ക്നാനായ കലോത്സവം ‘തെക്കൻസ് ഫെസ്റ്റ് 2026’:ഒരുക്കങ്ങൾ സജീവം

ലണ്ടൻ: യുകെയിലെ ക്നാനായ മിഷനുകളെ ഏകോപിപ്പിച്ചുകൊണ്ട് ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയതല കലോത്സവം ‘തെക്കൻസ് ഫെസ്റ്റ് 2026’-ന്റെ ആദ്യഘട്ട ഒരുക്കങ്ങൾ പൂർത്തിയായി. മിഷൻ, നാഷണൽ കോർഡിനേറ്റർമാരുടെ പ്രഥമ ഓൺലൈൻ യോഗത്തിൽ മത്സരക്രമങ്ങൾ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ എടുത്തു.

​നമ്മുടെ തനതായ പാരമ്പര്യങ്ങളും ആചാരങ്ങളും പുതുതലമുറയ്ക്ക് കൈമാറുന്നതിനുള്ള വലിയൊരു വേദിയായി ഈ കലോത്സവം മാറും. പ്രവാസലോകത്ത് വളരുന്ന യുവതലമുറയ്ക്ക് ക്നാനായ സംസ്‌കാരത്തിന്റെ വേരുകൾ തിരിച്ചറിയാനും, വരുംതലമുറകളിലേക്ക് ഈ പൈതൃകം അഭിമാനപൂർവ്വം പകർന്നുനൽകാനും ഇത്തരം ഒത്തുചേരലുകൾ അനിവാര്യമാണ്. നമ്മുടെ സമുദായത്തിന്റെ തനിമ നിലനിർത്തുന്നതിനും ഐക്യം ദൃഢമാക്കുന്നതിനും ‘തെക്കൻസ് ഫെസ്റ്റ് 2026’ ഒരു വലിയ ചുവടുവെപ്പായിരിക്കും.

​കലോത്സവ വിവരങ്ങൾ:

​കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും നിങ്ങളുടെ മിഷൻ കോർഡിനേറ്റർമാരുമായി (Mission Coordinators) ഉടൻ ബന്ധപ്പെടുക. യുകെയിലെ ക്നാനായ പൈതൃകം ആഘോഷമാക്കാൻ ഒരുങ്ങുന്ന ഈ കലോത്സവത്തിനായി വലിയ ആവേശത്തോടെയാണ് മിഷനുകൾ കാത്തിരിക്കുന്നത്.

ഡിജിറ്റൽ ഉപവാസം കാലഘട്ടത്തിന്റെ ആവശ്യം

വിരൽത്തുമ്പിൽ ലോകത്തിലെ സകല വിശേഷങ്ങളും അറിയുന്ന ഈ കാലഘട്ടത്തിൽ പണ്ട് ആഡംബര പ്രതീകം ആയിരുന്ന മൊബൈൽ ഫോൺ ഇന്ന് ഒഴിച്ചുകൂടാൻ ആവാത്ത വസ്തുവാണ്. കത്തുകൾ എഴുതിയ കാലം കാലഹരണപ്പെട്ടു. ലാൻഡ് ഫോൺ പയ്യെ നിശ്ചലമാകുന്നു. ഐഫോണും ആൻഡ്രോയിഡ് ഫോണുകളും ജീവിതത്തിൻറെ ഗതി നിർണയിക്കുന്ന ഘടകമായി മാറുകയാണ്. സോഷ്യൽ മീഡിയ ആപ്പുകൾ പ്രചുര പ്രചാരം ആയതുകൊണ്ട് , വ്യക്തികളുടെ ഫോൺ സ്ക്രീൻ ടൈം വളരെയധികം ആയി വർദ്ധിച്ചു.

ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറി “റീച്ച്” കൂട്ടാൻ വേണ്ടി എന്തും കാണിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമായി. ഒപ്പം റീൽസിൽ മുഴുകി ഇരുന്ന് ജീവിതത്തിൻറെ നല്ലൊരു സമയവും നഷ്ടപ്പെടുത്തുന്ന മാനവ സമൂഹത്തെയാണ് ഇപ്പോൾ കണ്ടുവരുന്നത്.

മത്സ്യം മാംസാദികൾ ഉപേക്ഷിച്ചു ദൈവ സന്നിധിയിൽ അനുതാപത്തോടും പ്രാർത്ഥനയോടുകൂടി നോമ്പുകാലത്തെ വരവേൽറ്റ ഒരു ജനത – ആ ജനത സൗഭാഗ്യങ്ങൾ വന്നുചേർന്നപ്പോൾ തനിക്ക് ലഭിച്ച ആത്മീയ ചൈതന്യ ഉറവിടമായ ക്രിസ്തുവിനെയും ക്രിസ്തുവിൻറെ പഠനങ്ങളെയും തമസ്കരിക്കുന്ന ജനതയായി മാറുകയാണ്.

വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി സഭാ അധികാരികളെയും സഭ നേയും അകാരണമായി വിമർശിക്കുന്ന വ്യക്തികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രിയാത്മകമായ വിമർശനം നല്ലതാണ്. പക്ഷേ ഞാൻ പറയുന്നതുപോലെ കാര്യങ്ങൾ നടക്കുന്നില്ല എങ്കിൽ അതിന് വിഘാതമായിരിക്കുന്നവരെ സോഷ്യൽ മീഡിയ വഴി അവഹേളിക്കുന്നവരുടെ എണ്ണം വളരെയധികം. ഈ നോമ്പുകാലത്ത് സോഷ്യൽ മീഡിയയുടെ അതിപ്രസരം എന്റെ ജീവിതത്തിൽ ഉണ്ടാകാതിരിക്കുക എന്ന മുഖമുദ്ര ഏറ്റെടുക്കുവാൻ ഓരോരുത്തരും തയ്യാറായാൽ അർത്ഥസമ്പുഷ്ടമായ നോമ്പുകാലമായി മാറ്റപ്പെടും.

അതിരാവിലെ എഴുന്നേൽക്കുമ്പോൾ ഫോണിനു പകരം പുസ്തകരൂപത്തിലുള്ള ബൈബിൾ വായിച്ച് മനസ്സിന് ഉന്മേഷം പകരുക മാത്രമല്ല കുട്ടികൾക്ക് മാതൃകയും ആകും. രാത്രിയിൽ കിടക്കുന്നതിനുമുമ്പും ബൈബിൾ വായന ഈ നോമ്പുകാലത്ത് ശീലിക്കുക. ഉത്തരവാദിത്തങ്ങൾക്ക് തടസ്സമാകുന്ന സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കുക. വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ കാണപ്പെടുന്ന ഒരു ഉപകാരമില്ലാത്ത ചർച്ചകളിൽ നിന്നും ഒഴിവാക്കുക.

വാരാന്ത്യങ്ങളിൽ 24 മണിക്കൂർ സോഷ്യൽ മീഡിയ ഉപേക്ഷിക്കുക. വൈഫൈ , ഡേറ്റ ഇൻറർനെറ്റ് എന്നിവ സ്വിച്ച് ഓഫ് ചെയ്തു ഇതിനോടുള്ള അഭിനിവേശം കുറയ്ക്കുവാൻ സാധിക്കും. സ്ക്രീൻ ടൈം കുറച്ച് കുട്ടികളോടും, പങ്കാളിയോടും ചേർന്നിരുന്ന്സംസാരിക്കുക, നല്ല പുസ്തകം വായിച്ച് അതിനെക്കുറിച്ച് ചർച്ച ചെയ്യുക ,സീരിയൽ, സിനിമ, റീൽസ് ഭ്രമം ഉപേക്ഷിക്കുക.നോമ്പുകാലം അത് ദൈവമായിട്ടുള്ള ബന്ധം പുനസ്ഥാപിക്കുവാൻ ഉപകാരപ്പെടുന്ന ആത്മീയപരമായ കാര്യങ്ങളിൽ വ്യാപൃതരാവുക. സോഷ്യൽ മീഡിയ കൂടുതലായി ഉപയോഗിച്ച് വിഷാദരോഗത്തിന് അടിമയാകാതെ ആത്മീയ ചൈതന്യത്തിൽ വളരുവാൻ ആത്മീയമായ കാര്യങ്ങളിൽ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ സാധ്യമാകും.

കുടുംബ ബന്ധം ഊഷ്മതമാക്കുവാനും അതുവഴി സന്തോഷവും സമാധാനവും സാധ്യമാകുവാനും ഈ നോമ്പുകാലത്ത് ഡിജിറ്റൽ ഫാസ്റ്റിംഗ് വഴി സാധ്യമാകട്ടെ.

പുറത്തു നമസ്കാരം ഭക്തിസാന്ദ്രമായി

ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട നാലാമത് പുറത്തു നമസ്കാരം ഭക്തിസാന്ദ്രമായി സമാപിച്ചു. യുകെയുടെ വിവിധ ദേശങ്ങളിൽ നിന്നായി അനേകം ഭക്തജനങ്ങൾ വിശ്വാസപൂർവ്വം തിരുകർമ്മങ്ങളിൽ പങ്കുചേർന്നു. ക്നാനായ കാത്തലിക് മിഷൻസ് യുകെയിൽ സേവനമനുഷ്ഠിക്കുന്ന എല്ലാ വൈദികരും ദിവ്യബലിയിലും പുറത്തു നമസ്കാര ശുശ്രൂഷയിലും പങ്കുചേർന്നു.

മനോഹരമായ അലങ്കരിച്ച ക്നാനായക്കാരുടെ സ്വന്തം ഇടവക ദൈവാലയത്തിൽ രാവിലെ കൃത്യം പത്തുമണിക്ക് ആരാധന ആരംഭിച്ചു. തുടർന്ന് തിരുവസ്ത്രങ്ങൾ അണിഞ്ഞ് വൈദികർ പ്രദിക്ഷണമായി അൾത്താരയെ നമിച്ചു ദിവ്യബലിയിലേക്ക് പ്രവേശിച്ചു. മതബോധന കമ്മീഷൻ ചെയർമാൻ ഫാ. ഷഞ്ചു കൊച്ചു പറമ്പിൽ ആയിരുന്നു മുഖ്യ കാർമികൻ.

ക്നാനായ കാത്തലിക് മിഷൻസ് ഡയറക്ടർ ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. സജി തോട്ടം, ഫാ. മാത്യൂസ് വലിയ പുത്തൻപുര, ഫാ. ജോസ് തേക്ക്നിൽക്കുന്നതിൽ, ഫാ. ജിൻസ് കണ്ടക്കാട്, ഫാ. ജിബിൻ പാറടിയിൽ, ഫാ. അജൂബ് തോട്ടനാനിയിൽ, ഫാ. എൽബിൻ തിരുനെല്ലിക്കുന്നേൽ, ഫാ. ടോം പുത്തൻപുരയ്ക്കൽ എന്നിവർ സഹ കാർമികരായിരുന്നു.

പുറത്തു നമസ്കാരത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഗായകസംഘം. ടോമി പടപ്പുരക്കലിന്റെ നേതൃത്വത്തിൽ യുവജനങ്ങളും മുതിർന്നവരും ചേർന്ന് സംഘഗാനം ലൈവ് ഓർക്കിസ്ട്ര ആയി നടത്തപ്പെട്ടു. ഹൃദ്യവും മനോഹരമായ ഗാനങ്ങൾ മനസ്സിനെ ആർദ്രമാക്കി.

വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫാ. സുനി പടിഞ്ഞാറേക്കര പുറത്തു നമസ്കാരത്തിന് നേതൃത്വം നൽകി.

15 ക്നാനായ മിഷനുകളിൽ നിന്നുമായി ഏകദേശം 500-ലധികം ആളുകളാണ് പുറത്തു നമസ്കാരത്തിന് എത്തിച്ചേർന്നത്. ഭക്തിസാന്ദ്രമായ ചടങ്ങുകൾ ഭയഭക്തി ബഹുമാനത്തോടെ ഏവരും പങ്കുചേരുകയും തിരുക്കർമ്മങ്ങൾക്ക് ശേഷം കടുത്തുരുത്തി മുത്തിയമ്മയുടെ തിരുസ്വരൂപം വണങ്ങി നേർച്ചകൾ അർപ്പിക്കുകയും ചെയ്തു.

സ്നേഹ വിരുന്നോടെ സമാപിച്ച പുറത്ത് നമസ്കാരം അടുത്തവർഷം വീണ്ടും കാണാം എന്ന വിശ്വാസത്തിൽ ഭക്തജനങ്ങൾ അനുഗ്രഹം പ്രാപിച്ച് വീടുകളിലേക്ക് മടങ്ങി.

അഭി മാത്യു മൂലക്കാട്ട് പിതാവിന്റെ ഇടയലേഖനം

ഈശോമിശിഹായിൽ പ്രിയ സഹോദരീ സഹോദരന്മാരേ,

“ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീർപ്പോടും കൂടി നിങ്ങൾ പൂർണ്ണ ഹൃദയത്തോടെ എൻ അടുക്കലേക്ക് തിരിച്ചു വരുവിൻ” (ജോയേൽ 2:12). നോമ്പുകാലത്തേക്കു പദമൂന്നുന്ന നമുക്കു ജോയേൽ പ്രവാചകൻ്റെ ഈ വാക്കുകൾ പ്രചോദനമാകട്ടെ. എല്ലാ വർഷവും ദൈവജനത്തിന് അനേകം നന്മകളുടെയും ദൈവകൃപയുടെയും വാഗ്ദാനവുമായിട്ടാണ് നോമ്പുകാലം കടന്നുവരുന്നത്. എക്കാലത്തെയുംപോലെ ഇന്നു നാം ജീവിക്കുന്ന സാഹചര്യങ്ങളിലും തിന്മയുടെ ശക്തികൾ പടർന്നു കയറാൻ ശ്രമിക്കുന്നതു നാം കാണുന്നുണ്ട്. യുദ്ധങ്ങളും അധികാരമോഹങ്ങളും അവയ്ക്കെല്ലാം കൂട്ടുനിൽക്കുന്ന സ്വാർത്ഥതയും അഴിമതിയും, ധൂർത്തും, അഹന്തയുമെല്ലാം ജീവിതത്തെ ദുസ്സഹമാക്കുന്നു. അഭയാർഥികളും ആലംബഹീനരുമെല്ലാം ആശ്വാസത്തിനായി കേഴുന്നു. ധാർമ്മിക മൂല്യങ്ങൾ തിരസ്ക്‌കരിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങൾ വർധിച്ചു വരുന്നു. നവീകരണ പരിശ്രമങ്ങൾ പലതും ഫലപ്രാപ്തിയിലെത്തുന്നില്ല, ഒരുതരം നിസംഗത എല്ലാ മേഖലകളെയും ബാധിച്ചിരിക്കുന്നു. കാരണം, സ്വയം നവീകരണത്തിലൂടെയല്ലാതെ ആർക്കും ലോകത്തെയോ മറ്റുള്ളവരെയോ നവീകരിക്കാനാവില്ല.

നമ്മിൽ യാഥാർഥ മാറ്റം ഉണ്ടാകണമെങ്കിൽ നമ്മുടെ ആത്മാവിലും ഹൃദയത്തിലുമാണ് അത് ആദ്യം സംഭവിക്കേണ്ടത്. നമ്മുടെ പ്രലോഭനങ്ങളെയും വീഴ്‌ചകളെയും തിന്മകളെയും സത്യസന്ധതയോടെ നോക്കിക്കാണാൻ നാം പരിശ്രമിക്കണം. ദൈവനിഷേധം, കോപം, നിസ്സംഗത, സ്വാർത്ഥത, വിശ്വാസവഞ്ചന, അശുദ്ധി, പാപബന്ധനങ്ങൾ തുടങ്ങിയവയും ഇവയോട് ചേർന്നുപോകുന്ന മറ്റു ദുശീലങ്ങളും ഗൗരവമായ പാപസാഹചര്യങ്ങളാണ് സൃഷ്ടിക്കുക. ശരിയായ രീതിയിൽ ഇവയെ നിയന്ത്രിക്കുന്നില്ലെങ്കിൽ നമ്മുടെ ആധ്യാത്മിക ജീവിതത്തെയും അതുവഴി പൊതുസമൂഹത്തെയും ശ്വാസംമുട്ടിക്കുന്ന കളകളും മുള്ളുകളുമായി അവ വളർന്നു കൊണ്ടേയിരിക്കും. സങ്കീർത്തനം പറയുന്നതുപോലെ ‘എൻ്റെ പാപങ്ങൾ ഞാനറിയുന്നു, അവ എപ്പോഴും എൻ്റെ കണ്മുൻപിലുണ്ട്’ (സങ്കീ 51,3). നോമ്പാചരണത്തിന്റെ കൃപയും വിശുദ്ധീകരണവും ഇവിടെ നമുക്കനിവാര്യമാണ്. അവയിലൂടെ നമ്മുടെ ജീവിതത്തെയും ചുറ്റുപാടുകളെയും മെച്ചപ്പെടുത്താനാവശ്യമായ എല്ലാ ഉപകരണങ്ങളും നമുക്ക് ലഭിക്കുന്നു. ഇവയെ വേണ്ടവിധം പ്രയോജനപ്പെടുത്താൻ നാം തീർച്ചയായും പരിശ്രമിക്കേണ്ടിയിരിക്കുന്നു. “നിങ്ങൾക്കു കൈവന്നിരിക്കുന്ന ദൈവകൃപ വ്യർത്ഥമാക്കരുത്” (2 കോറി 6:1) എന്ന പൗലോസ് അപ്പസ്തോലൻ്റെ വാക്കുകൾ നോമ്പിൻ്റെ ആരംഭത്തിൽ നമുക്ക് പ്രചോദനമാകട്ടെ. നന്മ ചെയ്യാൻ ആഗ്രഹിക്കുന്ന നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന തിന്മയുടെ ശക്തികളെപ്പറ്റിയും അവയെ നിർവീര്യമാക്കാൻ സഹായിക്കുന്ന ആത്മാവിൻ്റെ ഫലങ്ങളെപ്പറ്റിയും ഗലാത്യർക്കെഴുതിയ ലേഖനത്തിൽ പൗലോസ് അപ്പസ്തോലൻ പറയുന്ന വാക്കുകൾ (ഗലാ 5:20-23) ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടും കൂടി ക്രൂശിച്ചുകൊണ്ട് നോമ്പുകാലം ഫലപ്രദമായി ആചരിക്കാൻ നമുക്കു ശക്തി നൽകും.

അമിതമായ മദ്യപാനവും അടക്കക്കുറവായ വസ്ത്രധാരണവും വിവിധ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ആഢംബരവും ധൂർത്തും അനുഷ്ഠാനങ്ങളുമെല്ലാം അന്യർക്ക് ഇടർച്ച നൽകുന്ന ആത്മീയ പാപ്പരത്വത്തിന്റെ നഗ്‌നമായ പ്രദർശനമായി മാറുന്നു എന്ന കാര്യം വീണ്ടും ഓർമ്മിപ്പിക്കേണ്ടി വരുന്നു. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസിന്റെ ഈ ജൂബിലി വർഷത്തിൽ ലാളിത്യത്തിന്റെയും ക്രൈസ്തവ സ്നേഹാനുഭവത്തിന്റെയും മാതൃകയായ ഈ വിശുദ്ധന്റെ ജീവിത മാതൃകയിൽനിന്ന് പ്രചോദനമുൾക്കൊള്ളാൻ നമുക്ക് ആത്മാർത്ഥമായി പരിശ്രമിക്കാം. നോമ്പുകാലമെന്നു കേൾക്കുമ്പോൾ കുറെ കാര്യങ്ങൾ ഉപേക്ഷിക്കാനുള്ള ഒരു കാലഘട്ടമാണ് അതെന്നു ചിന്തിക്കുന്നവരുണ്ട്. എന്നാൽ അതിലുപരി ദൈവത്തോടൊത്തുള്ള ഒരു തീർത്ഥാടനത്തിന്റെ കാലമാണത്. നമ്മുടെ ജീവിതയാത്രയിൽ തടസ്സങ്ങൾ മാറ്റി നിറുത്തിക്കൊണ്ട് നമുക്ക് ജീവൻ നൽകിയ ദൈവത്തിന്റെ സ്വരം വ്യക്തമായി ശ്രവിക്കാനും അനുധാവനം ചെയ്യാനുമുള്ള സുവർണ കാലഘട്ടമാണിത്. ഈ യാത്രയിൽ നമ്മെ സഹായിക്കാൻ തിരുസഭ അവളുടെ അനുഭവ ജ്ഞാനത്തിൽനിന്നും നമുക്ക് നൽകുന്ന മൂന്നു പരമ്പരാഗത ഉപകരണങ്ങളാണ് പ്രാർത്ഥന, ഉപവാസം, ദാനധർമ്മം എന്നിവ. നമ്മുടെ ഹൃദയങ്ങൾ ദൈവത്തിലേക്ക് തിരിയുമ്പോൾ അത് മറ്റുള്ളവരിലേക്കും തുറക്കുന്നു എന്നും നിസ്സംഗത ഒഴിവാക്കി നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും ലോകത്തിലും സ്നേഹത്തിന്റെ സത്ഫലങ്ങൾ പുറപ്പെടുവിക്കാനുള്ള നല്ല അവസരമാണ് നോമ്പുകാലം എന്നും വി. ജോൺ പോൾ മാർപ്പാപ്പ നമ്മെ ഓർമ്മിപ്പിക്കുന്നു. ഫ്രാൻസീസ് മാർപ്പാപ്പയുടെ വാക്കുകളിൽ ‘അത്യാവശ്യങ്ങളിലേക്കു മടങ്ങാനുള്ള ഒരു കാലഘട്ടമാണ് നോമ്പുകാലം’. നമ്മുടെ ഹൃദയങ്ങൾ മൃദുലമാക്കാൻ ദൈവത്തിനു നാം വിട്ടുകൊടുക്കുന്ന അവസരമാണ് മാനസാന്തരം. പ്രാർത്ഥനയിലൂടെ നാം വീണ്ടും ദൈവത്തെ ശ്രവിക്കുന്നു. നമ്മെ ഭാരപ്പെടുത്തുന്നവയിൽനിന്നു മോചിതരാകാൻ ഉപവാസം സഹായിക്കുന്നു. ദാനധർമ്മത്തിലൂടെ നമ്മുടെ സഹോദരങ്ങളെ, വിശിഷ്യാ ക്ലേശിതരെയും വിസ്മരിക്കപ്പെട്ടവരെയും നാം വീണ്ടും കണ്ടെത്തുന്നു.

ആത്മാവിന്റെ നിശ്വാസമാണ് പ്രാർത്ഥന. എല്ലാ ദിവസവും വിശിഷ്യാ നോമ്പുകാലത്ത് കുറച്ചുസമയം ദൈവതിരുമുമ്പിൽ നിശബ്ദരായിരിക്കാൻ നമുക്കു പരിശ്രമിക്കാം. നമ്മുടെ ആവശ്യങ്ങളുടെ പട്ടിക അവതരിപ്പിക്കാനല്ല ദൈവത്തിൻ്റെ സ്വരം ശ്രവിക്കാൻ ഈ സമയം മാറ്റി വയ്ക്കുക. സാധിക്കുന്നവരെല്ലാം അനുദിന ബലിയിൽ പങ്കുചേരുന്നതും പ്രാർത്ഥനാ ജീവിതത്തെ ശക്തിപ്പെടുത്താൻ സഹായിക്കും.

നോമ്പുകാലം ഒരു യഥാർത്ഥ ത്യാഗമാണ്. നമ്മൾ ആസ്വദിക്കുന്ന കാര്യങ്ങൾ ഉപേക്ഷിക്കാൻ ശക്തമായ പ്രതിബദ്ധതയും ആത്മനിയന്ത്രണവും ആവശ്യമാണ്. ശാരീരികമായ വിശപ്പ് ഉളവാക്കുന്ന ഉപവാസം ‘മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്’ എന്ന സത്യം നമ്മെ അനുസ്‌മരിപ്പിക്കാൻ സഹായിക്കും. നമ്മുടെ ജീവിതത്തിലെ അനേകം മേഖലകളെ വിശുദ്ധീകരിക്കാൻ ഉപവാസത്തിനു ശക്തിയുണ്ട്. ഭക്ഷണപാനീയങ്ങളിൽ നിന്ന് മാത്രമല്ല, നമ്മെ അടിമകളാക്കാൻ പരിശ്രമിക്കുന്ന എല്ലാറ്റിനെയും ബോധപൂർവം നിയന്ത്രിക്കുമ്പോൾ മാത്രമേ ഉപവാസം ശരിയായ ഫലം നല്‌കുകയുള്ളു. പ്രാർത്ഥനയുടെയും ഉപവാസത്തിൻ്റെയും സൽഫലമാണ് ദാനധർമ്മം. നമ്മുടെ പരിത്യാഗത്തിലൂടെ മിച്ചം വയ്ക്കുന്നവ സ്നേഹത്തിൽ പകർന്നു നൽകപ്പെടണം. ഏകാന്തരിലും ദരിദ്രരിലും പാർശ്വവൽക്കരിക്കപ്പെട്ടവരിലും ദൈവത്തെ ദർശിക്കാൻ നമുക്ക് സാധിക്കുന്നില്ലെങ്കിൽ നമ്മുടെ പ്രാർത്ഥനയും ഉപവാസവും ഉപരിപ്ലവം മാത്രമായിരിക്കും. ദൈവസ്നേഹത്തിൻ്റെ ആഴങ്ങളെ അനുഭവിച്ചറിയാൻ ഈശോയുടെ തിരുഹൃദയസ്നേഹം നമ്മുടെ മുൻപിൽ വരച്ചു കാട്ടിയ ഫ്രാൻസിസ് മാർപ്പാപ്പയുടെ ‘അവൻ നമ്മെ സ്നേഹിച്ചു’ (ഡിലെക്സിത് നോസ്) എന്ന ചാക്രികലേഖനവും ഈ സ്നേഹം എപ്രകാരമാണ് ദരിദ്രരോടുള്ള സ്നേഹത്തിലൂടെ പ്രകാശിതമാകുന്നതെന്നു കാണിക്കാൻ, ലെയോ പതിനാലാമൻ മാർപ്പാപ്പ നൽകിയ ‘ഞാൻ നിന്നെ സ്നേഹിച്ചു’ (ഡിലെക്സിത് തേ) എന്ന അപ്പസ്തോലിക ലേഖനവും നമ്മുടെ നോമ്പുകാല വായനയ്ക്ക് ഫലപ്രദമായി പ്രയോജനപ്പെടുത്താൻ നമുക്ക് സാധിക്കട്ടെ. അർത്ഥപൂർണ്ണമായ നോമ്പാചരണത്തിൻ്റെ നല്ല ഫലങ്ങൾ നാം സ്വീകരിക്കുന്നത് ഒരുക്കത്തോടെയുള്ള അനുരഞ്ജന കൂദാശയിലൂടെയാണ്.

നമ്മിൽ പലരും അനാവശ്യമായ കുറ്റബോധവും ജീവിത ഭാരങ്ങളും വഹിച്ചു തളരുന്നവരാണ്. എന്നാൽ ഇവയിൽ നിന്നെല്ലാം വിമോചിപ്പിച്ചു നമ്മെ സ്വതന്ത്രരാക്കാൻ ആഗ്രഹിക്കുന്ന ദൈവതിരുമുമ്പിൽ പശ്ചാപത്തോടെ നാം അണയുമ്പോൾ ലഭിക്കുന്ന ആശ്വാസം അവർണ്ണനീയമാണ്. “അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങൾ എല്ലാവരും എൻ്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങൾക്കു ആശ്വാസം നല്കാം” (മത്താ 11:28) എന്നാണല്ലോ ഈശോ നമ്മോട് പറയുന്നത്.

ഇവിടെ നാം ഓർക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്. ഒന്നാമത്തേത് പാപമെന്ന യാഥാർഥ്യം അംഗീകരിക്കാൻ തയ്യാറാവുക; പാപത്തെക്കാൾ വലിയ തിന്മയാണ് പാപബോധമില്ലായ്‌മ. വിശുദ്ധ പൗലോസ് അപ്പസ്തോലൻ റോമക്കാർക്കെഴുതിയ ലേഖനത്തിൻ്റെ ഒന്നും രണ്ടും അദ്ധ്യായങ്ങളിൽ ഇക്കാര്യം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ധൂർത്തപുത്രൻ്റെ കഥയിൽ തൻ്റെ ദൈന്യാവസ്ഥയിൽ അവനു സുബോധമുണ്ടായി എന്ന് കർത്താവു നമ്മോട് പറയുന്നു (ലൂക്ക 15). ആ സുബോധമാണല്ലോ അവനെ പശ്ചാത്താപത്തിലേക്കും ഹൃദയപരിവർത്തനത്തിലേക്കും അതുവഴി അനുരഞ്ജനത്തിലേക്കും നയിച്ചത്. “അങ്ങയുടെ വചനം എൻ്റെ പാദത്തിന് വിളക്കും പാതയിൽ പ്രകാശവുമാണ്” (സങ്കീ 119:105) എന്നുപറയുന്ന സങ്കീർത്തകനോടൊപ്പം നമുക്കും ദൈവപ്രമാണങ്ങളുടെ വെളിച്ചത്തിൽ നമ്മുടെ ഹൃദയങ്ങളെ പരിശോധിക്കാനും നമ്മിലുള്ള തിന്മയുടെ യാഥാർഥ്യം അംഗീകരിക്കാനും സാധിച്ചാൽ മാത്രമേ അനുരഞ്ജനകൂദാശക്ക് യോഗ്യതയോടെ അണയാനും പാപബന്ധനങ്ങളിൽ നിന്ന് മോചിതരാകാനും സാധിക്കൂ.

നാം അനുസ്മരിക്കേണ്ട രണ്ടാമത്തെ കാര്യം അനുരഞ്ജനവേദി ഒരു കുറ്റവിചാരണ മുറിയല്ല. പ്രത്യുത, നമുക്കായി കുരിശിൽ മരിച്ച നമ്മുടെ കർത്താവീശോമിശിഹാ തൻ്റെ ഹൃദയരക്തം കൊണ്ട് നമ്മുടെ ഹൃദയങ്ങളെ കഴുകി വെണ്മയാക്കുന്ന കരുണ്യത്തിന്റെ വേദിയാണത്. അനുതാപത്തോടെ അനുരഞ്ജന കൂദാശയ്ക്കണയുന്ന ഓരോ വ്യക്തിയും ദൈവമക്കളുടെ സ്വാതന്ത്യത്തിലേക്കും സന്തോഷത്തിലേക്കുമാണ് പ്രവേശിക്കുക. പാപഭാരത്താൽ വലയുന്നവരുടെ ഹൃദയത്തിൽ നിരാശ നിറയ്ക്കാൻ നിരന്തരം പരിശ്രമിക്കുന്ന സാത്താന്റെ എല്ലാ പ്രയത്നങ്ങളും ഫലശൂന്യമാക്കുന്ന ഈ കൂദാശയിൽനിന്നും ആളുകളെ അകറ്റി നിർത്താനുള്ള പിശാചിൻ്റെ കുതന്ത്രങ്ങളിൽ വീഴാതെ ദൈവകാരുണ്യത്തിന്റെ അനുഭവത്തിലേക്ക് മടങ്ങി വരാനും വിശുദ്ധിയുടെ പാതയിൽ മുന്നേറാനും അനുരഞ്ജനകൂദാശ വഴിയൊരുക്കുന്നു. പുത്രനെന്ന അംഗീകാരത്തിന് താൻ അർഹനല്ലെങ്കിലും പിതാവിൻ്റെ ഭവനത്തിലെ ദാസനായെങ്കിലും സ്വീകരിക്കപ്പെടുമായിരിക്കും എന്ന പ്രതീക്ഷയോടെ പിതൃഭവനത്തിലേക്കു മടങ്ങിയെത്തിയ ധൂർത്തപുത്രന് ലഭിച്ച സ്വീകരണം അനുരഞ്ജനകൂദാശയെ പ്രത്യാശയോടെ സമീപിക്കാൻ നമ്മെ സഹായിക്കുന്നു. മനസ്തപിച്ച് പാപങ്ങൾ ഏറ്റുപറഞ്ഞ് ദൈവകരുണയ്ക്കായി യാചിക്കുമ്പോൾ മനം മടുക്കുന്നവർക്കും ജീവിതത്തിന് അർത്ഥമില്ലെന്ന് കരുതുന്നവർക്കും പ്രത്യാശയും പ്രതീക്ഷയും നല്കപ്പെടുന്നു. “നമ്മോട് ക്ഷമിക്കുന്നതിൽ ദൈവം ഒരിക്കലും മടുക്കുന്നില്ല. അവന്റെ കരുണ തേടുന്നതിൽ നമ്മളാണ് മടുക്കുന്നത്” എന്ന ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ മറക്കാതിരിക്കാം.

പിതാവിന്റെയും + പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും + നാമത്തിൽ ഇടയനടുത്ത ആശീർവാദം നൽകുന്നു.

എന്ന് കോട്ടയം അതിരൂപതാകേന്ദ്രത്തിൽനിന്നും 2026 ഫെബ്രുവരി മാസം 6-ാം തീയതി,

+ മാർ മാത്യു മൂലക്കാട്ട്

കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത

വലിയ നോമ്പ്: ഉപവാസം, പ്രാർത്ഥന, ദാനധർമ്മം

വലിയ നോമ്പ് ആത്മപരിശോധനയുടെയും മാനസാന്തരത്തിന്റെയും കാലഘട്ടമാണ്. ഈസ്റ്ററിന്റെ മഹിമയിലേക്ക് നമ്മെ ഒരുക്കുന്ന ഈ വിശുദ്ധ ദിവസങ്ങൾ, വെറും ആചാരപരമായ അനുഷ്ഠാനങ്ങൾക്കല്ല; മറിച്ച് ആത്മാവിന്റെ പുതുക്കലിനും ഹൃദയത്തിന്റെ ശുദ്ധീകരണത്തിനുമാണ്.

ഇന്നത്തെ ലോകം ആഡംബരവും അതിവേഗവും സ്വാർത്ഥതയും നിറഞ്ഞ ഒരു ജീവിതശൈലിയിലേക്ക് നമ്മെ നയിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ വലിയ നോമ്പ് നമ്മെ നിർത്തി ചിന്തിക്കാൻ വിളിക്കുന്നു. “ഞാൻ ആരാണ് ? എന്റെ ജീവിതത്തിന്റെ ദിശ എന്താണ് ? ദൈവവുമായി എന്റെ ബന്ധം എങ്ങനെയാണ് ?” എന്ന ചോദ്യങ്ങളിലേക്കാണ് ഈ കാലം നമ്മെ നയിക്കുന്നത്.

ഉപവാസം: നിയന്ത്രണത്തിന്റെ പാഠം

ഉപവാസം വെറും ഭക്ഷണം ഒഴിവാക്കലല്ല. അത് ആഗ്രഹങ്ങളെ നിയന്ത്രിക്കാനുള്ള ആത്മീയ പരിശീലനമാണ്. നമുക്ക് ആവശ്യമില്ലാത്ത ആഡംബരങ്ങൾ ഒഴിവാക്കി, ലാളിത്യത്തിലേക്ക് തിരിയുമ്പോൾ ഹൃദയം ദൈവസന്നിധിയിലേക്ക് കൂടുതൽ തുറക്കപ്പെടുന്നു. ശരീരത്തിന്റെ ശബ്ദം കുറയുമ്പോൾ ആത്മാവിന്റെ ശബ്ദം വ്യക്തമായി കേൾക്കാൻ കഴിയും.

പ്രാർത്ഥന: ദൈവസന്നിധിയിലേക്കുള്ള പാലം

പ്രാർത്ഥന ദൈവത്തോടുള്ള ജീവൻമയമായ സംഭാഷണമാണ്. വലിയ നോമ്പ് നമ്മെ കൂടുതൽ പ്രാർത്ഥിക്കാൻ ക്ഷണിക്കുന്നു — വ്യക്തിപരമായും കുടുംബമായും സമൂഹമായും. ദൈവവചനധ്യാനം, വിശുദ്ധ കുർബാന, ക്രൂശുവഴി തുടങ്ങിയ ആത്മീയാനുഭവങ്ങൾ നമ്മെ ആത്മീയമായി വളർത്തുന്നു. പ്രാർത്ഥനയിൽ ചെലവഴിക്കുന്ന ഓരോ നിമിഷവും ഹൃദയത്തെ പുതുക്കുന്ന അനുഗ്രഹമായി മാറുന്നു.

ദാനധർമ്മം: സ്നേഹത്തിന്റെ സാക്ഷ്യം

ഉപവാസവും പ്രാർത്ഥനയും ദാനധർമ്മത്തിലൂടെ പൂർണ്ണത പ്രാപിക്കുന്നു. നമ്മുടെ കൈവശമുള്ളത് പങ്കുവെക്കുമ്പോൾ ദൈവസ്നേഹം പ്രവർത്തിയിൽ പ്രകടമാകുന്നു. ദരിദ്രർക്കും ആവശ്യമുള്ളവർക്കും സഹായം നൽകുന്നത് വെറും ദാനം മാത്രമല്ല; അത് മനുഷ്യസ്നേഹത്തിന്റെ പ്രകടനമാണ്. കരുണയും പങ്കിടലും വലിയ നോമ്പിന്റെ യഥാർത്ഥ ആത്മാവാണ്.

ആത്മപരിഷ്കാരത്തിലേക്കുള്ള ക്ഷണം

വലിയ നോമ്പ് നമ്മെ കുറ്റബോധത്തിലല്ല, പ്രത്യാശയിലേക്കാണ് നയിക്കുന്നത്. മാനസാന്തരത്തിലൂടെ പുതിയ ജീവിതത്തിലേക്കുള്ള യാത്രയാണ് ഇത്. ഉപവാസം, പ്രാർത്ഥന, ദാനധർമ്മം — ഈ മൂന്നു സ്തംഭങ്ങൾ നമ്മുടെ ആത്മീയ ജീവിതത്തെ ഉറപ്പിക്കുന്ന അടിസ്ഥാനങ്ങളാണ്.

ഈ വലിയ നോമ്പ് നമുക്ക് വെറും ഒരു ആചാരകാലമായി കടന്നുപോകാതിരിക്കട്ടെ. മറിച്ച് അത് നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും ബന്ധങ്ങളെയും മാറ്റുന്ന ഒരു അനുഭവമായി മാറട്ടെ. അതുവഴി, പുനരുത്ഥാനത്തിന്റെ സന്തോഷത്തിലേക്ക് പുതുക്കപ്പെട്ട ഹൃദയത്തോടെ പ്രവേശിക്കാൻ നമുക്ക് കഴിയട്ടെ.

ഫാ. മാത്യൂസ് വലിയ പുത്തൻപുര

ചീഫ് എഡിറ്റർ

കേട്ടിട്ടുണ്ടോ, മെഡ്ജുഗോറി ഉപവാസം

ഉപവാസം (Fasting) ന്യൂജനറേഷന് മനസ്സിലാകാത്ത വാക്കാണ്; പൊതുവിൽ, അധികമാളുകൾ ഇഷ്ടപ്പെടാത്ത കാര്യവും.

ആത്മാവിനെയും ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കാൻ ഉപവാസം സഹായിക്കുമെന്ന് വേദ പുസ്തകവും വൈദ്യശാസ്ത്രവും പഠിപ്പിക്കുന്നു. പ്രാർത്ഥന അനേകരിൽ വിരസതയും മടുപ്പും ഉളവാക്കുന്ന കാര്യമാണ്. പ്രാർത്ഥനയോടൊപ്പം ഹൃദയം സഞ്ചാരിക്കാറില്ല. അന്യ വിചാരങ്ങളും നെഗറ്റീവ് ചിന്തകളും പ്രാർത്ഥനാ ചൈതന്യത്തെ നശിപ്പിക്കാറുണ്ട്. അതു മാറി കിട്ടാൻ ഒരു വഴി പങ്കുവയ്ക്കുന്നു. ഈ നോമ്പ് കാലത്ത് ഒരു ദിവസം ഉച്ചഭക്ഷണം ഉപേക്ഷിച്ച് ഒരു നിത്യാരാധന ചാപ്പലിലോ വീട്ടിലെ പ്രാർത്ഥനാ-മുറിയിൽ ഇരുന്ന് ഒരു അധ്യായം ബൈബിൾ വായിക്കുക. കോപം, അസൂയ തുടങ്ങി ഏതെങ്കിലും ഒരു ആസക്തി മാറി കിട്ടാൻ വ്യക്തിപരമായി പ്രാർത്ഥിക്കുക. അതിനു പറ്റുന്നില്ലെങ്കിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുക. ശാന്തതയിൽ ദൈവസ്വരം കേൾക്കാൻ കഴിയും. ആത്മീയ ആനന്ദത്തിൽ മനസ്സ് തുടിക്കും. ” ഉപവാസം, ദാനധർമ്മം, നീതി എന്നിവയോട് കൂടിയാവുമ്പോൾ പ്രാർത്ഥന നല്ലതാണ് ” (തോബിത് 12:8)

ഭക്ഷണം മനുഷ്യൻറെ അടിസ്ഥാന ആവശ്യം ( Basic need) ആണ്. അതിനെ നിയന്ത്രിച്ചാൽ മറ്റു വികാരങ്ങളെയും നിയന്ത്രിക്കാൻ കഴിയും. ഭക്ഷണം ത്യജിക്കുന്നതോടൊപ്പം ആരുമറിയാതെ ചില പരിത്യാഗങ്ങൾ ഈ നോമ്പുകാലത്ത് പരിശീലിക്കാവുന്നതാണ്. തലയണ ഉപേക്ഷിക്കുക , മുട്ടുകുത്തി കരങ്ങൾ വിരിച്ച് പ്രാർത്ഥിക്കുക, ലളിത വസ്ത്രം ധരിക്കുക, യാത്രകളും സൽക്കാരങ്ങളും കുറയ്ക്കുക, ചാരി ഇരിക്കുന്ന രീതി ഉപേക്ഷിക്കുക തുടങ്ങിയവ ഏതാനും ഉദാഹരണങ്ങൾ. അതുവഴി ആത്മാവ് നിർമ്മലമാകും, മനസ്സിന് ബലം കൂടും, ക്ഷമിക്കാനും സഹിക്കാനും തോറ്റു കൊടുക്കാനും വിട്ടുവീഴ്ച ചെയ്യാനും കൃപ ലഭിക്കും. മനസ്സിൽ ആന്തരിക ആനന്ദം ( Inner Joy) എപ്പോഴും അനുഭവിക്കാൻ സാധിക്കും.

കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണം നടന്ന ബോസ്നിയയിലെ മെഡ്ജുഗോറി തീർത്ഥാടകരുടെ നിലയ്ക്കാത്ത പ്രവാഹമുള്ള സ്ഥലമാണ്. പോയിട്ടില്ലാത്തവർ പോകുന്നത് നല്ലതാണ്. അവിടെ കാലു കുത്തുന്ന നിമിഷം അനുതാപത്തിന്റെ കണ്ണീർ വീഴാൻ തുടങ്ങും. വ്യക്തിപരമായ പ്രാർത്ഥനയുടെ പ്രത്യേക കൃപ കിട്ടുമെന്ന് അനേകർ സാക്ഷ്യപ്പെടുത്തുന്നു. മെഡ്ജിഗോറിയിൽ മറിയം പഠിപ്പിച്ച ഉപവാസമാണ് കണ്ണുകളുടെ ഉപവാസം. മലിനമായ നോട്ടങ്ങളെയും സോഷ്യൽ മീഡിയയിലെ കാഴ്ചകളെയും നോമ്പുകാലത്ത് നിയന്ത്രിക്കണം. മൊബൈൽ ഉപേക്ഷിക്കുക പ്രായോഗികമല്ല. എന്നാൽ ഇൻസ്റ്റാഗ്രാമിനോടും ഫേസ്ബുക്കിനോടും നോമ്പുകാലത്ത് നോ (No) പറഞ്ഞാൽ ദൈവത്തെ കാണാൻ ആന്തരിക നേത്രങ്ങൾ തുറന്നു കിട്ടും. ഒപ്പം കണ്ണുകളിൽ അലിവും ആർദ്രതയും നിറയും, മറ്റുള്ളവരുടെ വേദനയും ആവശ്യവും തിരിച്ചറിയാൻ കൃപ ലഭിക്കും. നമുക്ക് ആവശ്യമുള്ളവരുടെ അടുത്തേക്ക് ഓടുന്നത് കുറച്ചു നമ്മെ ആവശ്യമുള്ളവരുടെ അടുത്തേക്ക് പോകാൻ കഴിയും.

ഉപവസിക്കുമ്പോൾ നാം ദൈവത്തെ മുറുകെ പിടിക്കുന്നു അപ്പോൾ ദൈവം നമ്മെയും മുറുകെ പിടിക്കും. കുട്ടികൾ പരീക്ഷാഹാളിൽ ഇരിക്കുമ്പോൾ ഭക്ഷണം ത്യജിച്ച് പള്ളിയിലെത്തി മുട്ടുകുത്തി ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന മാതാപിതാക്കൾ ഉണ്ട്. ചെറിയ ത്യാഗത്തിനും വിലയുണ്ട്. ഒരു മദ്യപാനിയുടെ മാനസാന്തരത്തിനായി ചായ ഉപേക്ഷിച്ച ഒരു സിസ്റ്ററിനെ അറിയാം . അഞ്ചുവർഷം കഴിഞ്ഞപ്പോൾ മദ്യപാനി ലഹരി ഉപേക്ഷിച്ചു. ഈ നോമ്പുകാലത്ത് കുട്ടികളോട് ചോക്ലേറ്റ് ഉപേക്ഷിക്കാൻ പറയാമോ?

പ്രാർത്ഥന ഉപവാസത്തിന്റെ അവിഭാജ്യ ഘടകമാണ്. ഉപവസിക്കുക എന്ന വാക്കിന് കൂടെ ഇരിക്കുക എന്നാണ് അർത്ഥം. ദൈവത്തിൻറെ കൂടെ ഇരിക്കണം പള്ളിയിൽ പോകാൻ ആവില്ലെങ്കിൽ വചനം വായിച്ചു കൊണ്ട് ഇരുന്നാൽ മതി. Fasting without prayer forms gastritis.

ഉപവാസം നമ്മെ ആരോഗദൃഢഗാത്രരാക്കുമെന്ന് വൈദ്യശാസ്ത്രം പറയുന്നുണ്ട്. നമ്മുടെ തലച്ചോറിൽ നിന്നും നാല് തരത്തിലുള്ള വൈദ്യുതി ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ആൽഫ, ബീറ്റ, തീറ്റ, ഡെൽറ്റ. ഉപവസിച്ചു പ്രാർത്ഥിക്കുമ്പോൾ ആൽഫ വൈദ്യുതി ഉണ്ടാകും. ഇന്ദ്രിയങ്ങൾ അപ്പോൾ ശാന്തമാകും . അതുവഴി സമചിത്തത ഉണ്ടാകുന്നു. മാനസിക സംഘർഷങ്ങൾ കുറഞ്ഞാൽ ബ്ലഡ് പ്രഷർ, അൾസർ, ആസ്മ, ത്വക്ക് രോഗങ്ങൾ ഇവ ഉണ്ടാകില്ല.

ഉപവാസത്തിലൂടെ ദഹനവും വിസർജനവും നന്നായി നടക്കും. വിസർജനം കുറയുമ്പോഴാണ് രോഗങ്ങൾ കൂടുന്നത്. ഒരു നേരം ഭക്ഷിക്കുന്നവൻ യോഗി, രണ്ടുനേരം ഭക്ഷിക്കുന്നവൻ ഭോഗി, മൂന്നുനേരം ഭക്ഷിക്കുന്നവൻ രോഗി, നാലുനേരം ഭക്ഷിക്കുന്നവർ ദ്രോഹി എന്നിങ്ങനെ ഭാരതീയ ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്. യഥാർത്ഥമായ പ്രാർത്ഥനാ ചൈതന്യവും സഹോദര സ്നേഹവും ആത്മപരിത്യാഗവും പുലർത്തി ഈ നോമ്പുകാലം ഫലദായകമാക്കാൻ നമുക്ക് ആത്മാർത്ഥമായി ശ്രമിക്കാം.

“മറ്റുള്ളവരോട് സുവിശേഷം പ്രസംഗിച്ചു ഞാൻ തന്നെ തിരസ്കൃതനാകാതിരിക്കുന്നതിന്

എൻറെ ശരീരത്തെ ഞാൻ കർശനമായി നിയന്ത്രിച്ചു കീഴടക്കുന്നു”

( 1 കോറി 9:27)

തെക്കൻ ടൈംസ് 28 മത് ലക്കം.

അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിൻറെ നോമ്പുകാല ഇടയ ലേഖനം, ഫാ. ജോസ് പൂതൃക്കയിൽ, ഫാ. എൽബിൻ തിരുനെല്ലിപ്പറമ്പിൽ എന്നിവരുടെ ലേഖനങ്ങൾ, പുറത്തു നമസ്കാരം പ്രത്യേക ഫോട്ടോ ഫീച്ചർ, എന്താണ് ഡിജിറ്റൽ ഫാസ്റ്റിംഗ്? തെക്കൻസ് ഫെസ്റ്റ് കമ്മറ്റി അംഗങ്ങളെ പരിചയപ്പെടുത്തുന്നു. മതബോധനം: ഡെപ്യൂട്ടി ഹെഡ് ടീച്ചർമാരെ പരിചയപ്പെടാം. വൈറലായി എഡിറ്റോറിയലും വൈവാഹിക പംക്തിയും, വിവിധ മിഷനുകളുടെ നിരവധിയായ വാർത്തകളും ലേഖനങ്ങളും അടക്കം തെക്കൻ ടൈംസ് 28 മത് ലക്കം.