Skip to content

പരിശുദ്ധ കത്തോലിക്കാ സഭ വിശ്വാസപ്രമാണം രൂപം കൊള്ളുന്നു ഭാഗം 1

വിശ്വാസ പ്രമാണം: രൂപീകരണത്തിന്റെ പശ്ചാത്തലം

ഏതൊരു സംഘടനയ്ക്കും അതിന്റേതായ നിയമസംഹിതയുണ്ട്. അംഗങ്ങൾ അതു സ്വീകരിച്ച് അതനുസരിച്ചു സംഘടനയിൽ തുടരണം. സംഘടനയിൽ അംഗമായിരിക്കുന്നിടത്തോളംകാലം അതിലെ നിയമങ്ങൾ പാലിച്ചു ജീവിക്കണം. ഇതൊരു സാധാരണ നിയമം ആണല്ലോ?

പരിശുദ്ധ കത്തോലിക്കാ സഭ ഒരു സംഘടനയല്ല. അതൊരു ദൈവീക സംവിധാനമാണ്. എങ്കിലും, മനുഷ്യരാണ് അതിലെ അംഗങ്ങൾ. അതുകൊണ്ട് അവിടെ നിയമ സംവിധാനമുണ്ട്. അതോടൊപ്പം ഈ നിയമങ്ങളുടെയും അടിസ്ഥാനമായി നിൽക്കുന്ന വിശ്വാസ സംഹിതയുമുണ്ട്. കാരണം, പരിശുദ്ധ കത്തോലിക്കാ സഭയുടെ അടിസ്ഥാനം ത്രിത്വൈക ദൈവത്തിലുള്ള വിശ്വാസമാണ്. ഈ സഭയുടെ തുടക്കം പഴയ നിയമത്തിൽ തന്നെ കാണാം. ദൈവം അബ്രാഹത്തെ വിളിച്ചു അനുഗ്രഹിച്ചു വാഗ്ദാനം നൽകി; അബ്രാഹത്തിൽ തുടങ്ങി ഒരു ദൈവജനത രൂപപ്പെടും എന്നതായിരുന്നു വാഗ്ദാനം. ഈ വാഗ്ദാനത്തിന്റെ പൂർത്തീകരണമായതാണ് യാഹ്വേ വിളിച്ചുകൂട്ടിയ ഇസ്രായേൽ ജനത. സീനായി മലയിൽവെച്ചു ദൈവം മോശ വഴി നൽകിയ കൽപ്പനകളായിരുന്നു ഈ ഇസ്രായേൽ ജനത്തിന്റെ ജീവിത നിയമം. ‘നിങ്ങൾ എൻ്റെ ജനവും ഞാൻ നിങ്ങളുടെ ദൈവമാണെന്ന്’ അവർ ഉറച്ച വിശ്വസിച്ചു. മോശവഴി നൽകിയ കൽപ്പനകൾ പാലിച്ച് ഇസ്രായേൽജനം ജീവിച്ചുപോന്നു. ഈ ജനത്തെ ദൈവം ഒരുക്കിയത് തൻ്റെ ഏകജാതനും മാനവരക്ഷകനുമായ ഈശോമിശിഹായെ രക്ഷകനായി നൽകുവാനായിട്ടായിരുന്നു. കാലത്തിൻ്റെ തികവിൽ ദൈവപുത്രൻ മനുഷ്യനായി പിറന്നു. ദൈവ നിശ്ചയപ്രകാരം ഈശോ എന്ന അവൻ പേരു വിളിക്കപ്പെട്ടു. അതോടെ പിതാവായ ദൈവത്തിൻ്റെ പഴയ നിയമത്തിൽ തുടങ്ങിയുള്ള രക്ഷാകര പദ്ധതി പുത്രനായ ഈശോമിശിഹായിലൂടെ മറ്റൊരു മാനത്തിലേക്കു കടന്നു. “തൻ്റെ ഏകജാതനെ നൽകുവാൻ തക്കവിധം ഈ ലോകത്തെ അത്രയധികം സ്നേഹിച്ച ദൈവം” (യോഹ 3, 16) തൻ്റെ പുത്രന്റെതന്നെ രക്തത്തിലുള്ള ബലിയിൽ പുതിയ ഇസ്രായേലിനു തുടക്കംകുറിച്ചു. ദൈവപുത്രനായ ഈശോമിശിഹായുടെ ഉത്ഥാനത്തിന്റെ അൻപതാം നാളിൽ പരിശുദ്ധാത്മാവിനാൽ മുദ്രിതരാക്കി ഈ ജനത്തെ സഭയാക്കി രൂപാന്തരപ്പെടുത്തി.

സഭ: പുതിയ ഇസ്രായേൽ ജനം

പഴയനിയമ ഇസ്രായേൽ ജനത യാഹ്വേ തെരഞ്ഞെടുത്ത ജനമായിരുന്നു. മാനവ രക്ഷയ്ക്കായി പിറന്ന ദൈവപുത്രനായ മിശിഹായുടെ പെസഹാരഹസ്യങ്ങളിലൂടെ ഈ ഇസ്രായേൽ ജനത്തിന് പുതിയ രൂപവും ഭാവവും കൈവന്നു. ഈ പുതിയ ഇസ്രായേൽ ജനമാണു മിശിഹായുടെ നാമത്തിൽ രൂപപ്പെട്ട പുതിയ ഇസ്രായേൽജനമായ സഭ. ഈ സഭയും പഴയനിയമ ജനത പോലെ വിളിച്ചുകൂട്ടപ്പെട്ട ജനമാണ്. എന്നാൽ അതിൻറെ പ്രത്യേകത ഈ സഭ “പിതാവായ ദൈവം പുത്രന്റെ നാമത്തിൽ പരിശുദ്ധാത്മാവിൽ വിളിച്ചുകൂട്ടിയ രക്ഷിക്കപ്പെട്ട ദൈവജനമാണെ”ന്നതാണ്.

ഈ സഭാ സ്ഥാപനത്തെ ഇങ്ങനെ നമുക്ക് മനസ്സിലാക്കാം. സഭ സ്ഥാപിക്കാനായിട്ടുള്ള ദൈവത്തിൻ്റെ ആഗ്രഹം അബ്രാഹത്തിൽ തുടങ്ങി; ഒരു കുടുംബ ചരിത്രമായി ആരംഭിച്ചു; ഒരു ജനതതിയായി രൂപാന്തരപ്പെടുത്തി; തുടർന്ന് അതൊരു ദേശത്തിൻ്റെ കഥയായി മാറി; ഒരു ജനതയെ രൂപപ്പെടുത്തി; .

അതാണ് ഇസ്രായേൽ ജനം. ഇസ്രായേൽ ജനത്തെ ദൈവം ദൈവപുത്രനെ സ്വീകരിക്കുവാൻ ഒരുക്കി. മനുഷ്യനായി പിറന്ന ദൈവപുത്രനായ ഈശോമിശിഹായുടെ കുരിശു മരണത്തിലും ഉത്ഥാനത്തിലും ഈ ജനത്തെ വിശുദ്ധീകരിച്ചു; മിശിഹായുടെ ഉത്ഥാനത്തിന് അമ്പതാം നാൾ പെന്തക്കുസ്താ ദിനത്തിൽ ഭൂമിയിൽ ഈ സഭ ലോകരക്ഷയുടെ സാർവത്രിക കൂദാശയായി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. പെന്തക്കോസ്താ ദിനമാണ് ദൈവത്തിൻ്റെ ഈ സഭയുടെ ഭൂമിയിലെ ജന്മദിനം

ആദിമ സഭയുടെ പ്രത്യേകത

പെന്തക്കോസ്താനാളിൽ ഉദ്ഘാടനം ചെയ്യപ്പെട്ട സഭയിലെ അംഗങ്ങൾ സെഹിയോൻ മാളികയിൽ ഒരുമിച്ച് പ്രാർത്ഥനയിൽ ചിലവഴിച്ച 11 ശ്ലീഹന്മാരും ദൈവപുത്രന്റെ അമ്മയായ കന്യകാമറിയവുമായിരുന്നു. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ (നടപടി 2, 1-4) ശ്ലീഹന്മാരുടെ പ്രസംഗം കേട്ട് ആദ്യദിവസം തന്നെ 3000 ത്തോളം യഹൂദർ ഈശോയിൽ വിശ്വസിച്ചു. ഈ ജനമാണ് ജെറുസലേമിൽ പിറന്ന ആദ്യത്തെ ക്രിസ്തീയ സഭ. ശ്ലീഹന്മാരെല്ലാവരും ഈ സഭയുടെ ബാല്യകാലത്തു സന്നിഹിതരായിരുന്നുവെങ്കിലും വിശുദ്ധ പത്രോസും യാക്കോബുമാണ് ജെറുസലേമിലെ ഈ സഭയെ വളർത്തിയത്.

ഈ സഭ അസ്തോലന്മാർ ഈശോയുടെ വചനങ്ങൾ വായ്മൊഴിയായി പഠിപ്പിച്ചു. തങ്ങൾ കണ്ടതും കേട്ടതും തൊട്ടതും അനുഭവിച്ചതും അവരുമായി പങ്കുവെച്ചു. ദൈവപുത്രനായ ഈശോമിശിഹായിലുള്ള വിശ്വാസത്തിൽ അവരെ ഉറപ്പിച്ചു നിർത്തി. യഹൂദരിൽനിന്നു ക്രിസ്തു വിശ്വാസം സ്വീകരിച്ച ഈ സഭയിലെ അംഗങ്ങളെ യഹൂദ ക്രിസ്ത്യാനികൾ എന്നാണ് അറിയപ്പെട്ടിരുന്നത്

ഈ ക്രിസ്തീയ സമൂഹം അഞ്ചു കാര്യങ്ങൾ കുറവു കൂടാതെ അനുഷ്ഠിച്ചു പോന്നു.

1. ദൈവപുത്രനായ ഈശോമിശിഹായുടെ നാമത്തിലുള്ള കൂട്ടായ്മയായി അവർ ഒരുമിച്ചു കൂടിയിരുന്നു

2. ശ്ലീഹന്മാരുടെ പഠനങ്ങൾ വിശ്വസ്തതയോടെ സ്വീകരിക്കുകയും അത് അവരുടെ ജീവിത നിയമമായി പാലിക്കുകയും ചെയ്തു പോന്നു

3. ഈശോമിശിഹായുടെ നാമത്തിൽ വിളിച്ചുകൂട്ടിയ ഈ ദൈവജനം ആഴ്ചയുടെ ആദ്യദിനം ഒരുമിച്ചുകൂടി കർത്താവിൻ്റെ കുരിശിലെ ബലിയുടെ തുടർച്ചയും അനുസ്മരണവുമായി ശ്ലീഹന്മാരുടെയോ അവർ നിയോഗിച്ചവരുടെയോ നേതൃത്വത്തിൽ അപ്പം മുറിക്കൽ ശുശ്രൂഷ നടത്തിയിരുന്നു

4. അപ്പം മുറിക്കൽ കൂടാതെയുള്ള കൂട്ടായ്മകളിൽ അവർ ശ്ലീഹന്മാരുടെ നേതൃത്വത്തിൽ നിരന്തരം പ്രാർത്ഥനയിൽ സമയം ചെലവഴിച്ചിരുന്നു

5. എല്ലാവരുടെയും സ്വത്തുവകകൾ എല്ലാവരുടേതുമായി പങ്കുവെച്ച് ജീവിതം തുടർന്നു.

ആദിമസഭയുടെ വിശ്വാസം

പെന്തക്കോസ്താനാളിൽ പരിശുദ്ധാത്മാവിൽ നിറഞ്ഞ ശ്ലീഹന്മാർ ലോകത്തിൻ്റെ നാനാദിക്കുകളിലേക്കും സുവിശേഷ പ്രഘോഷനത്തിനായി പുറപ്പെട്ടു. ശ്ലീഹന്മാരുടെ പ്രസംഗം കേട്ട് അനേകായിരങ്ങൾ ദൈവപുത്രനായ മിശിഹായെ രക്ഷകനായ അംഗീകരിച്ചു മാമോദിസ സ്വീകരിച്ചു ക്രിസ്ത്യാനികളായി. അങ്ങനെ പല രാജ്യങ്ങളിലും ക്രിസ്തീയ സഭാകൂട്ടായ്മകൾ രൂപപ്പെട്ടു. ഈ കൂട്ടായ്മകളുടെ എല്ലാം അടിസ്ഥാനവിശ്വാസം പരി. ത്രിത്വത്തിലെ രണ്ടാമത്തെ ആളായി മനുഷ്യനായി പിറന്ന ദൈവപുത്രനായ ഈശോമിശിഹായിൽ കേന്ദ്രീകൃതമായിരുന്നു. ഈ അടിസ്ഥാന വിശ്വാസം ഇങ്ങനെ സമന്വയിക്കാം:

1. ത്രിത്വൈക ദൈവത്തിലുള്ള വിശ്വാസം. ദൈവം ഏകനാണ്; ആ ദൈവത്തിൽ ഒരേ ദൈവസഭവമുള്ള മൂന്നു ദൈവീക ആളുകൾ ഉണ്ടെന്ന വിശ്വാസം

2. ത്രിത്വൈക ദൈവത്തിലെ രണ്ടാമത്തെ ആളായ പുത്രനായ മിശിഹാ കന്യകാമറിയമിൽനിന്നു മനുഷ്യനായി പിറന്നു. മനുഷ്യനായി പിറന്ന ഈശോ പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമായി ഭൂമിയിൽ മാനവമക്കളോടൊപ്പം ജീവിച്ചു എന്ന വിശ്വാസം

3. ഈ ദൈവപുത്രനായ മിശിഹാ പിതാവായ ദൈവത്തിൻ്റെ ഇഷ്ടപ്രകാരം മനുഷ്യകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടി കുരിശിൽ രക്തം ചിന്തി മരിച്ചു; മൂന്നാം നാൾ ഉത്ഥാനം ചെയ്തു

4. ഉത്ഥാനത്തിന്റെ നാല്പതാം നാൾ സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്ത് പിതാവായ ദൈവത്തിൻറെ വലതുഭാഗത്ത് ഉപവിഷ്ടനായി എന്ന വിശ്വാസം

5. ഉത്ഥാനത്തിന്റെ അൻപതാംനാൾ പെന്തക്കുസ്താ ദിനത്തിൽ പിതാവായ ദൈവം പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ ആളായ പരിശുദ്ധാത്മാവിനെ അയച്ച് (യോഹ 14, 26) പുത്രനായ മിശിഹായുടെ നാമത്തിലുള്ള സഭയ്ക്ക് അടിസ്ഥാനമിട്ടു. ഈ പരിശുദ്ധാത്മാവാണ് സഭയിൽ നിലനിന്നുകൊണ്ടു വിശ്വാസികളെ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തുന്നതും കൂദാശകളിലൂടെ വിശുദ്ധീകരിച്ചു നിത്യതയ്ക്കായി ഒരുക്കുന്നതും

6. ത്രിത്വൈക ദൈവത്തിൻറെ നാമത്തിലുള്ള മാമോദിസ സ്വീകരിക്കുന്നതിലൂടെയാണ് ഒരാൾ ക്രിസ്തു സഭയിൽ അംഗമാകുന്നത് എന്ന വിശ്വാസം

7. സഭയിൽ ആയിരുന്നുകൊണ്ട് ഈശോമിശിഹായിള്ള വിശ്വാസത്തിൽ ആഴപ്പെടുന്നതിലൂടെ നിത്യജീവൻ ലഭ്യമാകും എന്ന് അവർ വിശ്വസിച്ചു പോന്നു.

8. ഇത്തരത്തിൽ വിശ്വാസത്തിൽ ഉറപ്പിക്കപ്പെട്ട ദൈവസമൂഹത്തെ ദൈവത്തിൻ്റെ മഹത്വത്തിൽ പങ്കുകാരാക്കുവാൻ (2 പത്രോസ് 1, 4) പുത്രനായ മിശിഹാ മഹത്വത്തിൽ പ്രത്യക്ഷപ്പെട്ടു പിതാവിൻറെ ഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോകും.

ഈ വിശ്വാസം എല്ലാ ക്രിസ്ത്യാനികളും വിശ്വസിച്ചു പോന്നു എങ്കിലും, ക്രമേണ ഈ വിശ്വാസത്തിൽ ആഴപ്പെടാത്തവർ മറ്റു പല തത്വസഹിതകളുടെയും സ്വാധീനത്തിൽ പരിശുദ്ധ ത്രിത്വത്തെകുറിച്ചും പുത്രനായ മിശിഹായുടെയും പരിശുദ്ധാത്മാവിൻ്റെയും ദൈവികതയെക്കുറിച്ചും സംശയങ്ങൾ ഉന്നയിച്ചു തുടങ്ങി. ഇതിനു നേതൃത്വം കൊടുത്തവർ ക്രമേണ വിശ്വാസ വിരുദ്ധ പഠനങ്ങൾ (heretical teachings) നടത്തുകയും ഈ പഠനങ്ങൾ പിന്തുടർന്നവരെ വിശ്വാസവിരുദ്ധ പ്രസ്ഥാനങ്ങ (sects) ളാക്കി രൂപപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യങ്ങൾ മനസ്സിലാക്കിയ സഭാധികാരികൾ

സഭയുടെ വിശ്വാസം ഔദ്യോഗികമായി പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി. താമസംവിന സഭയിൽ ചക്രവർത്തിമാരുടെ സഹായത്തോടെ സൂനഹദോസുകൾ വിളിച്ചുകൂട്ടി. സൂനഹദോസുകളിൽ യഥാർത്ഥ വിശ്വാസസത്യങ്ങൾ ഏതൊക്കെയാണെന്ന് സഭാ പിതാക്കന്മാർ പഠിപ്പിച്ച. ഇതിൻ്റെ വെളിച്ചത്തിൽ ഒരുമിച്ചു കൂടിയ മെത്രാന്മാർ വിശ്വാസസത്യങ്ങൾ ക്രോഡീകരിക്കുകയും നിർവചിക്കുകയും ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. (തുടരും……)

ബെന്നി ഓണശ്ശേരിയെയും അഭിലാഷ് മൈലപ്പറമ്പിലിനെയും ആദരിച്ചു

ബെർമിംഗ്ഹാം ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക് മിഷൻ കൈക്കാരൻമാരായി 2024-25 -ഇൽ സേവനം അനുഷ്ഠിച്ച ശ്രീ ബെന്നി ഓണശ്ശേരിക്കും ശ്രീ അഭിലാഷ് മൈലപ്പറമ്പിലിനും

ക്രിസ്തുരാജന്റെ രാജത്വ തിരുനാൾ സെപ്റ്റംബർ 21-ന്

ബെർമിംഗ്ഹാം ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക് മിഷനിൽ ഇടവക മധ്യസ്ഥനായ ക്രിസ്തുരാജന്റെ രാജത്വ തിരുനാൾ സെപ്റ്റംബർ 21 ഞായറാഴ്ച സമുചിതമായി ആഘോഷിക്കുന്നു. ശ്രീ

യോർക്ക് ഷെയർ സെന്റ് തോമസ് മിഷനിൽ ലിജിയൻ ഓഫ് മേരിക്ക് തുടക്കമായി

യോർക് ഷൈറിലെ സെന്റ് തോമസ് മിഷനിൽ ലിജിയൻ ഓഫ് മേരി രൂപീകൃതമായി. മരിയൻ സൈന്യത്തിലെ അംഗങ്ങൾ ആകാൻ പരിശുദ്ധ അമ്മയുടെ പ്രത്യേക അനുഗ്രഹത്താൽ തിരഞ്ഞെടുക്കപ്പെട്ട

Vazhvu 2025 Ticket Kickoff Held at St. Anthony’s Knanaya Mission, Wales

The official ticket kickoff for Vazhvu 2025 took place at St. Anthony’s Knanaya Catholic Mission in Wales on