കുചേർന്നത്. പകർത്തി എഴുത്ത് പൂർത്തിയാക്കിയപ്പോൾ ബൈബിളിലെ സത്യങ്ങൾ കൂടുതൽ മനസ്സിലാക്കാൻ സാധിച്ചെന്നും, അത് തങ്ങളുടെ ആത്മീയ ജീവിതത്തിൽ വലിയ അനുഗ്രഹങ്ങൾക്ക് കാരണമായെന്നും മിഷൻ അംഗങ്ങൾ സാക്ഷ്യപ്പെടുത്തി.
സമ്പൂർണ്ണ ബൈബിൾ കൈകൊണ്ട് എഴുതി പൂർത്തിയാക്കിയ ശേഷം, പ്രത്യേക ചടങ്ങുകളോടുകൂടിയാണ് മിഷൻ സെൻ്ററിൽ പ്രതിഷ്ഠിച്ചത്. ഈ സംരംഭം മറ്റ് വിശ്വാസ സമൂഹങ്ങൾക്കും പ്രചോദനമാവുകയാണ്. ദൈവവചനം ജീവിതത്തിൽ പകർത്താനുള്ള ഈ ഉദ്യമത്തിന് മിഷൻ വികാരി ഫാ. ജോഷി ഫിലിപ്പ് കൂട്ടുങ്കൽ അഭിനന്ദനങ്ങൾ അറിയിച്ചു.



