Christmas Newsletter St.Anthony’s Knanaya Catholic Proposed Mission Wales

Christmas Newsletter St.Anthony’s Knanaya Catholic Propossed Mission Wales

Christmas Newsletter St.Anthony’s Knanaya Catholic Proposed Mission Wales

ലണ്ടണ്‍ മിഷനില്‍ ക്രിസ്മസ് രാവ് 2025 നടത്തപ്പെട്ടു.

ലണ്ടണ്‍: സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് രാവ് സംഘടിപ്പിച്ചു. ഡിസംബര്‍ 14 ന് എലംപാര്‍ക്കിലുള്ള സെന്റ് ആല്‍ബന്‍സ് ദൈവാലയത്തില്‍ വച്ച് വി. കുര്‍ബാനയെ തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 3.30 മുതലാണ് ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. ആഘോഷങ്ങളോടനുബന്ധിച്ച് കാറ്റിക്കിസം സ്റ്റുഡന്റ്‌സ്, കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള വിവിധ പ്രോഗ്രാമുകള്‍ എന്നിവ നടത്തപ്പെട്ടു. കൈക്കാരന്മാര്‍, ഹെഡ് ടീച്ചര്‍ മേബിള്‍ അനു, വേദപാഠ അദ്ധ്യാപകര്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, കുടുംബ കൂട്ടായ്മ ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മംഗളവാര്‍ത്താക്കാലം: ദൈവിക സന്ദേശത്തിന്റെ നാളുകള്‍

ഡിസംബർ മാസത്തിൽ ക്രിസ്മസ് വൈബും പാർട്ടികളും സമ്മാനങ്ങളുമൊക്കെയായി നമ്മൾ തിരക്കിലാകുകയാണ്. എന്നാൽ ഈ ആഘോഷങ്ങൾക്ക് തൊട്ടുമുൻപ്, ആത്മീയമായും ആഴത്തിലും ചിന്തിക്കേണ്ട ഒരു സമയമാണ് മംഗളവാർത്താക്കാലം (Advent Season).

നമ്മുടെയെല്ലാം ഫോണുകളിൽ വാട്സ്ആപ്പും ഇൻസ്റ്റാഗ്രാമുമൊക്കെയായി മെസ്സേജുകൾ നിറയുന്ന കാലമാണിത്. മംഗളവാർത്താക്കാലം എന്നത്, ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ‘മെസ്സേജ്’ കൈമാറിയതിൻ്റെ ഓർമ്മപ്പെടുത്തലാണ്. ആ മെസ്സേജ് അയച്ചത് സ്വർഗ്ഗത്തിൽ നിന്ന് ദൈവമാണെങ്കിൽ, അത് എത്തിച്ചത് ഗബ്രിയേൽ മാലാഖയും സ്വീകരിച്ചത് മറിയം എന്ന യുവതിയുമാണ്.

ഗബ്രിയേൽ മാലാഖ മറിയത്തിന്റെ അടുത്തേക്ക് ഒരു ‘notification’ പോലെ അവിചാരിതമായി കൊണ്ടുവന്ന ഒരു ദൗത്യം. ലോകരക്ഷകനായ ക്രിസ്തുവിനെ ഗർഭം ധരിക്കുക. ഇതൊരു സാധാരണ chat message അല്ലായിരുന്നു. മറിച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു ‘Call to Action’ ആയിരുന്നു.

മറിയത്തിന് വേണമെങ്കിൽ ആ മെസ്സേജ് ‘ ignore’ ചെയ്യാം, അല്ലെങ്കിൽ ‘block’ ചെയ്യാം. ‘ഇതെന്നെക്കൊണ്ട് പറ്റില്ല, ഞാൻ ചെറിയ പെൺകുട്ടിയാണ്’ എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറാം. എന്നാൽ അവൾ എടുത്ത ആ തീരുമാനമാണ് ഈ കാലഘട്ടത്തിൻ്റെ കാതൽ.

2011 ൽ മലയാളത്തിൽ റിലീസ് ചെയ്ത ‘Traffic’ എന്ന സിനിമയിൽ ജോസ് പ്രകാശ് അവതരിപ്പിച്ച കഥാപാത്രം, അനൂപ് മേനോന്റെ കഥാപാത്രത്തോട് പറയുന്ന മനോഹരമായ ഒരു dialogue ഇപ്രകാരമാണ്: നിങ്ങൾ ‘NO’ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല. എന്നാൽ, നിങ്ങൾ ഒരൊറ്റ ‘YES’ പറഞ്ഞാൽ ചിലപ്പോൾ അത് ചരിത്രമാകും, വരാനിരിക്കുന്ന ഒരുപാട് പേർക്ക് ‘YES’ പറയാൻ ധൈര്യം പകരുന്ന ചരിത്രം.

അപ്രകാരമുള്ള ഒരു വലിയ’YES’ ആയിരുന്നു മറിയത്തിന്റെത്. ആ വലിയ ‘YES’ (ഇതാ കർത്താവിൻ്റെ ദാസി, നിന്റെ ഇഷ്ടം പോലെ ഭവിക്കട്ടെ) എന്ന മറിയത്തിൻ്റെ മറുപടി, ദൈവത്തിൻ്റെ രക്ഷാകര പദ്ധതിയിലേക്കുള്ള ഒരു ‘Send’ ബട്ടൺ അമർത്തലായിരുന്നു. ലോകചരിത്രത്തെ രണ്ടായി മുറിച്ച ‘YES’. പിന്നീട് ചരിത്രത്തിൽ ജീവിച്ച/ ജീവിക്കുന്ന ഒരുപാട് വ്യക്തികൾക്ക് അവരുടെ ജീവിതത്തിലെ വെല്ലുവിളികളിലും അവർ ഏറ്റെടുത്ത ദൗത്യങ്ങളിലും തീരുമാനങ്ങൾ എടുക്കാൻ ധൈര്യം നൽകിയ ‘YES’.

നമ്മുടെയൊക്കെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ, നമ്മളെല്ലാവരും തിരക്കിലാണ്. പഠനത്തിരക്കിൽ, കരിയർ ഓട്ടത്തിനിടയിൽ, ജോലിത്തിരക്കിൽ, കുടുംബ ജീവിതത്തെ ഒന്ന് കെട്ടിപ്പടുക്കുന്നതിൽ. അതിനിടയിൽ കുറച്ചു നേരമെങ്കിലും ദൈവത്തിൻ്റെ ‘message’ കേൾക്കാൻ, അവിടുത്തോട് ‘YES’ നമുക്ക് സമയം കിട്ടാറുണ്ടോ?

ദൈവം നമ്മളോട് സംസാരിക്കുന്നത് ചിലപ്പോൾ കൂട്ടുകാരിലൂടെയാകാം, മാതാപിതാക്കളുടെ വാക്കുകളിലൂടെയാകാം, സഹപ്രവർത്തകരിലൂടെയാകാം അല്ലെങ്കിൽ നമ്മൾ ഒറ്റയ്ക്കിരിക്കുമ്പോൾ മനസ്സിലുണ്ടാകുന്ന ഒരുൾവിളിയിലൂടെയാകാം. മറിയം ധൈര്യത്തോടെ ‘YES’ പറഞ്ഞതുപോലെ, നമ്മുടെ ജീവിതത്തിലെ വെല്ലുവിളികളോടും ദൗത്യങ്ങളോടും ‘YES’ പറയാൻ നമുക്കും സാധിക്കണം.

ഈ മംഗളവാർത്താക്കാലം വെറും ലൈറ്റുകളിടാനും പുൽക്കൂട് ഉണ്ടാക്കുവാനുമുള്ള സമയം മാത്രമായി മാറരുത്. നമ്മുടെ ഹൃദയമാകുന്ന ‘inbox’ ക്ലിയർ ചെയ്ത്, ദൈവത്തിൻ്റെ ശബ്ദം കേൾക്കാൻ കാതോർത്തിരിക്കാനുള്ള സമയമാണ്. നമ്മുടെ ജീവിതം New Updates നായി (പുതിയ തീരുമാനങ്ങൾക്കായി) തയ്യാറെടുക്കാം.

മറിയത്തെപ്പോലെ, ധൈര്യത്തോടെ ദൈവഹിതത്തിന് ‘YES’ പറയാൻ നമുക്ക് സാധിക്കട്ടെ.

ഉണ്ണിയീശോയുടെ പിറവിക്കായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന എല്ലാവർക്കും സന്തോഷം നിറഞ്ഞ ഈ മംഗളവാർത്താക്കാ ലത്തിന്റെ പ്രാർത്ഥനാശംസകൾ നേരുന്നു.

Rejoice രജിസ്ട്രേഷൻ പുരോഗമിക്കുന്നു

UK യിലെ 15 ക്നാനായ മിഷനുകളിൽ നിന്നുമുള്ള 9 മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി നടത്തുന്ന rejoice നുള്ള രജിസ്ട്രേഷൻ തുടരുന്നു. സോഷ്യൽ മീഡിയ യുടെ ഈ യുഗത്തിൽ നമ്മുടെ കുട്ടികൾക്ക് ഒരുമിച്ച് കൂടി ആൽമീയമായും സഭാപരമായും ചിന്തിക്കുവാനും അവരുടെ സമപ്രായക്കാരായ കുട്ടികളോടൊപ്പം ഒരുമിച്ച് ചേരുവാനും നമ്മുടെ പാരമ്പര്യവും തനിമയും മനസ്സിലാക്കുന്നതിനുള്ള ഒരു അവസരമാണിത്. ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്താൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. Yarnfield Park ലാണ് Rejoice സംഘടിപ്പിക്കുന്നത്. Mili Rengi യുടെ നേതൃത്വത്തിൽ knafire youth team ആണ് നേതൃത്വം നൽകുന്നത്. വളരെ കുറച്ച് സീറ്റുകൾ ഉള്ളതിനാൽ എത്രയും വേഗം പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്

ദീർഘവീക്ഷണം + കഠിനാധ്വാനം = തെക്കൻ ടൈംസ്

ഭിന്നത വെടിയുക ; സഭാ സമുദായ സ്നേഹത്തിൽ വളരുക. ഫാ. സുനി പടിഞ്ഞാറെക്കര

തെക്കൻ ടൈംസിന്റെ വാർഷിക പതിപ്പനോട് അനുബന്ധിച്ച് ക്നാനായ കാത്തലിക് മിഷൻ യു കെയുടെ കോര്‍ഡിനേറ്ററും തെക്കൻ ടൈംസ് മാനേജിംഗ് ഡയറക്ടർ മായ ബഹുമാനപ്പെട്ട പടിഞ്ഞാറെക്കര സുനി അച്ചൻ നൽകിയ പ്രത്യേക അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

ദൈവാനുഗ്രഹത്തിന്റെ വർഷമായിരുന്നുവെന്ന് പറയുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ബാലാരിഷ്ടതകളിലും പ്രതിസന്ധികളിലുമെല്ലാം ദൈവം കൈപിടിച്ച് നടത്തുന്നു. നമുക്ക് സ്വന്തമായി ഒരു ദേവാലയവും സൗകര്യങ്ങളും ലഭിച്ചതുതന്നെ വലിയ ദൈവാനുഗ്രഹമായി കാണുന്നു. മിഷനായി വളരുന്ന പല മാസ്സ് സെന്ററുകളും, തെക്കൻ ടൈംസ് ബുള്ളറ്റിനും,

അനുഗ്രഹപ്രദമായ വാഴ്‌വും, ബൈബിൾ എഴുത്തും, അഭിഷേക നിറവിലെ ധ്യാനങ്ങളും, രണ്ടുപേർക്ക് വീട് നൽകൽ പദ്ധതിയുമെല്ലാം ദൈവാനുഗ്രഹത്തിന്റെയും കൂട്ടായ്മയുടെയും ഫലമായി ഞാൻ കാണുന്നു. ഇനിയും ഒരുപാട് വളരാനുണ്ടെന്നറിയാം അതിന് എല്ലാവരും ഒന്നിച്ചുനിന്ന് പ്രാർത്ഥിക്കണം, പ്രവർത്തിക്കണം.

ഓരോ സ്ഥലങ്ങളിലും അതിൻ്റേതായ സാഹചര്യങ്ങളാണ്. ഇന്ത്യയിൽ വളർച്ചയെത്തിയ ഒരു ആരാധന സമൂഹത്തെ ശുശ്രൂഷിക്കുന്നത് പോലെയല്ല അമേരിക്കയിൽ വളർച്ചയിലേക്ക് നടന്നടുക്കുന്ന ആരാധന സമൂഹത്തെ ശുശ്രൂഷിക്കുക. UK -യിൽ വളർച്ചയുടെ ആരംഭത്തിലൂടെ കടന്നുപോകുന്ന ഒരു സമൂഹമാണ് , അതിന്റേതായ വെല്ലുവിളികൾ ഉണ്ട്. അമേരിക്കയിലെ എന്റെ അനുഭവം വച്ച്, ഇവിടെ ക്നാനായ മിഷനുകൾ വളരണമെങ്കിൽ എല്ലാവരും അംഗങ്ങളാവുകയും ദേവാലയവും മറ്റു സൗകര്യങ്ങളും സ്വന്തമായി ലഭിക്കുകയും ചെയ്യണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇത്തരം സൗകര്യങ്ങൾ സ്വന്തമായി ലഭിക്കുമ്പോൾ എല്ലാവർക്കും – പ്രത്യേകിച്ച് കുട്ടികൾക്കും യുവജനങ്ങൾക്കും – ആത്മീയവും സാമൂഹികവുമായ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ സാധിക്കും. ഇതിലൂടെ ഇവർ പള്ളിയോട് കൂടുതൽ അടുക്കുകയും ബന്ധങ്ങൾ ഉണ്ടാവുകയും, അതുവഴി ക്നാനായ വിവാഹബന്ധങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു

വളരെ നല്ല ചോദ്യം. ഒരു സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. ചെറിയ ഒരു വീടായിരുന്നു ഞങ്ങളുടേത്. അതിനാൽതന്നെ വീടില്ലാത്തവരുടെ വേദന ശരിക്കും അറിയുന്നതുകൊണ്ട്, അങ്ങനെയുള്ളവരെ എന്നാൽ ആവുംവിധം സഹായിക്കണമെന്ന് ഒരാഗ്രഹമുണ്ടായിരുന്നു. എല്ലാ മനുഷ്യരുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്. അത് ലഭിച്ചുകഴിഞ്ഞാൽ അവർക്ക് മറ്റു കാര്യങ്ങൾ അവരുടെ അധ്വാനം കൊണ്ട് ചെയ്യുവാൻ സാധിക്കും അതുകൊണ്ട് കൂടിയാണ് ഞാൻ വീട് നിർമ്മാണ പദ്ധതിക്ക് കൂടുതൽ പ്രാധാന്യം.

നൽകുക. ദൈവാനുഗ്രഹത്താൽ 75-ൽ പരം വീടുകൾ ഇതിനോടകം നിർമ്മിക്കാനും, ഏതാനും വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുവാനും സാധിച്ചു. അതുപോലെ തന്നെ ഏതാനും വീടുകളുടെ നിർമ്മാണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു ഇതിൽ നാമമാത്രവീടുകൾ മാത്രമെ ഞാൻ തനിയെ ചെയ്തിട്ടുള്ളൂ, ബാക്കിയെല്ലാം എൻ്റെ ഇടപെടൽ മൂലം മറ്റുള്ളവരാണ് ചെയ്തത്. ഞാൻ ഒരു നിമിത്തവും കർത്താവിൻറെ ഉപകരണവുമായിയെന്ന് മാത്രം.

തീർച്ചയായും തുടക്കം എന്ന നിലയിൽ പ്രതിസന്ധിയുണ്ട് സ്വന്തമായി എല്ലാ മിഷനുകൾക്കും ദൈവാലയങ്ങളില്ല. ഫോം ഒപ്പിട്ടാൽ മാതൃ ഇടവകാംഗത്വം പോകും, നമ്മുടെ അക്കൗണ്ട് അല്ല, വ്യാജ ക്നാനായ പള്ളിയാണിത്, തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളിൽപെട്ട് മിഷനുകളിൽ സഹകരിക്കാത്തവരുണ്ട്. പല കാരണങ്ങളാൽ കുഞ്ഞുങ്ങളെ വേദപാഠം നല്ല രീതിയിൽ പഠിപ്പിക്കാനുമുള്ള പരിമിതികളുണ്ട് .

സഭയുടെ ഇപ്പോഴത്തെ സംവിധാനമാണ് ക്നാനായക്കാർക്ക് മാത്രമായി യുകെയിൽ ക്നാനായ മിഷനുകൾ. ഇവിടെ ക്നാനായക്കാർ മാത്രമാണ് അംഗങ്ങൾ, ഇതിലൂടെ മാതൃ ഇടവകയുമായിട്ടുള്ള പൊക്കിൾകൊടി ബന്ധം ഉണ്ടാകുന്നു. ക്നാനായ മിഷനുകൾ രജിസ്റ്റർ ചെയ്താൽ അവർ സ്വാഭാവികമായും ക്നാനായക്കാർ തന്നെയാണ്. വരും തലമുറയിൽപെട്ടവരെ ക്നാനായക്കാരനാണെന്ന് ഡോക്യുമെന്റ് അടിസ്ഥാനത്തിൽ തെളിയിക്കാനും ഇതുവഴി സാധിക്കുന്നു. അതിനാൽ അടിസ്ഥാനരഹിതമായ പ്രചരണങ്ങളിൽപെട്ട്, പ്രതിസന്ധികൾ സൃഷ്ടിച്ച്, നമ്മുടെ വളർച്ചയെ മുരടിപ്പിക്കരുത്. ദൈവാനുഗ്രഹത്താലും പ്രാർത്ഥനയാലും യോജിച്ചുള്ള പ്രവർത്തനങ്ങളാലും ഈ പ്രതിസന്ധികളെയെല്ലാം മറികടക്കാനാവും എന്നാണ് എൻ്റെ വിശ്വാസം.

തെക്കൻ ടൈംസ് ഒരു വർഷം പിന്നിടുമ്പോൾ അഭിമാനപൂർവ്വമാണ് ഈ നേട്ടത്തെ കാണുന്നത്. ഇതിൽ പ്രവർത്തിക്കുന്ന ധാരാളം ആളുകളുടെ അധ്വാനം മൂലം ഒരിക്കൽപോലും മുടങ്ങാതെ എല്ലാ മാസവും രണ്ട് പ്രാവശ്യം തെക്കൻ ടൈംസ് ഇറങ്ങുന്നു. വിവിധ മിഷനുകളുടേയും മിഷൻസിന്റെ ആത്മീയവും സാമൂഹികവുമായ പൊതു പരിപാടികളേയും ജനഹൃദയങ്ങളിൽ എത്തിക്കുവാൻ ഈ ബുള്ളറ്റിന് സാധിക്കുന്നു മിഷനുകളെ ഏകീഭവിപ്പിക്കുന്ന ഒരു ചാനലായി ഇത് മാറുന്നു. മിഷനുകളെ അറിയുവാനും അറിഞ്ഞ് സ്നേഹിക്കുവാനും ഇത് സഹായിക്കുന്നു. ഇതിന്റെ സജീവ പ്രവർത്തകർ തങ്ങളുടെ സമയവും കഴിവും അധ്വാനവും ഇതിനായി ചെലവഴിക്കുന്നു അവരെ ഈ അവസരത്തിൽ ഞാൻ പ്രത്യേകം അനുമോദിക്കുന്നു.

ഈ ആരോപണം അടിസ്ഥാനരഹിതമാണ്. ഒരാളുടെ പോലും അംഗത്വം നഷ്ടപ്പെടുകയോ അതിൻറെ പേരിൽ ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്തിട്ടില്ല. അത് മാത്രമല്ല 11-09- 2021-ൽ സംഘടനയും മിഷനും ചർച്ചയിലൂടെ സംയുക്തമായി അംഗീകരിച്ചിറക്കിയ FN-013A ഫോമാണ് നാമിപ്പോൾ ഉപയോഗിക്കുന്നത്.

കൂടാതെ നമ്മുടെ അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് 302/2023- നമ്പർ സർക്കുലറിലൂടെ അംഗത്വം നഷ്ടമാകില്ലെന്ന് ഉറപ്പുതരുകയും, ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് 7/2025 – നമ്പർ സർക്കുലറിലൂടെ അത് എടുത്ത് പറയുകയും ചെയ്തു. ഈ രൂപതകളുടെ നിലപാട്, സർക്കുലറിലൂടെ Particular Law ആവുകയും ആ സ്ഥിതി നിലനിൽക്കുകയും ചെയ്യുന്നു. ഇതിൽപരം ഒരു ഉറപ്പ് രൂപതകൾക്ക് നൽകാനില്ല. അതിനാൽ, തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളിലും ആരോപണങ്ങളിലും അടിപ്പെട്ട് തങ്ങളുടെയും കുഞ്ഞുങ്ങളുടെയും വരും തലമുറയുടെയും ആത്മീയവും സഭാപരവുമായ വളർച്ചയെ മുരടിപ്പിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്.

2026-ൽ ഒത്തിരിയേറെ നാഷണൽ പരിപാടികൾക്ക് പദ്ധതിയിടുന്നു. പുറത്തു നമസ്കാരം, legion of Mary gathering, Pious associations gathering, Knanaya fest, വാഴ്‌വ് 2026 , Rejoice 2026 (കുട്ടികൾക്ക് ധ്യാനം), ഡാനിയേൽ അച്ചൻറെ റെസിഡൻഷ്യൽ ധ്യാനം, post marriage course, pre marriage course, മറ്റു പരിപാടികൾ എന്നിവയാണ് 2026-ൽ ക്നാനായ കാത്തലിക്ക് മിഷൻ നാഷണൽ ലെവൽ പരിപാടികൾ.

കുട്ടികൾക്കും യുവജനങ്ങൾക്കും മലയാളം ഭാഷയിലുള്ള സീറോ മലബാർ കുർബാന സ്വീകാര്യമാകുമോ എന്നതിൽ അൽപം സംശയമുണ്ട്. എന്നാൽ എൻ്റെ അനുഭവംവച്ച്, സീറോ മലബാർ കുർബാന ഇംഗ്ലീഷിൽ ചൊല്ലുന്നത് അവർക്ക് സ്വീകാര്യമാണ്. അമേരിക്കയിൽ വർഷങ്ങളായി ഇത് ഉപയോഗിക്കുന്നു. അവിടെ ജനിച്ചുവളർന്ന അനേകം യുവ വൈദികർ ദൈവവിളി സ്വീകരിച്ചത് നമ്മുടെ സീറോ മലബാർ കുർബാനയുടെ theological richness and liturgical solemnity-യിൽ ആകർഷകരായിട്ടാണ്. നമ്മുടെ കുട്ടികൾക്കും യുവജനങ്ങൾക്കുമായി ഇംഗ്ലീഷ് സീറോ മലബാർ കർബ്ബാന ഭാവിയിൽ എല്ലാ മിഷനുകളിലും നമുക്കും തുടങ്ങണം.

  • ദൈവാശ്രയത്തിലും വിശ്വാസത്തിലും വ്യക്തികളും കുടുംബങ്ങളും വളരണം,
  • ഭിന്നത വെടിഞ്ഞ് സഭയോടും വൈദികരോടും ചേർന്ന് പ്രവർത്തിക്കണം
  • സ്വവംശ വിവാഹനിഷ്ഠ പാലിക്കാൻ യുവാക്കൾ തയ്യാറാകണം
  • ആത്മീയ വളർച്ചയും സാമുദായ വളർച്ചയും പ്രാപിക്കുവാൻ നമ്മുടെ ക്നാനായ മിഷനുകളിൽ അംഗങ്ങളാവുകയും വേദപാഠത്തിലും ആത്മീയ കാര്യങ്ങളിലും സജീവമായി പങ്കെടുക്കുകയും വേണം
  • തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളിൽ പെട്ടുപോകാതെ സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളും വിശദീകരണങ്ങളും ആരായുകയും അറിയുകയും ചെയ്യണം.

സ്വന്തം കുഞ്ഞുങ്ങളുടെ ആത്മീയ വളർച്ചയിൽ ഓരോ മാതാപിതാക്കൾക്കും ഉത്തരവാദിത്വമുണ്ട്. വരും തലമുറയെ ക്നാനായക്കാരായി സഭയോടും സമുദായത്തോടും ചേർത്തു വളർത്തണം അങ്ങനെ വരുമ്പോൾ ഈ മിഷനുകൾ വളരും.

തെക്കൻ ടൈംസിന്റെ വാർഷികപ്പതിപ്പ്

കോട്ടയം അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവിൻറെ ആശംസ സന്ദേശം, ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ കോഡിനേറ്റർ ബഹുമാനപ്പെട്ട പടിഞ്ഞാറേക്കര സുനിയച്ചന്റെ പ്രത്യേക അഭിമുഖം  , കഴിഞ്ഞ ഒരു വർഷക്കാലം തെക്കൻ ടൈംസ് പ്രവർത്തനങ്ങളുടെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന വായനക്കാരുടെ പ്രതികരണങ്ങൾ, വൈവാഹിക പംക്തി, വിവിധ മിഷനുകളിലെ ക്രിസ്തുമസ് കുർബാന സമയക്രമം, കൂടാതെ നിരവധിയായ വാർത്തകളും ചിത്രങ്ങളും അടക്കം തെക്കൻ  ടൈംസ് 24മത് ലക്കം.

18 NOVEMBER 2025

മാഞ്ചസ്റ്റർ സെൻറ് മേരീസ് ക്നാനായ മിഷനിൽ യൂണിവേഴ്സിറ്റി എ ലവൽ കുട്ടികൾക്കായുള്ള യൂത്ത് സെഷൻ നടത്തപെട്ടു

മാഞ്ചസ്റ്റർ സെൻ്റ് മേരീസ് ക്നാനായ മിഷനിൽ എ ലവൽ ,യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ്നായി പ്രത്യേക ശുശ്രൂഷ നടത്തപ്പെട്ടു. 2025 നവംബർ 9 ഞായറാഴ്ചയാണ് യൂത്തിന് വേണ്ടിയുള്ള രണ്ടാമത്തെ ഈ ശ്രുശ്രൂഷ നടത്തപെട്ടത്. എല്ലാ രണ്ടാമത്തെ ഞായറാഴ്ചകളിലും വിശുദ്ധ കുർബാനയ്ക്കു മുൻപായി 9:45am മുതൽ 10:45am വരെയായിരിക്കും ഇതു നടത്തപ്പെടുക.

യൂണിവേസിറ്റി വിദ്യാഭ്യാസത്തിനായി പോകുന്ന നമ്മുടെ കുട്ടികൾ കത്തോലിക്കാ വിശ്വാസത്തിലും ക്‌നാനായ പാരമ്പര്യത്തിലും കൂടുതൽ ആഴത്തിൽ വേരുറക്കുന്നതിനും, ഈ കാലഘട്ടത്തിന്റെ വെല്ലുവിളികളും പ്രലോഭനങ്ങളും ശക്തിയോടും ദൃഢനിശ്ചയത്തോടും കൂടെ കൈകാര്യം ചെയ്യാൻ അവർക്കു കഴിവുണ്ടാകുന്നതിനും വേണ്ടിയാണ് ഈ ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത്. ഈ ക്ലാസുകൾ നയിക്കുന്നത് നമ്മുടെ മിഷൻ അംഗമായ ഡീക്കൺ അനിൽ ലൂക്കോസ് ആണ്

ഏകദേശം 25 ഓളം കുട്ടികളാണ് ഈ ശുശ്രൂഷയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എല്ലാ കുട്ടികളെയും മിഷൻ ഡയറക്ടർ ഫാ. സുനി പടിഞ്ഞാറേക്കര സ്വാഗതം ചെയ്യുകയും തുടർന്നുള്ള ക്ളാസുകൾ ദൈവാനുഗ്രഹപ്രദമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു .

ഹോളി കിങ്‌സ് മിഷനിൽ നവദമ്പതികളെ ആദരിച്ചു

ത്രീ കൗണ്ടി ഹോളി കിങ്‌സ് മിഷൻ അംഗവും രാജപുരം ഹോളി ഫാമിലി പള്ളി ഇടവക കുടുന്തനാംകുഴി ജോസ് മേഴ്‌സി ദമ്പതികളുടെ മകൻ അജയ് ജോസും , കള്ളാർ സെന്റ് തോമസ് പള്ളി ഇടവക കുരുവിനാവേലിൽ ബിജു പുഷ്പ ദമ്പതികളുടെ മകൾ മരിയയും തമ്മിലുള്ള വിവാഹം നിരവധി വൈദികരുടെ സാനിധ്യത്തിൽ ഫാ . ജോസഫ് അവണൂർ ആശീർവദിച്ചു

വിവാഹിതരായതിനു ശേഷം ആദ്യമായി മിഷനിൽ വന്ന നവ ദമ്പതിമാർക്കു മിഷൻ ഡയറക്ടർ ഫാ . ഷഞ്ചു കൊച്ചുപറമ്പിലിന്റെ സാനിധ്യത്തിൽ കൈക്കാരന്മാരായ ജോസ് തോമസ് വടകരപ്പറമ്പിലും , മാത്യുക്കുട്ടി അമ്മായി കുന്നേലും ചേർന്ന് എല്ലാ മിഷൻ അംഗങ്ങളുടെയും പേരിലുള്ള വിവാഹ മംഗളാശംസകൾ നേർന്ന് പൂച്ചെണ്ട് നൽകി സ്വാഗതം ചെയ്‌തു .

അജയ് ജോസിനും മരിയക്കും ഹോളി കിങ്സ് ക്‌നാനായ മിഷന്റെ വിവാഹ മംഗളാശംസകൾ .

വൈവാഹികം, Updated on 18 november, 2025

യുകെയിൽ വളർന്നു ഇപ്പോൾ NHS-ൽ നേഴ്സ് ആയി ജോലിചെയ്യുന്ന ക്നാനായ കത്തോലിക്ക യുവതിക്കു (24 വയസ്സ്, 156 cm) സ്വസമുദായത്തിൽപ്പെട്ട അനുയോജ്യരായ യുവാകളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു. യുകയിൽ ഉള്ളവർക്കു മുൻഗണന. mob: 07482723379 , 07960519055

ഇന്ത്യയിൽ ജനിച്ചു അയർലണ്ടിലെ ഡബ്ലിനിലെ ട്രിനിറ്റി കോളേജിൽ നിന്നും കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ഡിഗ്രി കഴിഞ്ഞു സീനിയർ ഡാറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ ആയി ജോലി ചെയ്യുന്ന ക്നാനായ കാത്തോലിക് യുവതിക്ക് ( 29 വയസ്സ് – 170 CM ) സ്വസമുദായത്തിൽപ്പെട്ട അനുയോജ്യരായ യുവാകളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു. യുകെയിലും അയർലണ്ടിലും ഉള്ളവർക്കു മുൻഗണന. mob: +919746606266 / +353876411990

ഇന്ത്യയിൽ ജനിച്ച് യുകെയിൽ വളർന്ന മെക്കാനിക്കൽ എഞ്ചിനീയർ (മാസ്റ്റേഴ്സ്) ആയ പ്രശസ്ത കമ്പനിയിൽ ജോലി ചെയ്യുന്ന ക്നാനായ യുവാവിന് (27 , 180 CM ) സ്വസമുദായത്തിൽ പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ : 07429216136 / 07903988117

ഇന്ത്യയിൽ ജനിച്ച് യുകെയിൽ വളർന്ന നഴ്സിംഗ് ബിരുദധാരിയായ ക്നാനായ യുവതിക്ക് (24 , 165 CM ) സ്വസമുദായത്തിൽ പെട്ട അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ : 07429216136 / 07903988117

യൂണിവേഴ്സിറ്റി കോളേജ് ലണ്ടിനിൽ നിന്നും സ്പേസ് സയൻസ് എഞ്ചിനീയറിങ്ങിൽ പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞു വെയിൽസ് ഗവൺമെന്റ് സിവിൽ സർവീസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന ക്നാനായ കാത്തോലിക് യുവാവ് (28 വയസ്സ്) സ്വസമുദായത്തിൽപ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ : 07850015770 / 07877222708

യുകെയിൽ വളർന്ന് ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന ക്നാനായ കത്തോലിക്ക യുവതി ( 24 വയസ്സ്) അനുയോജ്യരായ പ്രൊഫഷണൽ ക്വാളിഫൈഡ് ആയ യുവാക്കളുടെ മാതാപിതാക്കൾ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Mob: 44 7723061239, 44 7548 827908

കോട്ടയം എസ് എച്ച് മൗണ്ട് ഇടവക അമ്പലപ്പറമ്പിൽ പരേതരായ കുരുവിള- മറിയാമ്മ ദമ്പതികളുടെ മകൻ ബെർമിംഗ്ഹാം ക്രൈസ്റ്റ് ദി കിങ് ക്നാനായ കാത്തലിക് മിഷൻ അംഗം തോമസ് കുരുവിള അമ്പലപ്പറമ്പിൽ നിര്യാതനായി.

കോട്ടയം എസ് എച്ച് മൗണ്ട് ഇടവക അമ്പലപ്പറമ്പിൽ പരേതരായ കുരുവിള- മറിയാമ്മ ദമ്പതികളുടെ മകൻ ബെർമിംഗ്ഹാം ക്രൈസ്റ്റ് ദി കിങ് ക്നാനായ കാത്തലിക് മിഷൻ അംഗം തോമസ് കുരുവിള അമ്പലപ്പറമ്പിൽ നിര്യാതനായി.

ഭാര്യ: മിനി സേനാപതി ഇടവക കീഴേറ്റു കുന്നേൽ കുടുംബാംഗം

മക്കൾ മെറിൻ, അനീറ്റ

മരുമകൻ ടോണി സണ്ണി മൂലയിൽ കുമരകം

മൃത സംസ്കാരം 2026 നവംബർ 15ന് നടത്തപ്പെട്ടു.

Wedding Anniversary

വിവാഹ ജീവിതത്തിന്റെ പത്താമത് വാർഷികം ആഘോഷിക്കുന്ന തെക്കൻ ടൈംസ് ഡിസൈനിങ് & വെബ്സൈറ്റ് കോ-ഓർഡിനേറ്റർ ലിജു രാജു കാരുപ്ലാക്കിലിനും ഭാര്യ നീതു ജോസിനും തെക്കൻ ടൈംസിന്റെ വിവാഹ വാർഷിക ആശംസകൾ

ബെർമിംഗ്ഹാം റോസാ മിസ്റ്റിക്ക പ്രെസിഡിയത്തിൽ കൂടുതൽ വനിതകൾ മരിയൻ സൈന്യത്തിലേക്ക്

ബർമിംഗ്ഹാം ക്രൈസ്റ്റ് ദി കിങ് ക്നാനായ കാത്തലിക് മിഷനിൽ പ്രവർത്തിക്കുന്ന റോസാ മിസ്റ്റിക പ്രസീദിയത്തിലേക്ക് കൂടുതൽ അംഗങ്ങൾ അംഗത്വം എടുക്കുകയും ഏകദേശം 25- ഇൽ പരം അംഗങ്ങൾ സ്ഥിര അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. 2025 നവംബർ രണ്ടാം തീയതി നടത്തപ്പെട്ട വിശുദ്ധ കുർബാനയ്ക്ക് ശേഷം റോസാ മിസ്റ്റിക പ്രസീദിയം ആത്മീയ നീയെന്താവ് ഫാ. ഷഞ്ചു ലിന്റെ നേതൃത്വത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്തപ്പെട്ടത്.

ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ കീഴിൽ പ്രവർത്തിക്കുന്ന ലിജിയൻ ഓഫ് മേരിയുടെ ശക്തമായ പ്രസിദിങ്ങളിൽ ഒന്നാണ് റോസാമിസ്റ്റിക്ക ബെർമിംഗ്ഹാം. എല്ലാ ആഴ്ചയിലും പ്രതിവാര പ്രാർത്ഥന യോഗങ്ങളും മിഷൻ കുർബാനയ്ക്ക് വേണ്ടുന്നതായ സഹായസഹകരണങ്ങളും വിവിധ ചാരിറ്റി പ്രവർത്തനങ്ങളും റോസാമിസ്റ്റിക്കായുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്.

സംഘടനയുടെ നിയമാവലി അനുസരിച്ച് പുതുതായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥിര അംഗങ്ങളായ എല്ലാവരെയും പ്രത്യേകമായി അഭിനന്ദിച്ചു

സെൻറ് ജോസഫ് മിഷനിൽ നവദമ്പതികളെ അനുമോദിച്ചു

സെൻറ് ജോസഫ് ക്നാനായ കാത്തലിക് മിഷൻ ലണ്ടനിൽ ഈ വർഷം വിവാഹിതരായ നവദമ്പതികളെ അനുമോദിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന അനുമോദന സ്വീകരണത്തിൽ മിഷൻ ഡയറക്ടർ ഫാ. മാത്യൂസ് വലിയ പുത്തൻപുര അനുമോദന ആശംസകൾ അർപ്പിച്ചു. ഒരിൽ ജോയിസ് സാൻസി ദമ്പതികളുടെ മകൻ ജസ്വിനും പാറക്കൽ ജോൺ ബീന ദമ്പതികളുടെ മകൾ റിയാ യ്ക്കും ആണ് അനുമോദനങ്ങൾ അർപ്പിച്ചത്. വിശുദ്ധ കുർബാനയ്ക്ക് ശേഷം നവദമ്പതികൾ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു

ഏവർക്കും ഉപകാരപ്പെടുന്ന വർണ്ണ കലണ്ടറുമായി തെക്കൻ ടൈംസ്

ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ ഔദ്യോഗിക മുഖപത്രമായ തെക്കൻ ടൈംസ് പ്രവർത്തനമാരംഭിച്ചത് 2024 ഡിസംബർ മുതലാണ്.

ഫാ. സുനി പടിഞ്ഞാറേക്കര മാനേജിംഗ് ഡയറക്ടർ ആയും ഫാ. മാത്യൂസ് വലിയ പുത്തൻപുര ചീഫ് എഡിറ്ററായും പ്രവർത്തിക്കുന്ന തെക്കൻ ടൈംസ് 2026-ലെ വർണ്ണ കലണ്ടർ പ്രസിദ്ധീകരിക്കുന്നു. അനുദിന വിശുദ്ധർ , വിരുദ്ധ കുർബാന, ബൈബിൾ വായന വിവരങ്ങൾ, ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ പരിപാടികളുടെ വിവരങ്ങൾ, ഇടവക തിരുനാളുകളുടെ വിവരങ്ങൾ, പ്രീ മാരേജ് ക്ലാസുകളുടെ വിവരങ്ങൾ, എല്ലാ ക്നാനായ കാത്തലിക് മിഷൻസ് വികാരിമാരുടെയും കൈക്കാരന്മാരുടെയും വിവരങ്ങൾ എന്നിങ്ങനെ നിരവധിയായ ഉപകാരപ്രദമായ വിശേഷങ്ങൾ അടങ്ങിയ കലണ്ടർ ആണ് പ്രസിദ്ധീകരിക്കുന്നത്. ക്രിസ്തുമസ്സിനോടനുബന്ധിച്ചു മിഷനുകളിൽ നിന്നും മാസ്സ് സെന്ററുകളിൽ നിന്നും കലണ്ടർ ലഭ്യമാകും.

ഉന്നത നിലവാരത്തിലുള്ള പേപ്പറിൽ ബഹുവർണ്ണ കലണ്ടർ ഓരോ ക്നാനായ കത്തോലിക്ക വിശ്വാസികൾക്കും ഉപകാരപ്രദമാകും.