കേട്ടിട്ടുണ്ടോ, മെഡ്ജുഗോറി ഉപവാസം

ഉപവാസം (Fasting) ന്യൂജനറേഷന് മനസ്സിലാകാത്ത വാക്കാണ്; പൊതുവിൽ, അധികമാളുകൾ ഇഷ്ടപ്പെടാത്ത കാര്യവും.

ആത്മാവിനെയും ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കാൻ ഉപവാസം സഹായിക്കുമെന്ന് വേദ പുസ്തകവും വൈദ്യശാസ്ത്രവും പഠിപ്പിക്കുന്നു. പ്രാർത്ഥന അനേകരിൽ വിരസതയും മടുപ്പും ഉളവാക്കുന്ന കാര്യമാണ്. പ്രാർത്ഥനയോടൊപ്പം ഹൃദയം സഞ്ചാരിക്കാറില്ല. അന്യ വിചാരങ്ങളും നെഗറ്റീവ് ചിന്തകളും പ്രാർത്ഥനാ ചൈതന്യത്തെ നശിപ്പിക്കാറുണ്ട്. അതു മാറി കിട്ടാൻ ഒരു വഴി പങ്കുവയ്ക്കുന്നു. ഈ നോമ്പ് കാലത്ത് ഒരു ദിവസം ഉച്ചഭക്ഷണം ഉപേക്ഷിച്ച് ഒരു നിത്യാരാധന ചാപ്പലിലോ വീട്ടിലെ പ്രാർത്ഥനാ-മുറിയിൽ ഇരുന്ന് ഒരു അധ്യായം ബൈബിൾ വായിക്കുക. കോപം, അസൂയ തുടങ്ങി ഏതെങ്കിലും ഒരു ആസക്തി മാറി കിട്ടാൻ വ്യക്തിപരമായി പ്രാർത്ഥിക്കുക. അതിനു പറ്റുന്നില്ലെങ്കിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുക. ശാന്തതയിൽ ദൈവസ്വരം കേൾക്കാൻ കഴിയും. ആത്മീയ ആനന്ദത്തിൽ മനസ്സ് തുടിക്കും. ” ഉപവാസം, ദാനധർമ്മം, നീതി എന്നിവയോട് കൂടിയാവുമ്പോൾ പ്രാർത്ഥന നല്ലതാണ് ” (തോബിത് 12:8)

ഭക്ഷണം മനുഷ്യൻറെ അടിസ്ഥാന ആവശ്യം ( Basic need) ആണ്. അതിനെ നിയന്ത്രിച്ചാൽ മറ്റു വികാരങ്ങളെയും നിയന്ത്രിക്കാൻ കഴിയും. ഭക്ഷണം ത്യജിക്കുന്നതോടൊപ്പം ആരുമറിയാതെ ചില പരിത്യാഗങ്ങൾ ഈ നോമ്പുകാലത്ത് പരിശീലിക്കാവുന്നതാണ്. തലയണ ഉപേക്ഷിക്കുക , മുട്ടുകുത്തി കരങ്ങൾ വിരിച്ച് പ്രാർത്ഥിക്കുക, ലളിത വസ്ത്രം ധരിക്കുക, യാത്രകളും സൽക്കാരങ്ങളും കുറയ്ക്കുക, ചാരി ഇരിക്കുന്ന രീതി ഉപേക്ഷിക്കുക തുടങ്ങിയവ ഏതാനും ഉദാഹരണങ്ങൾ. അതുവഴി ആത്മാവ് നിർമ്മലമാകും, മനസ്സിന് ബലം കൂടും, ക്ഷമിക്കാനും സഹിക്കാനും തോറ്റു കൊടുക്കാനും വിട്ടുവീഴ്ച ചെയ്യാനും കൃപ ലഭിക്കും. മനസ്സിൽ ആന്തരിക ആനന്ദം ( Inner Joy) എപ്പോഴും അനുഭവിക്കാൻ സാധിക്കും.

കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണം നടന്ന ബോസ്നിയയിലെ മെഡ്ജുഗോറി തീർത്ഥാടകരുടെ നിലയ്ക്കാത്ത പ്രവാഹമുള്ള സ്ഥലമാണ്. പോയിട്ടില്ലാത്തവർ പോകുന്നത് നല്ലതാണ്. അവിടെ കാലു കുത്തുന്ന നിമിഷം അനുതാപത്തിന്റെ കണ്ണീർ വീഴാൻ തുടങ്ങും. വ്യക്തിപരമായ പ്രാർത്ഥനയുടെ പ്രത്യേക കൃപ കിട്ടുമെന്ന് അനേകർ സാക്ഷ്യപ്പെടുത്തുന്നു. മെഡ്ജിഗോറിയിൽ മറിയം പഠിപ്പിച്ച ഉപവാസമാണ് കണ്ണുകളുടെ ഉപവാസം. മലിനമായ നോട്ടങ്ങളെയും സോഷ്യൽ മീഡിയയിലെ കാഴ്ചകളെയും നോമ്പുകാലത്ത് നിയന്ത്രിക്കണം. മൊബൈൽ ഉപേക്ഷിക്കുക പ്രായോഗികമല്ല. എന്നാൽ ഇൻസ്റ്റാഗ്രാമിനോടും ഫേസ്ബുക്കിനോടും നോമ്പുകാലത്ത് നോ (No) പറഞ്ഞാൽ ദൈവത്തെ കാണാൻ ആന്തരിക നേത്രങ്ങൾ തുറന്നു കിട്ടും. ഒപ്പം കണ്ണുകളിൽ അലിവും ആർദ്രതയും നിറയും, മറ്റുള്ളവരുടെ വേദനയും ആവശ്യവും തിരിച്ചറിയാൻ കൃപ ലഭിക്കും. നമുക്ക് ആവശ്യമുള്ളവരുടെ അടുത്തേക്ക് ഓടുന്നത് കുറച്ചു നമ്മെ ആവശ്യമുള്ളവരുടെ അടുത്തേക്ക് പോകാൻ കഴിയും.

ഉപവസിക്കുമ്പോൾ നാം ദൈവത്തെ മുറുകെ പിടിക്കുന്നു അപ്പോൾ ദൈവം നമ്മെയും മുറുകെ പിടിക്കും. കുട്ടികൾ പരീക്ഷാഹാളിൽ ഇരിക്കുമ്പോൾ ഭക്ഷണം ത്യജിച്ച് പള്ളിയിലെത്തി മുട്ടുകുത്തി ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന മാതാപിതാക്കൾ ഉണ്ട്. ചെറിയ ത്യാഗത്തിനും വിലയുണ്ട്. ഒരു മദ്യപാനിയുടെ മാനസാന്തരത്തിനായി ചായ ഉപേക്ഷിച്ച ഒരു സിസ്റ്ററിനെ അറിയാം . അഞ്ചുവർഷം കഴിഞ്ഞപ്പോൾ മദ്യപാനി ലഹരി ഉപേക്ഷിച്ചു. ഈ നോമ്പുകാലത്ത് കുട്ടികളോട് ചോക്ലേറ്റ് ഉപേക്ഷിക്കാൻ പറയാമോ?

പ്രാർത്ഥന ഉപവാസത്തിന്റെ അവിഭാജ്യ ഘടകമാണ്. ഉപവസിക്കുക എന്ന വാക്കിന് കൂടെ ഇരിക്കുക എന്നാണ് അർത്ഥം. ദൈവത്തിൻറെ കൂടെ ഇരിക്കണം പള്ളിയിൽ പോകാൻ ആവില്ലെങ്കിൽ വചനം വായിച്ചു കൊണ്ട് ഇരുന്നാൽ മതി. Fasting without prayer forms gastritis.

ഉപവാസം നമ്മെ ആരോഗദൃഢഗാത്രരാക്കുമെന്ന് വൈദ്യശാസ്ത്രം പറയുന്നുണ്ട്. നമ്മുടെ തലച്ചോറിൽ നിന്നും നാല് തരത്തിലുള്ള വൈദ്യുതി ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ആൽഫ, ബീറ്റ, തീറ്റ, ഡെൽറ്റ. ഉപവസിച്ചു പ്രാർത്ഥിക്കുമ്പോൾ ആൽഫ വൈദ്യുതി ഉണ്ടാകും. ഇന്ദ്രിയങ്ങൾ അപ്പോൾ ശാന്തമാകും . അതുവഴി സമചിത്തത ഉണ്ടാകുന്നു. മാനസിക സംഘർഷങ്ങൾ കുറഞ്ഞാൽ ബ്ലഡ് പ്രഷർ, അൾസർ, ആസ്മ, ത്വക്ക് രോഗങ്ങൾ ഇവ ഉണ്ടാകില്ല.

ഉപവാസത്തിലൂടെ ദഹനവും വിസർജനവും നന്നായി നടക്കും. വിസർജനം കുറയുമ്പോഴാണ് രോഗങ്ങൾ കൂടുന്നത്. ഒരു നേരം ഭക്ഷിക്കുന്നവൻ യോഗി, രണ്ടുനേരം ഭക്ഷിക്കുന്നവൻ ഭോഗി, മൂന്നുനേരം ഭക്ഷിക്കുന്നവൻ രോഗി, നാലുനേരം ഭക്ഷിക്കുന്നവർ ദ്രോഹി എന്നിങ്ങനെ ഭാരതീയ ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്. യഥാർത്ഥമായ പ്രാർത്ഥനാ ചൈതന്യവും സഹോദര സ്നേഹവും ആത്മപരിത്യാഗവും പുലർത്തി ഈ നോമ്പുകാലം ഫലദായകമാക്കാൻ നമുക്ക് ആത്മാർത്ഥമായി ശ്രമിക്കാം.

“മറ്റുള്ളവരോട് സുവിശേഷം പ്രസംഗിച്ചു ഞാൻ തന്നെ തിരസ്കൃതനാകാതിരിക്കുന്നതിന്

എൻറെ ശരീരത്തെ ഞാൻ കർശനമായി നിയന്ത്രിച്ചു കീഴടക്കുന്നു”

( 1 കോറി 9:27)

തെക്കൻ ടൈംസ് 28 മത് ലക്കം.

അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിൻറെ നോമ്പുകാല ഇടയ ലേഖനം, ഫാ. ജോസ് പൂതൃക്കയിൽ, ഫാ. എൽബിൻ തിരുനെല്ലിപ്പറമ്പിൽ എന്നിവരുടെ ലേഖനങ്ങൾ, പുറത്തു നമസ്കാരം പ്രത്യേക ഫോട്ടോ ഫീച്ചർ, എന്താണ് ഡിജിറ്റൽ ഫാസ്റ്റിംഗ്? തെക്കൻസ് ഫെസ്റ്റ് കമ്മറ്റി അംഗങ്ങളെ പരിചയപ്പെടുത്തുന്നു. മതബോധനം: ഡെപ്യൂട്ടി ഹെഡ് ടീച്ചർമാരെ പരിചയപ്പെടാം. വൈറലായി എഡിറ്റോറിയലും വൈവാഹിക പംക്തിയും, വിവിധ മിഷനുകളുടെ നിരവധിയായ വാർത്തകളും ലേഖനങ്ങളും അടക്കം തെക്കൻ ടൈംസ് 28 മത് ലക്കം.

വാഴ്‌വ് 2026 സെപ്റ്റംബർ 26-ന്

വാഴ്‌വ് 2026 സെപ്റ്റംബർ 26-ന് ബെർമിങ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. ക്നാനായ കാത്തലിക് മിഷൻസ് കോഓർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര ചെയർമാനും, ജനറൽ കൺവീനറായി സാജൻ ഈഴാറാത്തും, ജോയിൻറ് കൺവീനറായി ജിൽസ് നന്ദികാട്ടും വാഴ്‌വ് 2026 -ന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

യുകെയിലെ 15 ക്നാനായ മിഷനുകളിൽ നിന്നും, മാസ്സ് സെന്ററുകളിൽ നിന്നുമായി ഒട്ടേറെ കുടുംബങ്ങളാണ് മുൻ വർഷങ്ങളിൽ വാഴ്‌വിൽ പങ്കെടുത്തത്. സഭാപിതാക്കൻമാരോടും വൈദികരോടും ചേർന്നു അർപ്പിക്കുന്ന ഭക്തിസാന്ദ്രമായ ദിവ്യബലിയിലും, കുട്ടികൾക്കും യുവജനങ്ങൾക്കുമായി നടക്കുന്ന പ്രത്യേക സെഷനുകളിലും, നയനമനോഹരമായ കലാപരിപടികളിലും പങ്കെടുക്കുവാൻ യുകെയിലെ എല്ലാ ക്നാനായ കത്തോലിക്കാ കുടുംബങ്ങളെയും സെപ്റ്റംബർ 26-ന് നടക്കുന്ന വാഴ്‌വ് 2026-ലേക്ക് ഹാർദ്ദവമായി ക്ഷണിക്കുന്നു. നിങ്ങളുടെ അവധികൾ ക്രമീകരിക്കുവാൻ ശ്രദ്ധിക്കുമല്ലോ..

തെക്കൻസ് ഫെസ്റ്റ്; ക്നാനായ കലോത്സവം ഏപ്രിൽ 18-ന്

ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും മിഷനുകൾ തമ്മിലുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്താനും സഹായിക്കുന്ന ക്നാനായ കലോത്സവം – തെക്കൻ ഫെസ്റ്റ് 2026 ഏപ്രിൽ 18-ന് നടത്തപ്പെടുന്നു. ബെർമിങ്ഹാമിലെ Dudley Bishop Milner College-ൽ സംഘടിപ്പിക്കുന്ന ഈ കലോത്സവം ക്നാനായ കത്തോലിക്ക വിശ്വാസികളുടെ സാംസ്കാരിക സംഗമമായി മാറും .

മത്സരങ്ങൾ മിഷനുകളുടെയും മാസ്സ് സെൻററുകളുടെയും അടിസ്ഥാനത്തിൽ ആയിരിക്കും നടത്തപ്പെടുക. ഓരോ മത്സരാർത്ഥിക്കും പരമാവധി രണ്ട് വ്യക്തിഗത ഇനങ്ങളിലും മൂന്ന് ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാം. പൊതുവായ മത്സര ഇനങ്ങളിൽ പ്രായമോ ലിംഗഭേദമോ ഇല്ലാതെ എല്ലാവർക്കും പങ്കെടുക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

ഓരോ വ്യക്തിഗത ഇനത്തിലും ഒരു മിഷൻ/മാസ്സ് സെന്ററിൽ നിന്ന് പരമാവധി രണ്ട് മത്സരാർത്ഥികൾക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. അതുപോലെ ഓരോ ഗ്രൂപ്പ് ഇനത്തിലും ഒരു മിഷൻ/മാസ്സ് സെൻററിൽ നിന്ന് ഒരു ടീമിന് മാത്രം പങ്കെടുക്കാം. നിരവധി സിംഗിൾ, ഗ്രൂപ്പ് കലാമത്സരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ പങ്കെടുക്കുന്നവർക്ക് വൈവിധ്യമാർന്ന അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മത്സരങ്ങളുടെ വിശദമായ നിയമാവലികളും വിവരങ്ങളും കലോത്സവ മാർഗ്ഗനിർദ്ദേശ പട്ടികയിൽ ലഭ്യമാണ്.

ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ ആദ്യമായാണ് ഈ കലോത്സവം സംഘടിപ്പിക്കുന്നത്. ഈസ്റ്റർ അവധിക്കാലം പരിശീലനത്തിനും തയ്യാറെടുപ്പിനും അനുകൂലമാകുന്നത് പങ്കെടുക്കുന്നവർക്ക് ഗുണകരമാണ്. ഏപ്രിൽ 18-ന് കലോത്സവം മികച്ച രീതിയിൽ നടത്തുന്നതിനായി ഫാ. ഷഞ്ജു കൊച്ചുപറമ്പിൽ, ബെന്നി മാവേലിൽ, സോജൻ മുകളേൽ വടക്കേതിൽ, ഷെറി ബേബി, മേബിൾ അനു എന്നിവർ കോർഡിനേറ്റർസ് ആയ കമ്മിറ്റി സജീവമായി പ്രവർത്തിച്ചുവരുന്നു.

“Thekkans Fest” – Official Title for Knanaya Kalolsavam 2026

Philip Pathiyil
Holy Kings Knanaya Catholic Proposed Mission
Three County

Hearty congratulations to Philip Pathiyil of the Holy Kings Knanaya Catholic Proposed Mission, Three Counties, for suggesting “Thekkans Fest” as the official title for the upcoming Knanaya Kalolsavam 2026, scheduled to be held on 18 April 2026 in Birmingham.

Your thoughtful and creative contribution adds a unique identity to this grand cultural celebration. Once again, congratulations, Philip Pathiyil, and thank you for being part of this memorable initiative.

ഏകദിന ബൈബിൾ കൺവെൻഷൻ മാർച്ച് 7 ന്

പ്രമുഖ വചനപ്രഘോഷകയായ സിസ്റ്റർ ആൻ മരിയ SH നയിക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ ലിവർപൂളിലെ നമ്മുടെ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വച്ച് 2026 മാർച്ച് 7, ശനിയാഴ്ച നടത്തപ്പെടുകയാണ്. ഈ ബൈബിൾ കൺവെൻഷനിൽ മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുശ്രൂഷകൾ ഉണ്ടായിരിക്കുന്നതാണ്.

ദൈവം അവിടുത്തെ വചനത്തിലൂടെ ചൊരിയുന്ന അനുഗ്രങ്ങൾ പ്രാപിക്കുവാനും, ഈ വരുന്ന വലിയ നോമ്പിൽ നമ്മുടെ കുടുംബങ്ങളെ ആത്മീയമായി വളർത്തുവാനും എല്ലാവരെയും ഈ ബൈബിൾ കൺവെൻഷനിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

വലിയനോമ്പിലേക്കുള്ള പ്രവേശനം — വിഭൂതി തിങ്കളിന്റെ ആത്മീയ സന്ദേശം

സീറോ മലബാർ പാരമ്പര്യത്തിൽ വലിയനോമ്പിന്റെ ആരംഭം അടയാളപ്പെടുത്തുന്ന ദിനമാണ് വിഭൂതി തിങ്കൾ. വിശ്വാസികൾ ശിരസ്സിൽ ചാരം പൂശി വിനയത്തോടും അനുതാപത്തോടും കൂടി ആത്മീയ പുതുക്കലിലേക്കുള്ള യാത്ര ആരംഭിക്കുന്ന ദിനമാണിത്. ഉപവാസത്തിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഈ ദിവസം, ദൈവസന്നിധിയിലേക്കുള്ള കൂടുതൽ അടുപ്പത്തിനായി നമ്മെ ക്ഷണിക്കുന്നു.

“പേതൃത്താ” ഞായറിന്‍റെ പിറ്റേ ദിവസമായ തിങ്കളാഴ്ചയാണ് പൗരസ്ത്യ പാരമ്പര്യം അനുസരിച്ച് നോമ്പ് ആരംഭിക്കുന്നത്. വിഭൂതി തിങ്കൾ, കരിക്കുറി തിരുനാൾ, കുരിശുവര പെരുനാൾ എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഈ ആചരണം മനുഷ്യജീവിതത്തിന്റെ നിസ്സാരതയും ദൈവകൃപയിലുള്ള ആശ്രയത്വവും നമ്മെ ഓർമ്മപ്പെടുത്തുന്നു. കഴിഞ്ഞ വർഷത്തെ ഓശാന ഞായറാഴ്‌ച ആശീർവദിച്ച കുരുത്തോല കത്തിച്ചുണ്ടാക്കുന്ന ചാരമാണ് നെറ്റിയിൽ പൂശുന്നത്. അഗ്നിയിൽ കത്തിയ കുരുത്തോലപോലെ ദൈവസ്‌നേഹത്തിന്റെ അഗ്നിയാൽ നമ്മളും ആകർഷിതരായി ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും വഴിയിലൂടെ ആത്മീയ പരിവർത്തനത്തിലേക്കു നയിക്കപ്പെടണമെന്ന് ഈ അടയാളം നമ്മെ ഓർമ്മിപ്പിക്കുന്നു.

ഓരോ വിഭൂതി തിരുനാളും നമ്മെ ഒരു വലിയ സത്യത്തിലേക്ക് നയിക്കുന്നു — ഈ ലോകത്തിൽ ഒന്നും സ്ഥിരമല്ല. ജീവിതത്തിലെ സന്തോഷങ്ങളും ദുഃഖങ്ങളും സമ്പത്തുകളും എല്ലാം നശ്വരമാണ്. മനുഷ്യൻ ഒടുവിൽ ശൂന്യകയ്യോടെ മടങ്ങേണ്ടവനാണ്; നമ്മുടെ യഥാർത്ഥ പൗരത്വം സ്വർഗ്ഗത്തിലാണ്. ജീവിതത്തിലെ എല്ലാ അനുഭവങ്ങളും താൽക്കാലികമാണെന്ന് നോമ്പുകാലം നമ്മെ ഓർമ്മിപ്പിക്കുന്നു. തിരുവചനം പറയുന്നു: “മനുഷ്യാ, നീ മണ്ണാകുന്നു; മണ്ണിലേക്കുതന്നെ നീ മടങ്ങും.”

നെറ്റിയിൽ വരയ്ക്കുന്ന ചാരക്കുരിശ് യേശുവിലേക്കുള്ള വഴിയെ കണ്ടെത്താൻ നമ്മെ സഹായിക്കുന്ന ഒരു അടയാളമാണ്. ലോകബന്ധങ്ങൾ ശാശ്വതമല്ലെന്നും ഒടുവിൽ യേശുവിലേക്കാണ് നാം മടങ്ങേണ്ടതെന്നും അത് ഓർമ്മപ്പെടുത്തുന്നു. മനസ്താപത്തോടും എളിമയോടും ഉപവാസത്തോടും പ്രാർത്ഥനയോടും കൂടി ദൈവത്തോടൊത്തു ജീവിക്കാനുള്ള ക്ഷണമാണ് ഈ തിരുനാൾ.

നോമ്പുകാലത്തിലേക്കു കടക്കുമ്പോൾ അതിന്റെ യഥാർത്ഥ ചൈതന്യം മറക്കാതിരിക്കാം. ദൈവത്തോടൊപ്പം വസിക്കാനുള്ള സമയമാണ് ഇത്. ചെയ്തുപോയ തെറ്റുകളെക്കുറിച്ച് മനസ്തപിക്കാനും പൂർണ്ണഹൃദയത്തോടെ ദൈവത്തിലേക്കു മടങ്ങിവരാനും ഉള്ള അവസരമാണ് ഇത്. ലോകത്തിന്റെ ബന്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും പ്രാർത്ഥനയിലൂടെ ദൈവസന്നിധിയിൽ തുടരുകയും ചെയ്യുക എന്നതാണ് നോമ്പിന്റെ ആത്മാവ്.

അനുതാപം എന്നത് ദൈവസാന്നിധ്യത്തിൽ കൂടെയിരുന്നു “ചൂടുപിടിക്കുക” എന്നതുപോലെയാണ്. മോശയ്ക്കു മുള്‍പടര്‍പ്പിൽ പ്രത്യക്ഷപ്പെട്ടതും അപ്പസ്തോലന്മാരുടെമേൽ അഗ്നിനാവായി വന്നതുമായ ദൈവസാന്നിധ്യത്തിൽ തുടരുമ്പോൾ നമ്മുടെ ഉള്ളിലെ പാപത്തിന്റെ അശുദ്ധി ഉരുകിനശിക്കുകയും ആദിമ പരിശുദ്ധി വീണ്ടെടുക്കപ്പെടുകയും ചെയ്യും.

ഈ വലിയനോമ്പുകാലം എല്ലാവർക്കും അനുഗ്രഹപ്രദവും ആത്മീയ പുതുക്കലിനും കാരണമാകട്ടെ.

വിശ്വാസ പരിശീലനത്തിന്റെ കരുത്തരായ അമരക്കാർ

കത്തോലിക്കാ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് മതബോധന ഡിപ്പാർട്ട്മെൻറ്. സന്മാർഗ ജീവിതവും ബൈബിൾ അധിഷ്ഠിതമായ ജീവിതവും സഭാ ജീവിതവും ചെറുപ്പം മുതലേ മനസ്സിലാക്കി കൊടുക്കുവാനും സഭാ സമുദായ സ്നേഹത്തിൽ വളർന്നുവരുവാനും ഉപകരിക്കുന്ന വേദപാഠം 15 ക്നാനായ മിഷനുകളിലും വിശുദ്ധ കുർബാന സെൻററുകളിലും ഭംഗിയായി നടത്തപ്പെടുന്നു. മതബോധന കമ്മീഷൻ ചെയർമാൻ ഫാദർ ഷഞ്ചു കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ 15 ക്നാനായ കാത്തലിക് മിഷനുകളിലെയും ഹെഡ് ടീച്ചർമാരെ ഈ ലക്കം തെക്കൻ ടൈംസ് പരിചയപ്പെടുത്തുന്നു.

പുതുവത്സര സമ്മാനം; രണ്ട് വൈദികർ കൂടി യുകെയിലേക്ക്

ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഊർജ്ജസ്വലപ്പെടുത്തതിനും ആയി രണ്ട് നവ വൈദികർ കൂടി സേവനമനുഷ്ഠിക്കുവാൻ എത്തി. ഫാ. എൽബിൻ തിരുനെല്ലിപ്പറമ്പിൽ ന്യൂക്യാസിൽ അധിഷ്ഠിതമായി സേവനമനുഷ്ഠിക്കും. ഫാ. ടോം പുത്തെൻപുരക്കൽ മാഞ്ചസ്റ്റർ കേന്ദ്രമായിട്ടായിരിക്കും സേവനമനുഷ്ഠിക്കുക.

രണ്ടു വൈദികർക്കും എയർപോർട്ടിൽ ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്. ഫാ. എൽബിൻ പടിഞ്ഞാറേക്കര സുനിയച്ചന്റെ അഭാവത്തിൽ മാഞ്ചസ്റ്റർ പാരീഷ് കൗൺസിൽ അംഗങ്ങളും പ്രീസ്റ്റ് ഇൻ ചാർജ് ആയ ഫാ. സിൽജോ ആവണിക്കുന്നേൽ ചേർന്ന് സ്വീകരിച്ചു.

ഫാ. ടോമിന് ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ ഡയറക്ടർ ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിൽ ലിവർപൂൾ, മാഞ്ചസ്റ്റർ മിഷൻസ് പാരിഷ് കൗൺസിൽ അംഗങ്ങൾ സ്വീകരണം നൽകി. ഫെബ്രുവരി 14-ന് ലിവർപൂളിൽ നടത്തപ്പെടുന്ന പുറത്തു നമസ്കാരത്തിന് പുതുതായി വന്ന രണ്ടു വൈദികരെയും ഫാ. സുനി പടിഞ്ഞാറേക്കര പൊതുവായി പരിചയപ്പെടുത്തും.

ബ്രിസ്റ്റോൾ സെന്റ് ജോർജ് ക്നാനായ മിഷനിൽ ധന്യൻ മാർ മാത്യു മാക്കീൽ അനുസ്മരണം നടത്തി

ചങ്ങനാശേരി, കോട്ടയം വികാരിയാത്തുകളുടെ പ്രഥമ തദ്ദേശീയ വികാരി അപ്പസ്തോലിക്കയായിരുന്ന ധന്യൻ മാർ മാത്യു മാക്കീലിന്റെ 112ാം ചരമവാർഷികം ബ്രിസ്റ്റോൾ സെന്റ് ജോർജ് ക്നാനായ കാത്തോലിക് പ്രൊപോസ്ഡ് മിഷനിൽ ഭക്തിപൂർവ്വം ആചരിച്ചു.

ക്നാനായ കത്തോലിക്കാ വിശ്വാസികൾക്ക് എന്നും അഭിമാനവും മാതൃകയുമായ ധന്യൻ മാക്കീൽ പിതാവിനോടുള്ള പ്രാർത്ഥനയും അനുസ്മരണവും വഴി സഭയോടും സമുദായത്തോടുള്ള അഗാധമായ സ്നേഹവും കരുതലും മനസ്സിലാക്കാൻ പുതിയ തലമുറയ്ക്ക് ഇതൊരു വലിയ അവസരമായി മാറി.

ക്നാനായ സമുദായത്തിന് അഭിമാനം.സിബിസിഐ വൈസ് പ്രസിഡൻറ് മാർ മാത്യു മൂലക്കാട്ട്

കോട്ടയം അതിരൂപതക്കും ക്നാനായ സമുദായത്തിനും അഭിമാനമായി മാർ മാത്യു മൂലക്കാട്ട് പിതാവ്. അഖിലേന്ത്യ മെത്രാൻ സമിതിയുടെ ഭരണസമിതിയിൽ എത്തുന്ന ആദ്യത്തെ ക്നാനായ കത്തോലിക്ക മെത്രാനാണ് അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ്. സീറോ മലബാർ സഭയുടെ പെർമനന്റ് സിനഡ് മെമ്പറായ അഭിവന്ദ്യ മൂലക്കാട്ട് പിതാവ് സീറോ മലബാർ സഭയുടെ സീനിയർ മെത്രാപ്പോലീത്തയാണ്. സഭാതലത്തിൽ വിവിധ മേഖലകളിൽ സുത്യർഹമായ സേവനം അനുഷ്ഠിച്ച മാർ മാത്യു മൂലക്കാട്ട് പിതാവ് തൻറെ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തിത്വം കൂടിയാണ്.

ദൈവശാസ്ത്രത്തിലും സഭാ ശാസ്ത്രത്തിലും വളരെയധികം വിജ്ഞാനം ഉള്ള മാർ മാത്യു മൂലക്കാട്ട് പിതാവ് സീറോ മലബാർ സഭയുടെ ബെനഡിക്ടൻ സന്യാസ വ്രതം സ്വീകരിച്ച മെത്രാപ്പോലീത്തയും കൂടിയാണ്.

അഭിവന്ദ്യ മൂലക്കാട്ട് പിതാവിൻറെ അഖിലേന്ത്യാ തലത്തിലുള്ള ഈ ഉന്നതസ്ഥാനത്തിന് ക്നാനായ സമുദായ മക്കൾ ആനന്ദിക്കുന്നതിനോടൊപ്പം പിതാവിൻറെ പ്രവർത്തനങ്ങൾക്ക് ശക്തിയും ഊർജ്ജവും ലഭിക്കുവാൻ പ്രാർത്ഥിക്കുകയും വലിയ പിതാവിന് യുകെ ക്നാനായ കാത്തലിക് മിഷൻ അംഗങ്ങളുടെ ആശംസകൾ!

വിവാഹ വസ്ത്രധാരണം: മാന്യതയും പവിത്രതയും

കത്തോലിക്കാ സഭയിൽ വിവാഹം ഒരു പവിത്ര കൂദാശയാണ്. വിവാഹിതരാകുന്നത് രണ്ടുപേർ ചേർന്ന് ഒരൊറ്റ ജീവിതമായി മാറുന്നതാണ് എന്നതാണ് സഭയുടെ ദർശനം. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധവും, ഭാര്യാ-ഭർത്തൃ സ്നേഹത്തിൽ ആധാരിതമായ കുടുംബജീവിതത്തിന്റെ അടിസ്ഥാനം കൂടിയാണ് ഈ കൂദാശ. അതുകൊണ്ടുതന്നെ, സഭയിലെ ഏറ്റവും ശ്രേഷ്ഠമായ കൂദാശകളിലൊന്നായി വിവാഹം കണക്കാക്കപ്പെടുന്നു. ഈ കൂദാശയിൽ പങ്കെടുക്കുമ്പോൾ, ദൈവസന്നിധിയിൽ ഏറ്റവും മാന്യവും പവിത്രവുമായ വസ്ത്രധാരണം ഉണ്ടാകണമെന്ന് സഭാ മാതാവ് ആഗ്രഹിക്കുന്നു.

ആധുനിക ഫാഷന്റെ അതിപ്രസരം പലപ്പോഴും ദൈവീകതയും കൂദാശയുടെ ഗൗരവവും മറക്കുന്ന നിലപാടുകളിലേക്ക് വധൂവരന്മാരെ നയിക്കുന്നതായി കാണപ്പെടുന്നു. സഭ പഠിപ്പിക്കുന്നത് വിവാഹ വസ്ത്രധാരണം മാന്യതയും വിനയവും പ്രതിഫലിപ്പിക്കുന്നതായിരിക്കണം എന്നതാണ്. പല ഇടവകകളിലും, പ്രത്യേകിച്ച് കത്തീഡ്രൽ ദേവാലയങ്ങളിൽ, വിവാഹ വസ്ത്രത്തെക്കുറിച്ചുള്ള വ്യക്തമായ നിർദ്ദേശങ്ങൾ ഇതിനകം നിലവിലുണ്ട്. വിവാഹത്തിന് മുമ്പേ തന്നെ, വിവാഹത്തെയും വിവാഹ വസ്ത്രത്തെയും സംബന്ധിച്ച് ഇടവക വൈദികനോട് വ്യക്തത വരുത്തേണ്ടത് വധൂവരന്മാരുടെയും അവരുടെ മാതാപിതാക്കളുടെയും ഉത്തരവാദിത്വമാണ്.

സഭയ്ക്ക് അനുയോജ്യമല്ലാത്ത വസ്ത്രധാരണം വൈദികർക്കും പങ്കെടുക്കുന്ന വിശ്വാസികൾക്കും വേദനയുണ്ടാക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ, ആ ദിവസത്തിന്റെ മഹത്വം മനസ്സിലാക്കി, മുറിവുകൾ ഒഴിവാക്കാനായി വൈദികരും ബന്ധുമിത്രാദികളും പലപ്പോഴും നിശബ്ദത പാലിക്കുകയാണ്. ദുഃഖകരമായി, ആ നിശബ്ദതയെ ചിലർ ഇന്ന് ദുരുപയോഗം ചെയ്യുന്നു.

വെസ്റ്റേൺ സ്റ്റൈൽ സ്ട്രാപ്പ്‌ലെസ് ഗൗണുകൾ ധരിക്കുന്ന സാഹചര്യത്തിൽ, ഷോൾ, ബൊലേറോ മുതലായവ ഉപയോഗിച്ച് ഷോൾഡറുകൾ കവർ ചെയ്യേണ്ടതാണ്. Neckline & Back പൂർണ്ണമായും മൂടിയിരിക്കണം. വിവാഹാനന്തര ആഘോഷങ്ങൾ നടക്കുന്ന ഹാളുകളിൽ വധൂവരന്മാർക്ക് ഇഷ്ടമുള്ള വസ്ത്രധാരണം തിരഞ്ഞെടുക്കാം. എന്നാൽ, വിവാഹം നടക്കുന്നത് ദൈവസന്നിധിയിലായതിനാൽ, ഭയഭക്തിയോടെയും ബഹുമാനത്തോടെയും വിനയത്തോടെയും പെരുമാറുകയും വസ്ത്രധാരണം നടത്തുകയും ചെയ്യണം.

ഇന്നും ഈസ്റ്റേൺ ചർച്ചിലെ ചില സഭകൾ വിവാഹ വസ്ത്രധാരണത്തിൽ കർശന നിർദ്ദേശങ്ങൾ പാലിച്ചുവരുന്നു. സോഷ്യൽ മീഡിയയിൽ വൈറലാകാനും, മറ്റുള്ളവരുടെ മുന്നിൽ “മോഡി” കാട്ടാനുമായി നടത്തുന്ന അനാവശ്യ പ്രകടനങ്ങൾ ഇനി അവസാനിക്കേണ്ടതാണ്. അതിന് വേണ്ടി, ഓരോ ഇടവകയും വ്യക്തവും കൃത്യവുമായ വിവാഹ വസ്ത്ര നിർദ്ദേശങ്ങൾ തയ്യാറാക്കി നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്.

ഫാ. മാത്യൂസ് വലിയ പുത്തൻപുര

ചീഫ് എഡിറ്റർ

പുറത്തു നമസ്കാരം നാൾ വഴികളിലൂടെ:

ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി പള്ളിയുടെ പുറത്ത് ചരിത്രപ്രസിദ്ധമായ കൽകുരിശിങ്കൽ മൂന്നു നോമ്പിനോട് അനുബന്ധിച്ച് വർഷങ്ങളായി നടത്തി വരുന്ന പ്രാർത്ഥനാ രീതിയാണ് ‘പുറത്തു നമസ്കാരം’. കാലാകാലങ്ങളായി വിവിധ ഇടവകകളിൽ നിന്ന് അനേകായിരം ജനങ്ങൾ മുത്തിയമ്മയുടെ മടിത്തട്ടിൽ വന്ന് പ്രാർത്ഥനാപൂർവ്വം ആചരിച്ച് പോരുന്ന ഈ പ്രാർത്ഥനാ രീതിയ്ക്ക് ക്നാനായക്കാരുടെ ഇടയിൽ വലിയ പ്രാധാന്യമാണുള്ളത്.

മൂന്നുനോമ്പും പുറത്തു നമസ്കാരവും.

1599 കടുത്തുരുത്തി സന്ദർശിച്ച മെനേസീസ് മെത്രാപ്പൊലീത്തായുടെ സെക്രട്ടറി ഗുവെയായുടെ യാത്രാവിവരണത്തിൽ നിനിവേക്കാരുടെ ഉപവാസമെന്നും മൂന്നു നോമ്പെന്നും പേരുള്ള ഒരു ഉപവാസത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. കേരള സഭയിൽ വലിയ നോമ്പിന് മുൻപ് ആചരിച്ചിരുന്ന മൂന്നു ദിവസത്തെ നോമ്പാണ് ഇതിലെ പ്രതിപാദ്യം. പേത്തൂർത്തായ്ക്ക് മുമ്പ് മൂന്നാമത്തെ ആഴ്ചയിലെ തിങ്കൾ, ചൊവ്വാ, ബുധൻ ദിവസങ്ങളിൽ ആചരിക്കപ്പെടുന്ന മൂന്നു നോമ്പിനോട് ചേർന്നാണ് ‘പുറത്തു നമസ്കാരം’ നടത്തപ്പെടുന്നത്. സുറിയാനിയിലുള്ള കാനോന നമസ്കാരത്തിൻ്റെ ചില ഭാഗങ്ങളാണ് പുറത്തു നമസ്കാരത്തിന് ഉപയോഗിക്കുന്നത്.

മൂന്നു നോമ്പിന്റെ ഉത്ഭവം

AD 570 നും 581 ഇടയ്ക്ക് നിനിവെ, ബേസ്ഗർമയി, അത്തൂർ എന്നീ പ്രദേശങ്ങളിൽ കഠിനമായ പ്ലേഗ് ബാധയുണ്ടാവുകയും ജനങ്ങൾ മോചനത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്തു. പ്ലേഗിൽ നിന്നും മോചിതരായതിൻ്റെ നന്ദിയായി എല്ലാ വർഷവും ഈ ആചരണം തുടരണമെന്ന് അവർ തീരുമാനിച്ചു. ഒരു ജനം ദൈവ കാരുണ്യത്തിനു വേണ്ടി നടത്തുന്ന രോദനവും, യാചനയും ആണ് മൂന്നു നോമ്പിന്റെ അന്തസത്ത. ധ്യാനത്തിനും ജീവിത നവീകരണത്തിനും ഉദ്ദേശിച്ചുള്ള ഒരവസരമായിട്ടാണ് പിതാക്കന്മാർ മൂന്നു നോയമ്പിനെ ദർശിക്കുന്നത്.

കടുത്തുരുത്തി വലിയ പള്ളിയിലെ പുറത്തു നമസ്കാരം

ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയ പള്ളിയിൽ അതിപുരാതന കാലം മുതൽ മൂന്നു നോയമ്പിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച വൈകുന്നേരം ചരിത്രപ്രസിദ്ധമായ കരിങ്കൽ കുരിശിൻ ചുവട്ടിൽ വച്ച് പരമ്പരാഗതമായി നടത്തിവരുന്ന ഒരു സമൂഹ പ്രാർത്ഥനയാണ് പുറത്തു നമസ്കാരം. സീറോ മലബാർ സഭയിൽ സുറിയാനി ആരാധന ക്രമം നിലനിന്നിരുന്നപ്പോൾ പുറത്തു നമസ്കാരവും സുറിയാനിയിൽ തന്നെയായിരുന്നു. ഇപ്പോൾ മലയാളത്തിലേക്ക് തർജിമ ചെയ്ത് ഉപയോഗിച്ചുവരുന്ന ഭക്തിനിർഭരവും പ്രാർത്ഥനാസമ്പുഷ്ടവും അർത്ഥപൂർണ്ണവും അന്യാദൃശ്യവുമായ ഈ ഭക്താനുഷ്ഠാനത്തിൽ സംബന്ധിക്കുവാൻ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം ആളുകൾ വന്നെത്താറുണ്ട്. ഇന്ന് കോട്ടയം അതിരൂപതയുടെ രണ്ടാം കുടിയേറ്റ സ്ഥലമായ മടമ്പം പള്ളിയിലും തിരുനാളിനോടനുബന്ധിച്ച് പുറത്തു നമസ്കാരം നടത്തി വരുന്നു. കൂടാതെ ക്നാനായക്കാർ കുടിയേറിയ രാജ്യങ്ങളിലൊക്കെ തങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതോടൊപ്പം, കാരണവന്മാരുടെ പ്രാർത്ഥനാ ശൈലിയും നിലനിർത്തുന്നതിൻ്റെ ഭാഗമായി ഈ പ്രാർത്ഥനാ രീതി നടത്തി വരുന്നുണ്ട്. UK യിൽ മുൻവർഷങ്ങളിൽ 2023-ഇൽ ബെർമിങ്ഹാമിലും, 2024-ഇൽ ലിവർപൂളിലും, 2025-ഇൽ ഷെഫീൽഡിൽ വച്ചും പുറത്തുനമസ്കാരം നടന്നിരുന്നു. ഇത്തവണ 2026 February 14, ശനിയാഴ്ച നമ്മുടെ 15 ക്നാനായ മിഷനുകളും ഒന്നുചേർന്ന് (St. Pius X Knanaya Catholic Church Liverpool, Webster St, Litherland, Liverpool L21 8JH) നടത്തുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു.

പഴയ നിയമചരിത്രത്തിൽ നിനിവെ നിവാസികൾ ദൈവ കോപത്തിൽ നിന്നും, ശിക്ഷയിൽ നിന്നും യൗനാൻ പ്രവാചകൻ്റെ ആഹ്വാനം സ്വീകരിച്ച് തപസ്സും പ്രാർത്ഥനയും പ്രായശ്ചിത്തവും വഴി രക്ഷ നേടിയ ഹൃദയസ്പർശിയായ ചിത്രം നാം കാണുന്നു. ദൈവഹിതം അനുവർത്തിക്കുന്നതിൽ നിന്ന് ഓടിയകന്ന പ്രവാചകനെ ദൈവകരം അനുധാവനം ചെയ്യുകയും മൂന്നുദിവസം മത്സ്യത്തിനുള്ളിൽ കഴിഞ്ഞ ശേഷം വീണ്ടും നിനിവെയിലേക്ക് അദ്ദേഹത്തെ നയിക്കുകയും തൻ്റെ ദൗത്യനിർവഹണത്തിനായി സഹായിക്കുകയും ചെയ്ത ദൈവത്തിൻ്റെ അതിവിശിഷ്ടമായ പരിപാലനാവൈഭവവും നമുക്ക് ദൃശ്യമാകുവാൻ ഈ പ്രാർത്ഥനാശുശ്രൂഷ സഹായിക്കട്ടെ!

Christmas Newsletter St.Anthony’s Knanaya Catholic Proposed Mission Wales

Christmas Newsletter St.Anthony’s Knanaya Catholic Propossed Mission Wales

Christmas Newsletter St.Anthony’s Knanaya Catholic Proposed Mission Wales

ലണ്ടണ്‍ മിഷനില്‍ ക്രിസ്മസ് രാവ് 2025 നടത്തപ്പെട്ടു.

ലണ്ടണ്‍: സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് രാവ് സംഘടിപ്പിച്ചു. ഡിസംബര്‍ 14 ന് എലംപാര്‍ക്കിലുള്ള സെന്റ് ആല്‍ബന്‍സ് ദൈവാലയത്തില്‍ വച്ച് വി. കുര്‍ബാനയെ തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 3.30 മുതലാണ് ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. ആഘോഷങ്ങളോടനുബന്ധിച്ച് കാറ്റിക്കിസം സ്റ്റുഡന്റ്‌സ്, കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള വിവിധ പ്രോഗ്രാമുകള്‍ എന്നിവ നടത്തപ്പെട്ടു. കൈക്കാരന്മാര്‍, ഹെഡ് ടീച്ചര്‍ മേബിള്‍ അനു, വേദപാഠ അദ്ധ്യാപകര്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, കുടുംബ കൂട്ടായ്മ ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മംഗളവാര്‍ത്താക്കാലം: ദൈവിക സന്ദേശത്തിന്റെ നാളുകള്‍

ഡിസംബർ മാസത്തിൽ ക്രിസ്മസ് വൈബും പാർട്ടികളും സമ്മാനങ്ങളുമൊക്കെയായി നമ്മൾ തിരക്കിലാകുകയാണ്. എന്നാൽ ഈ ആഘോഷങ്ങൾക്ക് തൊട്ടുമുൻപ്, ആത്മീയമായും ആഴത്തിലും ചിന്തിക്കേണ്ട ഒരു സമയമാണ് മംഗളവാർത്താക്കാലം (Advent Season).

നമ്മുടെയെല്ലാം ഫോണുകളിൽ വാട്സ്ആപ്പും ഇൻസ്റ്റാഗ്രാമുമൊക്കെയായി മെസ്സേജുകൾ നിറയുന്ന കാലമാണിത്. മംഗളവാർത്താക്കാലം എന്നത്, ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ‘മെസ്സേജ്’ കൈമാറിയതിൻ്റെ ഓർമ്മപ്പെടുത്തലാണ്. ആ മെസ്സേജ് അയച്ചത് സ്വർഗ്ഗത്തിൽ നിന്ന് ദൈവമാണെങ്കിൽ, അത് എത്തിച്ചത് ഗബ്രിയേൽ മാലാഖയും സ്വീകരിച്ചത് മറിയം എന്ന യുവതിയുമാണ്.

ഗബ്രിയേൽ മാലാഖ മറിയത്തിന്റെ അടുത്തേക്ക് ഒരു ‘notification’ പോലെ അവിചാരിതമായി കൊണ്ടുവന്ന ഒരു ദൗത്യം. ലോകരക്ഷകനായ ക്രിസ്തുവിനെ ഗർഭം ധരിക്കുക. ഇതൊരു സാധാരണ chat message അല്ലായിരുന്നു. മറിച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു ‘Call to Action’ ആയിരുന്നു.

മറിയത്തിന് വേണമെങ്കിൽ ആ മെസ്സേജ് ‘ ignore’ ചെയ്യാം, അല്ലെങ്കിൽ ‘block’ ചെയ്യാം. ‘ഇതെന്നെക്കൊണ്ട് പറ്റില്ല, ഞാൻ ചെറിയ പെൺകുട്ടിയാണ്’ എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറാം. എന്നാൽ അവൾ എടുത്ത ആ തീരുമാനമാണ് ഈ കാലഘട്ടത്തിൻ്റെ കാതൽ.

2011 ൽ മലയാളത്തിൽ റിലീസ് ചെയ്ത ‘Traffic’ എന്ന സിനിമയിൽ ജോസ് പ്രകാശ് അവതരിപ്പിച്ച കഥാപാത്രം, അനൂപ് മേനോന്റെ കഥാപാത്രത്തോട് പറയുന്ന മനോഹരമായ ഒരു dialogue ഇപ്രകാരമാണ്: നിങ്ങൾ ‘NO’ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല. എന്നാൽ, നിങ്ങൾ ഒരൊറ്റ ‘YES’ പറഞ്ഞാൽ ചിലപ്പോൾ അത് ചരിത്രമാകും, വരാനിരിക്കുന്ന ഒരുപാട് പേർക്ക് ‘YES’ പറയാൻ ധൈര്യം പകരുന്ന ചരിത്രം.

അപ്രകാരമുള്ള ഒരു വലിയ’YES’ ആയിരുന്നു മറിയത്തിന്റെത്. ആ വലിയ ‘YES’ (ഇതാ കർത്താവിൻ്റെ ദാസി, നിന്റെ ഇഷ്ടം പോലെ ഭവിക്കട്ടെ) എന്ന മറിയത്തിൻ്റെ മറുപടി, ദൈവത്തിൻ്റെ രക്ഷാകര പദ്ധതിയിലേക്കുള്ള ഒരു ‘Send’ ബട്ടൺ അമർത്തലായിരുന്നു. ലോകചരിത്രത്തെ രണ്ടായി മുറിച്ച ‘YES’. പിന്നീട് ചരിത്രത്തിൽ ജീവിച്ച/ ജീവിക്കുന്ന ഒരുപാട് വ്യക്തികൾക്ക് അവരുടെ ജീവിതത്തിലെ വെല്ലുവിളികളിലും അവർ ഏറ്റെടുത്ത ദൗത്യങ്ങളിലും തീരുമാനങ്ങൾ എടുക്കാൻ ധൈര്യം നൽകിയ ‘YES’.

നമ്മുടെയൊക്കെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ, നമ്മളെല്ലാവരും തിരക്കിലാണ്. പഠനത്തിരക്കിൽ, കരിയർ ഓട്ടത്തിനിടയിൽ, ജോലിത്തിരക്കിൽ, കുടുംബ ജീവിതത്തെ ഒന്ന് കെട്ടിപ്പടുക്കുന്നതിൽ. അതിനിടയിൽ കുറച്ചു നേരമെങ്കിലും ദൈവത്തിൻ്റെ ‘message’ കേൾക്കാൻ, അവിടുത്തോട് ‘YES’ നമുക്ക് സമയം കിട്ടാറുണ്ടോ?

ദൈവം നമ്മളോട് സംസാരിക്കുന്നത് ചിലപ്പോൾ കൂട്ടുകാരിലൂടെയാകാം, മാതാപിതാക്കളുടെ വാക്കുകളിലൂടെയാകാം, സഹപ്രവർത്തകരിലൂടെയാകാം അല്ലെങ്കിൽ നമ്മൾ ഒറ്റയ്ക്കിരിക്കുമ്പോൾ മനസ്സിലുണ്ടാകുന്ന ഒരുൾവിളിയിലൂടെയാകാം. മറിയം ധൈര്യത്തോടെ ‘YES’ പറഞ്ഞതുപോലെ, നമ്മുടെ ജീവിതത്തിലെ വെല്ലുവിളികളോടും ദൗത്യങ്ങളോടും ‘YES’ പറയാൻ നമുക്കും സാധിക്കണം.

ഈ മംഗളവാർത്താക്കാലം വെറും ലൈറ്റുകളിടാനും പുൽക്കൂട് ഉണ്ടാക്കുവാനുമുള്ള സമയം മാത്രമായി മാറരുത്. നമ്മുടെ ഹൃദയമാകുന്ന ‘inbox’ ക്ലിയർ ചെയ്ത്, ദൈവത്തിൻ്റെ ശബ്ദം കേൾക്കാൻ കാതോർത്തിരിക്കാനുള്ള സമയമാണ്. നമ്മുടെ ജീവിതം New Updates നായി (പുതിയ തീരുമാനങ്ങൾക്കായി) തയ്യാറെടുക്കാം.

മറിയത്തെപ്പോലെ, ധൈര്യത്തോടെ ദൈവഹിതത്തിന് ‘YES’ പറയാൻ നമുക്ക് സാധിക്കട്ടെ.

ഉണ്ണിയീശോയുടെ പിറവിക്കായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന എല്ലാവർക്കും സന്തോഷം നിറഞ്ഞ ഈ മംഗളവാർത്താക്കാ ലത്തിന്റെ പ്രാർത്ഥനാശംസകൾ നേരുന്നു.

Rejoice രജിസ്ട്രേഷൻ പുരോഗമിക്കുന്നു

UK യിലെ 15 ക്നാനായ മിഷനുകളിൽ നിന്നുമുള്ള 9 മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി നടത്തുന്ന rejoice നുള്ള രജിസ്ട്രേഷൻ തുടരുന്നു. സോഷ്യൽ മീഡിയ യുടെ ഈ യുഗത്തിൽ നമ്മുടെ കുട്ടികൾക്ക് ഒരുമിച്ച് കൂടി ആൽമീയമായും സഭാപരമായും ചിന്തിക്കുവാനും അവരുടെ സമപ്രായക്കാരായ കുട്ടികളോടൊപ്പം ഒരുമിച്ച് ചേരുവാനും നമ്മുടെ പാരമ്പര്യവും തനിമയും മനസ്സിലാക്കുന്നതിനുള്ള ഒരു അവസരമാണിത്. ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്താൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. Yarnfield Park ലാണ് Rejoice സംഘടിപ്പിക്കുന്നത്. Mili Rengi യുടെ നേതൃത്വത്തിൽ knafire youth team ആണ് നേതൃത്വം നൽകുന്നത്. വളരെ കുറച്ച് സീറ്റുകൾ ഉള്ളതിനാൽ എത്രയും വേഗം പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്

ദീർഘവീക്ഷണം + കഠിനാധ്വാനം = തെക്കൻ ടൈംസ്

ഭിന്നത വെടിയുക ; സഭാ സമുദായ സ്നേഹത്തിൽ വളരുക. ഫാ. സുനി പടിഞ്ഞാറെക്കര

തെക്കൻ ടൈംസിന്റെ വാർഷിക പതിപ്പനോട് അനുബന്ധിച്ച് ക്നാനായ കാത്തലിക് മിഷൻ യു കെയുടെ കോര്‍ഡിനേറ്ററും തെക്കൻ ടൈംസ് മാനേജിംഗ് ഡയറക്ടർ മായ ബഹുമാനപ്പെട്ട പടിഞ്ഞാറെക്കര സുനി അച്ചൻ നൽകിയ പ്രത്യേക അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

ദൈവാനുഗ്രഹത്തിന്റെ വർഷമായിരുന്നുവെന്ന് പറയുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ബാലാരിഷ്ടതകളിലും പ്രതിസന്ധികളിലുമെല്ലാം ദൈവം കൈപിടിച്ച് നടത്തുന്നു. നമുക്ക് സ്വന്തമായി ഒരു ദേവാലയവും സൗകര്യങ്ങളും ലഭിച്ചതുതന്നെ വലിയ ദൈവാനുഗ്രഹമായി കാണുന്നു. മിഷനായി വളരുന്ന പല മാസ്സ് സെന്ററുകളും, തെക്കൻ ടൈംസ് ബുള്ളറ്റിനും,

അനുഗ്രഹപ്രദമായ വാഴ്‌വും, ബൈബിൾ എഴുത്തും, അഭിഷേക നിറവിലെ ധ്യാനങ്ങളും, രണ്ടുപേർക്ക് വീട് നൽകൽ പദ്ധതിയുമെല്ലാം ദൈവാനുഗ്രഹത്തിന്റെയും കൂട്ടായ്മയുടെയും ഫലമായി ഞാൻ കാണുന്നു. ഇനിയും ഒരുപാട് വളരാനുണ്ടെന്നറിയാം അതിന് എല്ലാവരും ഒന്നിച്ചുനിന്ന് പ്രാർത്ഥിക്കണം, പ്രവർത്തിക്കണം.

ഓരോ സ്ഥലങ്ങളിലും അതിൻ്റേതായ സാഹചര്യങ്ങളാണ്. ഇന്ത്യയിൽ വളർച്ചയെത്തിയ ഒരു ആരാധന സമൂഹത്തെ ശുശ്രൂഷിക്കുന്നത് പോലെയല്ല അമേരിക്കയിൽ വളർച്ചയിലേക്ക് നടന്നടുക്കുന്ന ആരാധന സമൂഹത്തെ ശുശ്രൂഷിക്കുക. UK -യിൽ വളർച്ചയുടെ ആരംഭത്തിലൂടെ കടന്നുപോകുന്ന ഒരു സമൂഹമാണ് , അതിന്റേതായ വെല്ലുവിളികൾ ഉണ്ട്. അമേരിക്കയിലെ എന്റെ അനുഭവം വച്ച്, ഇവിടെ ക്നാനായ മിഷനുകൾ വളരണമെങ്കിൽ എല്ലാവരും അംഗങ്ങളാവുകയും ദേവാലയവും മറ്റു സൗകര്യങ്ങളും സ്വന്തമായി ലഭിക്കുകയും ചെയ്യണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇത്തരം സൗകര്യങ്ങൾ സ്വന്തമായി ലഭിക്കുമ്പോൾ എല്ലാവർക്കും – പ്രത്യേകിച്ച് കുട്ടികൾക്കും യുവജനങ്ങൾക്കും – ആത്മീയവും സാമൂഹികവുമായ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ സാധിക്കും. ഇതിലൂടെ ഇവർ പള്ളിയോട് കൂടുതൽ അടുക്കുകയും ബന്ധങ്ങൾ ഉണ്ടാവുകയും, അതുവഴി ക്നാനായ വിവാഹബന്ധങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു

വളരെ നല്ല ചോദ്യം. ഒരു സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. ചെറിയ ഒരു വീടായിരുന്നു ഞങ്ങളുടേത്. അതിനാൽതന്നെ വീടില്ലാത്തവരുടെ വേദന ശരിക്കും അറിയുന്നതുകൊണ്ട്, അങ്ങനെയുള്ളവരെ എന്നാൽ ആവുംവിധം സഹായിക്കണമെന്ന് ഒരാഗ്രഹമുണ്ടായിരുന്നു. എല്ലാ മനുഷ്യരുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്. അത് ലഭിച്ചുകഴിഞ്ഞാൽ അവർക്ക് മറ്റു കാര്യങ്ങൾ അവരുടെ അധ്വാനം കൊണ്ട് ചെയ്യുവാൻ സാധിക്കും അതുകൊണ്ട് കൂടിയാണ് ഞാൻ വീട് നിർമ്മാണ പദ്ധതിക്ക് കൂടുതൽ പ്രാധാന്യം.

നൽകുക. ദൈവാനുഗ്രഹത്താൽ 75-ൽ പരം വീടുകൾ ഇതിനോടകം നിർമ്മിക്കാനും, ഏതാനും വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുവാനും സാധിച്ചു. അതുപോലെ തന്നെ ഏതാനും വീടുകളുടെ നിർമ്മാണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു ഇതിൽ നാമമാത്രവീടുകൾ മാത്രമെ ഞാൻ തനിയെ ചെയ്തിട്ടുള്ളൂ, ബാക്കിയെല്ലാം എൻ്റെ ഇടപെടൽ മൂലം മറ്റുള്ളവരാണ് ചെയ്തത്. ഞാൻ ഒരു നിമിത്തവും കർത്താവിൻറെ ഉപകരണവുമായിയെന്ന് മാത്രം.

തീർച്ചയായും തുടക്കം എന്ന നിലയിൽ പ്രതിസന്ധിയുണ്ട് സ്വന്തമായി എല്ലാ മിഷനുകൾക്കും ദൈവാലയങ്ങളില്ല. ഫോം ഒപ്പിട്ടാൽ മാതൃ ഇടവകാംഗത്വം പോകും, നമ്മുടെ അക്കൗണ്ട് അല്ല, വ്യാജ ക്നാനായ പള്ളിയാണിത്, തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളിൽപെട്ട് മിഷനുകളിൽ സഹകരിക്കാത്തവരുണ്ട്. പല കാരണങ്ങളാൽ കുഞ്ഞുങ്ങളെ വേദപാഠം നല്ല രീതിയിൽ പഠിപ്പിക്കാനുമുള്ള പരിമിതികളുണ്ട് .

സഭയുടെ ഇപ്പോഴത്തെ സംവിധാനമാണ് ക്നാനായക്കാർക്ക് മാത്രമായി യുകെയിൽ ക്നാനായ മിഷനുകൾ. ഇവിടെ ക്നാനായക്കാർ മാത്രമാണ് അംഗങ്ങൾ, ഇതിലൂടെ മാതൃ ഇടവകയുമായിട്ടുള്ള പൊക്കിൾകൊടി ബന്ധം ഉണ്ടാകുന്നു. ക്നാനായ മിഷനുകൾ രജിസ്റ്റർ ചെയ്താൽ അവർ സ്വാഭാവികമായും ക്നാനായക്കാർ തന്നെയാണ്. വരും തലമുറയിൽപെട്ടവരെ ക്നാനായക്കാരനാണെന്ന് ഡോക്യുമെന്റ് അടിസ്ഥാനത്തിൽ തെളിയിക്കാനും ഇതുവഴി സാധിക്കുന്നു. അതിനാൽ അടിസ്ഥാനരഹിതമായ പ്രചരണങ്ങളിൽപെട്ട്, പ്രതിസന്ധികൾ സൃഷ്ടിച്ച്, നമ്മുടെ വളർച്ചയെ മുരടിപ്പിക്കരുത്. ദൈവാനുഗ്രഹത്താലും പ്രാർത്ഥനയാലും യോജിച്ചുള്ള പ്രവർത്തനങ്ങളാലും ഈ പ്രതിസന്ധികളെയെല്ലാം മറികടക്കാനാവും എന്നാണ് എൻ്റെ വിശ്വാസം.

തെക്കൻ ടൈംസ് ഒരു വർഷം പിന്നിടുമ്പോൾ അഭിമാനപൂർവ്വമാണ് ഈ നേട്ടത്തെ കാണുന്നത്. ഇതിൽ പ്രവർത്തിക്കുന്ന ധാരാളം ആളുകളുടെ അധ്വാനം മൂലം ഒരിക്കൽപോലും മുടങ്ങാതെ എല്ലാ മാസവും രണ്ട് പ്രാവശ്യം തെക്കൻ ടൈംസ് ഇറങ്ങുന്നു. വിവിധ മിഷനുകളുടേയും മിഷൻസിന്റെ ആത്മീയവും സാമൂഹികവുമായ പൊതു പരിപാടികളേയും ജനഹൃദയങ്ങളിൽ എത്തിക്കുവാൻ ഈ ബുള്ളറ്റിന് സാധിക്കുന്നു മിഷനുകളെ ഏകീഭവിപ്പിക്കുന്ന ഒരു ചാനലായി ഇത് മാറുന്നു. മിഷനുകളെ അറിയുവാനും അറിഞ്ഞ് സ്നേഹിക്കുവാനും ഇത് സഹായിക്കുന്നു. ഇതിന്റെ സജീവ പ്രവർത്തകർ തങ്ങളുടെ സമയവും കഴിവും അധ്വാനവും ഇതിനായി ചെലവഴിക്കുന്നു അവരെ ഈ അവസരത്തിൽ ഞാൻ പ്രത്യേകം അനുമോദിക്കുന്നു.

ഈ ആരോപണം അടിസ്ഥാനരഹിതമാണ്. ഒരാളുടെ പോലും അംഗത്വം നഷ്ടപ്പെടുകയോ അതിൻറെ പേരിൽ ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്തിട്ടില്ല. അത് മാത്രമല്ല 11-09- 2021-ൽ സംഘടനയും മിഷനും ചർച്ചയിലൂടെ സംയുക്തമായി അംഗീകരിച്ചിറക്കിയ FN-013A ഫോമാണ് നാമിപ്പോൾ ഉപയോഗിക്കുന്നത്.

കൂടാതെ നമ്മുടെ അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് 302/2023- നമ്പർ സർക്കുലറിലൂടെ അംഗത്വം നഷ്ടമാകില്ലെന്ന് ഉറപ്പുതരുകയും, ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് 7/2025 – നമ്പർ സർക്കുലറിലൂടെ അത് എടുത്ത് പറയുകയും ചെയ്തു. ഈ രൂപതകളുടെ നിലപാട്, സർക്കുലറിലൂടെ Particular Law ആവുകയും ആ സ്ഥിതി നിലനിൽക്കുകയും ചെയ്യുന്നു. ഇതിൽപരം ഒരു ഉറപ്പ് രൂപതകൾക്ക് നൽകാനില്ല. അതിനാൽ, തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളിലും ആരോപണങ്ങളിലും അടിപ്പെട്ട് തങ്ങളുടെയും കുഞ്ഞുങ്ങളുടെയും വരും തലമുറയുടെയും ആത്മീയവും സഭാപരവുമായ വളർച്ചയെ മുരടിപ്പിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്.

2026-ൽ ഒത്തിരിയേറെ നാഷണൽ പരിപാടികൾക്ക് പദ്ധതിയിടുന്നു. പുറത്തു നമസ്കാരം, legion of Mary gathering, Pious associations gathering, Knanaya fest, വാഴ്‌വ് 2026 , Rejoice 2026 (കുട്ടികൾക്ക് ധ്യാനം), ഡാനിയേൽ അച്ചൻറെ റെസിഡൻഷ്യൽ ധ്യാനം, post marriage course, pre marriage course, മറ്റു പരിപാടികൾ എന്നിവയാണ് 2026-ൽ ക്നാനായ കാത്തലിക്ക് മിഷൻ നാഷണൽ ലെവൽ പരിപാടികൾ.

കുട്ടികൾക്കും യുവജനങ്ങൾക്കും മലയാളം ഭാഷയിലുള്ള സീറോ മലബാർ കുർബാന സ്വീകാര്യമാകുമോ എന്നതിൽ അൽപം സംശയമുണ്ട്. എന്നാൽ എൻ്റെ അനുഭവംവച്ച്, സീറോ മലബാർ കുർബാന ഇംഗ്ലീഷിൽ ചൊല്ലുന്നത് അവർക്ക് സ്വീകാര്യമാണ്. അമേരിക്കയിൽ വർഷങ്ങളായി ഇത് ഉപയോഗിക്കുന്നു. അവിടെ ജനിച്ചുവളർന്ന അനേകം യുവ വൈദികർ ദൈവവിളി സ്വീകരിച്ചത് നമ്മുടെ സീറോ മലബാർ കുർബാനയുടെ theological richness and liturgical solemnity-യിൽ ആകർഷകരായിട്ടാണ്. നമ്മുടെ കുട്ടികൾക്കും യുവജനങ്ങൾക്കുമായി ഇംഗ്ലീഷ് സീറോ മലബാർ കർബ്ബാന ഭാവിയിൽ എല്ലാ മിഷനുകളിലും നമുക്കും തുടങ്ങണം.

  • ദൈവാശ്രയത്തിലും വിശ്വാസത്തിലും വ്യക്തികളും കുടുംബങ്ങളും വളരണം,
  • ഭിന്നത വെടിഞ്ഞ് സഭയോടും വൈദികരോടും ചേർന്ന് പ്രവർത്തിക്കണം
  • സ്വവംശ വിവാഹനിഷ്ഠ പാലിക്കാൻ യുവാക്കൾ തയ്യാറാകണം
  • ആത്മീയ വളർച്ചയും സാമുദായ വളർച്ചയും പ്രാപിക്കുവാൻ നമ്മുടെ ക്നാനായ മിഷനുകളിൽ അംഗങ്ങളാവുകയും വേദപാഠത്തിലും ആത്മീയ കാര്യങ്ങളിലും സജീവമായി പങ്കെടുക്കുകയും വേണം
  • തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളിൽ പെട്ടുപോകാതെ സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളും വിശദീകരണങ്ങളും ആരായുകയും അറിയുകയും ചെയ്യണം.

സ്വന്തം കുഞ്ഞുങ്ങളുടെ ആത്മീയ വളർച്ചയിൽ ഓരോ മാതാപിതാക്കൾക്കും ഉത്തരവാദിത്വമുണ്ട്. വരും തലമുറയെ ക്നാനായക്കാരായി സഭയോടും സമുദായത്തോടും ചേർത്തു വളർത്തണം അങ്ങനെ വരുമ്പോൾ ഈ മിഷനുകൾ വളരും.

തെക്കൻ ടൈംസിന്റെ വാർഷികപ്പതിപ്പ്

കോട്ടയം അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവിൻറെ ആശംസ സന്ദേശം, ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ കോഡിനേറ്റർ ബഹുമാനപ്പെട്ട പടിഞ്ഞാറേക്കര സുനിയച്ചന്റെ പ്രത്യേക അഭിമുഖം  , കഴിഞ്ഞ ഒരു വർഷക്കാലം തെക്കൻ ടൈംസ് പ്രവർത്തനങ്ങളുടെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന വായനക്കാരുടെ പ്രതികരണങ്ങൾ, വൈവാഹിക പംക്തി, വിവിധ മിഷനുകളിലെ ക്രിസ്തുമസ് കുർബാന സമയക്രമം, കൂടാതെ നിരവധിയായ വാർത്തകളും ചിത്രങ്ങളും അടക്കം തെക്കൻ  ടൈംസ് 24മത് ലക്കം.

18 NOVEMBER 2025