കെൻ്റിലെ ക്നാനായക്കാരുടെ ആത്മീയ കൂട്ടായ്മയായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ ക്നാനായ കാത്തലിക് മിഷനിൽ മദ്ധ്യസ്ഥനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ്റെ തിരുനാൾ ഒക്ടോബർ പത്തൊമ്പതാം തിയതി സമുചിതമായി ആഘോഷിച്ചു.
ഉച്ചകഴിഞ്ഞ് 2: 30ന് മിഷൻ കോഡിനേറ്റർ ഫാ. അജൂബ് തോട്ടനാനിയിൽ കൈക്കാരന്മാരുടെയും കൺവീനർമാരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ കോടിയേറ്റ് നടത്തി. തുടർന്ന് പ്രസുദേന്തി വാഴ്ചയും, ലദീഞ്ഞും നടത്തപ്പെട്ടു.
തിരുനാളിൽ ബഹുമാനപ്പെട്ട മാത്യൂസ് വലിയപുത്തൻപുര അച്ചൻ്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ചു.
ഓരോ ഇടവക കൂട്ടായ്മയുടെയും നിലനിൽപ്പിനാധാരം ദൈവപരിപാലനയിൽ ഉള്ള വിശ്വാസികളുടെ ആശ്രയമാണ് എന്ന് മാത്യൂസ് അച്ചൻ വചന സന്ദേശത്തിൽ ഓർമിപ്പിച്ചു. വിശുദ്ധ കുർബാനയ്ക്കു ശേഷം ഭക്തിസാന്ദ്രമായി തിരുനാൾ പ്രദക്ഷിണം നടത്തുകയും ശേഷം പരിശുദ്ധ കുർബാനയുടെ ആശിർവാദം നടത്തപ്പെടുകയും ചെയ്തു. ഈ വർഷം സൺഡേ സ്കൂൾ പരീക്ഷയിൽ സമ്മാനാർഹരായവർക്ക് അവാർഡുകൾ വിതരണം ചെയ്തു. അതോടൊപ്പം ബൈബിൾ കയ്യെഴുത്ത്പ്രതി തയ്യാറാക്കുവാൻ സഹായിച്ച എല്ലാവരെയും അനുമോദിച്ചു.
തിരുനാളിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് പ്രത്യേകിച്ച് കൈക്കാരന്മാർക്കും, ലിജിയൻ ഓഫ് മേരിയിലെ അംഗങ്ങൾക്കും, മറ്റ് തിരുനാൾ കമ്മിറ്റി അംഗങ്ങൾക്കും, പ്രസുദേന്തിമാർക്കും കമ്മിറ്റി തിരുനാൾ കൺവീനർ സിജു ചാക്കോ നന്ദി അറിയിച്ചു. സ്വാദിഷ്ടമായ സ്നേഹവിരുന്ന് തിരുനാളിൻ്റെ മാറ്റ് കൂട്ടുകയും സൗഹൃദം പുതുക്കുവാനുള്ള അവസരവുമായിരുന്നു.



