ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻസ് യു.കെ.യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാഴ്വ് 2026-ന് ആത്മീയ നിറവേകി പൊന്തിഫിക്കൽ ദിവ്യബലി. അഭി. മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ 15 ക്നാനായ വൈദികർ സഹകാർമികരായി പങ്കുചേർന്നു.
മാർച്ച് 13-ന് കോട്ടയം അതിരൂപതാ ആസ്ഥാനത്ത് അഭി. മാർ മാത്യു മൂലക്കാട്ട് പിതാവ് പകർന്നുനൽകിയ സ്നേഹദീപം വാഴ്വ് ജനറൽ കൺവീനർ ശ്രീ. സാജൻ ഇഴാറാത്ത്, ബഹു. ഫാ. സുനി പടിഞ്ഞാറേക്കരയ്ക്ക് കൈമാറി. തുടർന്ന് സ്നേഹദീപം പ്രത്യേകം ഒരുക്കിയ പീഠത്തിൽ പ്രതിഷ്ഠിച്ചു.
വിവിധ ക്നാനായ മിഷനുകളിൽ നിന്നെത്തിയ 75-ലധികം അൾത്താരബാലകരുടെയും പ്രതിനിധികളുടെയും അകമ്പടിയോടെയാണ് അഭി. പിതാവും സഹകാർമികരായ വൈദികരും പ്രദക്ഷിണമായി അൾത്താരയിലേക്ക് പ്രവേശിച്ചത്. വിശ്വാസത്തിന്റെയും ക്നാനായ പൈതൃകത്തിന്റെയും കൂട്ടായ്മയുടെയും മനോഹരമായ പ്രകടനമായി ഈ പ്രവേശനം മാറി.
വിവിധ മിഷനുകളിൽ നിന്നുള്ള വിശ്വാസികൾ കൈയെഴുത്തായി തയ്യാറാക്കിയ പുതിയ നിയമത്തിന്റെ ബൈബിൾ പ്രതികളും വിശുദ്ധരുടെ ചിത്രങ്ങളും പരിശുദ്ധ അൾത്താരയിൽ സമർപ്പിച്ചു. വിശ്വാസവും പൈതൃകവും തലമുറകളിലേക്ക് കൈമാറുന്നതിനുള്ള പ്രതീകാത്മകമായ സമർപ്പണമായി ഇത് മാറി.
വാഴ്വിന്റെ ചരിത്രത്തിൽ ആദ്യമായി ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ 50-ലധികം ഗായകർ അണിനിരന്ന ഗായകസംഘം ദിവ്യബലിക്ക് സംഗീതസാന്നിധ്യമേകി. ഭക്തിസാന്ദ്രമായ ഗാനങ്ങളും പ്രാർത്ഥനകളും ദിവ്യബലിയുടെ ആത്മീയ അന്തരീക്ഷത്തിന് കൂടുതൽ മിഴിവേകി.
വിവിധ മിഷനുകളിൽ നിന്നെത്തിയ വിശ്വാസികൾ ഒരുമിച്ച് പങ്കുചേർന്ന പൊന്തിഫിക്കൽ ദിവ്യബലി വാഴ്വ് 2026-ന്റെ ആത്മീയ മുഖമായി മാറി. പ്രാർത്ഥനയിലൂടെയും വിശ്വാസത്തിലൂടെയും കൂട്ടായ്മയിലൂടെയും വിശ്വാസികളുടെ ഹൃദയങ്ങളിൽ ആത്മീയ ഉണർവും അനുഗ്രഹവും പകർന്നുകൊണ്ട് ദിവ്യബലി വാഴ്വ് 2026-ന്റെ ഓർമകളിലെ ശ്രദ്ധേയമായ അധ്യായമായി.



