‘മാതൃഭക്തി പ്രചരിപ്പിക്കുന്ന പരിശുദ്ധ അമ്മയെ പ്രത്യേകമായി വണങ്ങുന്ന മെയ് മാസം. പാരമ്പര്യമായി എല്ലാ കുടുംബങ്ങളിലും മെയ് മാസം പരിശുദ്ധ അമ്മയുടെ വണക്കമാസമായി ആചരിക്കുന്നു.1825 ൽ ഏഴാം പീയൂസ് മാർപാപ്പ പുറപ്പെടുവിച്ച ഡിക്രിയിൽ പറയുന്നു ” എല്ലാ ക്രൈസ്തവരും പൊതുവായോ സ്വകാര്യമായോ പ്രത്യേക പ്രാർത്ഥന വഴി പരിശുദ്ധ മറിയത്തോടുള്ള ഭക്തിയിലും ബഹുമാനത്തിലും വളരണമെന്ന് വിശ്വാസികളെ ഓർമിപ്പിക്കുന്നു”.
1945 ൽ പന്ത്രണ്ടാം പിയൂസ് മാർപാപ്പ സ്വർഗ്ഗ രാജ്ഞി ആയ പരിശുദ്ധ മറിയത്തിന്റെ തിരുനാൾ മെയ് മാസം 31 തീയതി സഭയിൽ സ്ഥാപിച്ചു. പിന്നീട് കാലാന്തരത്തിൽ ഈ തിരുനാൾ ഓഗസ്റ്റ് 22ന് ആചരിക്കുകയും മെയ് 31 മറിയത്തിന്റെ സന്ദർശന തിരുനാളായി മാറുകയും ചെയ്തു.
മരിയ ഭക്തി പ്രചരിപ്പിക്കുന്ന മരിയൻ സൈന്യമായ ലീജൻ ഓഫ് മേരി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയാൽ നിശബ്ദമായ സുവിശേഷപ്രഘോഷണം ആണ് നടത്തുന്നത്. ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ കീഴിൽ പ്രവർത്തിക്കുന്ന ലീജിയൻ ഓഫ് മേരിയുടെ പ്രഥമ നാഷണൽ മീറ്റ് മെയ് മാസം 17ന് നടത്തപ്പെടുകയാണ്. അന്നേദിവസം മരിയൻ പ്രഘോഷണ റാലിയും നടത്തപ്പെടുന്നു.
നമ്മുടെ കുടുംബങ്ങളിൽ പരിശുദ്ധാത്മാവിനാൽ നിറയുവാൻ പരിശുദ്ധ അമ്മയോടുള്ള ഭക്തി കുടുംബങ്ങളിൽ നടത്തണം. ചെറുപ്പം മുതലേ കുട്ടികളെ വണക്കം മാസത്തിലെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കുകയും കുടുംബങ്ങളിൽ ഒന്നിച്ചുള്ള ജപമാല നടത്തപ്പെടുകയും ചെയ്യുന്നത് വഴി തിന്മയുടെ ശക്തിയെ ചെറുക്കുവാൻ സാധിക്കും.
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിനുശേഷം ആഗോള കത്തോലിക്ക സഭയുടെ തലവനായ ലിയോ പതിനാലാം മാർപാപ്പയെ സഭയ്ക്ക് ലഭ്യമായത് മരിയൻ മാസമായ മെയ് മാസമാണ്. ലളിതമായ ജീവിതശൈലിയിലൂടെ പാവങ്ങളുടെ പക്ഷം ചേർന്ന് അനാഥരുടെയും ദുരിത അനുഭവിക്കുന്നവരുടെയും വേദനകൾ മനസ്സിലാക്കി അവരെ സമൂഹത്തിൻറെ ഉന്നതിയിലേക്ക് കൊണ്ടുവരാൻ പ്രയത്നിച്ച വ്യക്തിത്വത്തിൻ്റെ ഉടമയാണ് ആഗോള കത്തോലിക്കാ സഭയുടെ തലവൻ.
മാർപാപ്പയുടെ നിയോഗത്തിനായി പ്രാർത്ഥിച്ചുകൊണ്ടും പരിശുദ്ധ അമ്മയുടെ മധ്യസ്ഥം യാചിച്ചുകൊണ്ട് നമ്മുടെ കുടുംബങ്ങളെയും ഇടവകയും മത മേലധ്യക്ഷന്മാരെയും സന്യാസി സന്യാസിനികളെയും സമർപ്പിച്ച് പ്രാർത്ഥിക്കാം. മാതൃഭക്തി പ്രചരിപ്പിക്കുവാൻ നാം ഓരോരുത്തർക്കും സാധ്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഫാ. മാത്യൂസ് വലിയ പുത്തൻപുര
ചീഫ് എഡിറ്റർ