യുകെ ക്നാനായ കാത്തലിക് മിഷനുകളുടെ വാർഷിക കുടുംബ സംഗമമായ ‘വാഴ്‌വ് 2025’ ആധ്യാത്മികതയുടെ തികവിലും ആഘോഷങ്ങളുടെ ആരവങ്ങൾക്കുമൊപ്പം ഇക്കുറി ജീവകാരുണ്യത്തിൻ്റെ കയ്യൊപ്പ് കൂടി ചാർത്താനൊരുങ്ങുകയാണ്. ഇതാദ്യമായിട്ടാണ് യുകെയിലെ ക്നാനായ കത്തോലിക്കാ സമൂഹം ആഘോഷങ്ങളുടെ ഭാഗമായി നാട്ടിലെ നിരാലംബരായ ക്നാനായ കുടുംബത്തിന് ഭവനമൊരുക്കുന്നത്. ഈ ആവശ്യത്തിനായി വാഴ്‌വിന് ലഭിക്കുന്ന സംഭാവനയിൽ നിന്ന് പത്തു ലക്ഷം രൂപാ കൂടുതലായി കണ്ടെത്തുക എന്നതാണ് വാഴ്‌വ് 2025 ൻ്റെ നാഷണൽ കമ്മറ്റി ലക്ഷ്യം വയ്ക്കുന്നത്. അതിനു വേണ്ടി സുമനസ്സുകളായ കൂടുതൽ ഫാമിലി സ്പോൺസേഴ്‌സിനെ കണ്ടെത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് ഫൈനാൻസ് കമ്മറ്റി ഏറ്റെടുത്തിരിക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ ആളുകൾക്ക് സേവനം ലഭ്യമാകുന്ന തരത്തിൽ വലിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് ഫാ.സുനി പടിഞ്ഞാറെക്കരയുടെ നേതൃത്വത്തിലുള്ള ക്നാനായ കാത്തലിക് മിഷൻ വിഭാവനം ചെയ്യുന്നത്.
തിരുക്കുടുംബത്തിന്റെ തിരുനാൾ ഹോളി ഫാമിലി ക്നാനായ മിഷനിൽ ആചരിച്ചു

സ്കോട്ട്ലാൻഡിലെ ക്നാനായ കത്തോലിക്കരുടെ ആത്മീയകേന്ദ്രമായ ഹോളി ഫാമിലി ക്നാനായ മിഷനിൽ, തിരുക്കുടുംബത്തിന്റെ നാലാമത്തെ തിരുനാൾ ജൂൺ 14, 2025 (ശനിയാഴ്ച) ആഘോഷപൂർവ്വം ആചരിച്ചു.
തിരുനാൾ ദിനത്തിൽ മിഷൻ ഡയറക്ടർ ഫാ. ജോസ് തേക്കുനിൽക്കുന്നതിൽ കൊടി ഉയർത്തി. തുടർന്ന് ലെദിഞ്ഞിനും, ആഘോഷമായ തിരുനാൾ പാട്ടു കുർബാനക്കും ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ മുഖ്യ കർമികത്വം വഹിച്ചു.
തിരുനാൾ സന്ദേശം ഫാ. സുനിൽ കൊച്ചുപുരക്കൽ നൽകി. St Andrew’s & Edinburgh രൂപതയുടെ വികാരി ജനറൽ മോൻസിഞൊർ ജെറെമി മിൽനെ സഹകാർമികനായി എത്തി ആശംസകൾ നേർന്നു. വാദ്യമേളങ്ങൾ, മുത്തുകുടകൾ, ജന പങ്കാളിത്വം എന്നിവ തിരുനാളിന് ആഹ്ലാദപൂർണമായ അന്തരീക്ഷം സൃഷ്ടിച്ചു.
മിഷൻ ഡയറക്ടറും, കൈക്കാരന്മാരും, പ്രസുദേന്തിമാർ, കമ്മിറ്റി അംഗങ്ങളും, ടീച്ചേഴ്സും, മാതാപിതാക്കളും നേതൃത്വം നൽകിയ തിരുനാളിൽ, എല്ലാ കുടുംബങ്ങളുടെയും ഉദാരമായ പങ്കാളിത്തം ഉണ്ടായിരുന്നു. കുട്ടികളും, യുവജനങ്ങളും മുതിർന്നവരും ഒരുക്കിയ കലാ പരിപാടികളും, തുടർന്ന് നടന്ന സ്നേഹ വിരുന്നും തിരുനാളിന് തിളക്കം കൂട്ടി. ഒരുമിച്ച് കൂടുവാനും തിരുക്കുടുംബത്തിരുനാൾ ആഘോഷിച്ചു ദൈവാനുഗ്രഹങ്ങൾ പ്രാപിക്കാനും സ്നേഹം പങ്കു വയ്ക്കാനുമുള്ള അവസരം പുതു തലമുറയ്ക്കും ഏവർക്കും മധുരിക്കും നിമിഷങ്ങളായി.
ക്രൈസ്റ്റ് ദി കിംഗ് ബെർമിങ്ഹാം മിഷനിൽ വാഴ്‌വ് 2025 ടിക്കറ്റ് കിക്ക് ഓഫ് നടത്തി.
വാഴ്‌വ് 2025-ന്റെ ആതിഥേയരായ ബെർമിംഗ്ഹാം ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക് മിഷനിൽ ടിക്കറ്റ് വിതരണത്തിന്റെ ഉൽഘാടനം നടത്തപ്പെട്ടു. 15-06-2025 -ൽ നടത്തപ്പെട്ട വിശുദ്ധ കുർബാനക്കും ഫാദർസ് ഡേ ആഘോഷങ്ങളൊടുബന്ധിച്ചാണ് ടിക്കറ്റ് വിതരണത്തിനു തുടക്കം കുറിച്ചത്. മിഷൻ ഡയറക്ടർ ഫാ. ഷഞ്ചു കൊച്ചുപറമ്പിലിന്റെയും കൈക്കാരൻമാരായ ബെന്നി മാവേലിയുടെയും ജിജോ കോരപ്പള്ളിയുടെയും നേതൃത്വത്തിൽ നടന്ന ചടങ്ങുകളെ ആവേശപൂർവ്വമാണ് ഇടവകാംഗങ്ങൾ സ്വീകരിച്ചത്.

വാഴ്‌വ് 2025- ന്റെ ഗ്രാൻഡ് സ്പോൺസർ ആയി ബെന്നി ആൻഡ് ടെസ്സി മാവേലിൽ, പ്ലാറ്റിനം സ്പോൺസർ ആയി സജി ആൻഡ് സിനി രാമച്ചനാട്ട് എന്നിവർ മുൻപോട്ട് വന്നതിനൊപ്പം ഒട്ടേറെ പേർ ഗോൾഡ് & സിൽവർ സ്പോൺസേഴ്സ് ആയി മുൻപോട്ട് വന്നു. പരമാവധി കുടുംബങ്ങളെ ഒക്ടോബർ 4-നു ബഥേൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന വാഴ്‌വ് 2025 -ൽ പങ്കെടുപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് പാരിഷ് കൗൺസിലിന്റെയും കൈക്കാരൻമാരുടെയും നേതൃത്വത്തിൽ നടക്കുന്നത്. ക്രൈസ്റ്റ് ദി കിങ് മിഷനിലെ അഭിലാഷ് മൈലപ്പറബിൽ വാഴ്‌വ് 2025-ന്റെ ജനറൽ കൺവീനറും സജി രാമച്ചനാട്ട് ജോയിന്റ് കൺവീനറായും പ്രവർത്തിക്കുന്നു.