വാഴ്‌വ് 2026-ന്റെ കലാസന്ധ്യയ്ക്ക് സ്റ്റീഫൻ ദേവസ്സിയുടെ സംഗീതവിസ്മയത്തോടെ തുടക്കം

ക്നാനായ കാത്തലിക് മിഷൻസ് യു.കെ.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഴ്‌വ് 2026-ന്റെ കലാസന്ധ്യ പ്രശസ്ത സംഗീതജ്ഞനും പിയാനിസ്റ്റുമായ സ്റ്റീഫൻ ദേവസ്സി ഉദ്ഘാടനം ചെയ്തു. സംഗീതലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സ്റ്റീഫൻ ദേവസ്സിയുടെ സാന്നിധ്യം വാഴ്‌വ് 2026-ന്റെ കലാസന്ധ്യയ്ക്ക് പ്രത്യേക മിഴിവേകി.

അസാധാരണമായ സംഗീതപ്രതിഭയും പിയാനോയിലെ വിസ്മയകരമായ പ്രാവീണ്യവും സർഗാത്മകമായ അവതരണശൈലിയും കൊണ്ട് ശ്രദ്ധേയനായ സ്റ്റീഫൻ ദേവസ്സി, തന്റെ സംഗീതത്തിലൂടെ പ്രേക്ഷകരെ വേറിട്ടൊരു അനുഭവത്തിലേക്ക് നയിച്ചു. വേദിയിലെ അദ്ദേഹത്തിന്റെ സാന്നിധ്യവും അവതരണത്തിലെ ഊർജവും സദസ്സിൽ ആവേശം നിറച്ചു.

ഉദ്ഘാടനത്തിന് പിന്നാലെ സ്റ്റീഫൻ ദേവസ്സി അവതരിപ്പിച്ച പ്രത്യേക സംഗീതാവതരണം സദസ്സിന്റെ ഹൃദയം കീഴടക്കി. സംഗീതോപകരണത്തിന്റെ മാസ്മരിക ശബ്ദവും അദ്ദേഹത്തിന്റെ സവിശേഷമായ അവതരണശൈലിയും ഒത്തുചേർന്നപ്പോൾ വേദി സംഗീതവിസ്മയത്തിന് സാക്ഷിയായി.

അവതരണത്തിന്റെ ഓരോ ഘട്ടവും നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. വാഴ്‌വ് 2026-ന്റെ കലാസന്ധ്യയ്ക്ക് അവിസ്മരണീയമായ തുടക്കം കുറിച്ച സ്റ്റീഫൻ ദേവസ്സിയുടെ സംഗീതാവതരണം, ആഘോഷത്തിന്റെ കലാപരമായ മികവിന് പുതിയൊരു ഉയരം നൽകി.

15 ഓളം വ്യക്തികളാണ് സ്റ്റീഫൻ ദേവസിയുടെ പ്രോഗ്രാമിന്റെ ചിലവുകൾ വഹിച്ചത്

വാഴ്‌വ് 2026 – ക്നാനായ തനിമയിൽ വേരൂന്നിയ കുടുംബബന്ധങ്ങളുടെ ഉത്സവം – ജാക്സൺ മണപ്പാട്ട്

UK Knanaya Catholic Mission-ന്റെ ആഭിമുഖ്യത്തിൽ ബർമിംഗ്ഹാമിലെ Bethel Convention Centre-ൽ നടന്ന ‘വാഴ്‌വ് 2026’ എന്ന കുടുംബസംഗമത്തിൽ അതിഥിയായി പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഈ അവസരത്തിന് ആദ്യം സർവേശ്വരനോടും തുടർന്ന് എന്നെ സ്നേഹപൂർവം ക്ഷണിച്ച പ്രിയപ്പെട്ട സംഘാടകർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

വാക്കുകൾക്കതീതമായ സംഘാടനമികവ്! അതിമനോഹരം, അത്യുജ്ജ്വലം! യു.കെ.യുടെ നാനാദിക്കുകളിൽനിന്ന് – ലണ്ടൻ, മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, ലിവർപൂൾ, സ്കോട്ട്ലൻഡ് തുടങ്ങി വിവിധ പ്രദേശങ്ങളിൽനിന്ന് – മണിക്കൂറുകൾ നീണ്ട യാത്ര താണ്ടിയെത്തിയ നൂറുകണക്കിന് കുടുംബങ്ങളുടെ സാന്നിധ്യം ഈ സംഗമത്തെ ജനസാഗരമാക്കി. ദീർഘയാത്രയുടെ ക്ഷീണം ആരുടെയും മുഖത്തുണ്ടായിരുന്നില്ല; പകരം, ഒത്തുചേരലിന്റെ സന്തോഷവും സ്നേഹവും നിറഞ്ഞുനിന്നിരുന്നു.

ഈ മഹാസംഗമത്തെ കൂടുതൽ ധന്യമാക്കിയത് അഭിവന്ദ്യ മെത്രാന്മാരുടെയും ബഹുമാനപ്പെട്ട വൈദികരുടെയും സാന്നിധ്യമായിരുന്നു. മെത്രാന്മാർ പകർന്നുനൽകിയ ആത്മീയ സന്ദേശങ്ങളും വൈദികരുടെ സാന്നിധ്യവും അനുഗ്രഹാശംസകളും നമ്മുടെ വിശ്വാസത്തിന് കൂടുതൽ കരുത്തുപകർന്നു. സഭയോട് ചേർന്നുനിൽക്കുവാനും സമുദായത്തെ മുറുകെ പിടിക്കുവാനും വിശ്വാസവും പാരമ്പര്യവും നെഞ്ചോടുചേർത്തു കാത്തുസൂക്ഷിക്കാനും ഈ സംഗമം ഏവർക്കും പ്രചോദനമായി.

നമ്മുടെ പൈതൃകവും സംസ്കാരവും വിശ്വാസവും സമുദായത്തിന്റെ ഐക്യവും തലമുറകളിലേക്ക് കൈമാറുന്നതിനായി സംഘാടകർ നടത്തിയ ആത്മാർഥമായ ശ്രമങ്ങൾ ഏറെ അഭിനന്ദനാർഹമാണ്. പ്രത്യേകിച്ച്, കേരളത്തിന്റെ ജീവിതസാഹചര്യങ്ങൾ നേരിട്ട് മനസ്സിലാക്കുവാൻ സാധിക്കാതെ യു.കെ.യിൽ വളരുന്ന നമ്മുടെ പുതുതലമുറയ്ക്കായി ഒരുക്കിയ ‘യുവവാഴ്‌വ്’ ശ്രദ്ധേയമായ ഒരു ചുവടുവയ്പ്പാണ്. തങ്ങളുടെ സ്വത്വത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും വേരുകളെക്കുറിച്ചും ആഴത്തിൽ മനസ്സിലാക്കാൻ യുവജനങ്ങൾക്ക് ഈ വേദി അവസരമൊരുക്കി. അത് കേവലം ഒരു പഠനപരിപാടിയായിരുന്നില്ല; മറിച്ച്, സ്വന്തം സ്വത്വത്തിലേക്കും പാരമ്പര്യത്തിലേക്കുമുള്ള തിരിച്ചറിവിന്റെ യാത്രയായിരുന്നു.

ഈ അത്യുജ്ജ്വല സംഗമത്തിന്റെ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ച ‘വാഴ്‌വ് 2026’ ചെയർമാൻ ഫാ. സുനി പടിഞ്ഞാറേക്കര, ജനറൽ കൺവീനർ സാജൻ ചാക്കോ ഈഴാറാത്ത്, മറ്റ് കൺവീനർമാരായ ഫാ. ജോസ് തേക്കനിൽക്കുന്നതിൽ, ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ, ജോയിന്റ് കൺവീനർ ജിൽസ് നന്ദികാട്ട് എന്നിവർക്കും, അവരോട് തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച മറ്റ് വോളണ്ടിയർമാർ, വിവിധ കമ്മിറ്റി അംഗങ്ങൾ, കൈക്കാരന്മാർ, യുവജനങ്ങൾ എന്നിവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.

വാഴ്‌വ് ഒരു സംഗമം മാത്രമല്ല; അത് നമ്മുടെ വേരുകളുടെയും വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും തലമുറകളിലേക്കുള്ള കൈമാറ്റമാണ്. വാഴ്‌വ് തുടരട്ടെ… നമ്മുടെ പൈതൃകം തലമുറകളിലൂടെ പൂത്തുലയട്ടെ!

Jackson Stephen

President, KCYL Kottayam Archeparchy

ക്നാനായ പ്രൗഢി വിളിച്ചോതിയ പൊതുസമ്മേളനം

വാഴ്‌വ് 2026-ന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ക്നാനായ സമൂഹത്തിന്റെ വിശ്വാസവും ഐക്യവും പാരമ്പര്യവും വിളിച്ചോതുന്ന പ്രൗഢഗംഭീരമായ സംഗമമായി മാറി. വിശ്വാസികളെ ആത്മീയ ഉണർവിലാഴ്ത്തിയ പൊന്തിഫിക്കൽ വിശുദ്ധ കുർബാനയ്ക്കുശേഷം ക്നാനായ മിഷനുകളുടെയും മാസ്സ് സെന്ററുകളുടെയും ആഭിമുഖ്യത്തിൽ നടന്ന വർണശബളമായ റാലിയോടെയാണ് പൊതുസമ്മേളനത്തിന് തുടക്കമായത്. തുടർന്ന് നടന്ന പൊതുയോഗത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് ക്നാനായ വിശ്വാസികൾ സാക്ഷികളായി.

വാഴ്‌വ് 2026 ജനറൽ കൺവീനർ ശ്രീ. സാജൻ ഈഴാറത്ത് വിശിഷ്ടാതിഥികൾക്കും സമ്മേളനത്തിൽ പങ്കെടുത്തവർക്കും സ്വാഗതം ആശംസിച്ചു. വാഴ്‌വ് 2026 ചെയർമാൻ ബഹു. ഫാ. സുനി പടിഞ്ഞാറേക്കര അധ്യക്ഷത വഹിച്ചു.

2016-ൽ ആരംഭിച്ച ക്നാനായ മിഷനുകളുടെ പ്രവർത്തനപഥം, കഴിഞ്ഞ വർഷങ്ങളിലെ വളർച്ചയും പുരോഗതിയും, നേരിടുന്ന വെല്ലുവിളികളും ഭാവിയിലെ സാധ്യതകളും അധ്യക്ഷ പ്രസംഗത്തിൽ ഫാ. സുനി പടിഞ്ഞാറേക്കര വിശദമായി പ്രതിപാദിച്ചു. വിശ്വാസത്തിലും പാരമ്പര്യത്തിലും അടിയുറച്ച് മിഷനുകളുടെ വളർച്ചയ്ക്കായി ഓരോരുത്തരും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാഴ്‌വ് 2026-ന്റെ ഔദ്യോഗിക ഉദ്ഘാടനം കോട്ടയം അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് നിർവഹിച്ചു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തി.

അൽമായ പ്രതിനിധിയായി വാഴ്‌വ് 2026-ൽ പങ്കെടുത്ത കോട്ടയം അതിരൂപത KCYL പ്രസിഡന്റ് ശ്രീ. ജാക്സൺ മണപ്പാട്ട്, യുവജനങ്ങൾ സഭയോടും സമുദായത്തോടും ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. യുവതലമുറയുടെ സജീവ പങ്കാളിത്തമാണ് ക്നാനായ സമുദായത്തിന്റെ ഭാവി വളർച്ചയ്ക്ക് കരുത്തേകുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തുടർന്ന് വാഴ്‌വ് 2026-ന്റെ മെഗാ സ്പോൺസറായ ലൈഫ് ലൈൻ പ്രൊട്ടക്ടിന് വേണ്ടി ശ്രീ. കിഷോർ ചേലാമലയും പയസ് അസോസിയേഷനുകൾക്ക് വേണ്ടി മിസ്. മെറിൻ ഡെന്നീസ് ഇടാട്ടുകാലായും ആശംസകൾ നേർന്നു.

വാഴ്‌വ് 2026 പൊതുസമ്മേളനത്തിന് ജോയിന്റ് കൺവീനർ ശ്രീ. ജിൽസ് നന്ദികാട്ട് നന്ദി പ്രകാശനം നടത്തിയതോടെ സമാപനമായി.

വിശ്വാസവും പാരമ്പര്യവും കൂട്ടായ്മയും കാരുണ്യവും ഒരുമിച്ച് ചേർന്ന വാഴ്‌വ് 2026-ന്റെ പൊതുസമ്മേളനം, യുകെയിലെ ക്നാനായ സമൂഹത്തിന്റെ ഐക്യത്തിന്റെയും വളർച്ചയുടെയും ശക്തമായ പ്രഖ്യാപനമായി മാറി.

വാഴ്‌വ് 2026-ന്റെ പൊന്തിഫിക്കൽ ദിവ്യബലി വിശ്വാസികൾക്ക് ആത്മീയ ഉണർവായി

ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻസ് യു.കെ.യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാഴ്‌വ് 2026-ന് ആത്മീയ നിറവേകി പൊന്തിഫിക്കൽ ദിവ്യബലി. അഭി. മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ 15 ക്നാനായ വൈദികർ സഹകാർമികരായി പങ്കുചേർന്നു.

മാർച്ച് 13-ന് കോട്ടയം അതിരൂപതാ ആസ്ഥാനത്ത് അഭി. മാർ മാത്യു മൂലക്കാട്ട് പിതാവ് പകർന്നുനൽകിയ സ്നേഹദീപം വാഴ്‌വ് ജനറൽ കൺവീനർ ശ്രീ. സാജൻ ഇഴാറാത്ത്, ബഹു. ഫാ. സുനി പടിഞ്ഞാറേക്കരയ്ക്ക് കൈമാറി. തുടർന്ന് സ്നേഹദീപം പ്രത്യേകം ഒരുക്കിയ പീഠത്തിൽ പ്രതിഷ്ഠിച്ചു.

വിവിധ ക്നാനായ മിഷനുകളിൽ നിന്നെത്തിയ 75-ലധികം അൾത്താരബാലകരുടെയും പ്രതിനിധികളുടെയും അകമ്പടിയോടെയാണ് അഭി. പിതാവും സഹകാർമികരായ വൈദികരും പ്രദക്ഷിണമായി അൾത്താരയിലേക്ക് പ്രവേശിച്ചത്. വിശ്വാസത്തിന്റെയും ക്നാനായ പൈതൃകത്തിന്റെയും കൂട്ടായ്മയുടെയും മനോഹരമായ പ്രകടനമായി ഈ പ്രവേശനം മാറി.

വിവിധ മിഷനുകളിൽ നിന്നുള്ള വിശ്വാസികൾ കൈയെഴുത്തായി തയ്യാറാക്കിയ പുതിയ നിയമത്തിന്റെ ബൈബിൾ പ്രതികളും വിശുദ്ധരുടെ ചിത്രങ്ങളും പരിശുദ്ധ അൾത്താരയിൽ സമർപ്പിച്ചു. വിശ്വാസവും പൈതൃകവും തലമുറകളിലേക്ക് കൈമാറുന്നതിനുള്ള പ്രതീകാത്മകമായ സമർപ്പണമായി ഇത് മാറി.

വാഴ്‌വിന്റെ ചരിത്രത്തിൽ ആദ്യമായി ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ 50-ലധികം ഗായകർ അണിനിരന്ന ഗായകസംഘം ദിവ്യബലിക്ക് സംഗീതസാന്നിധ്യമേകി. ഭക്തിസാന്ദ്രമായ ഗാനങ്ങളും പ്രാർത്ഥനകളും ദിവ്യബലിയുടെ ആത്മീയ അന്തരീക്ഷത്തിന് കൂടുതൽ മിഴിവേകി.

വിവിധ മിഷനുകളിൽ നിന്നെത്തിയ വിശ്വാസികൾ ഒരുമിച്ച് പങ്കുചേർന്ന പൊന്തിഫിക്കൽ ദിവ്യബലി വാഴ്‌വ് 2026-ന്റെ ആത്മീയ മുഖമായി മാറി. പ്രാർത്ഥനയിലൂടെയും വിശ്വാസത്തിലൂടെയും കൂട്ടായ്മയിലൂടെയും വിശ്വാസികളുടെ ഹൃദയങ്ങളിൽ ആത്മീയ ഉണർവും അനുഗ്രഹവും പകർന്നുകൊണ്ട് ദിവ്യബലി വാഴ്‌വ് 2026-ന്റെ ഓർമകളിലെ ശ്രദ്ധേയമായ അധ്യായമായി.