തെക്കൻ ടൈംസിന്റെ വാർഷിക പതിപ്പനോട് അനുബന്ധിച്ച് ക്നാനായ കാത്തലിക് മിഷൻ യു കെയുടെ കോര്‍ഡിനേറ്ററും തെക്കൻ ടൈംസ് മാനേജിംഗ് ഡയറക്ടർ മായ ബഹുമാനപ്പെട്ട പടിഞ്ഞാറെക്കര സുനി അച്ചൻ നൽകിയ പ്രത്യേക അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.
കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി യുകെയിൽ ക്നാനായ കാത്തലിക് മിഷൻസ്റ്റ കോര്ഡിനേറ്റർ ആയി സേവനമനുഷ്ഠിക്കുമ്പോൾ കഴിഞ്ഞ വർഷങ്ങളിലെ സേവനത്തെ എങ്ങനെ വിലയിരുത്തുന്നു?
ദൈവാനുഗ്രഹത്തിന്റെ വർഷമായിരുന്നുവെന്ന് പറയുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ബാലാരിഷ്ടതകളിലും പ്രതിസന്ധികളിലുമെല്ലാം ദൈവം കൈപിടിച്ച് നടത്തുന്നു. നമുക്ക് സ്വന്തമായി ഒരു ദേവാലയവും സൗകര്യങ്ങളും ലഭിച്ചതുതന്നെ വലിയ ദൈവാനുഗ്രഹമായി കാണുന്നു. മിഷനായി വളരുന്ന പല മാസ്സ് സെന്ററുകളും, തെക്കൻ ടൈംസ് ബുള്ളറ്റിനും,
അനുഗ്രഹപ്രദമായ വാഴ്‌വും, ബൈബിൾ എഴുത്തും, അഭിഷേക നിറവിലെ ധ്യാനങ്ങളും, രണ്ടുപേർക്ക് വീട് നൽകൽ പദ്ധതിയുമെല്ലാം ദൈവാനുഗ്രഹത്തിന്റെയും കൂട്ടായ്മയുടെയും ഫലമായി ഞാൻ കാണുന്നു. ഇനിയും ഒരുപാട് വളരാനുണ്ടെന്നറിയാം അതിന് എല്ലാവരും ഒന്നിച്ചുനിന്ന് പ്രാർത്ഥിക്കണം, പ്രവർത്തിക്കണം.

ഇന്ത്യയിലും അമേരിക്കയിലും ഇപ്പോൾ യുകെയിലും സേവനമനുഷ്ഠിച്ചപ്പോൾ കുടിയേറ്റ ജനതയായ സമുദായത്തിന്റെ വിവിധ രാജ്യങ്ങളിലെ പ്രവർത്തനങ്ങളെ എങ്ങനെ താരതമ്യം ചെയ്യാം? പ്രത്യേകിച്ച് അമേരിക്കൻ മിഷനും യുകെ മിഷനും ?
ഓരോ സ്ഥലങ്ങളിലും അതിൻ്റേതായ സാഹചര്യങ്ങളാണ്. ഇന്ത്യയിൽ വളർച്ചയെത്തിയ ഒരു ആരാധന സമൂഹത്തെ ശുശ്രൂഷിക്കുന്നത് പോലെയല്ല അമേരിക്കയിൽ വളർച്ചയിലേക്ക് നടന്നടുക്കുന്ന ആരാധന സമൂഹത്തെ ശുശ്രൂഷിക്കുക. UK -യിൽ വളർച്ചയുടെ ആരംഭത്തിലൂടെ കടന്നുപോകുന്ന ഒരു സമൂഹമാണ് , അതിന്റേതായ വെല്ലുവിളികൾ ഉണ്ട്. അമേരിക്കയിലെ എന്റെ അനുഭവം വച്ച്, ഇവിടെ ക്നാനായ മിഷനുകൾ വളരണമെങ്കിൽ എല്ലാവരും അംഗങ്ങളാവുകയും ദേവാലയവും മറ്റു സൗകര്യങ്ങളും സ്വന്തമായി ലഭിക്കുകയും ചെയ്യണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇത്തരം സൗകര്യങ്ങൾ സ്വന്തമായി ലഭിക്കുമ്പോൾ എല്ലാവർക്കും – പ്രത്യേകിച്ച് കുട്ടികൾക്കും യുവജനങ്ങൾക്കും – ആത്മീയവും സാമൂഹികവുമായ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ സാധിക്കും. ഇതിലൂടെ ഇവർ പള്ളിയോട് കൂടുതൽ അടുക്കുകയും ബന്ധങ്ങൾ ഉണ്ടാവുകയും, അതുവഴി ക്നാനായ വിവാഹബന്ധങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു
അഗതികൾക്ക് ഭവന നിർമ്മാണ പദ്ധതി അങ്ങയുടെ പ്രവർത്തന മേഖലയിലെ എടുത്തുപറയത്തക്ക നേട്ടങ്ങളിൽ ഒന്നാണ്. ഈയൊരു പ്രോജക്ട് ഏറ്റെടുക്കാൻ ഉണ്ടായ മൂല കാരണം എന്തായിരുന്നു?
വളരെ നല്ല ചോദ്യം. ഒരു സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. ചെറിയ ഒരു വീടായിരുന്നു ഞങ്ങളുടേത്. അതിനാൽതന്നെ വീടില്ലാത്തവരുടെ വേദന ശരിക്കും അറിയുന്നതുകൊണ്ട്, അങ്ങനെയുള്ളവരെ എന്നാൽ ആവുംവിധം സഹായിക്കണമെന്ന് ഒരാഗ്രഹമുണ്ടായിരുന്നു. എല്ലാ മനുഷ്യരുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്. അത് ലഭിച്ചുകഴിഞ്ഞാൽ അവർക്ക് മറ്റു കാര്യങ്ങൾ അവരുടെ അധ്വാനം കൊണ്ട് ചെയ്യുവാൻ സാധിക്കും അതുകൊണ്ട് കൂടിയാണ് ഞാൻ വീട് നിർമ്മാണ പദ്ധതിക്ക് കൂടുതൽ പ്രാധാന്യം.
നൽകുക. ദൈവാനുഗ്രഹത്താൽ 75-ൽ പരം വീടുകൾ ഇതിനോടകം നിർമ്മിക്കാനും, ഏതാനും വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുവാനും സാധിച്ചു. അതുപോലെ തന്നെ ഏതാനും വീടുകളുടെ നിർമ്മാണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു ഇതിൽ നാമമാത്രവീടുകൾ മാത്രമെ ഞാൻ തനിയെ ചെയ്തിട്ടുള്ളൂ, ബാക്കിയെല്ലാം എൻ്റെ ഇടപെടൽ മൂലം മറ്റുള്ളവരാണ് ചെയ്തത്. ഞാൻ ഒരു നിമിത്തവും കർത്താവിൻറെ ഉപകരണവുമായിയെന്ന് മാത്രം.
യുകെയിലെ ക്നാനായ മിഷനുകളിൽ പ്രതിസന്ധികൾ ഉണ്ടെന്ന് ഒരുകൂട്ടർ വാദിക്കുമ്പോൾ ആ വാദത്തെ അങ്ങ് എങ്ങനെ നോക്കിക്കാണുന്നു?
തീർച്ചയായും തുടക്കം എന്ന നിലയിൽ പ്രതിസന്ധിയുണ്ട് സ്വന്തമായി എല്ലാ മിഷനുകൾക്കും ദൈവാലയങ്ങളില്ല. ഫോം ഒപ്പിട്ടാൽ മാതൃ ഇടവകാംഗത്വം പോകും, നമ്മുടെ അക്കൗണ്ട് അല്ല, വ്യാജ ക്നാനായ പള്ളിയാണിത്, തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളിൽപെട്ട് മിഷനുകളിൽ സഹകരിക്കാത്തവരുണ്ട്. പല കാരണങ്ങളാൽ കുഞ്ഞുങ്ങളെ വേദപാഠം നല്ല രീതിയിൽ പഠിപ്പിക്കാനുമുള്ള പരിമിതികളുണ്ട് .
സഭയുടെ ഇപ്പോഴത്തെ സംവിധാനമാണ് ക്നാനായക്കാർക്ക് മാത്രമായി യുകെയിൽ ക്നാനായ മിഷനുകൾ. ഇവിടെ ക്നാനായക്കാർ മാത്രമാണ് അംഗങ്ങൾ, ഇതിലൂടെ മാതൃ ഇടവകയുമായിട്ടുള്ള പൊക്കിൾകൊടി ബന്ധം ഉണ്ടാകുന്നു. ക്നാനായ മിഷനുകൾ രജിസ്റ്റർ ചെയ്താൽ അവർ സ്വാഭാവികമായും ക്നാനായക്കാർ തന്നെയാണ്. വരും തലമുറയിൽപെട്ടവരെ ക്നാനായക്കാരനാണെന്ന് ഡോക്യുമെന്റ് അടിസ്ഥാനത്തിൽ തെളിയിക്കാനും ഇതുവഴി സാധിക്കുന്നു. അതിനാൽ അടിസ്ഥാനരഹിതമായ പ്രചരണങ്ങളിൽപെട്ട്, പ്രതിസന്ധികൾ സൃഷ്ടിച്ച്, നമ്മുടെ വളർച്ചയെ മുരടിപ്പിക്കരുത്. ദൈവാനുഗ്രഹത്താലും പ്രാർത്ഥനയാലും യോജിച്ചുള്ള പ്രവർത്തനങ്ങളാലും ഈ പ്രതിസന്ധികളെയെല്ലാം മറികടക്കാനാവും എന്നാണ് എൻ്റെ വിശ്വാസം.
തെക്കൻ ടൈംസ് ഒരു വർഷം പൂർത്തിയാവുകയാണല്ലോ. മിഷനുകൾ നിർജീവമാണെന്ന് വാദിച്ചവർക്കുള്ള മറുപടിയാണ് മിഷൻ പ്രവർത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്ന മാധ്യമം എന്ന നിലയിൽ അങ്ങയുടെ അഭിപ്രായമെന്താണ്?
തെക്കൻ ടൈംസ് ഒരു വർഷം പിന്നിടുമ്പോൾ അഭിമാനപൂർവ്വമാണ് ഈ നേട്ടത്തെ കാണുന്നത്. ഇതിൽ പ്രവർത്തിക്കുന്ന ധാരാളം ആളുകളുടെ അധ്വാനം മൂലം ഒരിക്കൽപോലും മുടങ്ങാതെ എല്ലാ മാസവും രണ്ട് പ്രാവശ്യം തെക്കൻ ടൈംസ് ഇറങ്ങുന്നു. വിവിധ മിഷനുകളുടേയും മിഷൻസിന്റെ ആത്മീയവും സാമൂഹികവുമായ പൊതു പരിപാടികളേയും ജനഹൃദയങ്ങളിൽ എത്തിക്കുവാൻ ഈ ബുള്ളറ്റിന് സാധിക്കുന്നു മിഷനുകളെ ഏകീഭവിപ്പിക്കുന്ന ഒരു ചാനലായി ഇത് മാറുന്നു. മിഷനുകളെ അറിയുവാനും അറിഞ്ഞ് സ്നേഹിക്കുവാനും ഇത് സഹായിക്കുന്നു. ഇതിന്റെ സജീവ പ്രവർത്തകർ തങ്ങളുടെ സമയവും കഴിവും അധ്വാനവും ഇതിനായി ചെലവഴിക്കുന്നു അവരെ ഈ അവസരത്തിൽ ഞാൻ പ്രത്യേകം അനുമോദിക്കുന്നു.
മിഷൻ ഫോം ഫിൽ ചെയ്താൽ മാതൃ ഇടവക അംഗത്വം നഷ്ടപ്പെടും എന്നുള്ള ആരോപണത്തെ കുറിച്ചുള്ള സഭാപരമായ നിലപാട് എന്താണ്?
ഈ ആരോപണം അടിസ്ഥാനരഹിതമാണ്. ഒരാളുടെ പോലും അംഗത്വം നഷ്ടപ്പെടുകയോ അതിൻറെ പേരിൽ ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്തിട്ടില്ല. അത് മാത്രമല്ല 11-09- 2021-ൽ സംഘടനയും മിഷനും ചർച്ചയിലൂടെ സംയുക്തമായി അംഗീകരിച്ചിറക്കിയ FN-013A ഫോമാണ് നാമിപ്പോൾ ഉപയോഗിക്കുന്നത്.
കൂടാതെ നമ്മുടെ അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് 302/2023- നമ്പർ സർക്കുലറിലൂടെ അംഗത്വം നഷ്ടമാകില്ലെന്ന് ഉറപ്പുതരുകയും, ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് 7/2025 – നമ്പർ സർക്കുലറിലൂടെ അത് എടുത്ത് പറയുകയും ചെയ്തു. ഈ രൂപതകളുടെ നിലപാട്, സർക്കുലറിലൂടെ Particular Law ആവുകയും ആ സ്ഥിതി നിലനിൽക്കുകയും ചെയ്യുന്നു. ഇതിൽപരം ഒരു ഉറപ്പ് രൂപതകൾക്ക് നൽകാനില്ല. അതിനാൽ, തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളിലും ആരോപണങ്ങളിലും അടിപ്പെട്ട് തങ്ങളുടെയും കുഞ്ഞുങ്ങളുടെയും വരും തലമുറയുടെയും ആത്മീയവും സഭാപരവുമായ വളർച്ചയെ മുരടിപ്പിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്.
2026 ക്നാനായ കാത്തലിക് മിഷൻ നാഷണൽ ലെവൽ പരിപാടികൾ എന്തൊക്കെയാണ്?
2026-ൽ ഒത്തിരിയേറെ നാഷണൽ പരിപാടികൾക്ക് പദ്ധതിയിടുന്നു. പുറത്തു നമസ്കാരം, legion of Mary gathering, Pious associations gathering, Knanaya fest, വാഴ്‌വ് 2026 , Rejoice 2026 (കുട്ടികൾക്ക് ധ്യാനം), ഡാനിയേൽ അച്ചൻറെ റെസിഡൻഷ്യൽ ധ്യാനം, post marriage course, pre marriage course, മറ്റു പരിപാടികൾ എന്നിവയാണ് 2026-ൽ ക്നാനായ കാത്തലിക്ക് മിഷൻ നാഷണൽ ലെവൽ പരിപാടികൾ.
കുട്ടികൾക്കും യുവജനങ്ങൾക്കും സീറോ മലബാർ ആരാധന ക്രമത്തിലുള്ള മലയാളത്തിലുള്ള വിശുദ്ധ കുർബാന ഭാവിയിൽ സ്വീകാര്യമാകുമെന്ന് കരുതുന്നുണ്ടോ?
കുട്ടികൾക്കും യുവജനങ്ങൾക്കും മലയാളം ഭാഷയിലുള്ള സീറോ മലബാർ കുർബാന സ്വീകാര്യമാകുമോ എന്നതിൽ അൽപം സംശയമുണ്ട്. എന്നാൽ എൻ്റെ അനുഭവംവച്ച്, സീറോ മലബാർ കുർബാന ഇംഗ്ലീഷിൽ ചൊല്ലുന്നത് അവർക്ക് സ്വീകാര്യമാണ്. അമേരിക്കയിൽ വർഷങ്ങളായി ഇത് ഉപയോഗിക്കുന്നു. അവിടെ ജനിച്ചുവളർന്ന അനേകം യുവ വൈദികർ ദൈവവിളി സ്വീകരിച്ചത് നമ്മുടെ സീറോ മലബാർ കുർബാനയുടെ theological richness and liturgical solemnity-യിൽ ആകർഷകരായിട്ടാണ്. നമ്മുടെ കുട്ടികൾക്കും യുവജനങ്ങൾക്കുമായി ഇംഗ്ലീഷ് സീറോ മലബാർ കർബ്ബാന ഭാവിയിൽ എല്ലാ മിഷനുകളിലും നമുക്കും തുടങ്ങണം.
നമ്മുടെ മിഷനുകൾ കൂടുതൽ വളരുവാൻ എന്തെല്ലാം ചെയ്യണമെന്നാണ് അങ്ങയുടെ അഭിപ്രായം?
- ദൈവാശ്രയത്തിലും വിശ്വാസത്തിലും വ്യക്തികളും കുടുംബങ്ങളും വളരണം,
- ഭിന്നത വെടിഞ്ഞ് സഭയോടും വൈദികരോടും ചേർന്ന് പ്രവർത്തിക്കണം
- സ്വവംശ വിവാഹനിഷ്ഠ പാലിക്കാൻ യുവാക്കൾ തയ്യാറാകണം
- ആത്മീയ വളർച്ചയും സാമുദായ വളർച്ചയും പ്രാപിക്കുവാൻ നമ്മുടെ ക്നാനായ മിഷനുകളിൽ അംഗങ്ങളാവുകയും വേദപാഠത്തിലും ആത്മീയ കാര്യങ്ങളിലും സജീവമായി പങ്കെടുക്കുകയും വേണം
- തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളിൽ പെട്ടുപോകാതെ സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളും വിശദീകരണങ്ങളും ആരായുകയും അറിയുകയും ചെയ്യണം.
സ്വന്തം കുഞ്ഞുങ്ങളുടെ ആത്മീയ വളർച്ചയിൽ ഓരോ മാതാപിതാക്കൾക്കും ഉത്തരവാദിത്വമുണ്ട്. വരും തലമുറയെ ക്നാനായക്കാരായി സഭയോടും സമുദായത്തോടും ചേർത്തു വളർത്തണം അങ്ങനെ വരുമ്പോൾ ഈ മിഷനുകൾ വളരും.



