Christmas Newsletter St.Anthony’s Knanaya Catholic Proposed Mission Wales

Christmas Newsletter St.Anthony’s Knanaya Catholic Propossed Mission Wales

Christmas Newsletter St.Anthony’s Knanaya Catholic Proposed Mission Wales

ലണ്ടണ്‍ മിഷനില്‍ ക്രിസ്മസ് രാവ് 2025 നടത്തപ്പെട്ടു.

ലണ്ടണ്‍: സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് രാവ് സംഘടിപ്പിച്ചു. ഡിസംബര്‍ 14 ന് എലംപാര്‍ക്കിലുള്ള സെന്റ് ആല്‍ബന്‍സ് ദൈവാലയത്തില്‍ വച്ച് വി. കുര്‍ബാനയെ തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 3.30 മുതലാണ് ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. ആഘോഷങ്ങളോടനുബന്ധിച്ച് കാറ്റിക്കിസം സ്റ്റുഡന്റ്‌സ്, കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള വിവിധ പ്രോഗ്രാമുകള്‍ എന്നിവ നടത്തപ്പെട്ടു. കൈക്കാരന്മാര്‍, ഹെഡ് ടീച്ചര്‍ മേബിള്‍ അനു, വേദപാഠ അദ്ധ്യാപകര്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, കുടുംബ കൂട്ടായ്മ ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മംഗളവാര്‍ത്താക്കാലം: ദൈവിക സന്ദേശത്തിന്റെ നാളുകള്‍

ഡിസംബർ മാസത്തിൽ ക്രിസ്മസ് വൈബും പാർട്ടികളും സമ്മാനങ്ങളുമൊക്കെയായി നമ്മൾ തിരക്കിലാകുകയാണ്. എന്നാൽ ഈ ആഘോഷങ്ങൾക്ക് തൊട്ടുമുൻപ്, ആത്മീയമായും ആഴത്തിലും ചിന്തിക്കേണ്ട ഒരു സമയമാണ് മംഗളവാർത്താക്കാലം (Advent Season).

നമ്മുടെയെല്ലാം ഫോണുകളിൽ വാട്സ്ആപ്പും ഇൻസ്റ്റാഗ്രാമുമൊക്കെയായി മെസ്സേജുകൾ നിറയുന്ന കാലമാണിത്. മംഗളവാർത്താക്കാലം എന്നത്, ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ‘മെസ്സേജ്’ കൈമാറിയതിൻ്റെ ഓർമ്മപ്പെടുത്തലാണ്. ആ മെസ്സേജ് അയച്ചത് സ്വർഗ്ഗത്തിൽ നിന്ന് ദൈവമാണെങ്കിൽ, അത് എത്തിച്ചത് ഗബ്രിയേൽ മാലാഖയും സ്വീകരിച്ചത് മറിയം എന്ന യുവതിയുമാണ്.

ഗബ്രിയേൽ മാലാഖ മറിയത്തിന്റെ അടുത്തേക്ക് ഒരു ‘notification’ പോലെ അവിചാരിതമായി കൊണ്ടുവന്ന ഒരു ദൗത്യം. ലോകരക്ഷകനായ ക്രിസ്തുവിനെ ഗർഭം ധരിക്കുക. ഇതൊരു സാധാരണ chat message അല്ലായിരുന്നു. മറിച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു ‘Call to Action’ ആയിരുന്നു.

മറിയത്തിന് വേണമെങ്കിൽ ആ മെസ്സേജ് ‘ ignore’ ചെയ്യാം, അല്ലെങ്കിൽ ‘block’ ചെയ്യാം. ‘ഇതെന്നെക്കൊണ്ട് പറ്റില്ല, ഞാൻ ചെറിയ പെൺകുട്ടിയാണ്’ എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറാം. എന്നാൽ അവൾ എടുത്ത ആ തീരുമാനമാണ് ഈ കാലഘട്ടത്തിൻ്റെ കാതൽ.

2011 ൽ മലയാളത്തിൽ റിലീസ് ചെയ്ത ‘Traffic’ എന്ന സിനിമയിൽ ജോസ് പ്രകാശ് അവതരിപ്പിച്ച കഥാപാത്രം, അനൂപ് മേനോന്റെ കഥാപാത്രത്തോട് പറയുന്ന മനോഹരമായ ഒരു dialogue ഇപ്രകാരമാണ്: നിങ്ങൾ ‘NO’ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല. എന്നാൽ, നിങ്ങൾ ഒരൊറ്റ ‘YES’ പറഞ്ഞാൽ ചിലപ്പോൾ അത് ചരിത്രമാകും, വരാനിരിക്കുന്ന ഒരുപാട് പേർക്ക് ‘YES’ പറയാൻ ധൈര്യം പകരുന്ന ചരിത്രം.

അപ്രകാരമുള്ള ഒരു വലിയ’YES’ ആയിരുന്നു മറിയത്തിന്റെത്. ആ വലിയ ‘YES’ (ഇതാ കർത്താവിൻ്റെ ദാസി, നിന്റെ ഇഷ്ടം പോലെ ഭവിക്കട്ടെ) എന്ന മറിയത്തിൻ്റെ മറുപടി, ദൈവത്തിൻ്റെ രക്ഷാകര പദ്ധതിയിലേക്കുള്ള ഒരു ‘Send’ ബട്ടൺ അമർത്തലായിരുന്നു. ലോകചരിത്രത്തെ രണ്ടായി മുറിച്ച ‘YES’. പിന്നീട് ചരിത്രത്തിൽ ജീവിച്ച/ ജീവിക്കുന്ന ഒരുപാട് വ്യക്തികൾക്ക് അവരുടെ ജീവിതത്തിലെ വെല്ലുവിളികളിലും അവർ ഏറ്റെടുത്ത ദൗത്യങ്ങളിലും തീരുമാനങ്ങൾ എടുക്കാൻ ധൈര്യം നൽകിയ ‘YES’.

നമ്മുടെയൊക്കെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ, നമ്മളെല്ലാവരും തിരക്കിലാണ്. പഠനത്തിരക്കിൽ, കരിയർ ഓട്ടത്തിനിടയിൽ, ജോലിത്തിരക്കിൽ, കുടുംബ ജീവിതത്തെ ഒന്ന് കെട്ടിപ്പടുക്കുന്നതിൽ. അതിനിടയിൽ കുറച്ചു നേരമെങ്കിലും ദൈവത്തിൻ്റെ ‘message’ കേൾക്കാൻ, അവിടുത്തോട് ‘YES’ നമുക്ക് സമയം കിട്ടാറുണ്ടോ?

ദൈവം നമ്മളോട് സംസാരിക്കുന്നത് ചിലപ്പോൾ കൂട്ടുകാരിലൂടെയാകാം, മാതാപിതാക്കളുടെ വാക്കുകളിലൂടെയാകാം, സഹപ്രവർത്തകരിലൂടെയാകാം അല്ലെങ്കിൽ നമ്മൾ ഒറ്റയ്ക്കിരിക്കുമ്പോൾ മനസ്സിലുണ്ടാകുന്ന ഒരുൾവിളിയിലൂടെയാകാം. മറിയം ധൈര്യത്തോടെ ‘YES’ പറഞ്ഞതുപോലെ, നമ്മുടെ ജീവിതത്തിലെ വെല്ലുവിളികളോടും ദൗത്യങ്ങളോടും ‘YES’ പറയാൻ നമുക്കും സാധിക്കണം.

ഈ മംഗളവാർത്താക്കാലം വെറും ലൈറ്റുകളിടാനും പുൽക്കൂട് ഉണ്ടാക്കുവാനുമുള്ള സമയം മാത്രമായി മാറരുത്. നമ്മുടെ ഹൃദയമാകുന്ന ‘inbox’ ക്ലിയർ ചെയ്ത്, ദൈവത്തിൻ്റെ ശബ്ദം കേൾക്കാൻ കാതോർത്തിരിക്കാനുള്ള സമയമാണ്. നമ്മുടെ ജീവിതം New Updates നായി (പുതിയ തീരുമാനങ്ങൾക്കായി) തയ്യാറെടുക്കാം.

മറിയത്തെപ്പോലെ, ധൈര്യത്തോടെ ദൈവഹിതത്തിന് ‘YES’ പറയാൻ നമുക്ക് സാധിക്കട്ടെ.

ഉണ്ണിയീശോയുടെ പിറവിക്കായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന എല്ലാവർക്കും സന്തോഷം നിറഞ്ഞ ഈ മംഗളവാർത്താക്കാ ലത്തിന്റെ പ്രാർത്ഥനാശംസകൾ നേരുന്നു.

Rejoice രജിസ്ട്രേഷൻ പുരോഗമിക്കുന്നു

UK യിലെ 15 ക്നാനായ മിഷനുകളിൽ നിന്നുമുള്ള 9 മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി നടത്തുന്ന rejoice നുള്ള രജിസ്ട്രേഷൻ തുടരുന്നു. സോഷ്യൽ മീഡിയ യുടെ ഈ യുഗത്തിൽ നമ്മുടെ കുട്ടികൾക്ക് ഒരുമിച്ച് കൂടി ആൽമീയമായും സഭാപരമായും ചിന്തിക്കുവാനും അവരുടെ സമപ്രായക്കാരായ കുട്ടികളോടൊപ്പം ഒരുമിച്ച് ചേരുവാനും നമ്മുടെ പാരമ്പര്യവും തനിമയും മനസ്സിലാക്കുന്നതിനുള്ള ഒരു അവസരമാണിത്. ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്താൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. Yarnfield Park ലാണ് Rejoice സംഘടിപ്പിക്കുന്നത്. Mili Rengi യുടെ നേതൃത്വത്തിൽ knafire youth team ആണ് നേതൃത്വം നൽകുന്നത്. വളരെ കുറച്ച് സീറ്റുകൾ ഉള്ളതിനാൽ എത്രയും വേഗം പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്

ദീർഘവീക്ഷണം + കഠിനാധ്വാനം = തെക്കൻ ടൈംസ്

ഭിന്നത വെടിയുക ; സഭാ സമുദായ സ്നേഹത്തിൽ വളരുക. ഫാ. സുനി പടിഞ്ഞാറെക്കര

തെക്കൻ ടൈംസിന്റെ വാർഷിക പതിപ്പനോട് അനുബന്ധിച്ച് ക്നാനായ കാത്തലിക് മിഷൻ യു കെയുടെ കോര്‍ഡിനേറ്ററും തെക്കൻ ടൈംസ് മാനേജിംഗ് ഡയറക്ടർ മായ ബഹുമാനപ്പെട്ട പടിഞ്ഞാറെക്കര സുനി അച്ചൻ നൽകിയ പ്രത്യേക അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

ദൈവാനുഗ്രഹത്തിന്റെ വർഷമായിരുന്നുവെന്ന് പറയുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ബാലാരിഷ്ടതകളിലും പ്രതിസന്ധികളിലുമെല്ലാം ദൈവം കൈപിടിച്ച് നടത്തുന്നു. നമുക്ക് സ്വന്തമായി ഒരു ദേവാലയവും സൗകര്യങ്ങളും ലഭിച്ചതുതന്നെ വലിയ ദൈവാനുഗ്രഹമായി കാണുന്നു. മിഷനായി വളരുന്ന പല മാസ്സ് സെന്ററുകളും, തെക്കൻ ടൈംസ് ബുള്ളറ്റിനും,

അനുഗ്രഹപ്രദമായ വാഴ്‌വും, ബൈബിൾ എഴുത്തും, അഭിഷേക നിറവിലെ ധ്യാനങ്ങളും, രണ്ടുപേർക്ക് വീട് നൽകൽ പദ്ധതിയുമെല്ലാം ദൈവാനുഗ്രഹത്തിന്റെയും കൂട്ടായ്മയുടെയും ഫലമായി ഞാൻ കാണുന്നു. ഇനിയും ഒരുപാട് വളരാനുണ്ടെന്നറിയാം അതിന് എല്ലാവരും ഒന്നിച്ചുനിന്ന് പ്രാർത്ഥിക്കണം, പ്രവർത്തിക്കണം.

ഓരോ സ്ഥലങ്ങളിലും അതിൻ്റേതായ സാഹചര്യങ്ങളാണ്. ഇന്ത്യയിൽ വളർച്ചയെത്തിയ ഒരു ആരാധന സമൂഹത്തെ ശുശ്രൂഷിക്കുന്നത് പോലെയല്ല അമേരിക്കയിൽ വളർച്ചയിലേക്ക് നടന്നടുക്കുന്ന ആരാധന സമൂഹത്തെ ശുശ്രൂഷിക്കുക. UK -യിൽ വളർച്ചയുടെ ആരംഭത്തിലൂടെ കടന്നുപോകുന്ന ഒരു സമൂഹമാണ് , അതിന്റേതായ വെല്ലുവിളികൾ ഉണ്ട്. അമേരിക്കയിലെ എന്റെ അനുഭവം വച്ച്, ഇവിടെ ക്നാനായ മിഷനുകൾ വളരണമെങ്കിൽ എല്ലാവരും അംഗങ്ങളാവുകയും ദേവാലയവും മറ്റു സൗകര്യങ്ങളും സ്വന്തമായി ലഭിക്കുകയും ചെയ്യണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇത്തരം സൗകര്യങ്ങൾ സ്വന്തമായി ലഭിക്കുമ്പോൾ എല്ലാവർക്കും – പ്രത്യേകിച്ച് കുട്ടികൾക്കും യുവജനങ്ങൾക്കും – ആത്മീയവും സാമൂഹികവുമായ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ സാധിക്കും. ഇതിലൂടെ ഇവർ പള്ളിയോട് കൂടുതൽ അടുക്കുകയും ബന്ധങ്ങൾ ഉണ്ടാവുകയും, അതുവഴി ക്നാനായ വിവാഹബന്ധങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു

വളരെ നല്ല ചോദ്യം. ഒരു സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. ചെറിയ ഒരു വീടായിരുന്നു ഞങ്ങളുടേത്. അതിനാൽതന്നെ വീടില്ലാത്തവരുടെ വേദന ശരിക്കും അറിയുന്നതുകൊണ്ട്, അങ്ങനെയുള്ളവരെ എന്നാൽ ആവുംവിധം സഹായിക്കണമെന്ന് ഒരാഗ്രഹമുണ്ടായിരുന്നു. എല്ലാ മനുഷ്യരുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്. അത് ലഭിച്ചുകഴിഞ്ഞാൽ അവർക്ക് മറ്റു കാര്യങ്ങൾ അവരുടെ അധ്വാനം കൊണ്ട് ചെയ്യുവാൻ സാധിക്കും അതുകൊണ്ട് കൂടിയാണ് ഞാൻ വീട് നിർമ്മാണ പദ്ധതിക്ക് കൂടുതൽ പ്രാധാന്യം.

നൽകുക. ദൈവാനുഗ്രഹത്താൽ 75-ൽ പരം വീടുകൾ ഇതിനോടകം നിർമ്മിക്കാനും, ഏതാനും വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുവാനും സാധിച്ചു. അതുപോലെ തന്നെ ഏതാനും വീടുകളുടെ നിർമ്മാണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു ഇതിൽ നാമമാത്രവീടുകൾ മാത്രമെ ഞാൻ തനിയെ ചെയ്തിട്ടുള്ളൂ, ബാക്കിയെല്ലാം എൻ്റെ ഇടപെടൽ മൂലം മറ്റുള്ളവരാണ് ചെയ്തത്. ഞാൻ ഒരു നിമിത്തവും കർത്താവിൻറെ ഉപകരണവുമായിയെന്ന് മാത്രം.

തീർച്ചയായും തുടക്കം എന്ന നിലയിൽ പ്രതിസന്ധിയുണ്ട് സ്വന്തമായി എല്ലാ മിഷനുകൾക്കും ദൈവാലയങ്ങളില്ല. ഫോം ഒപ്പിട്ടാൽ മാതൃ ഇടവകാംഗത്വം പോകും, നമ്മുടെ അക്കൗണ്ട് അല്ല, വ്യാജ ക്നാനായ പള്ളിയാണിത്, തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളിൽപെട്ട് മിഷനുകളിൽ സഹകരിക്കാത്തവരുണ്ട്. പല കാരണങ്ങളാൽ കുഞ്ഞുങ്ങളെ വേദപാഠം നല്ല രീതിയിൽ പഠിപ്പിക്കാനുമുള്ള പരിമിതികളുണ്ട് .

സഭയുടെ ഇപ്പോഴത്തെ സംവിധാനമാണ് ക്നാനായക്കാർക്ക് മാത്രമായി യുകെയിൽ ക്നാനായ മിഷനുകൾ. ഇവിടെ ക്നാനായക്കാർ മാത്രമാണ് അംഗങ്ങൾ, ഇതിലൂടെ മാതൃ ഇടവകയുമായിട്ടുള്ള പൊക്കിൾകൊടി ബന്ധം ഉണ്ടാകുന്നു. ക്നാനായ മിഷനുകൾ രജിസ്റ്റർ ചെയ്താൽ അവർ സ്വാഭാവികമായും ക്നാനായക്കാർ തന്നെയാണ്. വരും തലമുറയിൽപെട്ടവരെ ക്നാനായക്കാരനാണെന്ന് ഡോക്യുമെന്റ് അടിസ്ഥാനത്തിൽ തെളിയിക്കാനും ഇതുവഴി സാധിക്കുന്നു. അതിനാൽ അടിസ്ഥാനരഹിതമായ പ്രചരണങ്ങളിൽപെട്ട്, പ്രതിസന്ധികൾ സൃഷ്ടിച്ച്, നമ്മുടെ വളർച്ചയെ മുരടിപ്പിക്കരുത്. ദൈവാനുഗ്രഹത്താലും പ്രാർത്ഥനയാലും യോജിച്ചുള്ള പ്രവർത്തനങ്ങളാലും ഈ പ്രതിസന്ധികളെയെല്ലാം മറികടക്കാനാവും എന്നാണ് എൻ്റെ വിശ്വാസം.

തെക്കൻ ടൈംസ് ഒരു വർഷം പിന്നിടുമ്പോൾ അഭിമാനപൂർവ്വമാണ് ഈ നേട്ടത്തെ കാണുന്നത്. ഇതിൽ പ്രവർത്തിക്കുന്ന ധാരാളം ആളുകളുടെ അധ്വാനം മൂലം ഒരിക്കൽപോലും മുടങ്ങാതെ എല്ലാ മാസവും രണ്ട് പ്രാവശ്യം തെക്കൻ ടൈംസ് ഇറങ്ങുന്നു. വിവിധ മിഷനുകളുടേയും മിഷൻസിന്റെ ആത്മീയവും സാമൂഹികവുമായ പൊതു പരിപാടികളേയും ജനഹൃദയങ്ങളിൽ എത്തിക്കുവാൻ ഈ ബുള്ളറ്റിന് സാധിക്കുന്നു മിഷനുകളെ ഏകീഭവിപ്പിക്കുന്ന ഒരു ചാനലായി ഇത് മാറുന്നു. മിഷനുകളെ അറിയുവാനും അറിഞ്ഞ് സ്നേഹിക്കുവാനും ഇത് സഹായിക്കുന്നു. ഇതിന്റെ സജീവ പ്രവർത്തകർ തങ്ങളുടെ സമയവും കഴിവും അധ്വാനവും ഇതിനായി ചെലവഴിക്കുന്നു അവരെ ഈ അവസരത്തിൽ ഞാൻ പ്രത്യേകം അനുമോദിക്കുന്നു.

ഈ ആരോപണം അടിസ്ഥാനരഹിതമാണ്. ഒരാളുടെ പോലും അംഗത്വം നഷ്ടപ്പെടുകയോ അതിൻറെ പേരിൽ ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്തിട്ടില്ല. അത് മാത്രമല്ല 11-09- 2021-ൽ സംഘടനയും മിഷനും ചർച്ചയിലൂടെ സംയുക്തമായി അംഗീകരിച്ചിറക്കിയ FN-013A ഫോമാണ് നാമിപ്പോൾ ഉപയോഗിക്കുന്നത്.

കൂടാതെ നമ്മുടെ അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് 302/2023- നമ്പർ സർക്കുലറിലൂടെ അംഗത്വം നഷ്ടമാകില്ലെന്ന് ഉറപ്പുതരുകയും, ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് 7/2025 – നമ്പർ സർക്കുലറിലൂടെ അത് എടുത്ത് പറയുകയും ചെയ്തു. ഈ രൂപതകളുടെ നിലപാട്, സർക്കുലറിലൂടെ Particular Law ആവുകയും ആ സ്ഥിതി നിലനിൽക്കുകയും ചെയ്യുന്നു. ഇതിൽപരം ഒരു ഉറപ്പ് രൂപതകൾക്ക് നൽകാനില്ല. അതിനാൽ, തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളിലും ആരോപണങ്ങളിലും അടിപ്പെട്ട് തങ്ങളുടെയും കുഞ്ഞുങ്ങളുടെയും വരും തലമുറയുടെയും ആത്മീയവും സഭാപരവുമായ വളർച്ചയെ മുരടിപ്പിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്.

2026-ൽ ഒത്തിരിയേറെ നാഷണൽ പരിപാടികൾക്ക് പദ്ധതിയിടുന്നു. പുറത്തു നമസ്കാരം, legion of Mary gathering, Pious associations gathering, Knanaya fest, വാഴ്‌വ് 2026 , Rejoice 2026 (കുട്ടികൾക്ക് ധ്യാനം), ഡാനിയേൽ അച്ചൻറെ റെസിഡൻഷ്യൽ ധ്യാനം, post marriage course, pre marriage course, മറ്റു പരിപാടികൾ എന്നിവയാണ് 2026-ൽ ക്നാനായ കാത്തലിക്ക് മിഷൻ നാഷണൽ ലെവൽ പരിപാടികൾ.

കുട്ടികൾക്കും യുവജനങ്ങൾക്കും മലയാളം ഭാഷയിലുള്ള സീറോ മലബാർ കുർബാന സ്വീകാര്യമാകുമോ എന്നതിൽ അൽപം സംശയമുണ്ട്. എന്നാൽ എൻ്റെ അനുഭവംവച്ച്, സീറോ മലബാർ കുർബാന ഇംഗ്ലീഷിൽ ചൊല്ലുന്നത് അവർക്ക് സ്വീകാര്യമാണ്. അമേരിക്കയിൽ വർഷങ്ങളായി ഇത് ഉപയോഗിക്കുന്നു. അവിടെ ജനിച്ചുവളർന്ന അനേകം യുവ വൈദികർ ദൈവവിളി സ്വീകരിച്ചത് നമ്മുടെ സീറോ മലബാർ കുർബാനയുടെ theological richness and liturgical solemnity-യിൽ ആകർഷകരായിട്ടാണ്. നമ്മുടെ കുട്ടികൾക്കും യുവജനങ്ങൾക്കുമായി ഇംഗ്ലീഷ് സീറോ മലബാർ കർബ്ബാന ഭാവിയിൽ എല്ലാ മിഷനുകളിലും നമുക്കും തുടങ്ങണം.

  • ദൈവാശ്രയത്തിലും വിശ്വാസത്തിലും വ്യക്തികളും കുടുംബങ്ങളും വളരണം,
  • ഭിന്നത വെടിഞ്ഞ് സഭയോടും വൈദികരോടും ചേർന്ന് പ്രവർത്തിക്കണം
  • സ്വവംശ വിവാഹനിഷ്ഠ പാലിക്കാൻ യുവാക്കൾ തയ്യാറാകണം
  • ആത്മീയ വളർച്ചയും സാമുദായ വളർച്ചയും പ്രാപിക്കുവാൻ നമ്മുടെ ക്നാനായ മിഷനുകളിൽ അംഗങ്ങളാവുകയും വേദപാഠത്തിലും ആത്മീയ കാര്യങ്ങളിലും സജീവമായി പങ്കെടുക്കുകയും വേണം
  • തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളിൽ പെട്ടുപോകാതെ സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളും വിശദീകരണങ്ങളും ആരായുകയും അറിയുകയും ചെയ്യണം.

സ്വന്തം കുഞ്ഞുങ്ങളുടെ ആത്മീയ വളർച്ചയിൽ ഓരോ മാതാപിതാക്കൾക്കും ഉത്തരവാദിത്വമുണ്ട്. വരും തലമുറയെ ക്നാനായക്കാരായി സഭയോടും സമുദായത്തോടും ചേർത്തു വളർത്തണം അങ്ങനെ വരുമ്പോൾ ഈ മിഷനുകൾ വളരും.

തെക്കൻ ടൈംസിന്റെ വാർഷികപ്പതിപ്പ്

കോട്ടയം അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവിൻറെ ആശംസ സന്ദേശം, ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ കോഡിനേറ്റർ ബഹുമാനപ്പെട്ട പടിഞ്ഞാറേക്കര സുനിയച്ചന്റെ പ്രത്യേക അഭിമുഖം  , കഴിഞ്ഞ ഒരു വർഷക്കാലം തെക്കൻ ടൈംസ് പ്രവർത്തനങ്ങളുടെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന വായനക്കാരുടെ പ്രതികരണങ്ങൾ, വൈവാഹിക പംക്തി, വിവിധ മിഷനുകളിലെ ക്രിസ്തുമസ് കുർബാന സമയക്രമം, കൂടാതെ നിരവധിയായ വാർത്തകളും ചിത്രങ്ങളും അടക്കം തെക്കൻ  ടൈംസ് 24മത് ലക്കം.

18 NOVEMBER 2025

മാഞ്ചസ്റ്റർ സെൻറ് മേരീസ് ക്നാനായ മിഷനിൽ യൂണിവേഴ്സിറ്റി എ ലവൽ കുട്ടികൾക്കായുള്ള യൂത്ത് സെഷൻ നടത്തപെട്ടു

മാഞ്ചസ്റ്റർ സെൻ്റ് മേരീസ് ക്നാനായ മിഷനിൽ എ ലവൽ ,യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ്നായി പ്രത്യേക ശുശ്രൂഷ നടത്തപ്പെട്ടു. 2025 നവംബർ 9 ഞായറാഴ്ചയാണ് യൂത്തിന് വേണ്ടിയുള്ള രണ്ടാമത്തെ ഈ ശ്രുശ്രൂഷ നടത്തപെട്ടത്. എല്ലാ രണ്ടാമത്തെ ഞായറാഴ്ചകളിലും വിശുദ്ധ കുർബാനയ്ക്കു മുൻപായി 9:45am മുതൽ 10:45am വരെയായിരിക്കും ഇതു നടത്തപ്പെടുക.

യൂണിവേസിറ്റി വിദ്യാഭ്യാസത്തിനായി പോകുന്ന നമ്മുടെ കുട്ടികൾ കത്തോലിക്കാ വിശ്വാസത്തിലും ക്‌നാനായ പാരമ്പര്യത്തിലും കൂടുതൽ ആഴത്തിൽ വേരുറക്കുന്നതിനും, ഈ കാലഘട്ടത്തിന്റെ വെല്ലുവിളികളും പ്രലോഭനങ്ങളും ശക്തിയോടും ദൃഢനിശ്ചയത്തോടും കൂടെ കൈകാര്യം ചെയ്യാൻ അവർക്കു കഴിവുണ്ടാകുന്നതിനും വേണ്ടിയാണ് ഈ ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത്. ഈ ക്ലാസുകൾ നയിക്കുന്നത് നമ്മുടെ മിഷൻ അംഗമായ ഡീക്കൺ അനിൽ ലൂക്കോസ് ആണ്

ഏകദേശം 25 ഓളം കുട്ടികളാണ് ഈ ശുശ്രൂഷയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എല്ലാ കുട്ടികളെയും മിഷൻ ഡയറക്ടർ ഫാ. സുനി പടിഞ്ഞാറേക്കര സ്വാഗതം ചെയ്യുകയും തുടർന്നുള്ള ക്ളാസുകൾ ദൈവാനുഗ്രഹപ്രദമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു .

ഹോളി കിങ്‌സ് മിഷനിൽ നവദമ്പതികളെ ആദരിച്ചു

ത്രീ കൗണ്ടി ഹോളി കിങ്‌സ് മിഷൻ അംഗവും രാജപുരം ഹോളി ഫാമിലി പള്ളി ഇടവക കുടുന്തനാംകുഴി ജോസ് മേഴ്‌സി ദമ്പതികളുടെ മകൻ അജയ് ജോസും , കള്ളാർ സെന്റ് തോമസ് പള്ളി ഇടവക കുരുവിനാവേലിൽ ബിജു പുഷ്പ ദമ്പതികളുടെ മകൾ മരിയയും തമ്മിലുള്ള വിവാഹം നിരവധി വൈദികരുടെ സാനിധ്യത്തിൽ ഫാ . ജോസഫ് അവണൂർ ആശീർവദിച്ചു

വിവാഹിതരായതിനു ശേഷം ആദ്യമായി മിഷനിൽ വന്ന നവ ദമ്പതിമാർക്കു മിഷൻ ഡയറക്ടർ ഫാ . ഷഞ്ചു കൊച്ചുപറമ്പിലിന്റെ സാനിധ്യത്തിൽ കൈക്കാരന്മാരായ ജോസ് തോമസ് വടകരപ്പറമ്പിലും , മാത്യുക്കുട്ടി അമ്മായി കുന്നേലും ചേർന്ന് എല്ലാ മിഷൻ അംഗങ്ങളുടെയും പേരിലുള്ള വിവാഹ മംഗളാശംസകൾ നേർന്ന് പൂച്ചെണ്ട് നൽകി സ്വാഗതം ചെയ്‌തു .

അജയ് ജോസിനും മരിയക്കും ഹോളി കിങ്സ് ക്‌നാനായ മിഷന്റെ വിവാഹ മംഗളാശംസകൾ .

വൈവാഹികം, Updated on 18 november, 2025

യുകെയിൽ വളർന്നു ഇപ്പോൾ NHS-ൽ നേഴ്സ് ആയി ജോലിചെയ്യുന്ന ക്നാനായ കത്തോലിക്ക യുവതിക്കു (24 വയസ്സ്, 156 cm) സ്വസമുദായത്തിൽപ്പെട്ട അനുയോജ്യരായ യുവാകളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു. യുകയിൽ ഉള്ളവർക്കു മുൻഗണന. mob: 07482723379 , 07960519055

ഇന്ത്യയിൽ ജനിച്ചു അയർലണ്ടിലെ ഡബ്ലിനിലെ ട്രിനിറ്റി കോളേജിൽ നിന്നും കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ഡിഗ്രി കഴിഞ്ഞു സീനിയർ ഡാറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ ആയി ജോലി ചെയ്യുന്ന ക്നാനായ കാത്തോലിക് യുവതിക്ക് ( 29 വയസ്സ് – 170 CM ) സ്വസമുദായത്തിൽപ്പെട്ട അനുയോജ്യരായ യുവാകളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു. യുകെയിലും അയർലണ്ടിലും ഉള്ളവർക്കു മുൻഗണന. mob: +919746606266 / +353876411990

ഇന്ത്യയിൽ ജനിച്ച് യുകെയിൽ വളർന്ന മെക്കാനിക്കൽ എഞ്ചിനീയർ (മാസ്റ്റേഴ്സ്) ആയ പ്രശസ്ത കമ്പനിയിൽ ജോലി ചെയ്യുന്ന ക്നാനായ യുവാവിന് (27 , 180 CM ) സ്വസമുദായത്തിൽ പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ : 07429216136 / 07903988117

ഇന്ത്യയിൽ ജനിച്ച് യുകെയിൽ വളർന്ന നഴ്സിംഗ് ബിരുദധാരിയായ ക്നാനായ യുവതിക്ക് (24 , 165 CM ) സ്വസമുദായത്തിൽ പെട്ട അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ : 07429216136 / 07903988117

യൂണിവേഴ്സിറ്റി കോളേജ് ലണ്ടിനിൽ നിന്നും സ്പേസ് സയൻസ് എഞ്ചിനീയറിങ്ങിൽ പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞു വെയിൽസ് ഗവൺമെന്റ് സിവിൽ സർവീസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന ക്നാനായ കാത്തോലിക് യുവാവ് (28 വയസ്സ്) സ്വസമുദായത്തിൽപ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ : 07850015770 / 07877222708

യുകെയിൽ വളർന്ന് ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന ക്നാനായ കത്തോലിക്ക യുവതി ( 24 വയസ്സ്) അനുയോജ്യരായ പ്രൊഫഷണൽ ക്വാളിഫൈഡ് ആയ യുവാക്കളുടെ മാതാപിതാക്കൾ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Mob: 44 7723061239, 44 7548 827908

കോട്ടയം എസ് എച്ച് മൗണ്ട് ഇടവക അമ്പലപ്പറമ്പിൽ പരേതരായ കുരുവിള- മറിയാമ്മ ദമ്പതികളുടെ മകൻ ബെർമിംഗ്ഹാം ക്രൈസ്റ്റ് ദി കിങ് ക്നാനായ കാത്തലിക് മിഷൻ അംഗം തോമസ് കുരുവിള അമ്പലപ്പറമ്പിൽ നിര്യാതനായി.

കോട്ടയം എസ് എച്ച് മൗണ്ട് ഇടവക അമ്പലപ്പറമ്പിൽ പരേതരായ കുരുവിള- മറിയാമ്മ ദമ്പതികളുടെ മകൻ ബെർമിംഗ്ഹാം ക്രൈസ്റ്റ് ദി കിങ് ക്നാനായ കാത്തലിക് മിഷൻ അംഗം തോമസ് കുരുവിള അമ്പലപ്പറമ്പിൽ നിര്യാതനായി.

ഭാര്യ: മിനി സേനാപതി ഇടവക കീഴേറ്റു കുന്നേൽ കുടുംബാംഗം

മക്കൾ മെറിൻ, അനീറ്റ

മരുമകൻ ടോണി സണ്ണി മൂലയിൽ കുമരകം

മൃത സംസ്കാരം 2026 നവംബർ 15ന് നടത്തപ്പെട്ടു.

Wedding Anniversary

വിവാഹ ജീവിതത്തിന്റെ പത്താമത് വാർഷികം ആഘോഷിക്കുന്ന തെക്കൻ ടൈംസ് ഡിസൈനിങ് & വെബ്സൈറ്റ് കോ-ഓർഡിനേറ്റർ ലിജു രാജു കാരുപ്ലാക്കിലിനും ഭാര്യ നീതു ജോസിനും തെക്കൻ ടൈംസിന്റെ വിവാഹ വാർഷിക ആശംസകൾ

ബെർമിംഗ്ഹാം റോസാ മിസ്റ്റിക്ക പ്രെസിഡിയത്തിൽ കൂടുതൽ വനിതകൾ മരിയൻ സൈന്യത്തിലേക്ക്

ബർമിംഗ്ഹാം ക്രൈസ്റ്റ് ദി കിങ് ക്നാനായ കാത്തലിക് മിഷനിൽ പ്രവർത്തിക്കുന്ന റോസാ മിസ്റ്റിക പ്രസീദിയത്തിലേക്ക് കൂടുതൽ അംഗങ്ങൾ അംഗത്വം എടുക്കുകയും ഏകദേശം 25- ഇൽ പരം അംഗങ്ങൾ സ്ഥിര അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. 2025 നവംബർ രണ്ടാം തീയതി നടത്തപ്പെട്ട വിശുദ്ധ കുർബാനയ്ക്ക് ശേഷം റോസാ മിസ്റ്റിക പ്രസീദിയം ആത്മീയ നീയെന്താവ് ഫാ. ഷഞ്ചു ലിന്റെ നേതൃത്വത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്തപ്പെട്ടത്.

ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ കീഴിൽ പ്രവർത്തിക്കുന്ന ലിജിയൻ ഓഫ് മേരിയുടെ ശക്തമായ പ്രസിദിങ്ങളിൽ ഒന്നാണ് റോസാമിസ്റ്റിക്ക ബെർമിംഗ്ഹാം. എല്ലാ ആഴ്ചയിലും പ്രതിവാര പ്രാർത്ഥന യോഗങ്ങളും മിഷൻ കുർബാനയ്ക്ക് വേണ്ടുന്നതായ സഹായസഹകരണങ്ങളും വിവിധ ചാരിറ്റി പ്രവർത്തനങ്ങളും റോസാമിസ്റ്റിക്കായുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്.

സംഘടനയുടെ നിയമാവലി അനുസരിച്ച് പുതുതായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥിര അംഗങ്ങളായ എല്ലാവരെയും പ്രത്യേകമായി അഭിനന്ദിച്ചു

സെൻറ് ജോസഫ് മിഷനിൽ നവദമ്പതികളെ അനുമോദിച്ചു

സെൻറ് ജോസഫ് ക്നാനായ കാത്തലിക് മിഷൻ ലണ്ടനിൽ ഈ വർഷം വിവാഹിതരായ നവദമ്പതികളെ അനുമോദിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന അനുമോദന സ്വീകരണത്തിൽ മിഷൻ ഡയറക്ടർ ഫാ. മാത്യൂസ് വലിയ പുത്തൻപുര അനുമോദന ആശംസകൾ അർപ്പിച്ചു. ഒരിൽ ജോയിസ് സാൻസി ദമ്പതികളുടെ മകൻ ജസ്വിനും പാറക്കൽ ജോൺ ബീന ദമ്പതികളുടെ മകൾ റിയാ യ്ക്കും ആണ് അനുമോദനങ്ങൾ അർപ്പിച്ചത്. വിശുദ്ധ കുർബാനയ്ക്ക് ശേഷം നവദമ്പതികൾ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു

ഏവർക്കും ഉപകാരപ്പെടുന്ന വർണ്ണ കലണ്ടറുമായി തെക്കൻ ടൈംസ്

ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ ഔദ്യോഗിക മുഖപത്രമായ തെക്കൻ ടൈംസ് പ്രവർത്തനമാരംഭിച്ചത് 2024 ഡിസംബർ മുതലാണ്.

ഫാ. സുനി പടിഞ്ഞാറേക്കര മാനേജിംഗ് ഡയറക്ടർ ആയും ഫാ. മാത്യൂസ് വലിയ പുത്തൻപുര ചീഫ് എഡിറ്ററായും പ്രവർത്തിക്കുന്ന തെക്കൻ ടൈംസ് 2026-ലെ വർണ്ണ കലണ്ടർ പ്രസിദ്ധീകരിക്കുന്നു. അനുദിന വിശുദ്ധർ , വിരുദ്ധ കുർബാന, ബൈബിൾ വായന വിവരങ്ങൾ, ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ പരിപാടികളുടെ വിവരങ്ങൾ, ഇടവക തിരുനാളുകളുടെ വിവരങ്ങൾ, പ്രീ മാരേജ് ക്ലാസുകളുടെ വിവരങ്ങൾ, എല്ലാ ക്നാനായ കാത്തലിക് മിഷൻസ് വികാരിമാരുടെയും കൈക്കാരന്മാരുടെയും വിവരങ്ങൾ എന്നിങ്ങനെ നിരവധിയായ ഉപകാരപ്രദമായ വിശേഷങ്ങൾ അടങ്ങിയ കലണ്ടർ ആണ് പ്രസിദ്ധീകരിക്കുന്നത്. ക്രിസ്തുമസ്സിനോടനുബന്ധിച്ചു മിഷനുകളിൽ നിന്നും മാസ്സ് സെന്ററുകളിൽ നിന്നും കലണ്ടർ ലഭ്യമാകും.

ഉന്നത നിലവാരത്തിലുള്ള പേപ്പറിൽ ബഹുവർണ്ണ കലണ്ടർ ഓരോ ക്നാനായ കത്തോലിക്ക വിശ്വാസികൾക്കും ഉപകാരപ്രദമാകും.

📜ക്നാനായ കത്തോലിക്കാ മിഷൻസ് UK – വിശദീകരണക്കുറിപ്പിന്റെ സംഗ്രഹം

യു.കെ.യിലെ ക്നാനായ കത്തോലിക്കാ മിഷൻസ് UK (Knanaya Catholic Missions UK), മീഡിയ കമ്മീഷൻ മുഖേന 2025 നവംബർ 27-ന് പുറത്തിറക്കിയ ഈ വിശദീകരണക്കുറിപ്പ്, മിഷൻ രജിസ്ട്രേഷൻ ഫോം സംബന്ധിച്ച് സമുദായാംഗങ്ങൾക്കിടയിൽ നിലനിന്നിരുന്ന ആശങ്കകൾ പരിഹരിക്കുന്നതിനും, UKKCA (UK Knanaya Catholic Association) യുമായി നടന്ന ചർച്ചകളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയുള്ളതാണ്.


Circular 27 NOVEMBER 2025

🤝 UKKCA യുമായി നടന്ന ചർച്ചകൾ

  • തുടക്കം: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ കീഴിൽ സ്ഥാപിച്ച ക്നാനായ കത്തോലിക്കാ മിഷനുകളിലെ രജിസ്ട്രേഷൻ ഫോം സംബന്ധിച്ച് ചിലർക്കുണ്ടായിരുന്ന ആശങ്കകൾ പരിഹരിക്കുന്നതിനായി മിഷൻ അധികാരികളും UKKCA നേതൃത്വവുമായി നിരവധി ചർച്ചകൾ നടത്തി.
  • ആദ്യ ഫോം അംഗീകാരം (2021): ആവശ്യമായ ഭേദഗതികൾ വരുത്തി പരസ്പരം അംഗീകരിച്ച മിഷൻ രജിസ്ട്രേഷൻ ഫോം (FN-013A) 2021 സെപ്റ്റംബർ 11-ന് സംയുക്ത പ്രസ്താവനയിലൂടെ പ്രസിദ്ധപ്പെടുത്തി. നിലവിൽ ഉപയോഗത്തിലുള്ളത് ഈ ഫോം തന്നെയാണ്.
  • കോട്ടയം അതിരൂപതാംഗത്വ പ്രശ്നം (2023): 2023 ഏപ്രിൽ 3-ന് നടന്ന ചർച്ചയിൽ, നിലവിലെ ഫോം പൂരിപ്പിച്ചു നൽകിയാൽ കോട്ടയം അതിരൂപതാംഗത്വം നഷ്ടപ്പെടില്ലെന്ന് കോട്ടയം അതിരൂപതാധ്യക്ഷൻ രൂപതയുടെ ലെറ്റർ ഹെഡിൽ എഴുതി നൽകിയാൽ അംഗീകരിക്കാമെന്ന് UKKCA സമ്മതിച്ചിരുന്നു. എന്നാൽ അപ്രകാരമുള്ള കത്ത് ലഭിച്ചിട്ടും UKKCA പിന്നീട് അതിൽ നിന്ന് പിന്തിരിയുകയാണുണ്ടായത്.
  • തുടർ ചർച്ചകൾ (2024-2025): അടിസ്ഥാനരഹിതമായ ആശങ്കകൾ സമുദായാംഗങ്ങളിൽ ഉടലെടുത്ത സാഹചര്യത്തിൽ, 2024 ഡിസംബർ 14-ന് ചേർന്ന മിഷൻ വൈദികരുടെയും പ്രതിനിധികളുടെയും യോഗം ചർച്ചകൾക്കായി ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി.
    • ഈ കമ്മിറ്റിയും UKKCA യും തമ്മിൽ 2025 ജൂൺ 17-ന് മാഞ്ചസ്റ്ററിൽ വെച്ച് മുഖാമുഖം ചർച്ച നടത്തുകയും, UKKCA തയ്യാറാക്കിക്കൊണ്ടുവന്ന പുതിയ ഫോമിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിക്കുകയും ചെയ്തു.
    • ഭേദഗതി വരുത്തിയ ഫോം അംഗീകാരത്തിനായി മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനെ കാണാൻ തീരുമാനിച്ചെങ്കിലും, UKKCA-യുടെ തിരക്കുകൾ കാരണം കൂടിക്കാഴ്ചയ്ക്ക് കാലതാമസം ആവശ്യപ്പെട്ടു.
    • 2025 ഒക്ടോബർ16-ന് വീണ്ടും ഓൺലൈൻ മീറ്റിംഗ് നടത്തുകയും, തിരുത്തിയ ഫോം അംഗീകാരത്തിനായി മിഷൻ കോർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന് അയച്ചുകൊടുക്കുകയും ചെയ്തു.

🛡️ കോട്ടയം അതിരൂപതാംഗത്വത്തെക്കുറിച്ചുള്ള വ്യക്തത

  • മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ സർക്കുലർ (302/2023): കോട്ടയം അതിരൂപതാംഗത്വം സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിനായി മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത 2023 ജൂലൈ 20-ന് സർക്കുലർ 302/2023 പുറത്തിറക്കി. അതിരൂപതയുടെ അധികാരപരിധിക്ക് പുറത്തുള്ള ക്നാനായക്കാർ തങ്ങളുടെ മാതൃഇടവകാംഗത്വം നിലനിർത്തുന്നതിന്, അതത് സ്ഥലങ്ങളിൽ സഭ നൽകിയിരിക്കുന്ന ക്നാനായ അജപാലന സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണം എന്ന് ഈ സർക്കുലർ വ്യക്തമാക്കുന്നു.
  • മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ സർക്കുലർ (07/2025): മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് UK സന്ദർശിച്ച സാഹചര്യത്തിൽ, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് പ്രത്യേക താൽപര്യമെടുത്ത് 2025 ഒക്ടോബർ 7-ന് സർക്കുലർ 07/2025 പുറപ്പെടുവിച്ചു.
    • യു.കെ.യിലെ ക്നാനായ കാത്തലിക് മിഷനുകളിൽ അംഗമാകുന്നതിലൂടെ ക്നാനായക്കാരുടെ കോട്ടയം അതിരൂപതാംഗത്വം നഷ്ടപ്പെടുകയില്ല എന്ന് ഈ സർക്കുലർ വ്യക്തമാക്കുന്നു. ഈ സർക്കുലർ കാനോനിക നിയമമനുസരിച്ച് സാധുതയുള്ള Particular Law ആയി നിലവിൽ വന്നിട്ടുള്ളതാണ്.
    • ഇതിലൂടെ ക്നാനായ സമുദായാംഗങ്ങളുടെ ആശങ്കയ്ക്ക് ആധികാരികവും പ്രാമാണികവുമായ പരിഹാരം സാധ്യമായി.

📍 മിഷൻ വൈദികരുടെ കർത്തവ്യം

  • യു.കെ. ക്നാനായ മിഷൻ വൈദികർ പരിശുദ്ധ കത്തോലിക്കാ സഭയുടെ ഹൈറാർക്കിക്കൽ സംവിധാനത്തിന് വിധേയരായി അജപാലന ശുശ്രൂഷകൾ നിർവ്വഹിക്കാൻ ചുമതലപ്പെട്ടവരാണ്.
  • സഭാ സംവിധാനത്തിൻ്റെ നിയമസംഹിതയിൽ നിന്നുകൊണ്ട് ക്നാനായ കത്തോലിക്കാ സമൂഹത്തിന് ശുശ്രൂഷ നൽകുകയാണ് അവരുടെ ലക്ഷ്യം.

📌 നിലവിലെ സ്ഥിതി

നിലവിൽ യു.കെ. ക്നാനായ മിഷനുകളിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ കോട്ടയം അതിരൂപതാംഗത്വം നഷ്ടപ്പെടില്ല എന്ന് ഇരു രൂപതാധ്യക്ഷന്മാരുടെയും സർക്കുലറുകൾ ഉറപ്പു നൽകുന്നു. രൂപതയുടെ അഡ്മിനിസ്ട്രേഷൻ വിഭാഗം നിർദ്ദിഷ്ട രജിസ്ട്രേഷൻ ഫോമിന്റെ തുടർ നടപടികൾ Canonical, CIO & Legal ഡിപ്പാർട്ട്മെന്റുകളുടെ മറുപടിയും, ഓറിയന്റൽ കോൺഗ്രിഗേഷൻറെ നിർദ്ദേശങ്ങളും ലഭിക്കുന്നതിനനുസരിച്ച് അറിയിക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്

പരിശുദ്ധ ജപമാല രാജ്ഞിയോടൊപ്പം പത്ത് നാൾ:വെയിൽസിൽ കൊന്തപ്പത്തിന് ആത്മീയ നിറവിൽ സമാപനം

വെയിൽസിലെ സെന്റ് ആന്റണീസ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനു കീഴിലുള്ള വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ ഒക്ടോബർ 10 മുതൽ ഭവനങ്ങളിൽ നടന്നുവന്ന ‘കൊന്തപ്പത്ത് ആചരണത്തിന്’ ഭക്തിനിർഭരമായ പരിസമാപ്തി. ഒക്ടോബർ 19, ഞായറാഴ്ച, കാർഡിഫിലെ സെന്റ് ഇല്റ്റിഡ്സ് ചാപ്പലിൽ വച്ച് രാവിലെ 9:45 ന് ആരംഭിച്ച ആരാധനയ്ക്കും തുടര്‍ന്നുള്ള വി. കുര്‍ബാനയ്ക്കും മിഷൻ കോർഡിനേറ്റർ ഫാ. ജിബിൻ പാറടിയിൽ മുഖ്യ കര്‍മ്മികനായിരുന്നു. വിശുദ്ധ കുർബാനയുടെ ഭാഗമായുള്ള സമർപ്പണ ഘട്ടത്തിൽ, ലീജൻ ഓഫ് മേരി അംഗങ്ങൾ കത്തിച്ച മെഴുകുതിരികളും കുട്ടികൾ ഒരുക്കിയ മാതാവിന്റെ ചിത്രങ്ങളും മിനി ഗ്രോട്ടോകളും ഭക്തിനിർഭരമായി സമർപ്പിച്ചു.

കുര്‍ബാനയ്ക്ക് ശേഷം ലീജൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ ജപമാലയും, ശേഷം ലദീഞ്ഞും നടന്നു. മാതാവിനോടുള്ള സ്‌നേഹം പകർന്നെടുത്തുകൊണ്ടുള്ള മുതിർന്ന കുട്ടികളുടെ ജപമാല രാജ്ഞിയെക്കുറിച്ചുള്ള പ്രെസന്റേഷൻ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ആചരണങ്ങള്‍ അവസാനിച്ചതിനു ശേഷം എല്ലാ പങ്കെടുത്തവർക്കും നേർച്ചഭക്ഷണം ഒരുക്കിയിരുന്നു. ഭവനങ്ങളില്‍ നടന്ന പത്ത് ദിവസങ്ങളുടെ പ്രാര്‍ത്ഥനാനുഭവങ്ങളും, ജപമാല രാജ്ഞിയുടെ തിരുസ്നേഹത്തില്‍ ഒരുമിച്ചുള്ള ഈ സമാപനാചരണവും, വെയിൽസിലെ ക്നാനായ സമൂഹത്തിന് ആത്മീയ ശക്തിയും ഐക്യബോധവും പകരുന്ന ഒരു അനുഭവമായി.

മരിച്ചവരുടെ മാസം – പ്രത്യാശയുടെ ഓർമ്മകാലം

നവംബർ മാസം കത്തോലിക്കാ സഭയുടെ ജീവിതചര്യയിൽ പ്രത്യേക പ്രാധാന്യമുണ്ട്. ഈ മാസം, “മരിച്ചവരുടെ മാസം” എന്ന പേരിൽ, സഭ മുഴുവൻ സ്വർഗ്ഗീയജീവിതത്തിലേക്കു യാത്ര ചെയ്ത വിശ്വാസികളെ ഓർത്തു പ്രാർത്ഥനയിലേക്കു ക്ഷണിക്കുന്നു.

ഓർമ്മയുടെ ദിനങ്ങൾ – നവംബർ ഒന്നിന് സഭ “എല്ലാ വിശുദ്ധരുടെ തിരുനാൾ” ആചരിക്കുന്നു — സ്വർഗ്ഗത്തിലെല്ലാം ദൈവസാന്നിധ്യം അനുഭവിക്കുന്ന വിശുദ്ധരായവരെ ആദരിക്കുന്ന ദിനം. അതിനുശേഷം നവംബർ രണ്ടിന് “എല്ലാ മരിച്ചവരുടെ ദിനം” ആഘോഷിക്കുന്നു.

സഭയുടെ വിശ്വാസം – കത്തോലിക്കാ സഭ വിശ്വസിക്കുന്നത്, മരണം ജീവിതത്തിന്റെ അവസാനമല്ല, മറിച്ച് ദൈവസാന്നിധ്യത്തിലേക്കുള്ള മാറ്റമാണെന്നതാണ്. സ്വർഗ്ഗത്തിൽ ദൈവദർശനം അനുഭവിക്കുന്ന വിശുദ്ധർ, ശുദ്ധീകരണസ്ഥാനത്ത് ദൈവകൃപയെ കാത്തിരിക്കുന്ന ആത്മാക്കൾ, ഭൂമിയിൽ ദൈവവിശ്വാസത്തിൽ ജീവിക്കുന്നവർ — ഇവരൊക്കെയും Communion of Saints എന്ന ആത്മീയബന്ധത്തിൽ അകൃത്യമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ പ്രാർത്ഥനകൾ, തിരുശുശ്രൂഷകൾ, കരുണാക്രിയകൾ ഇവ എല്ലാം അവർക്കു ആത്മശാന്തിയും ശുദ്ധിയും നേടിക്കൊടുക്കുമെന്ന് സഭ പഠിപ്പിക്കുന്നു.

സിമിത്തേരി സന്ദർശിച്ച് ആത്മാവിനായി പ്രാർത്ഥിക്കുക.,തിരുശുശ്രൂഷകളിൽ (Holy Mass) മരിച്ചവരുടെ പേരിൽ യാഗം അർപ്പിക്കുക,സൽക്രിയകൾ ചെയ്യുക — ദരിദ്രർക്കു സഹായം നൽകൽ, രോഗികളെ സന്ദർശിക്കൽ, ഒറ്റപ്പെട്ടവരെ ആശ്വസിപ്പിക്കൽ മുതലായവ. ഇവയെല്ലാം മരിച്ചവർക്കുള്ള പ്രാർത്ഥനയിലുപരി, നമ്മുടെ ഹൃദയത്തെയും വിശ്വാസത്തെയും ദൈവസാന്നിധ്യത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നു.

ജീവിതത്തെ മനസ്സിലാക്കുന്ന ഒരു ക്ഷണം

മരണത്തെ കത്തോലിക്കാ വിശ്വാസം ഭയത്തിന്റെ പ്രതീകമാക്കി കാണുന്നില്ല. അത് ദൈവത്തിലേക്കുള്ള യാത്രയുടെ സ്വാഭാവികഘട്ടമാണ്. നവംബർ മാസത്തിലെ ഈ ഓർമ്മകൾ നമ്മെ പ്രേരിപ്പിക്കുന്നത് — ജീവിതം താൽക്കാലികമാണെന്ന ബോധ്യത്തിൽ, ദൈവകൃപയോടെ, സ്നേഹത്തിലും പ്രത്യാശയിലും നിറഞ്ഞു ജീവിക്കാനാണ്.

ലത്തീൻ സഭയിൽ നവംബർ രണ്ടിനും സീറോ മലങ്കര സഭയിൽ വലിയ നോമ്പ് തുടങ്ങും മുമ്പുള്ള ഞായറാഴ്ചയുമാണ് മരിച്ചവരുടെ തിരുനാൾ ആഘോഷിക്കുന്നത്. എന്നാൽ സീറോ മലബാർ സഭയിൽ മരിച്ചവിശ്വാസികളുടെ ഓർമ ആഘോഷിക്കുന്നത് നോമ്പ് തുടങ്ങുംമുമ്പുള്ള വെള്ളിയാഴ്ചയാണ്. അതായത് ദനഹാക്കാലത്തെ അവസാന വെള്ളിയാഴ്ചയാണ്. എങ്കിലും, ഈ നവംബർ മാസത്തിൻ്റെ ആദ്യത്തിൽ സകല വിശുദ്ധരേയും ഓർക്കുന്നതോടൊപ്പം മരിച്ചവരെയും ഓർത്ത് നമുക്ക് പ്രാർത്ഥിക്കാം. നമ്മുടെ സഭയിലെ മൃതസംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങൾ ഇവിടെ ചേർക്കുന്നു.

മൃതസംസ്കാരം സഭയിൽ: സഭാപരമായ മൃതസംസ്കാര ശുശ്രൂഷയിലൂടെ ക്രിസ്തീയ വിശ്വാസത്തിൻ്റെ പല മാനങ്ങൾ നമുക്ക് കാണുവാൻ സാധിക്കും. മരിച്ചവർക്ക് വേണ്ടിയുള്ള ആധ്യാത്മിക സഹായം നൽകുക, ജീവിച്ചിരിക്കുന്നവർക്ക് ആശ്വാസവും പ്രതീക്ഷയും നൽകുക, സംസ്കരിക്കുന്ന സ്ഥലങ്ങൾ വിശുദ്ധമായി സംരക്ഷിക്കുക, പുനരുദ്ധാനത്തിനുള്ള വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുക എന്നിവയാണ് പ്രധാനപ്പെട്ടവ. മതസംസ്കാരത്തിൽ സഭ മരിച്ചവരുടെ ശരീരങ്ങളെ ബഹുമാനിക്കുന്നു എന്നതും ഇതിനോട് കൂട്ടിച്ചേർക്കാവുന്നതാണ്. സത്യത്തിൽ ക്രൈസ്തവമൃത സംസ്കാരം സഭയുടെ ഒരു ആരാധന ആഘോഷമാണ്.

(CCC 1684).

നമ്മുടെ പാരമ്പര്യത്തിൽ മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷവും പല അവസരങ്ങളിൽ ആയി മരിച്ചവർക്ക് വേണ്ടി നാം പ്രാർത്ഥിക്കുന്നു. അതിൽ പ്രധാനപ്പെട്ട അവസരങ്ങൾ ചുവടെ ചേർക്കുന്നു.

1) നാളോത്തു പ്രാർത്ഥന

മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷം മരണമടഞ്ഞ വ്യക്തിയുടെ കുടുംബാംഗങ്ങൾ ഒന്നുചേർന്ന് ദേവാലയത്തിൽ വച്ച് പ്രാർത്ഥിക്കുന്ന പ്രാർത്ഥനയാണ് നാളോത്തു പ്രാർത്ഥന. നമ്മുടെ കർത്താവ് ജായ്റോസിന്റെ മകളെ ഉയർപ്പിച്ച സംഭവം ഈ പ്രാർത്ഥനയിൽ അനുസ്മരിക്കുന്നു. മരിച്ചവർ കർത്താവിൻ്റെ കൃപയാൽ ഉയർപ്പിക്കപ്പെടുമെന്ന വിശ്വാസവും പ്രതീക്ഷയും ഇവിടെ ഏറ്റു പറയുന്നു. ഈ പ്രാർത്ഥനയ്ക്ക് ശേഷം മൃതിയടഞ്ഞ വ്യക്തിയുടെ മക്കൾ പരസ്പരം ആശ്വസിപ്പിക്കുന്നതിന്റെ ഭാഗമായി തഴുകൽ നടത്തിയിരുന്നു. ഈ തഴുകൽ ക്നാനായ സമുദായത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. അതുപോലെതന്നെ പ്രാർത്ഥനയ്ക്ക് ശേഷം പുരോഹിതൻറെ ഊറാലയിൽ ഉള്ള കുരിശ് വിശ്വാസികൾ ചുംബിക്കുകയും ചെയ്യുന്നു. അതിനുശേഷം ആണ് ദേവാലയത്തിൽ നിന്നും പോയിരുന്നത്. കൂടാതെ, മരിച്ചത് വിവാഹിതയാണെങ്കിൽ, ആ വ്യക്തി ധരിച്ചിരുന്ന താലി ദേവാലയ ഭണ്ഡാരത്തിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു. വിവാഹത്തിലൂടെ ആ ദേവാലയത്തിൽ വച്ച് ആരംഭിച്ച വിവാഹബന്ധം, അവസാനിച്ചതിന്റെയും, സ്വർഗീയമണവാളനായ മിശിഹായെ പ്രതീക്ഷിക്കുന്നതിന്റെയും പ്രതീകമായിട്ടാണ് താലി നിക്ഷേപിച്ചിരുന്നത്.

2) പുലയടിയന്തരം

‘പുല’ എന്ന വാക്കിൻറെ അർത്ഥം അശുദ്ധി എന്നാണ്. മരണം മൂലമുള്ള അശുദ്ധിയെ വിശദീകരിക്കുക എന്ന ഉദ്ദേശത്തോടെ ഈ കർമ്മം നടത്തുന്നു. ഇത് സൂചിപ്പിക്കുന്നതുപോലെ ഹൈന്ദവ വിശ്വാസത്തിലെ സ്വാധീനം ഇവിടെ കാണുവാൻ സാധിക്കും. ഈ ഒരു കാഴ്ചപ്പാടിനെ ക്രൈസ്തവീകരിച്ചതായി നമുക്ക് ഇതിനെ കാണാം. മരണശേഷം 11 ദിവസങ്ങളുടെ ഉപവാസത്തിനുശേഷം ആണ് ഈ കർമ്മം നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ മൂന്നാമത്തെ ദിവസമോ അഞ്ചാമത്തെ ദിവസമോ ഏഴാമത്തെ ദിവസമോ ഈ കർമ്മം നടത്തുന്നു. അശുദ്ധിയെക്കാൾ മരിച്ച വ്യക്തിയുടെ പാപങ്ങൾക്കും പൊറുതി കൊടുക്കണമെന്നുള്ള ആഗ്രഹമാണ് ഈ പ്രാർത്ഥനയുടെ ഉദ്ദേശം. അയമോദകവും കരിക്കും നാളോത്തു പ്രാർത്ഥനയിലേതുപോലെ ഈ അവസരത്തിലും ഉപയോഗിക്കുന്നു.

3) തൂക്കുവിളക്ക്

മരണ ദിവസം മുതൽ 40 ദിവസത്തേക്ക് ഭവനത്തിൽ കത്തിച്ച തൂക്കുവിളക്ക് വയ്ക്കുന്നത് ക്നാനായ സമുദായത്തിന്റെ പ്രത്യേകതയാണ്. ദുഃഖാർത്ഥരായ കുടുംബാംഗങ്ങൾക്ക് നിത്യപ്രകാശമായ മിശിഹാ തുണയായുണ്ട് എന്ന് ഈ വിളക്ക് സൂചിപ്പിക്കുന്നു.

4) 41 അടിയന്തരം

മരണദിവസം തുടങ്ങി ഇരുപത്തിയെട്ടാം ദിവസത്തിനു ശേഷമോ നാല്പ്ത്തിഒന്നാം ദിവസമോ അതിനു മുൻപോ നടത്തുന്ന പ്രാർത്ഥനയാണ് ഇത്. മുപ്പതാം ദിവസം പ്രത്യേക പ്രാർത്ഥന നടത്തുന്ന പാരമ്പര്യമുള്ളതായി വി. അപ്രേം രേഖപ്പെടുത്തിയിട്ടുണ്ട്.

5) 28 അടിയന്തരം

ഒന്നാം മരണ വാർഷികത്തിന്റെ 28 ദിവസങ്ങൾക്ക് മുമ്പ് നടത്തുന്ന പ്രാർത്ഥനയാണിത്. ചന്ദ്രമാസ കണക്കിൽ ഈ ദിവസമാണ് വാർഷികം. പൗരസ്ത്യ സുറിയാനി സഭയിൽ ലൂണാർ കലണ്ടർ അനുസരിച്ചാണ് ഏഴാം നൂറ്റാണ്ടുവരെ ആരാധനക്രമം ഉണ്ടായിരുന്നത്.

6) ശ്രാദ്ധ തിരുനാൾ (ചാത്തം /ദുക്റാന)

28 അടിയന്തരം ആഘോഷപൂർവ്വമായി നടത്തുന്നുണ്ടെങ്കിൽ ആണ്ടു ചാത്തം സാധാരണയായി നടത്താറില്ല. അന്നത്തെ വിശുദ്ധ കുർബാനയ്ക്ക് ശേഷം മരിച്ച വ്യക്തിയുടെ കല്ലറയിലും ഭവനത്തിലും പ്രാർത്ഥനകൾ നടത്തുന്നു. ഉത്ഥാനത്തിനുള്ള വിശ്വാസത്തിൽ ഊന്നിയുള്ള പ്രാർത്ഥനകളാണ് ഈ അവസരത്തിൽ നടത്തുന്നത്. ഈ അവസരത്തിലെ വിഭവങ്ങളിൽ പ്രധാനപ്പെട്ടവ ചക്കര പാച്ചർ, നെയ്യപ്പം, പഴം എന്നിവയാണ്. മരിച്ച വ്യക്തി ദൈവസന്നിധിയിൽ അനുഭവിക്കുന്ന സന്തോഷത്തെയാണ് ചക്കര പാച്ചർ സൂചിപ്പിക്കുന്നത്. ഈ അവസരത്തിൽ വൈദികൻ പഴവും നെയ്യപ്പവും വെഞ്ചിരിക്കുന്നു. ആദ്യ മാതാപിതാക്കളുടെ അനുസരണക്കേട് മൂലമുള്ള പാപത്തിൽ നിന്ന് മിശിഹാ നമ്മെ രക്ഷിച്ചു എന്നതിൻറ പ്രതീകമാണ് പഴവും നെയ്യപ്പവും നൽകുന്നതിലൂടെ സൂചിപ്പിക്കുന്നത്.

പ്രാർത്ഥനയ്ക്ക് ശേഷം കൈ കസ്തൂരി നൽകി, പൗരോഹിത്യത്തിന്റെ അടയാളമായ ഊറാറയിലെ സ്ലീവ ചുംബിച്ച ശേഷം ദക്ഷിണ നൽകുന്നു. മരിച്ചവർക്ക് വേണ്ടിയുള്ള പാപപരിഹാരാർത്ഥം ബലികളും കാഴ്ചകളും അർപ്പിക്കാൻ പണപ്പിരിവ് നടത്തി ജെറുസലേമിലേക്ക് അയച്ചുകൊടുത്തു എന്ന മക്കബായരുടെ പുസ്തകത്തിലെ സംഭവമാണ് ഇതിന് ആധാരം (2 മക്ക 12, 38-45).

ഹലോവീൻ: വിനോദത്തിന്റെ രാത്രിയിൽ നിന്നും വിശുദ്ധരുടെ വിശുദ്ധിയിലേക്ക്

കത്തോലിക്കാ സഭയുടെ കലണ്ടറിലെ നവംബർ മാസം മുഴുവൻ തന്നെ മരിച്ച വിശ്വാസികളെ ഓർക്കുന്നതിനായി പ്രത്യേകമായി നിശ്ചയിച്ചിരിക്കുന്നു.

നവംബർ 1 — സകല വിശുദ്ധരുടെ തിരുനാൾ (All Saints’ Day) — എല്ലാ വിശുദ്ധരെയും, പേരറിയപ്പെടാത്തവരെയുപോലും, ആദരിക്കുന്ന ദിനമാണ്.

നവംബർ 2 — സകല മരിച്ച വിശ്വാസികളുടെ തിരുനാൾ (All Souls’ Day) — മരണാനന്തര ശുദ്ധീകരണാവസ്ഥയിലുള്ള ആത്മാക്കൾക്കായി പ്രാർത്ഥിക്കുന്ന ദിവസമാണ്.

ഇവയ്ക്കു മുന്‍പുള്ള രാത്രി, ഒക്ടോബർ 31, All Hallows’ Eve എന്നത് അതിന്റെ വിജിൽ ദിനമായിരുന്നു. “Hallow” എന്ന പദം വിശുദ്ധൻ എന്നർത്ഥം വഹിക്കുന്നു. അതിനാൽ All Hallows’ Eve → Hallowe’en → Halloween എന്ന രൂപാന്തരം ഭാഷാപരമായ സ്വാഭാവിക വികാസമായിരുന്നു.

ആദ്യകാല ക്രിസ്ത്യാനികൾക്ക്, ഈ ദിവസം വിശുദ്ധരെയും മരിച്ചവരെയും ഓർത്തു പ്രാർത്ഥിക്കാൻ, അവരുടെ വിശ്വാസം പുതുക്കാനുള്ള ഒരു അവസരമായിരുന്നു. അതായത്, ഹലോവീന്റെ മതപരമായ മൂല്യം മരണം, വിശുദ്ധി, നിത്യജീവിതം എന്നിവയെ കുറിച്ചുള്ള ആത്മീയ ധ്യാനത്തിൽ ആയിരുന്നു — ഭീതിയിലോ കളിയിലോ അല്ല. ഇന്ന്, ഹലോവീൻ പ്രധാനമായും ഒരു സാംസ്കാരിക–വിനോദോത്സവമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് അമേരിക്കയിലും യൂറോപ്പിലും, കുട്ടികളും മുതിർന്നവരും വേഷങ്ങൾ ധരിച്ച്, “Trick or Treat”, Pumpkin Carving, Theme Parties, Horror Movies തുടങ്ങിയവയിലൂടെ ആഘോഷിക്കുന്നു.

അനേകം രക്തസാക്ഷികളുടെ ചുടുണത്താൽ സ്ഥാപിതമായ കത്തോലിക്കാ സഭ, 2000 വർഷങ്ങൾക്ക് ശേഷവും അചഞ്ചലമായി സഭ നിലനിൽക്കുന്നതിൽ പ്രധാന കാരണം ലോകമെങ്ങും 24 മണിക്കൂറും ബലിയർപ്പണം നടത്തപ്പെടുന്നു. ഒരു ദിവസം ഏകദേശം 5 ലക്ഷം ദിവ്യബലി അർപ്പിക്കപ്പെടുന്നു എന്നതാണ് ഏകദേശ കണക്ക്. സാത്താനിക് ആരാധകർ നിരവധി പ്രവർത്തനങ്ങൾ സഭക്കെതിരെ നടത്തുന്നുണ്ടെങ്കിലും അവയൊന്നും ലക്ഷ്യപ്രാപ്തിയിൽ എത്താത്തതിന്റെ പ്രധാന കാരണം ദിവ്യബലി അർപ്പണം തന്നെയാണ്. പരിശുദ്ധ കുർബാനയോട് ചേർന്ന് സഭാ പഠനങ്ങൾക്ക് അനുസൃതമായി വരുംതലമുറയെ വളർത്തി എടുക്കുക എന്ന ലക്ഷ്യമാണ് ഓരോ കത്തോലിക്ക കുടുംബത്തിനും വേണ്ടത്. അതിനായി വേദോപദേശ പഠന ക്ലാസുകളും സഭയുടെ പഠനങ്ങളും ഇടവകകളിലും കുടുംബങ്ങളിലും ആവശ്യമാണ്.

ഫാ. മാത്യൂസ് വലിയ പുത്തൻപുര

ചീഫ് എഡിറ്റർ

മിഷൻ സൺഡേയും ജപമാല മാസത്തിന്റെ സമാപനവും ഭക്തിപൂർവ്വം ആഘോഷിച്ചു

ഹോളി ഫാമിലി ക്നാനായ കത്തോലിക്ക മിഷൻ, സ്കോട്ട്‌ലൻഡിൽ, 2025 ഒക്‌ടോബർ 26-ന് മിഷൻ സൺഡേയും ജപമാല മാസത്തിന്റെ (കൊന്തപ്പത്തിന്റെ) സമാപനവും ഭക്തിപൂർവ്വം ആഘോഷിച്ചു. മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് തേക്കുനിൽനിൽക്കുന്നതിൽ ജപമാല പ്രാർത്ഥനയുടെ ആത്മീയ പ്രാധാന്യത്തെയും മിഷൻ ദിനത്തിന്റെ പ്രേക്ഷിത സന്ദേശത്തെയും പറ്റി പ്രസംഗിച്ചു.

പരിപാടിയിൽ CML യൂണിറ്റ് വൈസ് ഡയറക്ടർമാരായ ജോസ് സൈമൺ, ജൂബി ജോൺ, CML ഭാരവാഹികൾ, കൈക്കാരന്മാർ, പാരീഷ് കൗൺസിൽ അംഗങ്ങൾ, മാതാപിതാക്കൾ, കുട്ടികൾ, വിശ്വാസികൾ എന്നിവർ സജീവമായി പങ്കെടുത്തു.വിശ്വാസപൂർണ്ണമായ അന്തരീക്ഷത്തിൽ പുതുമയും ഐക്യവും നിറഞ്ഞ ഈ ദിനാഘോഷം കുടുംബങ്ങളുടെ ആത്മാർഥ പങ്കാളിത്തത്താൽ അതീവ പ്രത്യേകതയാർജ്ജിച്ചു.

മിഷൻ സൺഡേയുടെ ഭാഗമായി ചാരിറ്റി സ്റ്റാൾ, ഫുഡ് മേള, ഗെയിംസ് എന്നിവയും സംഘടിപ്പിച്ചു. ഇതിലൂടെ £300 മിഷൻ സൺഡേ ചാരിറ്റി ഫണ്ടായി സമാഹരിച്ചു.ഈ ദിനാഘോഷം വിജയകരമാക്കാൻ സഹകരിച്ച എല്ലാ കുടുംബങ്ങൾക്കും, വിശ്വാസികൾക്കും, അനുഭാവികൾക്കും ഹോളി ഫാമിലി ക്നാനായ കത്തോലിക്ക മിഷൻ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.