ക്നാനായക്കാരെ സംബന്ധിച്ചിടത്തോളം വാഴ്‌വ് എന്ന വാക്കിന്റെ അർഥം തന്നെ അനുഗ്രഹം പകർന്നു കൊടുക്കുക എന്നതാണ്. എല്ലാ ദൈവീക ആശിർവാദങ്ങളും അനുഗ്രഹങ്ങളും അടുത്ത തലമുറകളിലേക്ക് പകർന്നു കൊടുക്കുക എന്നത് തന്നെയാണ് വാഴ്‌വിലൂടെ ചെയ്യപ്പെടുന്നത്. ആ വാഴ്‌വ് അല്ലെങ്കിൽ ആശിർവാദം സ്വീകരിക്കുന്നതിന് മക്കളെ പ്രാപ്‌തരാക്കുക എന്ന ഉത്തരവാദിത്യമാണ് മാതാപിതാക്കൾ ചെയേണ്ടത്. യഥാർത്ഥ ക്നാനായക്കാരെ സംബന്ധിച്ചിടത്തോളും അതുവഴി ദൈവവിശ്വാസത്തിലും സഭാവിശ്വാസത്തിലും അടിയുറച്ച സമുദായ സംരക്ഷണത്തിന് മക്കളെ യോഗ്യരാക്കുക എന്ന ഉത്തരവാദിത്തമാണ് നിറവേറുന്നത്. കാരണം ഇനി വരുന്ന മക്കളുടെ തലമുറയാണ് സമുദായ സംരക്ഷണം നടത്തേണ്ടതും അവരിലൂടെ ആണ് വാഴ്‌വ് കൈമാറേണ്ടതും.
ക്നാനായ സമുദായത്തിന്റെ വളർച്ച അല്ലെൻകിൽ നിലനിൽപ് എല്ലാകാലത്തും സഭാ സംവിധാനത്തോട് ചേർന്ന് നിന്നുകൊണ്ടായിരുന്നു . നമ്മുടെ വൈദികരെയും പിതാക്കൻമാരെയും ചേർത്തു പിടിക്കുവാനും സഭാസംവിധാനത്തെ പരിപോഷിപ്പിക്കുവാനും അതുവഴി മക്കളെ സഭാ നിയമങ്ങൾ പാലിച്ചു, സഭാവിശ്വാസത്തോടെ ജീവിക്കുവാൻ പ്രാപ്‌തരാക്കുവാനുമുള്ള സുവർണാവസരമാണ് വാഴ്‌വ് എന്ന പരിപാടിയിലൂടെ യുകെ ക്നാനായ മിഷൻ യുകെ ക്നാനായ കത്തോലിക്കർക്ക് ഒരുക്കി തരുന്നത്. നമ്മുടെ ആത്മീയ ആചാര്യന്മാരായ പിതാക്കന്മാരിൽ ഒരാളുടെയെങ്കിലും സാന്നിധ്യമാണ് വാഴ്‌വിന്റെ ഏറ്റവും വലിയ സവിശേഷത.
നമ്മൾ പിതാക്കൻമാരോടും സഭയോടും ചേർന്ന് നിൽക്കുന്ന യഥാർത്ഥ കാത്തോലിക്ക വിശ്വാസികൾ ആണ് എന്ന് നമ്മുടെ മക്കൾക്ക് ചെറുപ്പകാലം തൊട്ടേ തോന്നണമെങ്കിൽ അവരെ മിഷൻ കുർബാനകളിൽ ഭാഗഭാക്കുകൾ ആക്കുകയും വാഴ്‌വ് പോലുള്ള നമ്മളെ ദൈവവുമായി ബന്ധിപ്പിക്കുന്ന നമ്മുടെ ആത്മീയ ആചാര്യന്മാരായ പിതാക്കന്മാർ വരുന്ന പരിപാടികളിൽ, കുടുബസമേതം പങ്കെടുപ്പിച്ചു, സമുദായ ബോധവും സ്വവംശവിവാഹ നിഷ്ഠയുടെ പ്രാധാന്യവും ചെറുപ്പം മുതലേ ഉൾക്കൊള്ളുവാൻ ഉള്ള പ്രേരണ ചെലുത്തുവാനുമുള്ള ഉത്തരവാദിത്തം എല്ലാ ക്നാനായ മാതാപിതാക്കൾക്കും ഉണ്ട് .
വാഴ്‌വിൽ സഹകരിക്കുന്നതിലൂടെ ഈ വലിയൊരു ഉത്തരവാദിത്തത്തിൽ പങ്കാളി ആകുവാനുള്ള അവസരം ആണ് ലഭിക്കുന്നത്. നമ്മുടെ കുട്ടികളെ ദൈവത്തോട് അടുപ്പിക്കുന്ന നമ്മുടെ ദൈവീക ഉത്തരവാദിത്വത്തിന്റെ വിജയമാണ് സഭാ പിതാക്കന്മാരോടും വൈദികരോടും ഒപ്പം ആത്മാർത്ഥമായി വാഴ്‌വിൽ പങ്കാളിയാകുന്നത് .
വാഴ്‌വ് ഒരു കുടുംബകൂട്ടായ്‍മയാണ്. ഇവിടെ യുകെയിലുള്ള എല്ലാ ക്നാനായ കത്തോലിക്കരും, സഭാ നിയമം അനുസരിച് ഇവിടുത്തെ സീറോ മലബാർ രൂപതയുടെ കിഴിൽ വരികയും ക്നാനായ മിഷൻ ക്നാനായകാർക്ക് മാത്രമായുള്ള സംവിധാനം ആകുന്നതിനാലും, മിഷൻ / ഇടവക വികാരിമാർ ക്നാനായ വൈദികർ ആകുന്നതിനാലും ക്നാനായ തനിമയും പാരമ്പര്യവും കാത്തു സൂക്ഷിക്കുവാൻ സഭാ പിതാക്കന്മാരുടെ ദീർഘ വീക്ഷണവും പ്രത്യേക താൽപര്യ പ്രകാരവും സ്ഥാപിതമായ ക്നാനയമിഷന്റെ നേതൃത്വത്തിൽ നടക്കുന്ന വാഴ്‌വിൽ കുടുംസമേതം പങ്കെടുക്കുക എന്നുള്ളത് യുകെയിലുള്ള എല്ലാ ക്നാനായ കത്തോലിക്കരുടെയും ആവശ്യമാണ്, അവകാശമാണ്. കുട്ടികൾ ഉള്ള, പ്രത്യേകിച്ച് ടീനേജ് പ്രായം മുതൽ, മാതാപിതാക്കൾ അവരെ പങ്കെടുപ്പിക്കാൻ ബാധ്യസ്ഥരുമാണ് .
യുകെ ക്നാനായ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വാഴ്‌വിൽ പങ്കെടുക്കുന്നത്, ദൈവത്തോടുള്ള ഭക്തിയും, സഭയോടുള്ള വിധേയത്വവും, സഭാപിതാക്കന്മാരോടുള്ള അനുസരണവും, വൈദികരോടുള്ള ബഹുമാനവും, സമുദായത്തോടുള്ള സ്നേഹവും, സ്വന്തം കുടുംബത്തോടുമുള്ള ഉത്തരവാദിത്തവും പ്രകടമാക്കുന്നതിനുള്ള ഒരു സുവർണ്ണാവസരം കൂടി ആയിട്ടാണ് കണക്കാക്കുന്നത്.
“വാഴ്‌വ് ഒരു അനുഭൂതി ആണ് , ദൈവീക അനുഭൂതി , ഒരിക്കലും കൈമോശം വരാത്ത ഒരു അനുഭൂതി , ആ അനുഭൂതി നേരിട്ട് അനുവഭിച്ചു തന്നെ അറിയണം. യുകെയിൽ ഉള്ള എല്ലാ യഥാർത്ഥ ക്നാനായ കത്തോലിക്കരും ഇതിൽ പങ്കെടുക്കുവാൻ പിതാക്കന്മാരും, വൈദികരും, ലോകമെമ്പാടുമുള്ള ക്നാനായ കാത്തോലിക്കാ സമൂഹവും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു .
വീടൊരുക്കാം വാഴ്‌വിലൂടെ വാതിൽ തുറന്നു കൊടുക്കുന്നത് വീടില്ലാത്ത ഒരു കുടുംബത്തിനാണ് . ഇതിൽ പങ്കാളി ആകുന്നതിലൂടെ നമ്മൾ നിക്ഷേപിക്കുന്നത് ദൈവ സമക്ഷത്താണ്. ഒരു കുടുംബത്തിന്റെ, വീട് എന്ന സ്വപ്നം സഫലമാക്കാൻ അണിചേരാം നമ്മുക്കു ഈ അനുഗ്രഹ വാഴ്‌വിൽ ( vazhvu 2025 ).