“വാഴ്‌വ് ” ഒരുക്കങ്ങൾ പൂർത്തിയായി, ക്നാനായ കുടുംബങ്ങൾ ശനിയാഴ്ച ആവേശത്തോടെ മാഞ്ചസ്റ്ററിലേക്ക്

“വാഴ്‌വ് ” ഒരുക്കങ്ങൾ പൂർത്തിയായി, ക്നാനായ കുടുംബങ്ങൾ ശനിയാഴ്ച ആവേശത്തോടെ മാഞ്ചസ്റ്ററിലേക്ക് .

നാളെ മാഞ്ചസ്റ്ററിൽ വച്ച്
UK ക്നാനായ കാത്തലിക് മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം ” വാഴ്‌വ്” ന്റെ ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു.

ശനിയാഴ്ചത്തെ പൊൻപുലരി പൊട്ടി വിരിയും മുമ്പേ മാഞ്ചസ്റ്റിലേക്ക് യാത്ര തുടങ്ങാൻ പല കുടുംബങ്ങളും തയ്യാറാടുക്കുമ്പോൾ മറ്റ് ചിലർ തലേ ദിവസം വന്ന് ഹോട്ടൽ അക്കോമഡേഷനും ബന്ധുമിത്രാദികളുടെ വീടുകളും ഒക്കെ മുൻകൂട്ടി തയ്യാറാക്കി കഴിഞ്ഞു.

ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ക്നാനായ കത്തോലിക്ക സമുദായത്തിന്റെ വലിയ ഇടയൻ മാർ മാത്യു മൂലക്കാട്ട് മെത്രാനൊപ്പം തങ്ങളുടെ ഈ കുടുംബ കൂട്ടായ്മയിൽ പങ്ക് ചേരാൻ നിരവധി പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതീക്ഷിച്ചതിലും കവിഞ്ഞ കുടുംബങ്ങളുടെ എണ്ണം മൂലം വാഴ് വിന്റെ രജിഷ്ട്രേഷൻ ഏപ്രിൽ 23 ന് ക്ലോസ് ചെയ്യാൻ സംഘാടകർ നിർബന്ധിതരായിരിക്കുകയാണ്.

വിശിഷ്ടാദിഥികൾക്കൊപ്പം വി.കുർബാനയും പൊതുസമ്മേളനവും ക്നാനായ സിംഫണി എന്ന പാട്ടിന്റെ പാലാഴിയും യുവത്വത്തിന്റെ ഫിനാലെ ഡാൻസും മറ്റ് കലാപരിപാടികളുമൊക്കെയായി വളരെ ആനന്ദദായകമായ ഒരു ദിവസമാണ് ഈ വാഴ് വിനായി ഒരുക്കിയിരിക്കുന്നത്.

വാഴ്‌വ് (ക്‌നാനായ കുടുംബ സംഗമം) ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

യു.കെ. യില്‍ ക്‌നാനായ ജനങ്ങള്‍ക്ക് മാത്രമായി ക്‌നാനായ മിഷനുകള്‍ സ്ഥാപിക്കപ്പെട്ടതിനു ശേഷം നടത്തുന്ന പ്രഥമ ക്‌നാനായ കുടുംബ സംഗമത്തിന്- വാഴ്‌വ് 2023- ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ക്‌നാനായക്കാരുടെ കൂട്ടായ്മകള്‍ ഇതിന് മുമ്പും യു.കെ.യില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് മിഷന്‍ തലത്തില്‍ ഒരു സംഗമം നടത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ഒരു വിശ്വാസ-പൈതൃക സമന്വയ സംഗമമായിട്ടാണ് യു.കെ.യിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികള്‍ ഇതിനെ ഉറ്റുനോക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയില്‍ ക്‌നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറാള്‍ ബഹു. സജി മലയില്‍പുത്തന്‍പുരയിലിന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്. അനേകം ആളുകളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മാഞ്ചസ്റ്ററിലെ ഒഡേഷ്യസ് ദൈവാലയത്തിന്റെ ഓഡിറ്റോറിയത്തിലാണ് വാഴ്‌വ് 2023 സംഘടിപ്പിച്ചിരിക്കുന്നത്. (Trinity Way, Manchester, M37BD).