ക്നാനായ കത്തോലിക് മിഷൻസ് യുകെയുടെ ധീരവും ദൂരദർശിയുമായ ഇടപെടലിന്റെ ഫലമായാണ് തെക്കൻ ടൈംസ് എന്ന ഔദ്യോഗിക പ്രസിദ്ധീകരണം ഉദയം കൊണ്ടത്. വ്യാജപ്രചാരണങ്ങളിൽ ക്നാനായ കത്തോലിക്ക വിശ്വാസികൾ വീഴാതിരിക്കാനും, സത്യം ഔദ്യോഗികമായി അവരെ അറിയിക്കാനും, മിഷനുകളുടെ പ്രവർത്തനങ്ങൾ എല്ലാവരിലേക്കും കാര്യക്ഷമമായി എത്തിക്കാനും ഉള്ള ദീർഘവീക്ഷണമാണ് തെക്കൻ ടൈംസ് എന്ന മാധ്യമ സംരംഭത്തിന് പിന്നിലെ പ്രേരകശക്തി.

ഫാ. സുനി പടിഞ്ഞാറേക്കര ക്നാനായ കത്തോലിക് മിഷൻസ് യുകെയുടെ കോർഡിനേറ്ററായി ചുമതലയേറ്റതിനു ശേഷം, ക്നാനായ വൈദികരുടെ യോഗത്തിൽ നിന്നുയർന്ന ഒരു ആശയമായിരുന്നു—എല്ലാ മാസവും ഒരു ഔദ്യോഗിക പ്രസിദ്ധീകരണം ഉണ്ടായിരിക്കണം എന്നത്. ആ ദൗത്യത്തിന്റെ ഭാഗമായി, മാധ്യമരംഗത്ത് പരിചയസമ്പത്തുള്ള ഫാ. മാത്യൂസ് വലിയപുത്തൻപുരയെ ഈ സംരംഭത്തിന്റെ ചുമതല ഏൽപ്പിച്ചു.
ബഹുമാനപ്പെട്ട ഫാ. സുനി പടിഞ്ഞാറേക്കര അച്ചന്റെ ദീർഘവീക്ഷണവും, ഫാ. മാത്യൂസ് വലിയപുത്തൻപുര അച്ചന്റെ അക്ഷീണമായ കഠിനാധ്വാനവും, മറ്റ് ക്നാനായ വൈദികരുടെ പൂർണ്ണ പിന്തുണയും ഒരുമിച്ചുചേർന്നതിന്റെ ഫലമായി, ഓരോ മിഷനിൽ നിന്നുമുള്ള പബ്ലിക് റിലേഷൻസ് ഓഫീസർമാരെ തെരഞ്ഞെടുത്തു. ഒരു മാധ്യമത്തിന്റെ നട്ടെല്ലായ എഡിറ്റോറിയൽ ബോർഡും അതോടൊപ്പം രൂപം കൊണ്ടു. വാർത്താമാധ്യമത്തിന് നല്ല പേര് കണ്ടെത്തുവാൻ ക്ഷണിക്കുകയും മാഞ്ചസ്റ്റർ സെൻറ് മേരീസ് ക്നാനായ കാത്തലിക് മിഷനിലെ ക്രിസ് കുര്യാക്കോസ് തോട്ടത്തിൽ നിർദ്ദേശിച്ച നാമമാണ് ഏവർക്കും സ്വീകാര്യമായത്. ആ നാമമായിരുന്നു “തെക്കൻ ടൈംസ്”
ഫാ. സുനി പടിഞ്ഞാറേക്കര ഡയറക്ടറായും, ഫാ. മാത്യൂസ് വലിയപുത്തൻപുര ചീഫ് എഡിറ്ററായും, സക്കറിയ പുത്തൻകുളം ന്യൂസ് എഡിറ്ററായും ചുമതലയേറ്റു. വായനാസുഖം ഏവർക്കും ലഭ്യമാക്കുന്നതിന് മികച്ച ലേഔട്ട് ഡിസൈനർമാരായ ബിജു പന്നിവേലിൽ, ലിജു കരിപ്പാക്കിൽ എന്നിവർ സംഘത്തിൽ ചേർന്നു. സബ് എഡിറ്റർമാരായി എബി നെടുവാമ്പുഴ, സോജൻ തോമസ്, ജോജോ മേലേടം, ടൈസ് പറമ്പേട്ട്, ഷെറി ബേബി എന്നിവർ ഉൾപ്പെട്ട എഡിറ്റോറിയൽ ബോർഡിന്റെ അക്ഷീണ പരിശ്രമമാണ് തെക്കൻ ടൈംസ് ഓരോ മാസവും രണ്ടുതവണ പ്രസിദ്ധീകരിക്കപ്പെടാൻ കാരണമായത്.
തുടക്കം മുതൽ ഇന്നേവരെ, യുകെയിൽ മാത്രമല്ല ലോകമെമ്പാടുമുള്ള ക്നാനായ കത്തോലിക്കരുടെ പിന്തുണയും പ്രോത്സാഹനവും തെക്കൻ ടൈംസിന് ലഭിച്ചുവരുന്നു. തുടക്കകാലത്ത് ആവശ്യമായ സാങ്കേതിക നിർദ്ദേശങ്ങൾ ബഹുമാനപ്പെട്ട തച്ചാറയിൽ ജോസഫ് അച്ചൻ എഡിറ്റോറിയൽ ബോർഡിന് നൽകി എന്നത് നന്ദിയോടെ സ്മരിക്കുന്നു.ശ്രീ ബിജു പന്നിവേലിൽ, ശ്രീ ലിജു കരിപ്പാക്കിൽ എന്നിവരുടെ നിസ്വാർത്ഥ സേവനഫലമായാണ് അതിമനോഹരമായ ഡിസൈനിൽ തെക്കൻ ടൈംസ് തുടർച്ചയായി പ്രസിദ്ധീകരിക്കപ്പെടുന്നത്.ആരംഭകാലം മുതലേ, അനേകം പ്രഗൽഭ വ്യക്തികളുടെ അർത്ഥസമ്പുഷ്ടമായ ലേഖനങ്ങളും, യുകെയിലെ ക്നാനായ കത്തോലിക്ക വിശ്വാസികൾ അറിയേണ്ട യഥാർത്ഥ സത്യങ്ങളും ഉൾക്കൊള്ളിച്ച്, കഴിഞ്ഞ ഒരു വർഷമായി തെക്കൻ ടൈംസ് അനേകരുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നു.
കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്, സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരി, ഗീവർഗീസ് മാർ അപ്രൈം പിതാക്കന്മാരുടെ ആശീർവാദവും പിന്തുണയും തെക്കൻ ടൈംസിന് പുതുഊർജം പകരുന്നു. കഴിഞ്ഞ ഒരു വർഷമായി നൽകുന്ന പൂർണമായ പിന്തുണയ്ക്ക് ഹൃദയംഗമായ നന്ദി അർപ്പിക്കുന്നതിനോടൊപ്പം മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ പ്രോത്സാഹനവും ക്രിയാത്മകമായ വിമർശനങ്ങളും പ്രതീക്ഷിക്കുന്നു.



