മദറിങ് സൺഡേ & മദേഴ്സ് ഡേ

മാതാവിനെയും മാതൃസ്‌നേഹത്തെയും ഓര്‍ക്കാന്‍ ഒരു പ്രത്യേക ദിനമാവശ്യമില്ലെങ്കിലും വിലമതിക്കാനാകാത്ത മാതൃസ്‌നേഹത്തിനും കരുതലിനും ആദരം പകരുകയെന്ന ലക്ഷ്യത്തില്‍ മാതൃദിനം വിവിധ രാജ്യങ്ങളിൽ പ്രത്യേകമായി ആചരിക്കുന്നു. ഇംഗ്ലണ്ടിൽ നോമ്പ് കാലത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് മാതൃദിനം ആചരിക്കുന്നത്. രണ്ട് പതിറ്റാണ്ടു മുമ്പ് ബ്രിട്ടീഷ് കൗണ്‍സില്‍ ഒരു സര്‍വേ സംഘടിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മനോഹരമായ വാക്ക് ഏതെന്ന് കണ്ടെത്തലായിരുന്നു ലക്ഷ്യം. നാല്‍പ്പതിനായിരം പേര്‍ പങ്കെടുത്ത ആ സര്‍വേയില്‍ ഒന്നാമതായി വന്ന പദം “മദര്‍’ ആയിരുന്നു. ഏതൊരു വ്യക്തിയുടെയും വളര്‍ച്ചയിലും ഉയര്‍ച്ചയിലും ജീവിത വിജയത്തിലും മാതാവിന് അനല്‍പ്പമായ പങ്കുണ്ട്. മാതൃസ്‌നേഹം അനുഭവിക്കാത്ത വ്യക്തികളില്ല. മക്കൾ എത്ര വളർന്നാലും മാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾ എന്നും കുട്ടികളാണ്. ആധുനിക യുഗത്തിൽ  മക്കൾ മാതാപിതാക്കൾക്ക് തിരികെ സ്നേഹം നൽകുന്നത് ചിന്താവിഷയമാണ്.

ഇംഗ്ലണ്ടിൽ മദറിങ് ഞായറാഴ്ചയിൽ നിന്നുമാണ് മദേഴ്സ് ഡേയിലേക്ക് മാറ്റപ്പെട്ടത്. പതിനാറാം നൂറ്റാണ്ടിൽ വലിയ നോമ്പിന്റെ  ആരംഭിച്ച അതിമനോഹരമായ ക്രിസ്തീയ പാരമ്പര്യം തുളുമ്പുന്ന മദറിങ് സൺഡേ  എന്നുള്ളത് മാമോദിസ മുങ്ങിയ ഇടവക പള്ളിയോ, മാതൃ ഇടവകയോ, അതുമല്ലെങ്കിൽ കത്തീഡ്രൽ ദേവാലയമോസന്ദർശിക്കുന്ന പാരമ്പര്യമാണ് മദറിങ് സൺഡേ. പിന്നീട് കാലക്രമത്തിൽ അമേരിക്കയിൽ അമ്മമാരെ ആദരിക്കുന്ന പ്രത്യേക ദിനം വന്നുചേരുകയും പ്രചുര പ്രചാരം നേടുകയും ചെയ്യുക വഴി ഇംഗ്ലണ്ടിലെ മദറിങ് സൺഡേ മദേഴ്സ് ഡേ ആചരണം കൂടിയായി മാറി.

മാതൃദേവാലയത്തെയും മാതൃത്വത്തെയും ഒരേപോലെ വിശേഷാൽ ദിനത്തിൽ ആദരിക്കുകയും തിരുസഭയുടെ മക്കൾ എന്ന നിലയിൽ സഭയോട് ചേർന്ന് സഭാ പഠനങ്ങളിൽ വിശ്വസ്തത പുലർത്തി നീതിപൂർവമായ ജീവിതമാണ് ഓരോ ക്രിസ്ത്യാനിയും നിർവഹിക്കേണ്ടത്.

അനുതാപത്തിന്റെയും പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ഈ വലിയ നോമ്പു കാലഘട്ടത്തിൽ നമ്മുടെ ഇടവകയാകുന്ന ദേവാലയത്തിലെ ശുശ്രൂഷകളിൽ പങ്കുചേർന്ന് സഭാ മാതാവിനോടൊപ്പം ക്രിസ്തുവിൻറെ പ്രബോധനങ്ങൾ കൂടുതൽ പഠിക്കുവാനും ധ്യാനിക്കുവാനും ഒപ്പം നമ്മുടെ വളർച്ചയിൽ എന്നും താങ്ങും തണലുമായി നിന്ന മാതാപിതാക്കളെ ബഹുമാനിച്ച് ആദരിച്ച് സ്നേഹം പകർന്നു നൽകി ജീവിതത്തെ ധന്യമാക്കാം.

മാതൃദിനത്തിന്റെ എല്ലാവിധ ആശംസകളും നേർന്നുകൊണ്ട്

ഫാ. മാത്യൂസ് വലിയ പുത്തൻപുര

ചീഫ് എഡിറ്റർ

ഏകവും ശ്ലൈഹീകവും സാർവത്രികവുമായ സഭ

വിശുദ്ധ കുർബാന അർപ്പിക്കുമ്പോഴും കുടുംബ പ്രാർത്ഥനയിൽ ജപമാല അർപ്പിക്കുമ്പോഴും ഓരോ വിശ്വാസികളും പ്രാർത്ഥിക്കുന്ന വിശ്വാസ പ്രമാണം. അതിൽ ഏകവും ശ്ലൈഹീകവും സാർവത്രികവുമായ സഭ എന്ന് വിശ്വസിച്ച് ഏറ്റു ചൊല്ലുമ്പോൾ കത്തോലിക്കാ സഭയോടുള്ള ഓരോ വിശ്വാസികളുടെയും ആത്മാർത്ഥത അറിയിക്കുകയാണ്. യേശു 12 ശിഷ്യന്മാരെ തെരഞ്ഞെടുക്കുകയും യേശുവിൻറെ ഉയർപ്പിന് ശേഷം 12 ശിഷ്യന്മാരും ക്രിസ്തുവിനെ പ്രഘോഷിക്കുവാനായി വിവിധ രാജ്യങ്ങളിലേക്ക് പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടു. അനേകം ആളുകളെ വിശ്വാസത്തിലേക്ക് നയിക്കുവാനും ജ്ഞാനസ്നാനം നൽകുവാനും ക്രിസ്തുവിൻറെ സഭ സ്ഥാപിക്കുവാനും ശിഷ്യന്മാർക്ക് സാധിച്ചു. മാർ തോമാശ്ലീഹാ ഭാരതത്തിൽ സുവിശേഷപ്രഘോഷണം നടത്തുകയും അനേകരെ മാമോദിസ മുക്കി ക്രിസ്ത്യാനികൾ ആക്കുകയും ചെയ്തു. തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന് ശേഷം ക്രൈസ്തവ സഭ ക്ഷയിക്കുന്ന അവസരത്തിലാണ് ക്നാനായ സമുദായത്തിന്റെ പ്രേഷിത കുടിയേറ്റം വഴി കേരള സഭയ്ക്ക് പുതിയൊരു തുടക്കം നൽകപ്പെട്ടത്. 

സുറിയാനി ആരാധന ക്രമത്തിലുള്ള വിശുദ്ധ കുർബാന കേരള സഭയ്ക്ക് ക്നാനായ സമുദായം നൽകിയ ഏറ്റവും വലിയ സംഭാവനയാണ്. കത്തോലിക്ക സഭ തന്നെ 24 സ്വതന്ത്ര സഭകളുടെ കൂട്ടായ്മയാണ്. വിവിധ റീത്തുകളിൽ ഉള്ള കുർബാനകളും ആരാധന ക്രമങ്ങളും കത്തോലിക്കാ സഭയുടെ നാനാത്വത്തിലുള്ള ഏകത്വമാണ്. കത്തോലിക്കാ സഭ കൂടാതെ വിവിധ ക്രൈസ്തവ സഭകൾ വിവിധ കാലഘട്ടങ്ങളിൽ രൂപപ്പെട്ടവയാണ്. ക്രിസ്തീയ സഭകളുടെ ഐക്യത്തിന് ആയിട്ടുള്ള പ്രാർത്ഥന വാരമാണ് ജനുവരി 18 മുതൽ 25 വരെ. പ്രേഷിത ദൗത്യമാണ് സഭക്കുള്ളത്. ഒപ്പം തന്നെ ക്രിസ്തീയ സഭകളുടെ ഐക്യവും സഭ ആഗ്രഹിക്കുന്നു. കേരള സഭയിൽ പുനരൈക്യത്തിന് തുടക്കമിട്ടത് കോട്ടയം അതിരൂപതയാണ്. അഭിവന്ദ്യ മാർ അലക്സാണ്ടർ ചൂള പറമ്പിൽ പിതാവിന്റെ കാലത്താണ് മലങ്കര സഭയുമായി പുനരൈക്യം സാധ്യമായത്. ക്നാനായ യാക്കോബായയിലെ ഒരു വിഭാഗം പുനരൈക്യപ്പെട്ട് കത്തോലിക്ക വിശ്വാസം സ്വീകരിച്ചപ്പോൾ തങ്ങളുടെ തനത് ആരാധനക്രമം നിലനിർത്തിക്കൊണ്ട് സഭയിൽ ഐക്യത്തിന് തുടക്കമിട്ടത് വഴിത്തിരിവായിരുന്നു. വിവിധ സഭകൾ ചേർന്നുള്ള എക്കുമിനിക്കൽ ക്രിസ്തുമസ് ആഘോഷങ്ങൾ ഇന്ന് വിവിധ ദേശങ്ങളിൽ പ്രത്യേകിച്ച് കേരളസഭയിൽ ദർശിക്കാനാവും. ഏക രക്ഷകനായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഏവരും തങ്ങളുടെ വിശ്വാസത്തിലും പാരമ്പര്യത്തിലും നിന്നുകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുന്ന സുവിശേഷ പ്രഘോഷകരാകുവാൻ സാധ്യമാകുന്ന തരത്തിലുള്ള പ്രവർത്തന രീതി പണിത് ഉയർത്തുവാൻ ഓരോ സഭകൾക്കും ഉത്തരവാദിത്തമുണ്ട്.

ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ ചീഫ് എഡിറ്റര്‍