സകല വിശുദ്ധരുടെയും തിരുനാളും മിഷന്‍ ഞായറും സംയുക്തമായി ആഘോഷിച്ചു

ലണ്ടണ്‍: സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ മിഷന്‍ ഞായറും സകല വിശുദ്ധരുടെയും തിരുനാളും സംയുക്തമായി ആചരിച്ചു. സകല വിശുദ്ധരുടെയും തിരുനാളിനോടനുബന്ധിച്ച് വേദപാഠം പഠിക്കുന്ന കുട്ടികള്‍ വിശുദ്ധരുടെ വേഷം ധരിച്ച് എത്തുകയും അവര്‍ പ്രതിനിധാനം ചെയ്യുന്ന വിശുദ്ധരെക്കുറിച്ച് ജനങ്ങളോട് സംസാരിക്കുകയും ചെയ്തു. മിഷന്‍ ഞായര്‍ ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മിഷന്‍ ലീഗ് കുട്ടികളുടെ നേതൃത്വത്തില്‍ വിവിധ ഗെയിമുകള്‍ സംഘടിപ്പിച്ചു. ബേക്ക് സെയില്‍, സ്‌നാക്‌സ് സെയില്‍, ലേലം എന്നിവയും മിഷന്‍ ഞായറിനോടനുബന്ധിച്ച് നടത്തി. പ്രസ്തുത കാര്യങ്ങളില്‍ നിന്നും പിരിഞ്ഞ് കിട്ടിയ തുക മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നതിന് തീരുമാനിച്ചു. സ്വപ്ന സാം, മിഷേല്‍ ഷാജി, ജെറി അബ്രാഹം, ജിന്റു ജിമ്മി, ഷൈനി ഫ്രാന്‍സിസ്, സുജ സോയ്‌മോന്‍, സ്റ്റേല്‍ബി സാജന്‍, റെജി ബിജു, ബിനിമോള്‍ ഷിനോ, ബീനാ റോള്‍ഡ്, സജി വെമ്മേലില്‍, ഷാജി പൂത്തറ, സാജന്‍ പടിക്കമ്യാലില്‍, ജോണി കല്ലിടാന്തിയില്‍, സജീവ് ചെമ്പകശ്ശേരില്‍, ജസ്റ്റിന്‍, ലിസി ടോമി, മിഷന്‍ ലീഗ് ഭാരവാഹികളായ അലക്‌സ് ലൂക്കോസ്, സോന റോള്‍ഡ്, കെയ്‌ലിന്‍ ഷിനോ, ഡാനിയല്‍ സജി, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാഴ്‌വ് 2023 ന് ഗംഭീര പരിസമാപ്തി.

UK ക്നാനായ മിഷനുകളുടെ നേതൃത്വത്തിൽ നടത്തിയ പ്രഥമ ക്നാനായ കുടുംബ സംഗമം -വാഴ്‌വ് 2023- ന് ഗംഭീര പരിസമാപ്തി. ഏപ്രിൽ 29, ശനിയാഴ്ച മാഞ്ചെസ്റ്ററിൻ്റെ മണ്ണിലാണ് UKയിലെ 15 ക്നാനായ മിഷനിലെ വിശ്വാസികൾ ഒന്നു ചേർന്നത്. ക്നാനായ സമുദായത്തിൻ്റെ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിൻ്റെ സാന്നിധ്യം വാഴ്‌വ് 2023 ന് ആവേശമായി. 5 വർഷങ്ങൾക്ക് ശേഷം UK യിൽ എത്തിയ വലിയ ഇടയനെ ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ നടവിളിച്ചാണ് ക്നാനായ ജനം വരവേറ്റത്.

പരിശുദ്ധ കുർബാനയുടെ ആരാധനയെ തുടർന്നുള്ള വി. കുർബാനയിൽ മാർ മാത്യു മൂലക്കാട്ട് പിതാവിനൊപ്പം UK യിലെ മുഴുവൻ ക്നാനായ വൈദികരും സഹകാർമ്മികരായിരുന്നു. വി.കുർബാനയ്ക്ക് ശേഷം ലീജിയൺ ഓഫ് മേരി, മിഷൻ ലീഗ്, തിരുബാല സഖ്യം എന്നീ സംഘടനകൾക്ക് ഓദ്യോഗിക തുടക്കം കുറിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ UK യിലെ ക്നാനായ വികാരി ജനറാൾ ബഹുമാനപ്പെട്ട ഫാ. സജി മലയിൽ പുത്തൻപുരയിൽ അധ്യക്ഷനായിരുന്നു. ജനറൾ കൺവീനർ ഡീക്കൻ അനിൽ ലൂക്കോസ് ഒഴുകയിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. അഭിവന്ദ്യ മൂലക്കാട്ട് പിതാവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, MP മൈക്ക് കേയ്ൻ, KCC അതി രൂപതാ സെക്രട്ടറി ശ്രീ ബേബി മുളവേലിപ്പുറത്ത്, എന്നിവർ കൂടാതെ മിഷൻ പ്രതിനിധികളും വേദിയിൽ സന്നിഹിതരായിരുന്നു.

ക്നാനായ സിംഫണി, ഭക്തി സാന്ദ്രമായ choir, ക്നാനായ തനിമയും പാമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ, അഭിവന്ദ്യ മൂലക്കാട്ട് പിതാവിനോടും വൈദികരോടും ഒപ്പമുള്ള ബറുമറിയം ആലാപനം തുടങ്ങിയവ മാഞ്ചെസ്റ്ററിലെ Audacious church ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് ക്നാനായ ജനങ്ങൾക്ക് സന്തോഷ വിരുന്നൊരുക്കി. വരും വർഷങ്ങളിലും ഇതുപോലുള്ള ഒത്തുചേരൽ സാധ്യമാകുമെന്ന് പ്രഖ്യാപിച്ചു.

നാളുകൾക്ക് ശേഷം കണ്ടുമുട്ടുന്ന പരിചയക്കാരെ കാണുവാനും സൗഹൃദം പങ്കു വയ്ക്കുവാനും സാധിച്ചത് ഏവർക്കും സന്തോഷേമേകി. സംഘാടക മികവുകൊണ്ടും, വിവിധ കമ്മറ്റികളുടെ അശ്രാന്ത പരിശ്രമം കൊണ്ടും വൻ വിജയമായിത്തീർന്ന വാഴ്‌വ് 2023 ൽ പങ്കെടുത്തവരെല്ലാം നിറഞ്ഞ ഹൃദയത്തോടെയാണ് സമ്മേളന നഗരിയിൽ നിന്നും യാത്രയായത്.

Publicity and Media committee