തിരുനാൾ കർമങ്ങൾക്ക് ശേഷം നടന്ന മീറ്റിംഗിൽ വച്ച് കഴിഞ്ഞ 5 വർഷക്കാലം മിഷന്റെ കൈക്കാരൻമാരായിരുന്ന ബെന്നി ഫിലിപ്പ് തങ്കച്ചൻ കനകാലയം എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. ശേഷം മിഷന്റെ ക്വയർ ടീമിനെയും, തിരുനാൾ കൺവീനർ ജോസ്മോൻ, ജോൺ തോമസ്, ജിജോ തോമസ്, ജോർജ് തൊട്ടിമ്യാലിൽ എന്നിവരെയും പ്രത്യേകം അനുമോദിച്ചു. അനുഗ്രഹദായകവും വിശ്വാസ ദീപ്തവും ഒപ്പം സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും സുദിനമായി മാറിയ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിയ എല്ലാവര്‍ക്കും തിരുനാള്‍ കമ്മറ്റി കണ്‍വീനർ ജോസ്മോൻ വലിയവെളിച്ചത്തിൽ നന്ദി പ്രകാശിപ്പിച്ചു.

തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിയവര്‍ക്ക് സ്‌നേഹവിരുന്നും തിരുനാൾ കമ്മറ്റി ക്രമീകരിച്ചിരുന്നു. മിഷനുവേണ്ടിയുള്ള ഫണ്ട് റെയ്‌സിംഗിന്റെ ഭാഗമായി ടിജോ ലൂക്കോസിന്റെ നേതൃത്വത്തിൽ ഗെയിംസും, ലേലം വിളിയും സംഘടിപ്പിച്ചിരുന്നു. വൈകുന്നേരം 3 മണിയോടെ മിഷൻ കോർഡിനേറ്റർ കൊടിയിറക്കിയതോടുകൂടി ഈ വർഷത്തെ ഇടവക തിരുനാളിന് പരിസമാപ്തിയായി.
തിരുനാളിന് മുന്നോടിയായി 41 അംഗ പ്രസുദേന്തിമാരെയും മിഷൻകമ്മിറ്റി അംഗങ്ങളെയും ഇടവക ജനങ്ങളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച വിവിധ കമ്മറ്റികളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് തിരുനാള്‍ ആഘോഷങ്ങളുടെ വലിയവിജയത്തിന് സഹായകരമായത്.
തിരുനാള്‍ ക്രമീകരണങ്ങളുടെ വിവിധ കമ്മറ്റികളുടെ നേതൃനിരയിലുണ്ടായിരുന്നവരെ കൈക്കാരന്മാരായ ജെയിംസ് ജോസഫ്, അലക്സ് ഒറവണക്കളം, ബിനുമോൾ ഷിബു എന്നിവര്‍ അഭിനന്ദിച്ചു. കേരളത്തില്‍നിന്നും വെയിൽസിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന വിശ്വാസി സമൂഹത്തിന്റെ സാന്നിധ്യവും പ്രാര്‍ത്ഥനകളും ഈ തിരുനാളിലുണ്ടായത് മിഷൻ അംഗങ്ങളുടെ കൂട്ടായ്മയും സ്‌നേഹവും വിളിച്ചോതുന്നതും അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണെന്നും തിരുനാള്‍ കമ്മറ്റി വിലയിരുത്തി.