
നവംബർ മാസം കത്തോലിക്കാ സഭയുടെ ജീവിതചര്യയിൽ പ്രത്യേക പ്രാധാന്യമുണ്ട്. ഈ മാസം, “മരിച്ചവരുടെ മാസം” എന്ന പേരിൽ, സഭ മുഴുവൻ സ്വർഗ്ഗീയജീവിതത്തിലേക്കു യാത്ര ചെയ്ത വിശ്വാസികളെ ഓർത്തു പ്രാർത്ഥനയിലേക്കു ക്ഷണിക്കുന്നു.
ഓർമ്മയുടെ ദിനങ്ങൾ – നവംബർ ഒന്നിന് സഭ “എല്ലാ വിശുദ്ധരുടെ തിരുനാൾ” ആചരിക്കുന്നു — സ്വർഗ്ഗത്തിലെല്ലാം ദൈവസാന്നിധ്യം അനുഭവിക്കുന്ന വിശുദ്ധരായവരെ ആദരിക്കുന്ന ദിനം. അതിനുശേഷം നവംബർ രണ്ടിന് “എല്ലാ മരിച്ചവരുടെ ദിനം” ആഘോഷിക്കുന്നു.
സഭയുടെ വിശ്വാസം – കത്തോലിക്കാ സഭ വിശ്വസിക്കുന്നത്, മരണം ജീവിതത്തിന്റെ അവസാനമല്ല, മറിച്ച് ദൈവസാന്നിധ്യത്തിലേക്കുള്ള മാറ്റമാണെന്നതാണ്. സ്വർഗ്ഗത്തിൽ ദൈവദർശനം അനുഭവിക്കുന്ന വിശുദ്ധർ, ശുദ്ധീകരണസ്ഥാനത്ത് ദൈവകൃപയെ കാത്തിരിക്കുന്ന ആത്മാക്കൾ, ഭൂമിയിൽ ദൈവവിശ്വാസത്തിൽ ജീവിക്കുന്നവർ — ഇവരൊക്കെയും Communion of Saints എന്ന ആത്മീയബന്ധത്തിൽ അകൃത്യമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ പ്രാർത്ഥനകൾ, തിരുശുശ്രൂഷകൾ, കരുണാക്രിയകൾ ഇവ എല്ലാം അവർക്കു ആത്മശാന്തിയും ശുദ്ധിയും നേടിക്കൊടുക്കുമെന്ന് സഭ പഠിപ്പിക്കുന്നു.
സിമിത്തേരി സന്ദർശിച്ച് ആത്മാവിനായി പ്രാർത്ഥിക്കുക.,തിരുശുശ്രൂഷകളിൽ (Holy Mass) മരിച്ചവരുടെ പേരിൽ യാഗം അർപ്പിക്കുക,സൽക്രിയകൾ ചെയ്യുക — ദരിദ്രർക്കു സഹായം നൽകൽ, രോഗികളെ സന്ദർശിക്കൽ, ഒറ്റപ്പെട്ടവരെ ആശ്വസിപ്പിക്കൽ മുതലായവ. ഇവയെല്ലാം മരിച്ചവർക്കുള്ള പ്രാർത്ഥനയിലുപരി, നമ്മുടെ ഹൃദയത്തെയും വിശ്വാസത്തെയും ദൈവസാന്നിധ്യത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നു.
ജീവിതത്തെ മനസ്സിലാക്കുന്ന ഒരു ക്ഷണം
മരണത്തെ കത്തോലിക്കാ വിശ്വാസം ഭയത്തിന്റെ പ്രതീകമാക്കി കാണുന്നില്ല. അത് ദൈവത്തിലേക്കുള്ള യാത്രയുടെ സ്വാഭാവികഘട്ടമാണ്. നവംബർ മാസത്തിലെ ഈ ഓർമ്മകൾ നമ്മെ പ്രേരിപ്പിക്കുന്നത് — ജീവിതം താൽക്കാലികമാണെന്ന ബോധ്യത്തിൽ, ദൈവകൃപയോടെ, സ്നേഹത്തിലും പ്രത്യാശയിലും നിറഞ്ഞു ജീവിക്കാനാണ്.
ലത്തീൻ സഭയിൽ നവംബർ രണ്ടിനും സീറോ മലങ്കര സഭയിൽ വലിയ നോമ്പ് തുടങ്ങും മുമ്പുള്ള ഞായറാഴ്ചയുമാണ് മരിച്ചവരുടെ തിരുനാൾ ആഘോഷിക്കുന്നത്. എന്നാൽ സീറോ മലബാർ സഭയിൽ മരിച്ചവിശ്വാസികളുടെ ഓർമ ആഘോഷിക്കുന്നത് നോമ്പ് തുടങ്ങുംമുമ്പുള്ള വെള്ളിയാഴ്ചയാണ്. അതായത് ദനഹാക്കാലത്തെ അവസാന വെള്ളിയാഴ്ചയാണ്. എങ്കിലും, ഈ നവംബർ മാസത്തിൻ്റെ ആദ്യത്തിൽ സകല വിശുദ്ധരേയും ഓർക്കുന്നതോടൊപ്പം മരിച്ചവരെയും ഓർത്ത് നമുക്ക് പ്രാർത്ഥിക്കാം. നമ്മുടെ സഭയിലെ മൃതസംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങൾ ഇവിടെ ചേർക്കുന്നു.
മൃതസംസ്കാരം സഭയിൽ: സഭാപരമായ മൃതസംസ്കാര ശുശ്രൂഷയിലൂടെ ക്രിസ്തീയ വിശ്വാസത്തിൻ്റെ പല മാനങ്ങൾ നമുക്ക് കാണുവാൻ സാധിക്കും. മരിച്ചവർക്ക് വേണ്ടിയുള്ള ആധ്യാത്മിക സഹായം നൽകുക, ജീവിച്ചിരിക്കുന്നവർക്ക് ആശ്വാസവും പ്രതീക്ഷയും നൽകുക, സംസ്കരിക്കുന്ന സ്ഥലങ്ങൾ വിശുദ്ധമായി സംരക്ഷിക്കുക, പുനരുദ്ധാനത്തിനുള്ള വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുക എന്നിവയാണ് പ്രധാനപ്പെട്ടവ. മതസംസ്കാരത്തിൽ സഭ മരിച്ചവരുടെ ശരീരങ്ങളെ ബഹുമാനിക്കുന്നു എന്നതും ഇതിനോട് കൂട്ടിച്ചേർക്കാവുന്നതാണ്. സത്യത്തിൽ ക്രൈസ്തവമൃത സംസ്കാരം സഭയുടെ ഒരു ആരാധന ആഘോഷമാണ്.
(CCC 1684).
നമ്മുടെ പാരമ്പര്യത്തിൽ മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷവും പല അവസരങ്ങളിൽ ആയി മരിച്ചവർക്ക് വേണ്ടി നാം പ്രാർത്ഥിക്കുന്നു. അതിൽ പ്രധാനപ്പെട്ട അവസരങ്ങൾ ചുവടെ ചേർക്കുന്നു.
1) നാളോത്തു പ്രാർത്ഥന
മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷം മരണമടഞ്ഞ വ്യക്തിയുടെ കുടുംബാംഗങ്ങൾ ഒന്നുചേർന്ന് ദേവാലയത്തിൽ വച്ച് പ്രാർത്ഥിക്കുന്ന പ്രാർത്ഥനയാണ് നാളോത്തു പ്രാർത്ഥന. നമ്മുടെ കർത്താവ് ജായ്റോസിന്റെ മകളെ ഉയർപ്പിച്ച സംഭവം ഈ പ്രാർത്ഥനയിൽ അനുസ്മരിക്കുന്നു. മരിച്ചവർ കർത്താവിൻ്റെ കൃപയാൽ ഉയർപ്പിക്കപ്പെടുമെന്ന വിശ്വാസവും പ്രതീക്ഷയും ഇവിടെ ഏറ്റു പറയുന്നു. ഈ പ്രാർത്ഥനയ്ക്ക് ശേഷം മൃതിയടഞ്ഞ വ്യക്തിയുടെ മക്കൾ പരസ്പരം ആശ്വസിപ്പിക്കുന്നതിന്റെ ഭാഗമായി തഴുകൽ നടത്തിയിരുന്നു. ഈ തഴുകൽ ക്നാനായ സമുദായത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. അതുപോലെതന്നെ പ്രാർത്ഥനയ്ക്ക് ശേഷം പുരോഹിതൻറെ ഊറാലയിൽ ഉള്ള കുരിശ് വിശ്വാസികൾ ചുംബിക്കുകയും ചെയ്യുന്നു. അതിനുശേഷം ആണ് ദേവാലയത്തിൽ നിന്നും പോയിരുന്നത്. കൂടാതെ, മരിച്ചത് വിവാഹിതയാണെങ്കിൽ, ആ വ്യക്തി ധരിച്ചിരുന്ന താലി ദേവാലയ ഭണ്ഡാരത്തിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു. വിവാഹത്തിലൂടെ ആ ദേവാലയത്തിൽ വച്ച് ആരംഭിച്ച വിവാഹബന്ധം, അവസാനിച്ചതിന്റെയും, സ്വർഗീയമണവാളനായ മിശിഹായെ പ്രതീക്ഷിക്കുന്നതിന്റെയും പ്രതീകമായിട്ടാണ് താലി നിക്ഷേപിച്ചിരുന്നത്.
2) പുലയടിയന്തരം
‘പുല’ എന്ന വാക്കിൻറെ അർത്ഥം അശുദ്ധി എന്നാണ്. മരണം മൂലമുള്ള അശുദ്ധിയെ വിശദീകരിക്കുക എന്ന ഉദ്ദേശത്തോടെ ഈ കർമ്മം നടത്തുന്നു. ഇത് സൂചിപ്പിക്കുന്നതുപോലെ ഹൈന്ദവ വിശ്വാസത്തിലെ സ്വാധീനം ഇവിടെ കാണുവാൻ സാധിക്കും. ഈ ഒരു കാഴ്ചപ്പാടിനെ ക്രൈസ്തവീകരിച്ചതായി നമുക്ക് ഇതിനെ കാണാം. മരണശേഷം 11 ദിവസങ്ങളുടെ ഉപവാസത്തിനുശേഷം ആണ് ഈ കർമ്മം നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ മൂന്നാമത്തെ ദിവസമോ അഞ്ചാമത്തെ ദിവസമോ ഏഴാമത്തെ ദിവസമോ ഈ കർമ്മം നടത്തുന്നു. അശുദ്ധിയെക്കാൾ മരിച്ച വ്യക്തിയുടെ പാപങ്ങൾക്കും പൊറുതി കൊടുക്കണമെന്നുള്ള ആഗ്രഹമാണ് ഈ പ്രാർത്ഥനയുടെ ഉദ്ദേശം. അയമോദകവും കരിക്കും നാളോത്തു പ്രാർത്ഥനയിലേതുപോലെ ഈ അവസരത്തിലും ഉപയോഗിക്കുന്നു.
3) തൂക്കുവിളക്ക്
മരണ ദിവസം മുതൽ 40 ദിവസത്തേക്ക് ഭവനത്തിൽ കത്തിച്ച തൂക്കുവിളക്ക് വയ്ക്കുന്നത് ക്നാനായ സമുദായത്തിന്റെ പ്രത്യേകതയാണ്. ദുഃഖാർത്ഥരായ കുടുംബാംഗങ്ങൾക്ക് നിത്യപ്രകാശമായ മിശിഹാ തുണയായുണ്ട് എന്ന് ഈ വിളക്ക് സൂചിപ്പിക്കുന്നു.
4) 41 അടിയന്തരം
മരണദിവസം തുടങ്ങി ഇരുപത്തിയെട്ടാം ദിവസത്തിനു ശേഷമോ നാല്പ്ത്തിഒന്നാം ദിവസമോ അതിനു മുൻപോ നടത്തുന്ന പ്രാർത്ഥനയാണ് ഇത്. മുപ്പതാം ദിവസം പ്രത്യേക പ്രാർത്ഥന നടത്തുന്ന പാരമ്പര്യമുള്ളതായി വി. അപ്രേം രേഖപ്പെടുത്തിയിട്ടുണ്ട്.
5) 28 അടിയന്തരം
ഒന്നാം മരണ വാർഷികത്തിന്റെ 28 ദിവസങ്ങൾക്ക് മുമ്പ് നടത്തുന്ന പ്രാർത്ഥനയാണിത്. ചന്ദ്രമാസ കണക്കിൽ ഈ ദിവസമാണ് വാർഷികം. പൗരസ്ത്യ സുറിയാനി സഭയിൽ ലൂണാർ കലണ്ടർ അനുസരിച്ചാണ് ഏഴാം നൂറ്റാണ്ടുവരെ ആരാധനക്രമം ഉണ്ടായിരുന്നത്.
6) ശ്രാദ്ധ തിരുനാൾ (ചാത്തം /ദുക്റാന)
28 അടിയന്തരം ആഘോഷപൂർവ്വമായി നടത്തുന്നുണ്ടെങ്കിൽ ആണ്ടു ചാത്തം സാധാരണയായി നടത്താറില്ല. അന്നത്തെ വിശുദ്ധ കുർബാനയ്ക്ക് ശേഷം മരിച്ച വ്യക്തിയുടെ കല്ലറയിലും ഭവനത്തിലും പ്രാർത്ഥനകൾ നടത്തുന്നു. ഉത്ഥാനത്തിനുള്ള വിശ്വാസത്തിൽ ഊന്നിയുള്ള പ്രാർത്ഥനകളാണ് ഈ അവസരത്തിൽ നടത്തുന്നത്. ഈ അവസരത്തിലെ വിഭവങ്ങളിൽ പ്രധാനപ്പെട്ടവ ചക്കര പാച്ചർ, നെയ്യപ്പം, പഴം എന്നിവയാണ്. മരിച്ച വ്യക്തി ദൈവസന്നിധിയിൽ അനുഭവിക്കുന്ന സന്തോഷത്തെയാണ് ചക്കര പാച്ചർ സൂചിപ്പിക്കുന്നത്. ഈ അവസരത്തിൽ വൈദികൻ പഴവും നെയ്യപ്പവും വെഞ്ചിരിക്കുന്നു. ആദ്യ മാതാപിതാക്കളുടെ അനുസരണക്കേട് മൂലമുള്ള പാപത്തിൽ നിന്ന് മിശിഹാ നമ്മെ രക്ഷിച്ചു എന്നതിൻറ പ്രതീകമാണ് പഴവും നെയ്യപ്പവും നൽകുന്നതിലൂടെ സൂചിപ്പിക്കുന്നത്.
പ്രാർത്ഥനയ്ക്ക് ശേഷം കൈ കസ്തൂരി നൽകി, പൗരോഹിത്യത്തിന്റെ അടയാളമായ ഊറാറയിലെ സ്ലീവ ചുംബിച്ച ശേഷം ദക്ഷിണ നൽകുന്നു. മരിച്ചവർക്ക് വേണ്ടിയുള്ള പാപപരിഹാരാർത്ഥം ബലികളും കാഴ്ചകളും അർപ്പിക്കാൻ പണപ്പിരിവ് നടത്തി ജെറുസലേമിലേക്ക് അയച്ചുകൊടുത്തു എന്ന മക്കബായരുടെ പുസ്തകത്തിലെ സംഭവമാണ് ഇതിന് ആധാരം (2 മക്ക 12, 38-45).



