ഒക്ടോബർ 4 ന് ബർമിംഗ്ഹാമിൽ നടക്കുന്ന വാഴ്‌വ് 2025 ലെ “വീടൊരുക്കാം വാഴ്‌വിലൂടെ “ എന്ന പുണ്യ പദ്ധതിക്ക് പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തു ലഭിച്ച തുകയിൽ നിന്നും 200 പൗണ്ട് വിലയുളള 2 ഗോൾഡൻ ടിക്കറ്റുകൾ വാങ്ങി ഈ ഉദ്യമത്തിന് പങ്കാളികളായി ഏവർക്കും മാതൃക ആയിരിക്കുകയാണ് ഹോളി കിങ്‌സ് മിഷനിലെ യുവതി യുവാക്കൾ .
ഹോളി കിങ്‌സ് മിഷനിലെ വൂസ്റ്റർ ഭാഗത്തു താമസിക്കുന്ന പഠനത്തോടൊപ്പം ജോലി ചെയ്യുന്ന പുതു തലമുറയും , നാട്ടിൽ നിന്നും പഠനത്തിനും ജോലിക്കുമായി എത്തി ഹെർഫോർഡിൽ താമസിക്കുന്ന യുവതി യുവാക്കളുമാണ് ഇതിൽ പങ്കാളികളായിരിക്കുന്നത് .
തങ്ങളുടെ പൂർവികരും, മാതാപിതാക്കളും പകർന്നു തന്ന പര സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും നന്മകൾ ആണ് ഈ സൽപ്രവർത്തിക്കു ഇവർക്ക് പ്രചോദനമായത് .
കോട്ടയം അതിരൂപതയുടെ പിതാക്കന്മാർക്കും വൈദികർക്കുമൊപ്പം സഭയേയും സമുദായത്തെയും കണ്ണിലെ കൃഷ്ണമണിപോലെ കാക്കുന്ന കുടിയേറ്റ മഹാരഥൻമാരുടെ പിൻതലമുറക്കാർ ഒഴുകി എത്തുന്ന മഹാ കുടുംബ സംഗമത്തിനുള്ള തയ്യാറെടുപ്പിലും ആകാംഷയിലുമാണ് ഹോളി കിങ്‌സ് മിഷനിലെ മാതാപിതാക്കളും യുവജങ്ങളും.