വെയിൽസിലെ സെന്റ് ആന്റണീസ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനു കീഴിലുള്ള വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ ഒക്ടോബർ 10 മുതൽ ഭവനങ്ങളിൽ നടന്നുവന്ന ‘കൊന്തപ്പത്ത് ആചരണത്തിന്’ ഭക്തിനിർഭരമായ പരിസമാപ്തി. ഒക്ടോബർ 19, ഞായറാഴ്ച, കാർഡിഫിലെ സെന്റ് ഇല്റ്റിഡ്സ് ചാപ്പലിൽ വച്ച് രാവിലെ 9:45 ന് ആരംഭിച്ച ആരാധനയ്ക്കും തുടര്‍ന്നുള്ള വി. കുര്‍ബാനയ്ക്കും മിഷൻ കോർഡിനേറ്റർ ഫാ. ജിബിൻ പാറടിയിൽ മുഖ്യ കര്‍മ്മികനായിരുന്നു. വിശുദ്ധ കുർബാനയുടെ ഭാഗമായുള്ള സമർപ്പണ ഘട്ടത്തിൽ, ലീജൻ ഓഫ് മേരി അംഗങ്ങൾ കത്തിച്ച മെഴുകുതിരികളും കുട്ടികൾ ഒരുക്കിയ മാതാവിന്റെ ചിത്രങ്ങളും മിനി ഗ്രോട്ടോകളും ഭക്തിനിർഭരമായി സമർപ്പിച്ചു.
കുര്‍ബാനയ്ക്ക് ശേഷം ലീജൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ ജപമാലയും, ശേഷം ലദീഞ്ഞും നടന്നു. മാതാവിനോടുള്ള സ്‌നേഹം പകർന്നെടുത്തുകൊണ്ടുള്ള മുതിർന്ന കുട്ടികളുടെ ജപമാല രാജ്ഞിയെക്കുറിച്ചുള്ള പ്രെസന്റേഷൻ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ആചരണങ്ങള്‍ അവസാനിച്ചതിനു ശേഷം എല്ലാ പങ്കെടുത്തവർക്കും നേർച്ചഭക്ഷണം ഒരുക്കിയിരുന്നു. ഭവനങ്ങളില്‍ നടന്ന പത്ത് ദിവസങ്ങളുടെ പ്രാര്‍ത്ഥനാനുഭവങ്ങളും, ജപമാല രാജ്ഞിയുടെ തിരുസ്നേഹത്തില്‍ ഒരുമിച്ചുള്ള ഈ സമാപനാചരണവും, വെയിൽസിലെ ക്നാനായ സമൂഹത്തിന് ആത്മീയ ശക്തിയും ഐക്യബോധവും പകരുന്ന ഒരു അനുഭവമായി.



