ഓർമ്മിക്കുവാനും ഓർമ്മയിൽ സൂക്ഷിക്കുവാനും

ഓർമ്മിക്കുവാനും ഓർമ്മയിൽ സൂക്ഷിക്കുവാനും

നമ്മുടെ പൂർവ്വികരുടെ ഈ സ്നേഹ കൽപന നെഞ്ചിലേറ്റിയ ഒരോ ക്നാനായക്കാരനും ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ബന്ധങ്ങൾ സ്നേഹ ചങ്ങലയിൽ കോർത്തിണക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. യു.കെയിലെ കുടിയേറ്റക്കാരായ ക്നാനായ കത്തോലിക്കർക്ക് തങ്ങളുടെ വിശ്വാസവും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുവാനും വളർത്തുവാനുമായി ദൈവത്താൽ സ്ഥാപിതമായതാണ് നമ്മുടെ ക്നാനായ മിഷനുകൾ. ഈ മിഷനുകളിലെ ക്നാനായ മക്കൾക്ക് തങ്ങളുടെ ബന്ധങ്ങൾ കൂടുതൽ ഇഴയടുപ്പമുള്ളതാക്കുവാൻ ‘തെക്കൻ ടൈംസ്’’ എന്ന പേരിൽ ഒരു ബുള്ളറ്റിൻ ആരംഭിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. മാസത്തിൽ രണ്ട് പ്രാവശ്യം പ്രസിദ്ധീകരിക്കുന്ന ഈ ബുള്ളറ്റിനിലൂടെ നമ്മുടെ മിഷനുകളിലെ വാർത്തകളും ചിത്രങ്ങളും പരസ്പരം അറിയുവാനും അറിയിക്കുവാനും സാധിക്കും.

കൂടുതൽ അറിയുന്നതിനെയാണല്ലോ നാം സ്നേഹിക്കുക. സ്നേഹിക്കുന്നതിനെ ഹൃദയത്തോട് ചേർത്തു നിർത്തും. സത്യസന്ധമായ വാർത്തകളും വിശേഷങ്ങളും നമ്മെ സത്യദൈവത്തോടും സഭയോടും സമുദായത്തോടും കൂടുതൽ അടുപ്പിക്കാൻ സഹായിക്കും. വഴിതെറ്റിക്കുന്ന വാർത്തകളും വ്യാജം വിളമ്പുന്ന മാധ്യമങ്ങളും സോഷ്യൽ മീഡിയായും അപകീർത്തിപ്പെടുത്തുന്ന വ്യാജ പ്രചരണങ്ങളും മറച്ചു പിടിക്കപ്പെടുന്ന സത്യങ്ങളും ഇന്ന് നാം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. സത്യത്തെ തമസ്കരിച്ചുകൊണ്ട് അസത്യങ്ങളും അർത്ഥ സത്യങ്ങളും പ്രചരിപ്പിച്ച് അനേകരെ വഴിതെറ്റിക്കുന്ന സംസ്കാരം അറിഞ്ഞോ അറിയാതെയോ നമ്മെ കാർന്നു തിന്നുന്നു. സ്നേഹബന്ധങ്ങളുടെ ഉഷ്മളത നശിപ്പിക്കാനല്ലാതെ മറ്റൊന്നിനും ഇത് ഉപകരിച്ചിട്ടില്ല.

നമ്മുടെ സന്ദേശങ്ങളും വാർത്തകളും അപരന്റെ നന്മയ്ക്കും വളർച്ചയ്ക്കും കാരണമാകുമ്പോഴാണ് നാം മാലാഖമാരുടെ ദൗത്യം നിർവ്വഹിക്കുന്നവരായി മാറുന്നത്. ഒരു ചരടിൽ കോർത്ത കണ്ണികളായി നമ്മുടെ മിഷനുകളെ അറിയുവാനും പ്രോത്സാഹിപ്പിക്കുവാനും നന്മകൾ സ്വാംശീകരിക്കുവാനും ഈ ബുള്ളറ്റിൻ കാരണമാകട്ടെ.

ഇതിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ചീഫ് എഡിറ്റർ ബഹു. മാത്യൂസ് വലിയപുത്തൻപുരയിൽ അച്ചനെയും ന്യൂസ് എഡിറ്ററായി പ്രവർത്തിക്കുന്ന സഖറിയാ പുത്തൻകളം, ഡിസൈനേഴ്സ് ആയിരിക്കുന്ന ബിജു പന്നിവേലിൽ, ലിജു കാരുപ്ലാക്കിൽ എന്നിവരെയും എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായിരിക്കുന്ന എബി നെടുവാമ്പുഴ, ജോജോ മേലേടം, സോജൻ തോമസ് മുകളേൽ വടക്കേതിൽ, ടൈസ് പറമ്പേട്ട് എന്നിവരെയും ന്യൂസ് റിപ്പോർട്ടേഴ്സായ അലീന തീയ്യത്തേട്ട്, ജിൽസ് നെടുംതൊട്ടിയിൽ, ലിജു പാറാനിക്കൽ, ഷാജി പൂത്തറ, സാജൻ ഈഴാറാത്ത്, സാൻ ജോയി ചാമക്കാലായിൽ, സിമിൽ മാത്യൂ മഞ്ഞനാടിയേൽ, ഫിലിപ്പ് പതിയിൽ എന്നിവരെയും ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു.

ഓർമ്മിക്കുവാനും ഓർമ്മയിൽ സൂക്ഷിക്കുവാനും പങ്കുവയ്ക്കപ്പെടുന്ന സന്തോഷത്തിന്റെ ഇരട്ടിമധുരം നുകരുവാനും നമ്മുടെ തെക്കൻ ടൈംസിന് നിങ്ങളുടെ ഹൃദയത്തിൽ ഒരു സ്ഥാനമുണ്ടാകട്ടെ. ഇതിന്റെ പ്രചുരപ്രചാരകരാകുവാൻ എല്ലാവരും പരിശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ ബുള്ളറ്റിന് എല്ലാവിധ ദൈവാനുഗ്രഹങ്ങളും നന്മകളും ആശംസിച്ചുകൊണ്ട് ഈ പതിപ്പ് എല്ലാവർക്കുമായി സവിനയം സമർപ്പിക്കുന്നു.

ഫാ. സുനി പടിഞ്ഞാറേക്കര

എപ്പാർക്കിയൽ കോ-ഓർഡിനേറ്റർ, ക്നാനായ കാത്തലിക് ഫെയിത്ത്‍ഫുൾ, യു.കെ

ക്നാനായ കാത്തലിക് മിഷൻസ് യു.കെയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു

ക്നാനായ കാത്തലിക് മിഷൻസ് യു.കെയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു

യു.കെയിലെ ക്നാനായ കത്തോലിക്കാ വിശ്വാസ സമൂഹത്തിൻ്റെ സഭാസംവിധാനമായ ക്നാനായ കാത്തലിക് മിഷൻസ് യു.കെ യ്ക്ക് പുതിയ ലോഗോ നിലവിൽ വന്നു. യു.കെയിലെ ക്നാനായ കത്തോലിക്കരുടെ അചഞ്ചലമായ സഭാവിശ്വാസത്തെയും കുടിയേറ്റ ജനതയുടെ പാരമ്പര്യ അനുഷ്ഠാനങ്ങളെയും ആവിഷ്കരിക്കുന്നതരത്തിലാണ് ലോഗോ വിഭാവനം ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ടിൻ്റെ സാംസ്കാരിക പ്രതീകവും എൻജിനിയറിംഗ് വിസ്മയവുമായ ലണ്ടൻ ബ്രിഡ്ജ് കുടിയേറ്റ നാടിനെ പ്രതീകവൽക്കരിക്കുന്നതോടൊപ്പം പരസ്പര സഹകരണത്തിൻ്റെയും ബന്ധങ്ങളുടെയും പ്രതീകവുമാണ്. തെംസ് നദിയിലൂടെ കത്തോലിക്കാ തിരുസഭയുടെ പേപ്പൽ പതാകയും വഹിച്ചു നീങ്ങുന്ന പായ്ക്കപ്പൽ AD-345 ലെ കൊടുങ്ങല്ലൂർ കുടിയേറ്റത്തെയും ക്നാനായക്കാരുടെ തുടർ കുടിയേറ്റങ്ങളെയും സൂചിപ്പിക്കുന്നു. പായ്ക്കപ്പലിൽ ആലേഖനം ചെയ്തിരിക്കുന്ന പരിശുദ്ധ തിരുഹൃദയം വിശ്വാസ സമൂഹത്തെ നമ്മുടെ കർത്താവിൻ്റെ തിരുഹൃദയത്തോടു ചേർത്തു വച്ച് നിരന്തരം വിശുദ്ധീകരിക്കുന്നതിൻ്റെ സൂചനയാണ്. പായ്ക്കപ്പലിൻ്റെ മുൻപിലായി തന്നെ സ്ഥാപിച്ചിരിക്കുന്ന മാർതോമാ കുരിശ് ക്നാനായക്കാരുടെ സുറിയാനി പാരമ്പര്യത്തേയും സീറോമലബാർ റീത്തിനെയും ആണ് സൂചിപ്പിക്കുന്നത്. പ്രഭാകിരണം ചൊരിയുന്ന പ്രാവ് ക്നാനായ കത്തോലിക്കാ വിശ്വാസ സമൂഹത്തിന് സംരക്ഷണമൊരുക്കുന്ന പരിശുദ്ധാത്മാവിൻ്റെ പ്രതീകമാണ്. ലോഗായിൽ ആലേഖനം ചെയ്തിരിക്കുന്ന പന്ത്രണ്ട് നക്ഷത്രങ്ങൾ പരിശുദ്ധ കന്യകാമാതാവിൻ്റെ കിരീടത്തിലെ പന്ത്രണ്ടു താരകങ്ങളായ ഇസ്രായേൽ ഗോത്രങ്ങളേയും പന്ത്രണ്ടു ക്രിസ്തുശിഷ്യന്മാരെയും പ്രതിനിധീകരിക്കുന്നു. വചനാധിഷ്ഠിത ജീവിതത്തിൻ്റെ പ്രാധാന്യം ഉത്ഘോഷിക്കുന്നതാണ് തുറന്നുവച്ച വിശുദ്ധ വേദപുസ്തകം. അതിൽ ആലേഖനം ചെയ്തിരിക്കുന്നത് യു.കെ ക്നാനായ മിഷൻ്റെ മോട്ടോ ആയ ‘വിശ്വാസത്തിലും പാരമ്പര്യത്തിലും ഒരുമയോടെ’ എന്ന പ്രഖ്യാപിത വാചകമാണ്.

പുറത്ത് നമസ്കാരം ഷെഫീൽഡിൽ ഫെബ്രുവരി 22 ന്

ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളിയുടെ കൽക്കുരിശിങ്കൽ മൂന്ന് നോമ്പിനോടനുബന്ധിച്ച് നടത്തിവരാറുള്ള പുറത്ത് നമസ്കാരം ക്നാനായക്കാർ കുടിയേറിയ സ്ഥലങ്ങളിലെല്ലാം പ്രചുരപ്രചാരം നേടിയ പ്രാർത്ഥനയാണ്. ക്നാനായ കാത്തലിക് മിഷൻസ്, യു.കെയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നടത്തപ്പെട്ട പുറത്ത് നമസ്കാരത്തിന് യു.കെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകം വിശ്വാസികളാണ് പങ്കാളികളായത്. ജനസാന്നിധ്യം കൊണ്ടും പ്രാർത്ഥനാനുഭവം കൊണ്ടും ശ്രദ്ധ നേടിയ പുറത്തു നമസ്കാര പ്രാർത്ഥന ഈ വർഷം ഫെബ്രുവരി 22 ന് ഷെഫീൽഡിലുള്ള സെന്റ് പാട്രിക്ക് പള്ളിയിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. അന്നേ ദിവസം രാവിലെ 11 മണിക്ക് അർപ്പിക്കപ്പെടുന്ന വി.കുർബാനയെ തുടർന്ന് പുറത്ത് നമസ്കാരം എന്ന ഭക്തിസാന്ദ്രമായ പ്രാർത്ഥന നടത്തപ്പെടും.

യോനാ പ്രവാചകനിലൂടെ ദൈവം നൽകിയ കല്പന അനുവർത്തിച്ച് നിനവേ നിവാസികൾ തപസ്സും ഉപവാസവും എടുത്ത് പ്രാർത്ഥിച്ച് ദൈവകോപത്തിൽ നിന്നും ശിക്ഷയിൽ നിന്നും രക്ഷനേടുന്ന ഹൃദയസ്പർശിയായ ചരിത്രം പഴയ നിയമ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവഹിതം അവഗണിച്ച് ഓടിപ്പോകുന്ന യോനാ പ്രവാചകൻ മൂന്നുനാൾ മത്സ്യത്തിന്റെ ഉള്ളിൽ കഴിഞ്ഞതിന്റെ അനുസ്മരണവും ഓർമ്മപുതുക്കലും കൂടിയാണ് ഈ മൂന്ന് നോയമ്പ് ആചരണം. വലിയ നോയമ്പിന് മുന്നോടിയായി കടുത്തുരുത്തി വലിയ പള്ളിയുടെ കൽക്കുരിശിനു താഴെ നടത്തപ്പെടുന്ന ക്നാനായക്കാരുടെ തനത് പ്രാർത്ഥനാരീതിയായ പുറത്ത് നമസ്കാര പ്രാർത്ഥനയിൽ ജാതിഭേദമെന്യേ അനേകം ആളുകളാണ് എല്ലാ വർഷവും പങ്കാളികളാകുന്നത്. ഹൃദയസ്പർശിയായ പ്രാർത്ഥനാഗീതങ്ങളും അനുതാപ സങ്കീർത്തനങ്ങളുമാണ് പുറത്തു നമസ്കാര പ്രാർത്ഥനയെ ഏവർക്കും പ്രിയങ്കരമാക്കി തീർക്കുന്നത്. നാഥാ കനിയണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ദൈവത്തിന്റെ കരുണയ്ക്കായി യാചിക്കുവാനും വലിയ നോമ്പിലേയ്ക്ക് ഒരുക്കത്തോടെ പ്രവേശിക്കുവാനും ഈ വരുന്ന ഫെബ്രുവരി 22 ന് ഷെഫീൽഡിൽ നടക്കുന്ന പുറത്തു നമസ്കാര പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥനാചൈതന്യത്തിൽ നിറയുവാനും ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

യുകെ ക്‌നാനായ കാത്തലിക് മിഷനുകളുടെ നേതൃത്വത്തിൽ പ്രീമാര്യേജ് കോഴ്‌സ് നടത്തപ്പെട്ടു

യുകെ ക്‌നാനായ കാത്തലിക് മിഷനുകളുടെ നേതൃത്വത്തിൽ ക്‌നാനായ യുവതീയുവാക്കൾക്കായി പ്രീ മാര്യേജ് കോഴ്‌സ് നടത്തപ്പെട്ടു. വിവാഹജീവിതത്തിനു വേണ്ടി ഒരുങ്ങുന്ന 32 യുവതീയുവാക്കളാണ് മാക്ളസ്ഫീൽഡിലുള്ള സാവിയോ ഹൗസിൽ വച്ച് മാർച്ച് 7 മുതൽ 9 വരെ നടത്തപ്പെട്ട പ്രീമാര്യേജ് കോഴ്‌സിൽ പങ്കെടുത്തത്. യുകെയിലെ ക്നാനായ കത്തോലിക്കാ കുടുംബങ്ങളുടെ ആത്മീയ വളർച്ചക്കു വേണ്ടി സ്ഥാപിതമായ ഫാമിലി അപ്പൊസ്‌റ്റോലേറ്റിന്റെ നേതൃത്വത്തിലാണ് കോഴ്‌സ് നടത്തപ്പെട്ടത്.

ക്രൈസ്‌തവ വിശ്വാസത്തിലൂടെയും കൗദാശിക ജീവിതത്തിലൂടെയും ഈ ആധുനിക കാലഘട്ടത്തിൽ വിവാഹജീവിതം നേരിടുന്ന വെല്ലുവിളികളെ എങ്ങനെ അതിജീവിക്കാം എന്നതിനെ കുറിച്ചും, ദമ്പതികൾ തമ്മിലുള്ള പരസ്‌പര സ്നേഹത്തിലൂടെ വിവാഹജീവിതത്തെ എങ്ങനെ ഒരു സ്വർഗ്ഗീയ അനുഭമാക്കി മാറ്റം എന്നതിനെക്കുറിച്ചും വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടത്തപ്പെട്ടു. അതോടൊപ്പം വിവാഹജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ സംബന്ധിച്ചു നടത്തപ്പെട്ട കൂട്ടായ ചർച്ചകളും, ക്‌നാനായ സമുദായത്തിന്റെ ഭാവി എങ്ങനെ കത്തോലിക്കാ കുടുംബങ്ങളിലൂടെ സുരക്ഷിതമാക്കാം എന്ന വിഷയത്തിൽ നടത്തിയ ക്ലാസുംഏറെ പ്രയോജനകരമായിരുന്നുവെന്ന് കോഴ്‌സിൽ പങ്കെടുത്തവർ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

ഫാമിലി അപ്പൊസ്‌റ്റോലേറ്റിന്റെ ഡയറക്ടർ ഫാ. ജിൻസ് കണ്ടക്കാട്ടിന്റെ നേതൃത്വത്തിൽ ഫാ. തോമസ് മുളവനാൽ, ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ, ഫാ. ജോഷി കൂട്ടുങ്കൽ, ഷാജി ചരമേൽ, റോയി സ്റ്റീഫൻ കുന്നേൽ, ജോണി മാത്യു, ഷെറി ബേബി, മേബിൾ അനു, സോജി ബിജോ, മിലി രഞ്ജി, ആൻസി ചേലക്കൽ, സിജിമോൻ സിറിയക്ക്, ഡീക്കൻ അനിൽ ലൂക്കോസ് എന്നിവർ ക്ലാസുകൾ നയിച്ചു.

St George Knanaya Catholic Proposed Mission Co-ordinator ആയി നിയമിതനായ ബഹുമാനപ്പെട്ട Ajoob Thottananiyil അച്ചന് സ്വീകരണം നൽകി.

ബ്രിസ്റ്റോൾ:

St George Knanaya Catholic Proposed Mission Co-ordinator ആയി നിയമിതനായ ബഹുമാനപ്പെട്ട
Ajoob Thottananiyil അച്ചന് ഞായറാഴ്ച (21/01/24) നടന്ന വിശുദ്ധ കുർബ്ബാനയ്ക്കുശേഷം മിഷൻ അംഗങ്ങൾ ഒത്തുചേർന്ന് സ്വീകരണം നൽകി.

St Vincent Churchൽ വച്ച് മിഷൻ കൈക്കാരൻ ശ്രീ എബി ജോസ് തൊട്ടിയിൽ അദ്ധ്യക്ഷത വഹിച്ച സ്വീകരണ സമ്മേളനത്തിൽ കൈക്കാരൻ ശ്രീ ജോജി പുഞ്ചാൽ എവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് Catechism Head Teacher ശ്രീ James Philip, കൂടാര യോഗങ്ങളെ പ്രതിനിധീകരിച്ച് സെൻറ് തോമസ് കൂടാരയോഗം സെക്രട്ടറി ശ്രീ Abraham Mathew. ബ്രിസ്റ്റോൾ ക്നാനായ കാത്തലിക് അസ്സോസിയേഷൻ പ്രസിഡണ്ട് ശ്രീ Tijo Thomas, സ്വിൻഡൻ ക്നാനായ കാത്തലിക് അസ്സോസിയേഷൻ പ്രസിഡണ്ട് ശ്രീ Roy Stephen, BKCA വിമൻസ് ഫോറം കോർഡിനേറ്റർ ശ്രീമതി Reena Eswaraprasad, Bristol KCYL Treasurer ശ്രീ Ruben Eswaraprasad തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

തുടർന്ന് നടന്ന മറുപടി പ്രസംഗത്തിൽ അജൂബ് അച്ചൻ മിഷന്റെ പ്രവർത്തനങ്ങൾ മുൻപോട്ട് നടത്തി കൊണ്ടുപോകുന്നതിന് എല്ലാവരുടേയും സഹകരണവും സഹായവും തനിക്ക് നല്കണമെന്ന് അഭ്യർത്ഥിക്കുകയും നല്കിയ സ്വീകരണത്തിന് എല്ലാ അംഗങ്ങൾക്കും നന്ദി അറിയിക്കുകയും ചെയ്തു. പിന്നീട് കേക്ക് മുറിച്ച് മധുരം പങ്കിട്ട് സമ്മേളനം അവസാനിച്ചു.

Toby Abraham
കൈക്കാരൻ
St George Mission

സകല വിശുദ്ധരുടെയും തിരുനാളും മിഷന്‍ ഞായറും സംയുക്തമായി ആഘോഷിച്ചു

ലണ്ടണ്‍: സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ മിഷന്‍ ഞായറും സകല വിശുദ്ധരുടെയും തിരുനാളും സംയുക്തമായി ആചരിച്ചു. സകല വിശുദ്ധരുടെയും തിരുനാളിനോടനുബന്ധിച്ച് വേദപാഠം പഠിക്കുന്ന കുട്ടികള്‍ വിശുദ്ധരുടെ വേഷം ധരിച്ച് എത്തുകയും അവര്‍ പ്രതിനിധാനം ചെയ്യുന്ന വിശുദ്ധരെക്കുറിച്ച് ജനങ്ങളോട് സംസാരിക്കുകയും ചെയ്തു. മിഷന്‍ ഞായര്‍ ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മിഷന്‍ ലീഗ് കുട്ടികളുടെ നേതൃത്വത്തില്‍ വിവിധ ഗെയിമുകള്‍ സംഘടിപ്പിച്ചു. ബേക്ക് സെയില്‍, സ്‌നാക്‌സ് സെയില്‍, ലേലം എന്നിവയും മിഷന്‍ ഞായറിനോടനുബന്ധിച്ച് നടത്തി. പ്രസ്തുത കാര്യങ്ങളില്‍ നിന്നും പിരിഞ്ഞ് കിട്ടിയ തുക മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നതിന് തീരുമാനിച്ചു. സ്വപ്ന സാം, മിഷേല്‍ ഷാജി, ജെറി അബ്രാഹം, ജിന്റു ജിമ്മി, ഷൈനി ഫ്രാന്‍സിസ്, സുജ സോയ്‌മോന്‍, സ്റ്റേല്‍ബി സാജന്‍, റെജി ബിജു, ബിനിമോള്‍ ഷിനോ, ബീനാ റോള്‍ഡ്, സജി വെമ്മേലില്‍, ഷാജി പൂത്തറ, സാജന്‍ പടിക്കമ്യാലില്‍, ജോണി കല്ലിടാന്തിയില്‍, സജീവ് ചെമ്പകശ്ശേരില്‍, ജസ്റ്റിന്‍, ലിസി ടോമി, മിഷന്‍ ലീഗ് ഭാരവാഹികളായ അലക്‌സ് ലൂക്കോസ്, സോന റോള്‍ഡ്, കെയ്‌ലിന്‍ ഷിനോ, ഡാനിയല്‍ സജി, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മാഞ്ചസ്റ്റർ എയർപോർട്ടിൽ കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിന് പ്രൗഢോജ്വലമായ സ്വീകരണം.

ഏകദേശം ഒരു മാസത്തെ യു കെ സന്ദർശത്തിനായി എത്തുന്ന കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറാളും ക്നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറാളുമായ ഫാദർ സജി മലയിൽ പുത്തൻപുരയുടെയും സെൻമേരിസ് ക്നാനായ കാത്തലിക് മിഷൻ ആൻഡ് സെൻറ് പയസ് ടെൻത് ക്നാനായ കാത്തലിക് മിഷൻ അസിസ്റ്റൻറ് ഡയറക്ടർ ഫാദർ അജൂബ് തൊട്ടനാനിയിൽ എന്നിവരുടെ നേതൃത്വത്തിൽ മാഞ്ചസ്റ്റർ സെൻറ് മേരീസ് ക്നാനായ കാത്തലിക് മിഷൻ ആൻഡ് ലിവർപൂൾ സെൻറ് പയസ് ടെൻത് ക്നാനായ കാത്തലിക് മിഷൻ കൈകാരന്മാരുടെയും പാരീഷ് കൗൺസിൽ അംഗങ്ങളുടെയും വേദപാഠ പ്രതിനിധികളും ഉൾപ്പെട്ട ക്നാനായ കാത്തലിക് മിഷൻ അംഗങ്ങൾ പ്രൗഢോജിതമായ സ്വീകരണമാണ് മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിനെ എയർപോർട്ടിൽ നൽകിയത്.
യുകെയിലെ ക്നാനായ കാത്തലിക് മിഷൻ ഇടവകകൾ സന്ദർശിക്കുന്നതിനും കുടുംബങ്ങളെ പരിചയപ്പെടുന്നതിനും മിഷൻ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മാർ ജോസഫ് പണ്ടാശരി പിതാവ് യുകെയിൽ സന്ദർശനം നടത്തുന്നത്. നാളെ ലിവർപൂൾ മാഞ്ചസ്റ്റർ എന്നിവിടങ്ങളിലെ ക്നാനായ കാത്തലിക് മിഷൻ ഇടവകകളിൽ ദിവ്യബലി അർപ്പിക്കുകയും സ്വീകരണ പരിപാടികളിലും കുടുംബങ്ങളെ പരിചയപ്പെടുന്നതിനും തുടക്കമാകും. ഡിസംബർ 9ന് നടത്തപ്പെടുന്ന ക്നാനായ കാത്തലിക് മിഷൻ യുകെയുടെ പ്രതിനിധി സമ്മേളനത്തെ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് അഭിസംബോധന ചെയ്തു സംസാരിക്കും അഭിവന്ദ്യ കൊച്ചു പിതാവിനെ മിഷൻ ഇടവകകളിൽ സ്വീകരിക്കുവാൻ വൈദികരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത് ഡിസംബർ 17ന് ഹോളി ഫാമിലി ക്നാനായ കാത്തലിക് മിഷൻ സ്കോട്ലാൻഡിൽ ആയിരിക്കും സന്ദർശന പരിപാടികളുടെ സമാപനം.