വാഴ്‌വ് 2026-ന്റെ വിജയത്തിനായി അർപ്പണബോധത്തോടെ വിവിധ കമ്മിറ്റികൾ

വാഴ്‌വ് 2026: ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്.

ബർമിംഗ്ഹാം: യുകെയിലെ 15 ക്നാനായ കത്തോലിക്കാ മിഷനുകളിലെ കുടുംബങ്ങളെ ഒരുമിച്ച് അണിനിരത്തി സെപ്റ്റംബർ 26-ന് ബർമിംഗ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ അരങ്ങേറുന്ന ‘വാഴ്‌വ് 2026’-ന്റെ ഒരുക്കങ്ങൾ സജീവമായി പുരോഗമിക്കുന്നു. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്.

വിശ്വാസത്തിന്റെയും കുടുംബകൂട്ടായ്മയുടെയും ക്നാനായ പാരമ്പര്യത്തിന്റെയും കലാ-സാംസ്കാരിക വൈവിധ്യത്തിന്റെയും മഹത്തായ സംഗമമായി വാഴ്‌വ് 2026-നെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നത്. വൈദികരുടെ ആത്മീയ നേതൃത്വത്തിൽ ചുമതലകൾ ഏറ്റെടുത്ത കമ്മിറ്റികൾ കൃത്യമായ ആസൂത്രണത്തോടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും ഒരുക്കങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു.

നിശ്ചിത ഇടവേളകളിൽ യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഓരോ മേഖലയിലെയും പുരോഗതി പരിശോധിക്കുകയും ചെയ്യുന്നുണ്ട്. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനാവശ്യമായ ക്രമീകരണങ്ങൾ വിവിധ തലങ്ങളിൽ പുരോഗമിക്കുകയാണ്.

കലാപരിപാടികൾക്കും പൊതുസമ്മേളനത്തിനും വിപുലമായ ഒരുക്കങ്ങൾ

വാഴ്‌വ് 2026-ലെ പ്രധാന പരിപാടികളായ കൾച്ചറൽ പ്രോഗ്രാംസിന്റെയും പൊതുസമ്മേളനത്തിന്റെയും ഏകോപനച്ചുമതല ഫാ. അജൂബ് തൊട്ടനാനിയിൽ, ഷാജി ചരമേൽ, ഷെറി ബേബി, ബിന്ദു ജോം മാക്കിൽ എന്നിവർ കോ-ഓർഡിനേറ്റർമാരായി നിർവഹിക്കുന്നു. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച നിരവധി പേരാണ് കമ്മിറ്റിയിൽ അംഗങ്ങളായി പ്രവർത്തിക്കുന്നത്. പരിപാടികൾ മികവുറ്റതാക്കുന്നതിനുള്ള ആസൂത്രണങ്ങളും പരിശീലനങ്ങളും ഏകോപനപ്രവർത്തനങ്ങളും സജീവമായി നടക്കുന്നു.

ഭക്ഷണവിതരണത്തിനും കൃത്യമായ ക്രമീകരണം

വാഴ്‌വിൽ പങ്കെടുക്കുന്ന കുടുംബങ്ങൾക്ക് മികച്ച ഭക്ഷണസൗകര്യം ഒരുക്കുന്നതിനുള്ള ചുമതല ഫുഡ് കമ്മിറ്റിക്കാണ്. ഫാ. ജിൻസ് കണ്ടക്കാട്, ജിഷു ജോൺ, ജിജോ കോരപ്പള്ളി എന്നിവർ കോ-ഓർഡിനേറ്റർമാരായി പ്രവർത്തിക്കുന്ന കമ്മിറ്റി, ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനൊപ്പം വോളണ്ടിയർമാർക്ക് ആവശ്യമായ മാർഗനിർദേശങ്ങളും നൽകിവരുന്നു.

പൊന്തിഫിക്കൽ കുർബാനയ്ക്ക് ഗായകസംഘം ഒരുങ്ങുന്നു

വാഴ്‌വ് 2026-ന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ പൊന്തിഫിക്കൽ കുർബാനയുടെ ഗായകസംഘത്തിന്റെ ഒരുക്കങ്ങൾക്കും പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്. ഫാ. ജിബിൻ പാറടിയിൽ, ടോമി പടപ്പുരക്കൽ, ജിഷ മാത്യു എന്നിവർ കൊയർ കമ്മിറ്റിയുടെ നേതൃത്വം വഹിക്കുന്നു. ഇവരോടൊപ്പം യുകെയിലെ വിവിധ ക്നാനായ മിഷനുകളിൽ നിന്നുള്ള പതിനേഴോളം ഗായകർ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.

വാഴ്‌വിന്റെ വാർത്തകളും വിശേഷങ്ങളും ജനങ്ങളിലേക്ക്

വാഴ്‌വ് 2026-ന്റെ വിവരങ്ങളും പരിപാടിയുടെ വിശേഷങ്ങളും പൊതുജനങ്ങളിലേക്ക് സമയബന്ധിതമായി എത്തിക്കുന്നതിൽ പബ്ലിസിറ്റി കമ്മിറ്റിയും നിർണായക പങ്കാണ് വഹിക്കുന്നത്. ഫാ. ടോം പുത്തൻപുരയ്ക്കൽ, ജോജോ മേലേടം, എബി നെടുവാമ്പുഴ എന്നിവർ കോ-ഓർഡിനേറ്റർമാരായി പ്രവർത്തിക്കുന്ന കമ്മിറ്റിയാണ് വാഴ്‌വിന്റെ ഔദ്യോഗിക പ്രഖ്യാപനം മുതൽ പരിപാടിയുമായി ബന്ധപ്പെട്ട വാർത്തകളും വിശേഷങ്ങളും പ്രചാരണ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത്. സോഷ്യൽ മീഡിയ, വിവിധ മാധ്യമങ്ങൾ, പ്രമോഷൻ പ്രവർത്തനങ്ങൾ തുടങ്ങിയവയിലൂടെ വാഴ്‌വ് 2026-ന്റെ സന്ദേശവും പരിപാടിയുടെ വിവരങ്ങളും പരമാവധി ആളുകളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് കമ്മിറ്റി നടത്തുന്നത്. കോ-ഓർഡിനേറ്റർമാർക്കൊപ്പം സക്കറിയ പുത്തൻകളം, ബിജു പന്നിവേലിൽ, ലിജു കരുപ്ലാക്കിൽ, ബിബു പൂവള്ളിമഠത്തിൽ, ബിനോയി മങ്കോട്ടിൽ, ഡിവിൻ ഡോമി, സാജൻ പഠിക്കമാലിൽ എന്നിവർ പബ്ലിസിറ്റി കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു.

പ്രാർത്ഥനയുടെ ആത്മീയചൈതന്യം, കുടുംബങ്ങളുടെ സ്നേഹസംഗമം, ക്നാനായ പാരമ്പര്യത്തിന്റെ പ്രൗഢി, കലാ-സാംസ്കാരിക വൈവിധ്യം, കൂട്ടായ്മയുടെ ആനന്ദം എന്നിവ ഒരേ വേദിയിൽ സമന്വയിക്കുന്ന അനുഗ്രഹീത ദിനമാക്കി വാഴ്‌വ് 2026-നെ മാറ്റാനുള്ള ശ്രമത്തിലാണ് സംഘാടകർ. യുകെയിലെ ക്നാനായ കത്തോലിക്കാ കുടുംബങ്ങളുടെ വിശ്വാസബന്ധങ്ങളും കുടുംബഐക്യവും സമൂഹസ്നേഹവും കൂടുതൽ ദൃഢമാക്കുന്ന ഈ മഹാസംഗമം, പങ്കെടുക്കുന്ന ഓരോ കുടുംബത്തിനും മറക്കാനാവാത്ത ആത്മീയവും സാംസ്കാരികവുമായ അനുഭവമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

വാഴ്‌വ് 2026; ആപ്തവാക്യ വിജയി ജോസ് മുഖച്ചിറ

“കരുണതൻ കരുതലായി വാഴ്‌വ്” ഈ വർഷത്തെ ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കുടുംബ സംഗമമായ വാഴ്‌വ്ൻ്റെ അപ്തവാക്യം. വാഴ്‌വിന്റെ അന്തസത്തയോട് യോജിച്ച ആപ്തവാക്യം തയ്യാറാക്കിയത് ഷെഫീൽഡ് മാസ്സ് സെൻറർ ജോസ് മുഖച്ചിറയാണ്. നിരവധിയായ എൻട്രികളിൽ നിന്നും ജഡ്ജിങ് കമ്മിറ്റി “കരുണതൻ കരുതലായി വാഴ്‌വ് എന്ന ആപ്തവാക്യമാണ് ഈ വർഷം ഏറ്റവും യോജിച്ചതെന്ന് ഐക്യകണ്ഠേന തീരുമാനമെടുത്തത്.

കോട്ടയം കുറുമുള്ളൂർ സ്വദേശിയായ ജോസ് മുഖച്ചിറ തയ്യാറാക്കിയ ആപ്തവാക്യത്തിന് അനുസൃതമായിട്ടാണ് വാഴ്‌വ്ൻ്റെ പ്രവർത്തനങ്ങൾ. ചികിത്സാസഹായവും ഭവന നിർമ്മാണവും ഈ വർഷത്തെ വാഴ്‌വ് ലക്ഷ്യമെടുന്നു. 2026 സെപ്റ്റംബർ 26-ന് നടത്തപ്പെടുന്ന വാഴ്‌വിൽ ജോസ് മുഖച്ചിറയ്ക്ക് പ്രത്യേക സമ്മാനം നൽകും. ആപ്തവാക്യ വിജയിയായ ജോസ് മുഖച്ചിറയ്ക്ക് തെക്കൻ ടൈംസിന്റെ ആശംസകൾ!

വാഴ്‌വ് – സ്നേഹദീപ പ്രയാണം മെയ് 16-ന് ലിവർപൂളിൽ തുടക്കമിടും

വാഴ്‌വ് 2026 സെപ്റ്റംബർ 26-ന് ബഥേൽ സെന്ററിൽ നടത്തപ്പെടുന്നതിന്റെ മുന്നോടിയായി സ്നേഹത്തിന്റെ സന്ദേശം എല്ലാ ക്നാനായ കത്തോലിക്ക മിഷൻസ് ഇടവകയിലും തുടർന്ന് കുടുംബങ്ങളിലും എത്തിക്കുന്ന സ്നേഹ ദീപ പ്രയാണത്തിന്റെ യുകെയിലെ സഞ്ചാരം മെയ് 16-ന് ലിവർപൂളിൽ തുടക്കമാകും. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പിതാവ് തിരി തെളിയിച്ച സ്നേഹദീപം യുകെയിലെ പ്രതിനിധികൾക്ക് കൈമാറുകയും തുടർന്ന് സ്നേഹദീപ പ്രയാണം മെയ് 16-ന് ലിവർപൂളിൽ നിന്നും വിവിധ ക്നാനായ കത്തോലിക്ക മിഷൻസ് ഇടവകകളിലേക്ക് യാത്രയാകും.

“കരുണതൻ കരുതലായി വാഴ്‌വ്” എന്ന ആപ്തവാക്യത്തിൽ അധിഷ്ഠിതമായ വാഴ്‌വ് 2026 ലക്ഷ്യമിടുന്നത് കുടുംബ സംഗമത്തോടൊപ്പം ഭവന രഹിതരായ ഒരു കുടുംബത്തിന് സുരക്ഷിതമായ ഒരു ഭവനവും കൂടാതെ ചികിത്സാ സഹായങ്ങളും സാധ്യമാക്കുക എന്നതാണ്. കഴിഞ്ഞവർഷം ഒരു ഭവനം എന്ന ലക്ഷ്യമിട്ടത് രണ്ട് ഭവനത്തിനുള്ള തുക സമാഹരിക്കുവാൻ സാധിക്കുകയും അതിൻറെ പണികൾ പുരോഗമിക്കുകയും ചെയ്യുന്നു.

മെയ് 16-ന് ലിവർപൂൾ സെൻറ് പയസ് ടെൻത് ക്നാനായ കത്തോലിക്ക മിഷൻ ഇടവകയിൽ ലൈറ്റ് ഓഫ് ലവ് എന്ന സ്നേഹ ദീപ പ്രയാണം ഔദ്യോഗികമായി യുകെയിൽ ആരംഭിക്കും. അഭിവന്ദ്യ മൂലക്കാട്ട് പിതാവിൽ നിന്നും സ്വീകരിച്ച സ്നേഹദീപം ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ കോഡിനേറ്റർ ഫാ. സുനി പടിഞ്ഞാറക്കരയ്ക്ക് കൈമാറുകയും തുടർന്ന് ബഹുമാനപ്പെട്ട പടിഞ്ഞാറേക്കര സുനി അച്ചൻ 15 ക്നാനായ കാത്തലിക് മിഷനുകളിലേക്കും വിവിധങ്ങളായ മാസ്സ് സെന്ററുകളിലേക്കും തുടർന്ന് ക്നാനായ കാതോലിക്കാ ഭവനങ്ങളിലേക്കും കൈമാറും.

കത്തോലിക്ക വിശ്വാസത്തിൽ അടിയുറച്ച് സമുദായ സ്നേഹത്തിൽ നിലയുറച്ച് സ്നേഹത്തിന്റെ, സാമുദായിക ഐക്യത്തിന്റെ, നന്മയുടെ, സാക്ഷ്യമായി മാറുവാൻ വാഴ്‌വ് 2026 സ്നേഹദീപ പ്രയാണം മുഖ്യഘടകം ആകും

വാഴ്‌വ് 2026 എക്സിക്യൂട്ടീവ് കമ്മിറ്റി സുസജ്ജം

2026 സെപ്റ്റംബർ 26-ന് ബഥേൽ സെന്ററിൽ നടത്തപ്പെടുന്ന വാഴ്‌വ് 2026 ഏറ്റവും മനോഹരമായി നടത്തപ്പെടുന്നതിന് വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. ഓരോ കമ്മറ്റികളെ തെക്കൻ ടൈംസ് ഓരോ ലക്കവും പരിചയപ്പെടുത്തുന്നതായിരിക്കും.

ഏറ്റവും സുപ്രധാന കമ്മറ്റിയായ എല്ലാ കമ്മിറ്റികളുടെയും കമ്മറ്റിയായ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെയാണ് ഈ ലക്കത്തിൽ പരിചയപ്പെടുത്തുന്നത്.

വാഴ്‌വ് 2026 ൻ്റെ ചെയർമാൻ ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ ഓർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര ആണ്. ഭവന രഹിതർക്ക് ഭവനം നിർമ്മിച്ചു നൽകുന്നതിൽ പടിഞ്ഞാറേക്കര സുനി അച്ചൻ്റെ പ്രത്യേകമായ താല്പര്യത്തെക്കുറിച്ച് മുൻ ലക്കത്തിൽ തെക്കൻ ടൈംസ് പ്രസിദ്ധീകരിച്ചതാണ്.

ഈ വർഷം ജനറൽ കൺവീനറായി പ്രവർത്തിക്കുന്നത് സെൻറ് മേരീസ് ക്നാനായ കാത്തലിക് മിഷൻ ഇടവകയിലെ സാജൻ ഈഴാറാത്ത് ആണ്

കൺവീനർ മാരായി തെക്കൻ ടൈംസ് ചീഫ് എഡിറ്റർ ഫാ. മാത്യൂസ് വലിയ പുത്തൻപുര, ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ ജോസ് തേക്ക് നിൽക്കുന്നതിൽ എന്നിവർ പ്രവർത്തിക്കുന്നു. ജോയിൻറ് കൺവീനർ സെൻറ് മൈക്കിൾസ് മിഷനിലെ ജിൽസ് നന്ദികാട്ട് ആണ്. എല്ലാ കമ്മിറ്റികളുടെയും മേൽനോട്ടം വഹിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി നിശ്ചിത ഇടവേളകളിൽ വാഴ്‌വ്ൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.

വാഴ്‌വ് 2026 – ആപ്തവാക്യങ്ങൾ ക്ഷണിക്കുന്നു

ദൈവം അബ്രഹത്തിന് നൽകിയ വാഴ്‌വ്, അബ്രഹാം മുതൽ പൂർവപിതാക്കന്മാർക്ക് കിട്ടിയ വാഴ്‌വ്, പൂർവപിതാക്കൻമാർ തലമുറകളിലേയ്ക്ക് പകർന്നുകിട്ടിയ വാഴ്‌വ്, ലോകത്തെവിടെ ആയിരുന്നാലും ആ വാഴ്‌വിന്റെ വിശുദ്ധിയിൽ മുന്നേറുന്ന ക്നാനായ ജനത, ഈ അനുഗ്രഹീത ജനത തങ്ങളുടെ സഭാ പിതാക്കന്മാരോടും, വൈദീകാരോടും കൂടി ചേർന്ന് അൽമായർ, തങ്ങളുടെ ഒത്തുകൂടലിന് ഒരു മഹനീയ ദിനം, വാഴ്‌വ് 2026, സെപ്റ്റംബർ 26-ന് ബർമിങ്ഹാമിൽ. ക്നാനായ മിഷൻസ് യുകെയുടെ, വാഴ്‌വ് മഹാസംഗമത്തിന്റെ

ഒരുക്കങ്ങൾ അണിയറയിൽ തകൃതിയായി പുരോഗമിക്കുന്നു. ക്നാനായ മിഷൻസ് കോർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര ചെയർമാനും, സാജൻ ഈഴാറാത്ത് ജനറൽ കൺവീനറും, ഫാ. ജോസ് തെക്കിനിക്കുന്നേൽ, ഫാ. മാത്യൂസ് വലിയ പുത്തൻപുരയിൽ എന്നിവർ കൺവീനറുമാരായും, ജിൽസ് നന്ദികാട്ട് ജോ. കൺവീനറായും എക്സിക്യൂട്ടീവ്

കമ്മിറ്റിയും, പരിപാടികൾ ക്രോഡികരിക്കാൻ മറ്റ് 14 കമ്മറ്റികളുമാണ് രൂപീകരിച്ചിരിക്കുന്നത്. മുൻ വർഷങ്ങളിലെപ്പോലെ പൊന്തിഫീസിക്കൽ കുർബാന, പൊതുസമ്മേളനം, യൂത്ത് സെഷൻ, വിവിധ മിഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ എല്ലാം കോർത്തിണക്കിയാണ് സംഗമം ഒരുക്കുന്നത്.

സംഗമത്തിന് മാറ്റ് കൂട്ടാൻ പിതാക്കന്മാർ, മറ്റ് വിശിഷ്ട അതിഥികൾ എന്നിവരെ പ്രതീക്ഷിക്കുന്നു.

അടിയുറച്ച കാത്തോലിക്ക വിശ്വാസത്തിൽ, പാരമ്പര്യങ്ങൾ മുറുകെ പിടിച്ച് ലോകത്തെവിടെ ആയാലും പരസ്പര സഹോദര്യത്തിൽ ഒന്നായി ജീവിക്കുന്ന യുകെ സമൂഹത്തിന്, കഴിഞ്ഞ വർഷം നടത്തിയ സമ്പൂർണ ബൈബിൾ പകർത്തി എഴുത്ത് അനുഗ്രഹദായകമായിരുന്നു. ഇത്തവണ വാഴ്‌വിന് ഒരുക്കമായി പുതിയ നിയമം പകർത്തി എഴുതാൻ ഒരുങ്ങുന്നു, അതുപോലെ ഇന്റർസെഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രാർഥിച്ചും ഒരുക്കങ്ങൾ തുടങ്ങി.

തങ്ങളുടെ ഈറ്റില്ലമായ കോട്ടയത്തുനിന്ന് തുടങ്ങുന്ന വാഴ്‌വ് 2026-ന്റെ ദീപശിഖ പ്രയാണത്തിന്റെ സ്വീകരണവും, യുകെ മിഷനുകളിലേയ്ക്ക്‌ ദീപശിഖ പ്രയാണവും, വാഴ്‌വ് ടിക്കറ്റ് കിക്ക് ഓഫ്‌ എന്നിവ മെയ്‌ 16ന് ലിവർപൂളിൽ നടക്കും.

കഴിഞ്ഞ വർഷം ലക്ഷ്യം വെച്ചത് ഒരു കുടുംബത്തിന് വീട് വെച്ച് കൊടുക്കുക എന്നതായിരുന്നു. എന്നാൽ സുമനസുകളുടെ സഹകരണത്താൽ നാട്ടിൽ രണ്ട് ഭാവനങ്ങൾക്കുള്ള പ്രാരംബ പണികൾ തുടങ്ങി കഴിഞ്ഞു. ഇത്തവണ വാഴ്‌വിന്റെ സദുദേശം (motto) കഴിഞ്ഞ വർഷത്തെപ്പോലെ നിർധനരായ ഒരു കുടുംബത്തിന് ഭവനവും, നമ്മുടെ സമൂഹത്തിൽ രോഗികളായി സമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുക എന്നതുമാണ്.

വാഴ്‌വ് 2026 അനുഗ്രഹീതവും, സന്തോഷകരവും, വിജയവും ആയി തീരാൻ യുകെയിലെ മുഴുവൻ ക്നാനായ കുടുംബങ്ങളുടെയും സഹകരണവും, സാന്നിധ്യവും വാഴ്‌വ് കമ്മിറ്റി പ്രതീക്ഷിക്കുന്നു. എല്ലാവരെയും സാദരം സ്വാഗതം ചെയ്യുന്നു.