ഈശോമിശിഹായിൽ പ്രിയ സഹോദരീ സഹോദരന്മാരേ,
“ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീർപ്പോടും കൂടി നിങ്ങൾ പൂർണ്ണ ഹൃദയത്തോടെ എൻ അടുക്കലേക്ക് തിരിച്ചു വരുവിൻ” (ജോയേൽ 2:12). നോമ്പുകാലത്തേക്കു പദമൂന്നുന്ന നമുക്കു ജോയേൽ പ്രവാചകൻ്റെ ഈ വാക്കുകൾ പ്രചോദനമാകട്ടെ. എല്ലാ വർഷവും ദൈവജനത്തിന് അനേകം നന്മകളുടെയും ദൈവകൃപയുടെയും വാഗ്ദാനവുമായിട്ടാണ് നോമ്പുകാലം കടന്നുവരുന്നത്. എക്കാലത്തെയുംപോലെ ഇന്നു നാം ജീവിക്കുന്ന സാഹചര്യങ്ങളിലും തിന്മയുടെ ശക്തികൾ പടർന്നു കയറാൻ ശ്രമിക്കുന്നതു നാം കാണുന്നുണ്ട്. യുദ്ധങ്ങളും അധികാരമോഹങ്ങളും അവയ്ക്കെല്ലാം കൂട്ടുനിൽക്കുന്ന സ്വാർത്ഥതയും അഴിമതിയും, ധൂർത്തും, അഹന്തയുമെല്ലാം ജീവിതത്തെ ദുസ്സഹമാക്കുന്നു. അഭയാർഥികളും ആലംബഹീനരുമെല്ലാം ആശ്വാസത്തിനായി കേഴുന്നു. ധാർമ്മിക മൂല്യങ്ങൾ തിരസ്ക്‌കരിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങൾ വർധിച്ചു വരുന്നു. നവീകരണ പരിശ്രമങ്ങൾ പലതും ഫലപ്രാപ്തിയിലെത്തുന്നില്ല, ഒരുതരം നിസംഗത എല്ലാ മേഖലകളെയും ബാധിച്ചിരിക്കുന്നു. കാരണം, സ്വയം നവീകരണത്തിലൂടെയല്ലാതെ ആർക്കും ലോകത്തെയോ മറ്റുള്ളവരെയോ നവീകരിക്കാനാവില്ല.
നമ്മിൽ യാഥാർഥ മാറ്റം ഉണ്ടാകണമെങ്കിൽ നമ്മുടെ ആത്മാവിലും ഹൃദയത്തിലുമാണ് അത് ആദ്യം സംഭവിക്കേണ്ടത്. നമ്മുടെ പ്രലോഭനങ്ങളെയും വീഴ്‌ചകളെയും തിന്മകളെയും സത്യസന്ധതയോടെ നോക്കിക്കാണാൻ നാം പരിശ്രമിക്കണം. ദൈവനിഷേധം, കോപം, നിസ്സംഗത, സ്വാർത്ഥത, വിശ്വാസവഞ്ചന, അശുദ്ധി, പാപബന്ധനങ്ങൾ തുടങ്ങിയവയും ഇവയോട് ചേർന്നുപോകുന്ന മറ്റു ദുശീലങ്ങളും ഗൗരവമായ പാപസാഹചര്യങ്ങളാണ് സൃഷ്ടിക്കുക. ശരിയായ രീതിയിൽ ഇവയെ നിയന്ത്രിക്കുന്നില്ലെങ്കിൽ നമ്മുടെ ആധ്യാത്മിക ജീവിതത്തെയും അതുവഴി പൊതുസമൂഹത്തെയും ശ്വാസംമുട്ടിക്കുന്ന കളകളും മുള്ളുകളുമായി അവ വളർന്നു കൊണ്ടേയിരിക്കും. സങ്കീർത്തനം പറയുന്നതുപോലെ ‘എൻ്റെ പാപങ്ങൾ ഞാനറിയുന്നു, അവ എപ്പോഴും എൻ്റെ കണ്മുൻപിലുണ്ട്’ (സങ്കീ 51,3). നോമ്പാചരണത്തിന്റെ കൃപയും വിശുദ്ധീകരണവും ഇവിടെ നമുക്കനിവാര്യമാണ്. അവയിലൂടെ നമ്മുടെ ജീവിതത്തെയും ചുറ്റുപാടുകളെയും മെച്ചപ്പെടുത്താനാവശ്യമായ എല്ലാ ഉപകരണങ്ങളും നമുക്ക് ലഭിക്കുന്നു. ഇവയെ വേണ്ടവിധം പ്രയോജനപ്പെടുത്താൻ നാം തീർച്ചയായും പരിശ്രമിക്കേണ്ടിയിരിക്കുന്നു. “നിങ്ങൾക്കു കൈവന്നിരിക്കുന്ന ദൈവകൃപ വ്യർത്ഥമാക്കരുത്” (2 കോറി 6:1) എന്ന പൗലോസ് അപ്പസ്തോലൻ്റെ വാക്കുകൾ നോമ്പിൻ്റെ ആരംഭത്തിൽ നമുക്ക് പ്രചോദനമാകട്ടെ. നന്മ ചെയ്യാൻ ആഗ്രഹിക്കുന്ന നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന തിന്മയുടെ ശക്തികളെപ്പറ്റിയും അവയെ നിർവീര്യമാക്കാൻ സഹായിക്കുന്ന ആത്മാവിൻ്റെ ഫലങ്ങളെപ്പറ്റിയും ഗലാത്യർക്കെഴുതിയ ലേഖനത്തിൽ പൗലോസ് അപ്പസ്തോലൻ പറയുന്ന വാക്കുകൾ (ഗലാ 5:20-23) ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടും കൂടി ക്രൂശിച്ചുകൊണ്ട് നോമ്പുകാലം ഫലപ്രദമായി ആചരിക്കാൻ നമുക്കു ശക്തി നൽകും.
അമിതമായ മദ്യപാനവും അടക്കക്കുറവായ വസ്ത്രധാരണവും വിവിധ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ആഢംബരവും ധൂർത്തും അനുഷ്ഠാനങ്ങളുമെല്ലാം അന്യർക്ക് ഇടർച്ച നൽകുന്ന ആത്മീയ പാപ്പരത്വത്തിന്റെ നഗ്‌നമായ പ്രദർശനമായി മാറുന്നു എന്ന കാര്യം വീണ്ടും ഓർമ്മിപ്പിക്കേണ്ടി വരുന്നു. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസിന്റെ ഈ ജൂബിലി വർഷത്തിൽ ലാളിത്യത്തിന്റെയും ക്രൈസ്തവ സ്നേഹാനുഭവത്തിന്റെയും മാതൃകയായ ഈ വിശുദ്ധന്റെ ജീവിത മാതൃകയിൽനിന്ന് പ്രചോദനമുൾക്കൊള്ളാൻ നമുക്ക് ആത്മാർത്ഥമായി പരിശ്രമിക്കാം. നോമ്പുകാലമെന്നു കേൾക്കുമ്പോൾ കുറെ കാര്യങ്ങൾ ഉപേക്ഷിക്കാനുള്ള ഒരു കാലഘട്ടമാണ് അതെന്നു ചിന്തിക്കുന്നവരുണ്ട്. എന്നാൽ അതിലുപരി ദൈവത്തോടൊത്തുള്ള ഒരു തീർത്ഥാടനത്തിന്റെ കാലമാണത്. നമ്മുടെ ജീവിതയാത്രയിൽ തടസ്സങ്ങൾ മാറ്റി നിറുത്തിക്കൊണ്ട് നമുക്ക് ജീവൻ നൽകിയ ദൈവത്തിന്റെ സ്വരം വ്യക്തമായി ശ്രവിക്കാനും അനുധാവനം ചെയ്യാനുമുള്ള സുവർണ കാലഘട്ടമാണിത്. ഈ യാത്രയിൽ നമ്മെ സഹായിക്കാൻ തിരുസഭ അവളുടെ അനുഭവ ജ്ഞാനത്തിൽനിന്നും നമുക്ക് നൽകുന്ന മൂന്നു പരമ്പരാഗത ഉപകരണങ്ങളാണ് പ്രാർത്ഥന, ഉപവാസം, ദാനധർമ്മം എന്നിവ. നമ്മുടെ ഹൃദയങ്ങൾ ദൈവത്തിലേക്ക് തിരിയുമ്പോൾ അത് മറ്റുള്ളവരിലേക്കും തുറക്കുന്നു എന്നും നിസ്സംഗത ഒഴിവാക്കി നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും ലോകത്തിലും സ്നേഹത്തിന്റെ സത്ഫലങ്ങൾ പുറപ്പെടുവിക്കാനുള്ള നല്ല അവസരമാണ് നോമ്പുകാലം എന്നും വി. ജോൺ പോൾ മാർപ്പാപ്പ നമ്മെ ഓർമ്മിപ്പിക്കുന്നു. ഫ്രാൻസീസ് മാർപ്പാപ്പയുടെ വാക്കുകളിൽ ‘അത്യാവശ്യങ്ങളിലേക്കു മടങ്ങാനുള്ള ഒരു കാലഘട്ടമാണ് നോമ്പുകാലം’. നമ്മുടെ ഹൃദയങ്ങൾ മൃദുലമാക്കാൻ ദൈവത്തിനു നാം വിട്ടുകൊടുക്കുന്ന അവസരമാണ് മാനസാന്തരം. പ്രാർത്ഥനയിലൂടെ നാം വീണ്ടും ദൈവത്തെ ശ്രവിക്കുന്നു. നമ്മെ ഭാരപ്പെടുത്തുന്നവയിൽനിന്നു മോചിതരാകാൻ ഉപവാസം സഹായിക്കുന്നു. ദാനധർമ്മത്തിലൂടെ നമ്മുടെ സഹോദരങ്ങളെ, വിശിഷ്യാ ക്ലേശിതരെയും വിസ്മരിക്കപ്പെട്ടവരെയും നാം വീണ്ടും കണ്ടെത്തുന്നു.
ആത്മാവിന്റെ നിശ്വാസമാണ് പ്രാർത്ഥന. എല്ലാ ദിവസവും വിശിഷ്യാ നോമ്പുകാലത്ത് കുറച്ചുസമയം ദൈവതിരുമുമ്പിൽ നിശബ്ദരായിരിക്കാൻ നമുക്കു പരിശ്രമിക്കാം. നമ്മുടെ ആവശ്യങ്ങളുടെ പട്ടിക അവതരിപ്പിക്കാനല്ല ദൈവത്തിൻ്റെ സ്വരം ശ്രവിക്കാൻ ഈ സമയം മാറ്റി വയ്ക്കുക. സാധിക്കുന്നവരെല്ലാം അനുദിന ബലിയിൽ പങ്കുചേരുന്നതും പ്രാർത്ഥനാ ജീവിതത്തെ ശക്തിപ്പെടുത്താൻ സഹായിക്കും.
നോമ്പുകാലം ഒരു യഥാർത്ഥ ത്യാഗമാണ്. നമ്മൾ ആസ്വദിക്കുന്ന കാര്യങ്ങൾ ഉപേക്ഷിക്കാൻ ശക്തമായ പ്രതിബദ്ധതയും ആത്മനിയന്ത്രണവും ആവശ്യമാണ്. ശാരീരികമായ വിശപ്പ് ഉളവാക്കുന്ന ഉപവാസം ‘മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്’ എന്ന സത്യം നമ്മെ അനുസ്‌മരിപ്പിക്കാൻ സഹായിക്കും. നമ്മുടെ ജീവിതത്തിലെ അനേകം മേഖലകളെ വിശുദ്ധീകരിക്കാൻ ഉപവാസത്തിനു ശക്തിയുണ്ട്. ഭക്ഷണപാനീയങ്ങളിൽ നിന്ന് മാത്രമല്ല, നമ്മെ അടിമകളാക്കാൻ പരിശ്രമിക്കുന്ന എല്ലാറ്റിനെയും ബോധപൂർവം നിയന്ത്രിക്കുമ്പോൾ മാത്രമേ ഉപവാസം ശരിയായ ഫലം നല്‌കുകയുള്ളു. പ്രാർത്ഥനയുടെയും ഉപവാസത്തിൻ്റെയും സൽഫലമാണ് ദാനധർമ്മം. നമ്മുടെ പരിത്യാഗത്തിലൂടെ മിച്ചം വയ്ക്കുന്നവ സ്നേഹത്തിൽ പകർന്നു നൽകപ്പെടണം. ഏകാന്തരിലും ദരിദ്രരിലും പാർശ്വവൽക്കരിക്കപ്പെട്ടവരിലും ദൈവത്തെ ദർശിക്കാൻ നമുക്ക് സാധിക്കുന്നില്ലെങ്കിൽ നമ്മുടെ പ്രാർത്ഥനയും ഉപവാസവും ഉപരിപ്ലവം മാത്രമായിരിക്കും. ദൈവസ്നേഹത്തിൻ്റെ ആഴങ്ങളെ അനുഭവിച്ചറിയാൻ ഈശോയുടെ തിരുഹൃദയസ്നേഹം നമ്മുടെ മുൻപിൽ വരച്ചു കാട്ടിയ ഫ്രാൻസിസ് മാർപ്പാപ്പയുടെ ‘അവൻ നമ്മെ സ്നേഹിച്ചു’ (ഡിലെക്സിത് നോസ്) എന്ന ചാക്രികലേഖനവും ഈ സ്നേഹം എപ്രകാരമാണ് ദരിദ്രരോടുള്ള സ്നേഹത്തിലൂടെ പ്രകാശിതമാകുന്നതെന്നു കാണിക്കാൻ, ലെയോ പതിനാലാമൻ മാർപ്പാപ്പ നൽകിയ ‘ഞാൻ നിന്നെ സ്നേഹിച്ചു’ (ഡിലെക്സിത് തേ) എന്ന അപ്പസ്തോലിക ലേഖനവും നമ്മുടെ നോമ്പുകാല വായനയ്ക്ക് ഫലപ്രദമായി പ്രയോജനപ്പെടുത്താൻ നമുക്ക് സാധിക്കട്ടെ. അർത്ഥപൂർണ്ണമായ നോമ്പാചരണത്തിൻ്റെ നല്ല ഫലങ്ങൾ നാം സ്വീകരിക്കുന്നത് ഒരുക്കത്തോടെയുള്ള അനുരഞ്ജന കൂദാശയിലൂടെയാണ്.
നമ്മിൽ പലരും അനാവശ്യമായ കുറ്റബോധവും ജീവിത ഭാരങ്ങളും വഹിച്ചു തളരുന്നവരാണ്. എന്നാൽ ഇവയിൽ നിന്നെല്ലാം വിമോചിപ്പിച്ചു നമ്മെ സ്വതന്ത്രരാക്കാൻ ആഗ്രഹിക്കുന്ന ദൈവതിരുമുമ്പിൽ പശ്ചാപത്തോടെ നാം അണയുമ്പോൾ ലഭിക്കുന്ന ആശ്വാസം അവർണ്ണനീയമാണ്. “അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങൾ എല്ലാവരും എൻ്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങൾക്കു ആശ്വാസം നല്കാം” (മത്താ 11:28) എന്നാണല്ലോ ഈശോ നമ്മോട് പറയുന്നത്.
ഇവിടെ നാം ഓർക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്. ഒന്നാമത്തേത് പാപമെന്ന യാഥാർഥ്യം അംഗീകരിക്കാൻ തയ്യാറാവുക; പാപത്തെക്കാൾ വലിയ തിന്മയാണ് പാപബോധമില്ലായ്‌മ. വിശുദ്ധ പൗലോസ് അപ്പസ്തോലൻ റോമക്കാർക്കെഴുതിയ ലേഖനത്തിൻ്റെ ഒന്നും രണ്ടും അദ്ധ്യായങ്ങളിൽ ഇക്കാര്യം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ധൂർത്തപുത്രൻ്റെ കഥയിൽ തൻ്റെ ദൈന്യാവസ്ഥയിൽ അവനു സുബോധമുണ്ടായി എന്ന് കർത്താവു നമ്മോട് പറയുന്നു (ലൂക്ക 15). ആ സുബോധമാണല്ലോ അവനെ പശ്ചാത്താപത്തിലേക്കും ഹൃദയപരിവർത്തനത്തിലേക്കും അതുവഴി അനുരഞ്ജനത്തിലേക്കും നയിച്ചത്. “അങ്ങയുടെ വചനം എൻ്റെ പാദത്തിന് വിളക്കും പാതയിൽ പ്രകാശവുമാണ്” (സങ്കീ 119:105) എന്നുപറയുന്ന സങ്കീർത്തകനോടൊപ്പം നമുക്കും ദൈവപ്രമാണങ്ങളുടെ വെളിച്ചത്തിൽ നമ്മുടെ ഹൃദയങ്ങളെ പരിശോധിക്കാനും നമ്മിലുള്ള തിന്മയുടെ യാഥാർഥ്യം അംഗീകരിക്കാനും സാധിച്ചാൽ മാത്രമേ അനുരഞ്ജനകൂദാശക്ക് യോഗ്യതയോടെ അണയാനും പാപബന്ധനങ്ങളിൽ നിന്ന് മോചിതരാകാനും സാധിക്കൂ.
നാം അനുസ്മരിക്കേണ്ട രണ്ടാമത്തെ കാര്യം അനുരഞ്ജനവേദി ഒരു കുറ്റവിചാരണ മുറിയല്ല. പ്രത്യുത, നമുക്കായി കുരിശിൽ മരിച്ച നമ്മുടെ കർത്താവീശോമിശിഹാ തൻ്റെ ഹൃദയരക്തം കൊണ്ട് നമ്മുടെ ഹൃദയങ്ങളെ കഴുകി വെണ്മയാക്കുന്ന കരുണ്യത്തിന്റെ വേദിയാണത്. അനുതാപത്തോടെ അനുരഞ്ജന കൂദാശയ്ക്കണയുന്ന ഓരോ വ്യക്തിയും ദൈവമക്കളുടെ സ്വാതന്ത്യത്തിലേക്കും സന്തോഷത്തിലേക്കുമാണ് പ്രവേശിക്കുക. പാപഭാരത്താൽ വലയുന്നവരുടെ ഹൃദയത്തിൽ നിരാശ നിറയ്ക്കാൻ നിരന്തരം പരിശ്രമിക്കുന്ന സാത്താന്റെ എല്ലാ പ്രയത്നങ്ങളും ഫലശൂന്യമാക്കുന്ന ഈ കൂദാശയിൽനിന്നും ആളുകളെ അകറ്റി നിർത്താനുള്ള പിശാചിൻ്റെ കുതന്ത്രങ്ങളിൽ വീഴാതെ ദൈവകാരുണ്യത്തിന്റെ അനുഭവത്തിലേക്ക് മടങ്ങി വരാനും വിശുദ്ധിയുടെ പാതയിൽ മുന്നേറാനും അനുരഞ്ജനകൂദാശ വഴിയൊരുക്കുന്നു. പുത്രനെന്ന അംഗീകാരത്തിന് താൻ അർഹനല്ലെങ്കിലും പിതാവിൻ്റെ ഭവനത്തിലെ ദാസനായെങ്കിലും സ്വീകരിക്കപ്പെടുമായിരിക്കും എന്ന പ്രതീക്ഷയോടെ പിതൃഭവനത്തിലേക്കു മടങ്ങിയെത്തിയ ധൂർത്തപുത്രന് ലഭിച്ച സ്വീകരണം അനുരഞ്ജനകൂദാശയെ പ്രത്യാശയോടെ സമീപിക്കാൻ നമ്മെ സഹായിക്കുന്നു. മനസ്തപിച്ച് പാപങ്ങൾ ഏറ്റുപറഞ്ഞ് ദൈവകരുണയ്ക്കായി യാചിക്കുമ്പോൾ മനം മടുക്കുന്നവർക്കും ജീവിതത്തിന് അർത്ഥമില്ലെന്ന് കരുതുന്നവർക്കും പ്രത്യാശയും പ്രതീക്ഷയും നല്കപ്പെടുന്നു. “നമ്മോട് ക്ഷമിക്കുന്നതിൽ ദൈവം ഒരിക്കലും മടുക്കുന്നില്ല. അവന്റെ കരുണ തേടുന്നതിൽ നമ്മളാണ് മടുക്കുന്നത്” എന്ന ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ മറക്കാതിരിക്കാം.
പിതാവിന്റെയും + പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും + നാമത്തിൽ ഇടയനടുത്ത ആശീർവാദം നൽകുന്നു.
എന്ന് കോട്ടയം അതിരൂപതാകേന്ദ്രത്തിൽനിന്നും 2026 ഫെബ്രുവരി മാസം 6-ാം തീയതി,
+ മാർ മാത്യു മൂലക്കാട്ട്
കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത



