യു.കെയില്‍ ക്‌നാനായ കത്തോലിക്കര്‍ക്ക് സ്വന്തമായ ഒരു ദൈവാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു.

ലിവര്‍പൂള്‍: യു.കെയില്‍ ക്‌നാനായ കത്തോലിക്കര്‍ക്ക് സ്വന്തമായ ഒരു ദൈവാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. ലിവര്‍പൂള്‍ അതിരൂപത ലിതര്‍ലാന്റിലുള്ള സെന്റ് എലിസബത്ത് ഓഫ് ഹംഗറി ദൈവാലയവും പാരീഷ് ഹാളും പൂര്‍ണ്ണമായും സൗജന്യമായി ദീര്‍ഘകാലത്തയ്ക്ക് ലിവര്‍പൂളിലെ ക്‌നാനായ മിഷനുവേണ്ടി നല്‍കിയതോടെയാണ് വര്‍ഷങ്ങളായുള്ള യു.കെയിലെ ക്‌നാനായമക്കളുടെ പ്രാര്‍ത്ഥനയും ആഗ്രഹവും സഫലമായത്. ദൈവാലയത്തോടനുബന്ധിച്ചുള്ള വൈദിക മന്ദിരവും നാമമാത്രമായ വാടകയ്ക്ക് പള്ളിയുടെ ഉപയോഗത്തിനായി ഇതോടൊപ്പം ലഭിച്ചത് ഈ സന്തോഷത്തിന് ഇരട്ടി മധുരം നല്‍കി. ലിവര്‍പ്പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മാക്മഹോനയുമായി യു.കെ ക്‌നാനായ കാത്തലിക് മിഷന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തില്‍ ഡീക്കന്‍ അനില്‍, കൈക്കാരന്മാരായ ഫിലിപ്പ് കുഴിപ്പറമ്പിൽ, ജോയി പാവക്കുളത്ത് എന്നിവര്‍ നാളുകളായി നടത്തിയ ചര്‍ച്ചകളുടെ വെളിച്ചത്തിലും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുവാദത്താലുമാണ് 450ല്‍ പരം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ദൈവാലയവും 300ല്‍ അധികം പേരെ ഉള്‍ക്കൊള്ളുന്ന ഹാളും വൈദിക മന്ദിരവും ലഭിച്ചിരിക്കുന്നത്. യു.കെയില്‍ ക്‌നാനായ മിഷനുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ നാള്‍വഴിയില്‍ ഒരു പ്രധാന നാഴികക്കല്ലായി പുതിയ ദൈവാലയത്തിന്റെ ലഭ്യത മാറും. അമേരിക്കയ്ക്കും കാനഡയ്ക്കും ശേഷം ഇന്ത്യയ്ക്ക് വെളിയില്‍ ക്‌നാനായക്കാര്‍ക്ക് സ്വന്തമായി യു.കെയിലെ ലിവര്‍പൂളില്‍ ഒരു ദൈവാലയം ലഭിക്കുന്നത് യൂറോപ്പില്‍ ആകമാനമുള്ള ക്‌നാനായ കത്തോലിക്കര്‍ക്ക് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമായി മാറുന്നു.

യു.കെയിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികള്‍ക്ക് അവരുടെ തനതായ പാരമ്പര്യങ്ങളും തനിമയും നിലനിര്‍ത്തിക്കൊണ്ടുതന്നെ കത്തോലിക്കാ വിശ്വാസത്തില്‍ വളരുന്നതിനും പുതിയ തലമുറയ്ക്ക് അത് പകര്‍ന്നു നല്‍കുന്നതിനുമായാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ കീഴില്‍ ക്‌നാനായക്കാര്‍ക്ക് മാത്രമായി 15 ക്‌നാനായ മിഷനുകള്‍ കത്തോലിക്കാ സഭ സ്ഥാപിച്ചു നല്‍കിയിരിക്കുന്നത്. നമ്മുടെ പൂര്‍വ്വികര്‍ അഭിവന്ദ്യ പിതാക്കന്മാരോടും വൈദികരോടും ചേര്‍ന്ന് ദൈവാലയങ്ങളില്‍ ഒത്തുകൂടി ഏകമനസ്സോടെ ദൈവത്തെ ആരാധിച്ചതിലൂടെയാണ് സീറോമലബാര്‍ സഭയിലൂടെ കത്തോലിക്കാ വിശ്വാസവും പാരമ്പര്യങ്ങളും തലമുറകളായി സംരക്ഷിക്കുവാന്‍ നമുക്ക് സാധിച്ചത്.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുഗ്രഹാശിസ്സുകളും ലിവര്‍പൂള്‍ രൂപതയിലെ പെര്‍മനെന്റ് ഡീക്കന്‍ അനില്‍ ലൂക്കോസിന്റെ അക്ഷീണ പരിശ്രമവും കൈക്കാരന്മാരായിരുന്ന ഫിലിപ്പ് കുഴിപ്പറമ്പിൽ, ജോയി പാവക്കുളത്ത് എന്നിവരുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളും ഈ സ്വപ്ന സാക്ഷാത്കാരത്തില്‍ ഏറെ നിര്‍ണ്ണായകമായി. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ അഭി. മാത്യൂ മൂലക്കാട്ട് മെത്രാപ്പോലീത്തയുടെയും മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെയും ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം പിതാവിന്റെയും വികാരി ജനറാളായിരുന്ന സജി മലയില്‍ പുത്തന്‍പുരയില്‍ അച്ചന്റെയും ദീര്‍ഘവീഷണത്തോടെയുള്ള കാഴ്ചപ്പാടുകളും അക്ഷീണ പരിശ്രമങ്ങളുമാണ് ഇപ്രകാരം ക്‌നാനായ മിഷനുകള്‍ സ്ഥാപിക്കുന്നതിനും അതിനെ വളര്‍ത്തുന്നതിലേയ്ക്കും നയിച്ചതെന്ന് കോ-ഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറെക്കര അനുസ്മരിച്ചു. ദൈവാലയത്തിന്റെയും മറ്റും ചെറിയ നവീകരണ പ്രവര്‍ത്തനത്തിന് ശേഷം ദൈവാലയത്തിന്റെ പുനര്‍ കൂദാശ നടത്തപ്പെടുന്നതാണ്.

.

ഏകവും ശ്ലൈഹീകവും സാർവത്രികവുമായ സഭ

വിശുദ്ധ കുർബാന അർപ്പിക്കുമ്പോഴും കുടുംബ പ്രാർത്ഥനയിൽ ജപമാല അർപ്പിക്കുമ്പോഴും ഓരോ വിശ്വാസികളും പ്രാർത്ഥിക്കുന്ന വിശ്വാസ പ്രമാണം. അതിൽ ഏകവും ശ്ലൈഹീകവും സാർവത്രികവുമായ സഭ എന്ന് വിശ്വസിച്ച് ഏറ്റു ചൊല്ലുമ്പോൾ കത്തോലിക്കാ സഭയോടുള്ള ഓരോ വിശ്വാസികളുടെയും ആത്മാർത്ഥത അറിയിക്കുകയാണ്. യേശു 12 ശിഷ്യന്മാരെ തെരഞ്ഞെടുക്കുകയും യേശുവിൻറെ ഉയർപ്പിന് ശേഷം 12 ശിഷ്യന്മാരും ക്രിസ്തുവിനെ പ്രഘോഷിക്കുവാനായി വിവിധ രാജ്യങ്ങളിലേക്ക് പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടു. അനേകം ആളുകളെ വിശ്വാസത്തിലേക്ക് നയിക്കുവാനും ജ്ഞാനസ്നാനം നൽകുവാനും ക്രിസ്തുവിൻറെ സഭ സ്ഥാപിക്കുവാനും ശിഷ്യന്മാർക്ക് സാധിച്ചു. മാർ തോമാശ്ലീഹാ ഭാരതത്തിൽ സുവിശേഷപ്രഘോഷണം നടത്തുകയും അനേകരെ മാമോദിസ മുക്കി ക്രിസ്ത്യാനികൾ ആക്കുകയും ചെയ്തു. തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന് ശേഷം ക്രൈസ്തവ സഭ ക്ഷയിക്കുന്ന അവസരത്തിലാണ് ക്നാനായ സമുദായത്തിന്റെ പ്രേഷിത കുടിയേറ്റം വഴി കേരള സഭയ്ക്ക് പുതിയൊരു തുടക്കം നൽകപ്പെട്ടത്. 

സുറിയാനി ആരാധന ക്രമത്തിലുള്ള വിശുദ്ധ കുർബാന കേരള സഭയ്ക്ക് ക്നാനായ സമുദായം നൽകിയ ഏറ്റവും വലിയ സംഭാവനയാണ്. കത്തോലിക്ക സഭ തന്നെ 24 സ്വതന്ത്ര സഭകളുടെ കൂട്ടായ്മയാണ്. വിവിധ റീത്തുകളിൽ ഉള്ള കുർബാനകളും ആരാധന ക്രമങ്ങളും കത്തോലിക്കാ സഭയുടെ നാനാത്വത്തിലുള്ള ഏകത്വമാണ്. കത്തോലിക്കാ സഭ കൂടാതെ വിവിധ ക്രൈസ്തവ സഭകൾ വിവിധ കാലഘട്ടങ്ങളിൽ രൂപപ്പെട്ടവയാണ്. ക്രിസ്തീയ സഭകളുടെ ഐക്യത്തിന് ആയിട്ടുള്ള പ്രാർത്ഥന വാരമാണ് ജനുവരി 18 മുതൽ 25 വരെ. പ്രേഷിത ദൗത്യമാണ് സഭക്കുള്ളത്. ഒപ്പം തന്നെ ക്രിസ്തീയ സഭകളുടെ ഐക്യവും സഭ ആഗ്രഹിക്കുന്നു. കേരള സഭയിൽ പുനരൈക്യത്തിന് തുടക്കമിട്ടത് കോട്ടയം അതിരൂപതയാണ്. അഭിവന്ദ്യ മാർ അലക്സാണ്ടർ ചൂള പറമ്പിൽ പിതാവിന്റെ കാലത്താണ് മലങ്കര സഭയുമായി പുനരൈക്യം സാധ്യമായത്. ക്നാനായ യാക്കോബായയിലെ ഒരു വിഭാഗം പുനരൈക്യപ്പെട്ട് കത്തോലിക്ക വിശ്വാസം സ്വീകരിച്ചപ്പോൾ തങ്ങളുടെ തനത് ആരാധനക്രമം നിലനിർത്തിക്കൊണ്ട് സഭയിൽ ഐക്യത്തിന് തുടക്കമിട്ടത് വഴിത്തിരിവായിരുന്നു. വിവിധ സഭകൾ ചേർന്നുള്ള എക്കുമിനിക്കൽ ക്രിസ്തുമസ് ആഘോഷങ്ങൾ ഇന്ന് വിവിധ ദേശങ്ങളിൽ പ്രത്യേകിച്ച് കേരളസഭയിൽ ദർശിക്കാനാവും. ഏക രക്ഷകനായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഏവരും തങ്ങളുടെ വിശ്വാസത്തിലും പാരമ്പര്യത്തിലും നിന്നുകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുന്ന സുവിശേഷ പ്രഘോഷകരാകുവാൻ സാധ്യമാകുന്ന തരത്തിലുള്ള പ്രവർത്തന രീതി പണിത് ഉയർത്തുവാൻ ഓരോ സഭകൾക്കും ഉത്തരവാദിത്തമുണ്ട്.

ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ ചീഫ് എഡിറ്റര്‍

നവജീവന് സഹായഹസ്തവുമായി ഹോളി കിംഗ്സ് ക്നാനായ മിഷൻ

ആലംബഹീനർക്ക് ആശ്വാസമാകുന്ന പി യു തോമസ് നടത്തുന്ന കോട്ടയം നവജീവൻ ചാരിറ്റി ട്രസ്റ്റിലേക്ക് ത്രീ കൗണ്ടി ഹോളി കിംഗ്സ് ക്നാനായ കാത്തലിക് മിഷൻ. ക്രിസ്തുമസിനോട് അനുബന്ധിച്ച് നടത്തപ്പെട്ട കരോളിൽ നിന്നും ലഭിച്ച തുക ചാരിറ്റി പ്രവർത്തനത്തിന് മാറ്റിവെച്ച് ക്രിസ്തീയ മൂല്യം ഉയർത്തിപ്പിടിക്കുവാൻ ത്രീ കൗണ്ടി ഹോളി കിംഗ്സ് ക്നാനായ കാത്തലിക് മിഷന് സാധിച്ചു. മുപ്പതിലധികം വർഷമായി കോട്ടയം മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും സൗജന്യമായി ഉച്ചഭക്ഷണം നൽകുകയും, അനാഥരെ സ്വീകരിച്ച് അവർക്ക് അഭയകേന്ദ്രവും നൽകുന്ന നവജീവൻ ട്രസ്റ്റ് നിലനിൽക്കുന്നത് പലരുടെയും സഹായഹസ്തം മൂലമാണ്. മിഷൻ ഡയറക്ടർ ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, ഫിലിപ്പ് പതിയിൽ എന്നിവർ ചേർന്ന് ചാരിറ്റി തുക നവജീവൻ ട്രസ്റ്റ് ഡയറക്ടർ പി യു തോമസിന് കൈമാറി. ത്രീ കൗണ്ടി ഹോളി കിംഗ്സ് ക്നാനായ കാത്തലിക് മിഷൻ അംഗങ്ങളുടെ ത്യാഗപൂർണമായ പ്രവർത്തനത്തിന് പി യു തോമസ് നന്ദി അർപ്പിച്ചു.

 

പ്രീ മാരിയേജ് കോഴ്‌സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഈ വര്‍ഷത്തെ ആദ്യത്തെ പ്രീ മാരിയേജ് കോഴ്‌സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 30 ഓളം പേര്‍ ഇതിനോടകം കോഴ്‌സിനായി രജിസ്റ്റര്‍ ചെയ്തു. ഫെബ്രുവരി 13, 14, 15 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലാണ് കോഴ്‌സ് നടത്തപ്പെടുന്നത്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. വിവാഹ ജീവിതവുമായി ബന്ധപ്പെടുത്തി 14 ഓളം വിഷയങ്ങള്‍ അപഗ്രഥിച്ചാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഫാ. ജിൻസ് കണ്ടക്കാടാണ് ഫാമിലി അപ്പസ്തോലിക് കോഡിനേറ്റർ. വിവാഹ ഒരുക്ക ക്ലാസ്സിൽ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾ , ദാമ്പത്യ ജീവിതത്തിന് സഭാപരമായ കാഴ്ചപ്പാടുകൾ, ക്നാനായ സമുദായത്തിന്റെ ആചാരങ്ങളും പാരമ്പര്യങ്ങളും , ദമ്പതികൾ തമ്മിലുള്ള പരസ്പര ധാരണയും ദൈനംദിന ജീവിതത്തിൽ ഭാര്യ ഭർത്താക്കന്മാരുടെ ഉത്തരവാദിത്വങ്ങളും, സ്നേഹത്തിലും വിശ്വാസത്തിലും പരസ്പരം അറിയുന്നതിനും ദൈവഭക്തിയുള്ള മക്കളെ വളർത്തിയെടുക്കുന്നതിനും ഉപകരിക്കുന്നതായ സെമിനാറുകൾ ആണ് വിവാഹ ഒരുക്ക സെമിനാറിൽ നടത്തപ്പെടുന്നത്.

 

ദൈവാശ്രയ ബോധവും കഠിനാധ്വാനവും ജിജോ ഫിനിലിൻ്റെ വിജയ രഹസ്യം

കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന്, ഇംഗ്ലണ്ടിലെ സെൻറ് തോമസ് ആൻഡ് ഗയ്‌സ് ഹോസ്പിറ്റലിലെ ലീഡ് അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷണർ പദവിയിലെത്തിയത് ദൈവാശ്രയ ബോധവും കഠിനാധ്വാനവും കുടുംബത്തിൻറെ പിന്തുണയും ഒന്നുകൊണ്ടുമാത്രമെന്ന് ജിജോമോൾ ഫിനിൽ കളത്തിക്കോട്.

അറുനൂറ്റിമംഗലം ഇടവക പൂതൃക്കയിൽ ചാക്കോ മേരി ദമ്പതികളുടെ മകളായി ജനിച്ച ജിജോ മോൾ പ്രാഥമിക വിദ്യാഭ്യാസം പെരുവ ഗവൺമെൻറ് സെക്കൻഡറി സ്കൂളിലും പ്രീഡിഗ്രി തലയോലപ്പറമ്പ് ഡി ബി കോളേജിലും ആയിരുന്നു. ന്യൂഡൽഹിയിലെ സർ ഗംഗ റാം ഹോസ്പിറ്റലിൽ നിന്നും നേഴ്സിംഗ് ഡിപ്ലോമ കരസ്ഥമാക്കി. ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് ന്യൂഡൽഹിയിലെ എസ്കോർട്ട് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ ഐ. സി. യു. നേഴ്സ് ആയിട്ടായിരുന്നു.

തുടർന്ന് ഒമാനിലും ജോലി ചെയ്ത ജിജോമോൾ 1998ൽ ഞിഴൂർ ഇടവക കളത്തിക്കോട്ട് ഫിനിലുമായി വിവാഹിതയായി. തുടർന്ന് ഭർത്താവിനോടൊപ്പം ദുബായിലെ Al-Mafraq ഹോസ്പിറ്റലിലെ കാർഡിയോതോറസിക്കിലെ നേഴ്സ് ആയി സേവനം അനുഷ്ഠിച്ചു. 2003ല്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഫിനിൽ & ജിജോമോൾ അഡാപ്റ്റേഷന് ശേഷം 2003-ൽ Royal Brompton and Harefield ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി സേവനം ആരംഭിച്ചു. തുടർന്ന് 2006 ൽ സീനിയർ സ്റ്റാഫ് നേഴ്സ് ( ബാൻഡ് 6) ആയി .

 

2014 ൽ നഴ്സിംഗ് ഡിപ്ലോമയിൽ നിന്നും നഴ്സിംഗ് ഡിഗ്രി Buckinghamshire new university-യിൽ നിന്നും കരസ്ഥമാക്കി. പ്രൊഫഷണൽ രംഗത്തും വിദ്യാഭ്യാസരംഗത്തും ജിജോ മോൾക്ക് വഴിത്തിരിവായത് 2016ൽ ട്രെയിനി അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷണർ ആയി ജോലി ആരംഭിച്ചത് മുതലാണ്. കൂടുതൽ ട്രെയിനിങ്ങുകൾ ചെയ്യുവാനും പഠിക്കുവാനും ഗവേഷണം നടത്തുവാനും സാധിച്ചു. അതുവഴി 2017 ൽ അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷണർ ആയി ജോലി ആരംഭിച്ചു.

2020 ൽ കിംഗ്സ് കോളേജ് ലണ്ടനിൽ നിന്നും അഡ്വാൻസ് ക്ലിനിക്കൽ പ്രാക്ടീസ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 2023 ൽ ലീഡ് അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷനായി ഉയർത്തപ്പെടുകയും കൂടാതെ OSCE എക്സാമിനർ ഫോർ അഡ്വാൻസ് അസസ് മെൻറ് കൂടിയാണ് ജിജോമോൾ ഫിനിൽ. ജീവിതയാത്രയിൽ ചെറുപ്പം മുതൽ പരിശീലിച്ച കുടുംബ പ്രാർത്ഥനയ്ക്ക് എന്നും മുൻതൂക്കം നൽകുകയും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും കൂടാതെ ദൈവാശ്രയ ബോധം എപ്പോഴും കൂടെ ഉള്ളതിനാലും ഭർത്താവിന്റെയും മക്കളുടെയും അകമഴിഞ്ഞ പിന്തുണയും ഒന്നുകൊണ്ട് മാത്രമാണ് ഡിപ്ലോമയിൽ നിന്നും എംഎസ്സി നേടുവാനും ഇന്ന് ബാൻഡ് 5 ൽ നിന്നും ബാൻഡ് 8 ആകുവാനും സാധ്യമായത്. സെൻറ് ജോസഫ് ക്നാനായ കാത്തലിക് മിഷൻ അംഗം കൂടിയായ ഫിനിൽ ജിജോമോൾ ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്- നോബിൾ, ജെഫ്, ജൂവൽ.

ക്‌നാനായ കാത്തലിക് മിഷന്‍സ് യു.കെ നാഷണല്‍ മീറ്റ് സംഘടിപ്പിച്ചു

ബര്‍മിംഗ്ഹാം: ക്‌നാനായ കത്തോലിക്കാ മിഷനുകളുടെ ഫിസിക്കല്‍ നാഷണല്‍ മീറ്റ് ബര്‍മിംഗ്ഹാമിലെ കിംഗ്‌സ്‌ വിന്‍ഫോര്‍ഡിലുള്ള ഔർ ലേഡി ഓഫ് ലൂര്‍ദ്ദ് ദൈവാലയത്തില്‍ വച്ച് ഡിസംബര്‍ മാസം 14 ന് നടത്തപ്പെട്ടു. രാവിലെ 11 മണിക്ക് വി. കുര്‍ബാനയോടെ നാഷണല്‍ മീറ്റിന് തുടക്കമായി. സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ബഹു. സജി തോട്ടത്തില്‍ അച്ചന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ മിഷനുകളില്‍ സേവനം ചെയ്യുന്ന എല്ലാ ബഹു. വൈദികരും ചേര്‍ന്ന് അര്‍പ്പിച്ച വി. കുര്‍ബാനയെ തുടര്‍ന്ന് ജൂബിലി ആഘോഷിക്കുന്ന ബഹു. സജി അച്ചന്‍ കേക്ക് മുറിച്ച് ജൂബിലിയുടെ സന്തോഷം പങ്കുവച്ചു. തുടര്‍ന്ന് എല്ലാ വൈദികരും ചേര്‍ന്ന് ക്‌നാനായക്കാരുടെ വിവാഹ അവസരത്തില്‍ പാടുന്ന ബറുമറിയം ആലപിച്ചുകൊണ്ട് നാഷണല്‍ മീറ്റില്‍ സംബന്ധിക്കുന്നവര്‍ക്ക് ആശീര്‍വ്വാദം നല്‍കി. ഉദ്ഘാടനത്തിന് ശേഷം ഡീക്കന്‍ അനില്‍ ലൂക്കോസ് നയിച്ച ക്ലാസ്സ് ആനുകാലിക വിഷയങ്ങളും സഭയും സമുദായവും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന കാര്യവും ചര്‍ച്ച ചെയ്തു. ലഞ്ചിനു ശേഷം ചേര്‍ന്ന നാഷണല്‍ മീറ്റില്‍ യു.കെയിലെ മിഷനുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുകയും ഒരോ ഗ്രൂപ്പില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിമാര്‍ അതാത് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ആശയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന പൊതു ചര്‍ച്ചയ്ക്ക് കോ-ഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കര നേതൃത്വം നല്‍കി. 4 മണിക്ക് പ്രാര്‍ത്ഥനയോടെയും സമാപന ആശീര്‍വ്വാദത്തോടെയും നാഷണല്‍ മീറ്റ് അവസാനിച്ചു. വിവിധ മിഷനുകളില്‍ സേവനം ചെയ്യുന്ന ബഹു. വൈദികര്‍, കൈക്കാരന്മാര്‍, അക്കൗണ്ടന്റ്‌സ്, ഹെഡ് ടീച്ചേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടെ 55 ഓളം പേര്‍ നാഷണല്‍ മീറ്റില്‍ സംബന്ധിച്ചു.

വളര്‍ച്ചയുടെ പാതയില്‍ സെന്റ് തോമസ് ക്‌നാനായ മിഷനിലെ വിന്റ്‌സെന്റ് ഡി പോള്‍ സൊസൈറ്റി യോര്‍ക്ക്‌ഷെയര്‍

യോര്‍ക്ക്‌ഷെയര്‍: സെന്റ് തോമസ് ക്‌നാനായ മിഷന്‍ യോര്‍ക്ക്‌ഷെയറിലെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്നു. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ കോട്ടയം അതിരൂപതാ സെക്രട്ടറി ഡോണ്‍ ബോസ്‌കോ പതിയിലും ക്‌നാനായ കാത്തലിക് മിഷന്‍സ് യു.കെയുടെ കോ-ഓര്‍ഡിനേറ്റര്‍ ബഹു. സുനി പടിഞ്ഞാറേക്കരയച്ചനും ചേര്‍ന്ന് സംയുക്തമായി മെനോറാ വിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്ത യു.കെയിലെ ക്‌നാനായ മിഷനുകളിലെ പ്രഥമ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഷിബു ഓട്ടപ്പള്ളിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയിലൂടെയും ഉപവി പ്രവര്‍ത്തനങ്ങളിലൂടെയും മുന്നോട്ടു നീങ്ങുന്നു. ദൈവം തന്ന ചെറുതും വലുതുമായ താലന്തുകള്‍ അര്‍ഹതപ്പെട്ടവരിലേയ്ക്ക് പങ്കുവച്ചും ഭവന സന്ദര്‍ശനം നടത്തിയും രോഗീ സന്ദര്‍ശനം നടത്തിയും സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതിന് ഇടയാകുന്നു. ബഹു. ജോഷി കൂട്ടുങ്കലച്ചന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് സോഫി ഷാജി ഇടത്തിമറ്റത്തില്‍, സെക്രട്ടറി ആരോമല്‍ വിന്‍സെന്റ് ആലപ്പാട്ട്, ട്രഷറര്‍ വിനോദ് ചന്ദ്രപ്പള്ളില്‍ എന്നിവര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു.

രക്ഷിക്കപ്പെടുവാനും വിശുദ്ധീകരിക്കപ്പെടുവാനും വചന വായന അനിവാര്യം : ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

യു.കെ: രക്ഷിക്കപ്പെടുവാനും വിശുദ്ധീകരിക്കപ്പെടുവാനും വചന വായന അനിവാര്യമാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം പിതാവ്. ക്‌നാനായ കാത്തലിക് മിഷന്‍ യു.കെ, ഡിസംബര്‍ മാസം 2 -ന് വൈകുന്നേരം 4 മണി മുതല്‍ 3-ന് വൈകുന്നേരം 5 മണിവരെയുള്ള 24 മണിക്കൂര്‍ സമയത്തിനുള്ളില്‍ ബൈബിള്‍ പുതിയനിയമം വായിച്ചതിന്റെ സമാപനത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു മാർ അപ്രേം പിതാവ്. 2025 സെപ്റ്റംബര്‍ മാസം വരെയുള്ള കാലയളവിനുള്ളില്‍ ഒരു മിഷനില്‍ നിന്നും ഒരു സമ്പൂര്‍ണ്ണ ബൈബിള്‍ കൈയ്യെഴുത്ത് പ്രതിയായി തയ്യാറാക്കുന്ന പദ്ധതിയുടെയും ഉദ്ഘാടനവും അഭി. പിതാവ് നിര്‍വ്വഹിച്ചു. എഴുതപ്പെട്ട വചനമാണ് ബൈബിള്‍. വചനം എന്നത് ദൈവം തന്നെയാണ്. ദൈവം തന്റെ സൃഷ്ടികര്‍മ്മവും രക്ഷാകര്‍മ്മവും നടത്തിയത് വചനത്തിലൂടെയാണ്. ആ വചനം മാംസം ധരിച്ചതാണ് ഈശോ. വചനത്തിലൂടെ ആഴത്തില്‍ നമ്മുടെ കര്‍ത്താവിനെ മനസ്സിലാക്കുന്നു. ബൈബിള്‍ വായനയിലൂടെയും എഴുതുന്നതിലൂടെയും ബൈബിളിനെ കൂടുതല്‍ ഹൃദയത്തില്‍ സ്വീകരിച്ച് ബൈബിള്‍ അധിഷ്ഠിതമായി ക്രൈസ്തവ ജീവിതം നയിക്കാന്‍ നമുക്കു സാധിക്കണമെന്ന് അഭി. പിതാവ് കൂട്ടിച്ചേര്‍ത്തു. 2025 ജൂണ്‍ മാസം 19 മുതല്‍ 22 വരെ സ്റ്റഫോര്‍ഡ്‌ഷെയറില്‍ വച്ച് ഫാ. ഡാനിയേല്‍ പൂവണ്ണത്തിലച്ചന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ക്‌നാനായ ഫാമിലി റിന്യൂവല്‍ റിട്രീറ്റിന്റെ ഔദ്യോഗിക രജിസ്‌ട്രേഷന്റെ ഉദ്ഘാടനവും അഭി. പിതാവ് നിര്‍വ്വഹിച്ചു. ക്‌നാനായ ഫാമിലി റിട്രീറ്റിലൂടെ ഈശോയിലേയ്ക്ക് കൂടുതല്‍ അടുക്കുവാന്‍ ഇടവരട്ടെ എന്ന് അഭി. പിതാവ് ആശംസിച്ചു. ക്‌നാനായ കാത്തലിക് മിഷന്‍സ് യു.കെയുടെ മുഖപത്രമായ തെക്കന്‍ ടൈസിന്റെ ഔദ്യോഗിക ഉദ്ഘാടനവും അഭി. പിതാവ് നിര്‍വ്വഹിച്ചു. വാര്‍ത്തകള്‍ കോര്‍ത്തിണക്കപ്പെടുന്നതിലൂടെ ബന്ധങ്ങള്‍ വളരുവാന്‍ ഇടയാകട്ടെ എന്ന് പിതാവ് തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു. ലോഗോയുടെ ഔദ്യോഗിക പ്രകാശന കര്‍മ്മവും അഭി. പിതാവ് നിര്‍വ്വഹിച്ചു. ലോഗോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും അത് എന്തിനെ സൂചിപ്പിക്കുന്നു എന്നും ലോഗോയുടെ ഡിസൈനിംഗിന്റെ ചുക്കാന്‍ പിടിച്ച ബിജു പന്നിവേലില്‍ വിശദീകരിച്ചു. ക്‌നാ ഫയര്‍ കോ-ഓര്‍ഡിനേറ്റര്‍ ബിജോയ് മുണ്ടുപാലത്ത് എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

സ്നേഹത്തിനും കാരുണ്യത്തിനും പ്രചോദനം നല്‍കുന്ന ക്രിസ്മസ്

സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും സൗഹൃദത്തിന്റെയും സന്ദേശം നല്‍കുന്ന മഹത്തായ ആഘോഷത്തിന്റെ രാവാണ് ക്രിസ്മസ്. പരസ്പരം ക്ഷമിക്കുവാനും സഹായിക്കുവാനും ഒന്നിപ്പിക്കുവാനും ദാരിദ്ര്യമില്ലാത്ത ഒരു നവലോകം സൃഷ്ടിക്കുവാനും നമ്മെ പ്രേരിപ്പിക്കുന്ന കര്‍ത്താവിന്റെ ആഹ്വാനവുമാണ് ക്രിസ്മസ്. ദൈവത്തില്‍ നിന്നും അകന്ന മനുഷ്യനെ വീണ്ടടുക്കുന്നതിനായി മനുഷ്യനായി അവതരിച്ച മിശിഹാ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ഇക്കാര്യമാണ്.

ലോകം ഇന്ന് കലുഷിതമായ ഒരു അന്തരീക്ഷത്തിലൂടെയാണ് കടന്നുപോകുന്നത്. യുദ്ധത്തിന്റെ ഭീതി നമ്മുടെ സ്വാഭാവിക ജീവിതത്തെ വളരെയധികം ബാധിക്കുന്നു. ഭീകരവാദവും വര്‍ഗ്ഗീയവാദവുമൊക്കെ നമ്മെ കൊണ്ടുചെന്ന് എത്തിക്കുന്നത് നാശത്തിലേക്കാണെന്ന് ലോകചരിത്രം പല ആവര്‍ത്തി നമുക്ക് മനസ്സിലാക്കിത്തന്നിട്ടും വീണ്ടും മനുഷ്യന്‍ നാശത്തിന്റെ വഴിയിലൂടെ തന്നെ സഞ്ചരിക്കുവാന്‍ വെമ്പല്‍ കൊള്ളുകയാണ്. ഇവിടെ ഈശോയുടെ ജനനം ഒരു തിരിഞ്ഞു നോട്ടത്തിന് നമുക്ക് ഇടനല്‍കണം. സ്വാഭാവികമായും നാം ചിന്തിക്കുന്നത് ലോകം ഇങ്ങനെ ആയതില്‍ എനിക്കെന്ത് ചെയ്യാന്‍ കഴിയും എന്നതായിരിക്കുമല്ലോ. ലോകത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കാന്‍, നന്മയുടെ രശ്മികള്‍ ലോകത്തില്‍ പ്രസരിപ്പിക്കുവാന്‍ നമ്മുടെ കൊച്ചു ജീവിതത്തിലൂടെയും സാധിക്കും എന്ന് നാം വിസ്മരിക്കരുത്. വീട്, കുടുംബം, സുഹൃത്തുക്കള്‍ എന്നിവയുടെ പ്രാധാന്യവും ഈ ക്രിസ്മസ് കാലഘട്ടം നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. ബന്ധങ്ങളുടെ വലിയ ഊഷ്മളത ക്രിസ്മസ് നമുക്ക് നല്‍കുന്നുണ്ട്. സമ്പത്ത് നേടുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് ബന്ധങ്ങളുടെ ഈ ഹൃദ്യതയാണ്. സമ്പത്ത് നമുക്ക് ആവശ്യമാണ്. എന്നാല്‍ അത് നേടാനുള്ള വ്യഗ്രതയില്‍ മറ്റെല്ലാം മാറ്റി നിര്‍ത്തപ്പെടുമ്പോള്‍ അന്യമാകുന്നത് കുടുംബ ബന്ധങ്ങളാണ്. ഇന്നും ഈശോയുടെ ജനനം അനേകം കുടുംബങ്ങളില്‍ സന്തോഷത്തിന് കാരണമാകുന്നെങ്കില്‍ അത് സ്വയം ഇല്ലാതായിക്കൊണ്ട് മറ്റുള്ളവര്‍ക്കുവേണ്ടി എല്ലാമായി തീരുവാനുള്ള ദൈവത്തിന്റെ തീരുമാനത്തിന്റെ ഫലം കൂടിയാണ്. ഈശോ ജനിച്ചപ്പോള്‍ അത് സ്വര്‍ഗ്ഗവും ഭൂമിയും ഒന്നിച്ചു സന്തോഷിക്കുന്ന ധന്യ മുഹൂര്‍ത്തമായി മാറി. അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന് മാലാഖമാര്‍ പാടി. ഇപ്രകാരം നമ്മുടെ ജീവിതവും സാന്നിദ്ധ്യവും മറ്റുള്ളവര്‍ക്ക് സന്തോഷപ്രദമാക്കാന്‍ നമുക്കാകണം. നമ്മുടെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ നാം ഭംഗിയായി നിര്‍വ്വഹിക്കുമ്പോള്‍ അത് ആ ഭവനത്തിലുള്ളവര്‍ക്ക് സന്തോഷത്തിനിടനല്‍കുന്നു. ആ സന്തോഷം നമ്മള്‍ ചെല്ലുന്ന ഇടങ്ങളിലെല്ലാം പ്രസരിക്കുന്നു. ഇങ്ങനെ ഒരോ കുടുംബവും ക്രിസ്തീയ സന്തോഷത്തിന്റെ വാഹകരാകുമ്പോള്‍ ലോകം മുഴുവന്‍ നന്മകൊണ്ട് നിറയുകയും തിന്മയുടെ ശക്തികള്‍ക്ക് നിലനില്‍പ്പില്ലാതാകുകയും ചെയ്യും.

ഈശോ ജനിക്കുന്നത് ഇല്ലായ്മയുടെ പുല്‍ക്കൂട്ടിലാണ്. പക്ഷെ ആ ഇല്ലായ്മകളുടെ നടുവിലും ദൈവം തുറക്കുന്ന ഹൃദയത്തിന്റെ വാതിലുകള്‍ സമൃദ്ധവും വിശാലവുമാണ്. അതിലൂടെ അകത്ത് പ്രവേശിക്കുവാന്‍ എല്ലാവര്‍ക്കും സാധിക്കുന്നു. ആട്ടിടയന്മാര്‍ക്കും ജ്ഞാനികള്‍ക്കും ആടുമാടുകള്‍ക്കുമെല്ലാം അതിലൂടെ ദൈവസന്നിധിയില്‍ എത്താന്‍ സാധിക്കുന്നു. അനാദിമുതലേ ദൈവം വിഭാവനം ചെയ്ത് മനുഷ്യനായി ഒരുക്കി നല്‍കിയ പറുദീസായുടെ അനുഭവത്തിലേയ്ക്ക് തിരിച്ചെത്താന്‍ ക്രിസ്മസ്സിലൂടെ വീണ്ടും സാധിച്ചു എന്നതാണ് ക്രിസ്മസിന്റെ പ്രാധാന്യം. യു.കെയിലെ പ്രിയ ക്നാനായ ജനമേ, സ്നേഹത്തിലും കൂട്ടായ്മയിലും ഒരൊറ്റ ജനമായി മുന്നേറാന്‍ നമുക്ക് ആത്മാര്‍ത്ഥമായി പരിശ്രമിക്കാം. ക്രിസ്മസ് നമ്മെ അനുസ്മരിപ്പിക്കുന്ന ഒരുമയുടെ സന്ദേശം സ്വീകരിച്ചുകൊണ്ട് നമുക്ക് ക്രിസ്തുവുമായുള്ള ഐക്യത്തില്‍ ആയിരിക്കാം. നിങ്ങള്‍ പുതിയതായി ആരംഭിച്ചിരിക്കുന്ന തെക്കന്‍ ടൈംസ് എന്ന ബുള്ളറ്റിനും അതുപോലെ നിങ്ങള്‍ ഈ വര്‍ഷത്തില്‍ തുടക്കം കുറിച്ച എല്ലാ സംരംഭങ്ങള്‍ക്കും പ്രത്യേകിച്ച് ജൂണ്‍ മാസത്തിലെ ഫാമിലി റിന്യൂവല്‍ റിട്രീറ്റ്, ബൈബിള്‍ കൈയ്യെഴുത്ത് പ്രസിദ്ധീകരണം, വാഴ്‌വ് – 2025, ബൈബിള്‍ വായന തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ പ്രാര്‍ത്ഥനാശംസകളും ഞാന്‍ നേരുന്നു. ഇതിലൂടെയെല്ലാം ക്രിസ്തു നിങ്ങളില്‍ ജനിക്കട്ടെ എന്ന് പൗലോസ് ശ്ലീഹായെപ്പോലെ ഞാനും പ്രാര്‍ത്ഥിക്കുന്നു. ഒരിക്കല്‍ കൂടി ക്രിസ്മസ്സിന്റെ മംഗളങ്ങള്‍ എല്ലാവര്‍ക്കും സ്നേഹത്തോടെ ആശംസിക്കുന്നു.

മാര്‍ മാത്യൂ മൂലക്കാട്ട് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത

യു.കെയിലെ ക്നാനായ കാത്തലിക് മിഷൻ വാർത്തകൾ ഇനി തെക്കൻ ടൈംസിലൂടെ

കത്തോലിക്കാ വിശ്വാസത്തിലും ക്നാനായ സമുദായ സ്നേഹത്തിലും ഒരുമിച്ച് ഒരു ജനമായി മുന്നേറുന്ന ക്നാനായ കാത്തലിക് മിഷനുകളിൽ നടത്തപ്പെടുന്ന വിവിധ പ്രവർത്തനങ്ങൾ ഏവരിലും എത്തിക്കുന്നതിനും സഭാ സമുദായ വാർത്തകൾ നിഷ്പക്ഷമായും സത്യസന്ധമായും അവതരിപ്പിക്കുന്നതിനുമായി ക്നാനായ കാത്തലിക് മിഷൻസ് യു.കെയുടെ മുഖപത്രമായി ഇനിമുതൽ തെക്കൻ ടൈംസ് എന്ന ബുള്ളറ്റിൻ ആരംഭിക്കുന്നു. 2024 ഡിസംബർ മാസം മുതൽ മാസത്തിൽ രണ്ട് പ്രാവശ്യം വീതമാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. വിജ്ഞാനപ്രദമായ ലേഖനങ്ങൾ, സമുദായ ചരിത്ര പഠനങ്ങൾ, യു.കെയിലെ ക്നാനായ മിഷനുകളിൽ നടത്തപ്പെടുന്ന വിവിധ പ്രവർത്തനങ്ങൾ, വിവിധ ഭക്ത സംഘടകളുടെ പ്രവർത്തനങ്ങൾ, ആഗോള സഭാവാർത്തകൾ, ദൈവശാസ്ത്രപരമായ ലേഖനങ്ങൾ, ബൈബിൾ പഠനങ്ങൾ, യുവജനങ്ങൾക്കും കുട്ടികൾക്കുമായുള്ള പംക്തികൾ എന്നിവ ഉൾപ്പെടുത്തിയാണ് ഫോർട്നൈറ്റ്ലി ബുള്ളറ്റിൻ നിങ്ങളിലേയ്ക്ക് എത്തുന്നത്.

കൂടാതെ വൈവാഹിക പരസ്യങ്ങൾ, മരണ വാർഷികങ്ങൾ, വിവാഹ വാർഷികങ്ങൾ എന്നിവയും തെക്കൻ ടൈംസിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്. ഫാ. സുനി പടിഞ്ഞാറേക്കര മാനേജിംഗ് ഡയറക്ടറായും ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ ചീഫ് എഡിറ്ററായും സക്കറിയ പുത്തൻകളം ന്യൂസ് എഡിറ്ററായും ലിജു കാരുപ്ലാക്കിൽ, ബിജു പന്നിവേലിൽ എന്നിവർ ഡിസൈനേഴ്സായും എബി നെടുവാമ്പുഴ, സോജൻ തോമസ്, ജോജോ മേലേടം, ടൈസ് പറമ്പേട്ട് എന്നിവർ സബ് എഡിറ്റേഴ്സായും പ്രവർത്തിക്കുന്ന ഒരു ടീമാണ് ബുള്ളറ്റിന്റെ എഡിറ്റോറിയൽ ബോർഡായി പ്രവർത്തിക്കുന്നത്. കൂടാതെ അതാത് മിഷൻ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിന് 15 മിഷനുകളിൽ നിന്നുള്ള റിപ്പോർട്ടേഴ്സിന്റെ ഒരു ടീമും ഇതോട് ചേർന്ന് പ്രവർത്തിക്കുന്നു. ക്നാനായ മിഷനുകളിലെ വിവിധ വ്യക്തികളിൽ നിന്നും നിർദ്ദേശിക്കപ്പെട്ട 89 പേരുകളിൽ നിന്നാണ് തെക്കൻ ടൈംസ് എന്ന പേര് ബുള്ളറ്റിന് സ്വീകരിച്ചത്. ആരാധന ക്രമവത്സരത്തിൽ പുതിയ ഒരു വർഷത്തിലേയ്ക്ക് പ്രവേശിക്കുന്ന മംഗളവാർത്താക്കാലത്തിന്റെ ആരംഭം മുതൽ തെക്കൻ ടൈംസ് നിങ്ങളിലേയ്ക്ക് എത്തുന്നു. നിസീമമായ സഹകരണവും ക്രിയാത്മകമായ നിർദ്ദേശങ്ങളും നൽകി സഹകരിക്കുമല്ലോ.