ക്നാനായ കാത്തലിക് മിഷൻസ് യു.കെയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു

ക്നാനായ കാത്തലിക് മിഷൻസ് യു.കെയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു

യു.കെയിലെ ക്നാനായ കത്തോലിക്കാ വിശ്വാസ സമൂഹത്തിൻ്റെ സഭാസംവിധാനമായ ക്നാനായ കാത്തലിക് മിഷൻസ് യു.കെ യ്ക്ക് പുതിയ ലോഗോ നിലവിൽ വന്നു. യു.കെയിലെ ക്നാനായ കത്തോലിക്കരുടെ അചഞ്ചലമായ സഭാവിശ്വാസത്തെയും കുടിയേറ്റ ജനതയുടെ പാരമ്പര്യ അനുഷ്ഠാനങ്ങളെയും ആവിഷ്കരിക്കുന്നതരത്തിലാണ് ലോഗോ വിഭാവനം ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ടിൻ്റെ സാംസ്കാരിക പ്രതീകവും എൻജിനിയറിംഗ് വിസ്മയവുമായ ലണ്ടൻ ബ്രിഡ്ജ് കുടിയേറ്റ നാടിനെ പ്രതീകവൽക്കരിക്കുന്നതോടൊപ്പം പരസ്പര സഹകരണത്തിൻ്റെയും ബന്ധങ്ങളുടെയും പ്രതീകവുമാണ്. തെംസ് നദിയിലൂടെ കത്തോലിക്കാ തിരുസഭയുടെ പേപ്പൽ പതാകയും വഹിച്ചു നീങ്ങുന്ന പായ്ക്കപ്പൽ AD-345 ലെ കൊടുങ്ങല്ലൂർ കുടിയേറ്റത്തെയും ക്നാനായക്കാരുടെ തുടർ കുടിയേറ്റങ്ങളെയും സൂചിപ്പിക്കുന്നു. പായ്ക്കപ്പലിൽ ആലേഖനം ചെയ്തിരിക്കുന്ന പരിശുദ്ധ തിരുഹൃദയം വിശ്വാസ സമൂഹത്തെ നമ്മുടെ കർത്താവിൻ്റെ തിരുഹൃദയത്തോടു ചേർത്തു വച്ച് നിരന്തരം വിശുദ്ധീകരിക്കുന്നതിൻ്റെ സൂചനയാണ്. പായ്ക്കപ്പലിൻ്റെ മുൻപിലായി തന്നെ സ്ഥാപിച്ചിരിക്കുന്ന മാർതോമാ കുരിശ് ക്നാനായക്കാരുടെ സുറിയാനി പാരമ്പര്യത്തേയും സീറോമലബാർ റീത്തിനെയും ആണ് സൂചിപ്പിക്കുന്നത്. പ്രഭാകിരണം ചൊരിയുന്ന പ്രാവ് ക്നാനായ കത്തോലിക്കാ വിശ്വാസ സമൂഹത്തിന് സംരക്ഷണമൊരുക്കുന്ന പരിശുദ്ധാത്മാവിൻ്റെ പ്രതീകമാണ്. ലോഗായിൽ ആലേഖനം ചെയ്തിരിക്കുന്ന പന്ത്രണ്ട് നക്ഷത്രങ്ങൾ പരിശുദ്ധ കന്യകാമാതാവിൻ്റെ കിരീടത്തിലെ പന്ത്രണ്ടു താരകങ്ങളായ ഇസ്രായേൽ ഗോത്രങ്ങളേയും പന്ത്രണ്ടു ക്രിസ്തുശിഷ്യന്മാരെയും പ്രതിനിധീകരിക്കുന്നു. വചനാധിഷ്ഠിത ജീവിതത്തിൻ്റെ പ്രാധാന്യം ഉത്ഘോഷിക്കുന്നതാണ് തുറന്നുവച്ച വിശുദ്ധ വേദപുസ്തകം. അതിൽ ആലേഖനം ചെയ്തിരിക്കുന്നത് യു.കെ ക്നാനായ മിഷൻ്റെ മോട്ടോ ആയ ‘വിശ്വാസത്തിലും പാരമ്പര്യത്തിലും ഒരുമയോടെ’ എന്ന പ്രഖ്യാപിത വാചകമാണ്.

പുറത്ത് നമസ്കാരം ഷെഫീൽഡിൽ ഫെബ്രുവരി 22 ന്

ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളിയുടെ കൽക്കുരിശിങ്കൽ മൂന്ന് നോമ്പിനോടനുബന്ധിച്ച് നടത്തിവരാറുള്ള പുറത്ത് നമസ്കാരം ക്നാനായക്കാർ കുടിയേറിയ സ്ഥലങ്ങളിലെല്ലാം പ്രചുരപ്രചാരം നേടിയ പ്രാർത്ഥനയാണ്. ക്നാനായ കാത്തലിക് മിഷൻസ്, യു.കെയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നടത്തപ്പെട്ട പുറത്ത് നമസ്കാരത്തിന് യു.കെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകം വിശ്വാസികളാണ് പങ്കാളികളായത്. ജനസാന്നിധ്യം കൊണ്ടും പ്രാർത്ഥനാനുഭവം കൊണ്ടും ശ്രദ്ധ നേടിയ പുറത്തു നമസ്കാര പ്രാർത്ഥന ഈ വർഷം ഫെബ്രുവരി 22 ന് ഷെഫീൽഡിലുള്ള സെന്റ് പാട്രിക്ക് പള്ളിയിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. അന്നേ ദിവസം രാവിലെ 11 മണിക്ക് അർപ്പിക്കപ്പെടുന്ന വി.കുർബാനയെ തുടർന്ന് പുറത്ത് നമസ്കാരം എന്ന ഭക്തിസാന്ദ്രമായ പ്രാർത്ഥന നടത്തപ്പെടും.

യോനാ പ്രവാചകനിലൂടെ ദൈവം നൽകിയ കല്പന അനുവർത്തിച്ച് നിനവേ നിവാസികൾ തപസ്സും ഉപവാസവും എടുത്ത് പ്രാർത്ഥിച്ച് ദൈവകോപത്തിൽ നിന്നും ശിക്ഷയിൽ നിന്നും രക്ഷനേടുന്ന ഹൃദയസ്പർശിയായ ചരിത്രം പഴയ നിയമ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവഹിതം അവഗണിച്ച് ഓടിപ്പോകുന്ന യോനാ പ്രവാചകൻ മൂന്നുനാൾ മത്സ്യത്തിന്റെ ഉള്ളിൽ കഴിഞ്ഞതിന്റെ അനുസ്മരണവും ഓർമ്മപുതുക്കലും കൂടിയാണ് ഈ മൂന്ന് നോയമ്പ് ആചരണം. വലിയ നോയമ്പിന് മുന്നോടിയായി കടുത്തുരുത്തി വലിയ പള്ളിയുടെ കൽക്കുരിശിനു താഴെ നടത്തപ്പെടുന്ന ക്നാനായക്കാരുടെ തനത് പ്രാർത്ഥനാരീതിയായ പുറത്ത് നമസ്കാര പ്രാർത്ഥനയിൽ ജാതിഭേദമെന്യേ അനേകം ആളുകളാണ് എല്ലാ വർഷവും പങ്കാളികളാകുന്നത്. ഹൃദയസ്പർശിയായ പ്രാർത്ഥനാഗീതങ്ങളും അനുതാപ സങ്കീർത്തനങ്ങളുമാണ് പുറത്തു നമസ്കാര പ്രാർത്ഥനയെ ഏവർക്കും പ്രിയങ്കരമാക്കി തീർക്കുന്നത്. നാഥാ കനിയണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ദൈവത്തിന്റെ കരുണയ്ക്കായി യാചിക്കുവാനും വലിയ നോമ്പിലേയ്ക്ക് ഒരുക്കത്തോടെ പ്രവേശിക്കുവാനും ഈ വരുന്ന ഫെബ്രുവരി 22 ന് ഷെഫീൽഡിൽ നടക്കുന്ന പുറത്തു നമസ്കാര പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥനാചൈതന്യത്തിൽ നിറയുവാനും ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.