ലിവര്‍പൂള്‍: യു.കെയില്‍ ക്‌നാനായക്കാര്‍ക്ക് ഒരു അജപാലന സംവിധാനം എന്ന സ്വപ്നസാക്ഷാത്കാരത്തിന്റെ ആദ്യ ചവിട്ടുപടിയായി നമുക്ക് സ്വന്തമായി ലഭിച്ച ഇടവക ദൈവാലയത്തോടനുബന്ധിച്ചുള്ള വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പുകര്‍മ്മം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിച്ചു. ജൂലൈ മാസം മൂന്നാം തീയതി മാര്‍ തോമ്മാശ്ലീഹായുടെ ദുക്ക്‌റാന തിരുനാള്‍ ദിവസം വൈകുന്നേരം 6 മണിക്ക് അവര്‍ ലേഡി ഓഫ് വാല്‍സിംഗ്ഹാം പള്ളിയില്‍ വച്ച് നടന്ന ആഘോഷമായ വി. കുര്‍ബാനയെ തുടര്‍ന്നാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ലിതര്‍ലന്റിലെ സെന്റ് പയസ് ടെന്‍ത് വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം നടത്തപ്പെട്ടത്.
യൂറോപ്പില്‍ ആദ്യമായി ക്‌നാനായക്കാര്‍ക്കായി ഒരു ദൈവാലയവും അനുബന്ധ സൗകര്യങ്ങളും സ്വന്തമായി ലഭിച്ചതിന്റെ ആവേശത്തിലാണ് യു.കെയിലെ ക്‌നാനായ ജനത. ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മാക്മഹോനയുയുമായി യു.കെ ക്‌നാനായ കാത്തലിക് മിഷന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തില്‍ ഡീക്കന്‍ അനില്‍, കൈക്കാരന്മാരായ ഫിലിപ്പ് കുഴിപ്പറമ്പില്‍, ജോയി പാവക്കുളത്ത് എന്നിവര്‍ നാളുകളായി നടത്തിയ ചര്‍ച്ചകളുടെ വെളിച്ചത്തിലും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുവാദത്താലുമാണ് 450-ല്‍ പരം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ദൈവാലയും 300-ല്‍ അധികം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഹാളും വൈദിക മന്ദിരവും ലഭിച്ചിരിക്കുന്നത്. യു.കെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നോറോളം പേര്‍ വെഞ്ചരിപ്പ് കര്‍മ്മത്തിന് സാക്ഷികളായി. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സെന്റ് പയസ് ടെന്‍ത് ക്‌നാനായ കാത്തലിക് പള്ളിയുടെയും ഹാളിന്റെയും വെഞ്ചരിപ്പ് കര്‍മ്മം സെപ്റ്റംബര്‍ 20-ന് നടക്കും.