വാഴ്‌വ് 2026 – ആപ്തവാക്യങ്ങൾ ക്ഷണിക്കുന്നു

ദൈവം അബ്രഹത്തിന് നൽകിയ വാഴ്‌വ്, അബ്രഹാം മുതൽ പൂർവപിതാക്കന്മാർക്ക് കിട്ടിയ വാഴ്‌വ്, പൂർവപിതാക്കൻമാർ തലമുറകളിലേയ്ക്ക് പകർന്നുകിട്ടിയ വാഴ്‌വ്, ലോകത്തെവിടെ ആയിരുന്നാലും ആ വാഴ്‌വിന്റെ വിശുദ്ധിയിൽ മുന്നേറുന്ന ക്നാനായ ജനത, ഈ അനുഗ്രഹീത ജനത തങ്ങളുടെ സഭാ പിതാക്കന്മാരോടും, വൈദീകാരോടും കൂടി ചേർന്ന് അൽമായർ, തങ്ങളുടെ ഒത്തുകൂടലിന് ഒരു മഹനീയ ദിനം, വാഴ്‌വ് 2026, സെപ്റ്റംബർ 26-ന് ബർമിങ്ഹാമിൽ. ക്നാനായ മിഷൻസ് യുകെയുടെ, വാഴ്‌വ് മഹാസംഗമത്തിന്റെ

ഒരുക്കങ്ങൾ അണിയറയിൽ തകൃതിയായി പുരോഗമിക്കുന്നു. ക്നാനായ മിഷൻസ് കോർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര ചെയർമാനും, സാജൻ ഈഴാറാത്ത് ജനറൽ കൺവീനറും, ഫാ. ജോസ് തെക്കിനിക്കുന്നേൽ, ഫാ. മാത്യൂസ് വലിയ പുത്തൻപുരയിൽ എന്നിവർ കൺവീനറുമാരായും, ജിൽസ് നന്ദികാട്ട് ജോ. കൺവീനറായും എക്സിക്യൂട്ടീവ്

കമ്മിറ്റിയും, പരിപാടികൾ ക്രോഡികരിക്കാൻ മറ്റ് 14 കമ്മറ്റികളുമാണ് രൂപീകരിച്ചിരിക്കുന്നത്. മുൻ വർഷങ്ങളിലെപ്പോലെ പൊന്തിഫീസിക്കൽ കുർബാന, പൊതുസമ്മേളനം, യൂത്ത് സെഷൻ, വിവിധ മിഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ എല്ലാം കോർത്തിണക്കിയാണ് സംഗമം ഒരുക്കുന്നത്.

സംഗമത്തിന് മാറ്റ് കൂട്ടാൻ പിതാക്കന്മാർ, മറ്റ് വിശിഷ്ട അതിഥികൾ എന്നിവരെ പ്രതീക്ഷിക്കുന്നു.

അടിയുറച്ച കാത്തോലിക്ക വിശ്വാസത്തിൽ, പാരമ്പര്യങ്ങൾ മുറുകെ പിടിച്ച് ലോകത്തെവിടെ ആയാലും പരസ്പര സഹോദര്യത്തിൽ ഒന്നായി ജീവിക്കുന്ന യുകെ സമൂഹത്തിന്, കഴിഞ്ഞ വർഷം നടത്തിയ സമ്പൂർണ ബൈബിൾ പകർത്തി എഴുത്ത് അനുഗ്രഹദായകമായിരുന്നു. ഇത്തവണ വാഴ്‌വിന് ഒരുക്കമായി പുതിയ നിയമം പകർത്തി എഴുതാൻ ഒരുങ്ങുന്നു, അതുപോലെ ഇന്റർസെഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രാർഥിച്ചും ഒരുക്കങ്ങൾ തുടങ്ങി.

തങ്ങളുടെ ഈറ്റില്ലമായ കോട്ടയത്തുനിന്ന് തുടങ്ങുന്ന വാഴ്‌വ് 2026-ന്റെ ദീപശിഖ പ്രയാണത്തിന്റെ സ്വീകരണവും, യുകെ മിഷനുകളിലേയ്ക്ക്‌ ദീപശിഖ പ്രയാണവും, വാഴ്‌വ് ടിക്കറ്റ് കിക്ക് ഓഫ്‌ എന്നിവ മെയ്‌ 16ന് ലിവർപൂളിൽ നടക്കും.

കഴിഞ്ഞ വർഷം ലക്ഷ്യം വെച്ചത് ഒരു കുടുംബത്തിന് വീട് വെച്ച് കൊടുക്കുക എന്നതായിരുന്നു. എന്നാൽ സുമനസുകളുടെ സഹകരണത്താൽ നാട്ടിൽ രണ്ട് ഭാവനങ്ങൾക്കുള്ള പ്രാരംബ പണികൾ തുടങ്ങി കഴിഞ്ഞു. ഇത്തവണ വാഴ്‌വിന്റെ സദുദേശം (motto) കഴിഞ്ഞ വർഷത്തെപ്പോലെ നിർധനരായ ഒരു കുടുംബത്തിന് ഭവനവും, നമ്മുടെ സമൂഹത്തിൽ രോഗികളായി സമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുക എന്നതുമാണ്.

വാഴ്‌വ് 2026 അനുഗ്രഹീതവും, സന്തോഷകരവും, വിജയവും ആയി തീരാൻ യുകെയിലെ മുഴുവൻ ക്നാനായ കുടുംബങ്ങളുടെയും സഹകരണവും, സാന്നിധ്യവും വാഴ്‌വ് കമ്മിറ്റി പ്രതീക്ഷിക്കുന്നു. എല്ലാവരെയും സാദരം സ്വാഗതം ചെയ്യുന്നു.

ബാല കൗമാര ഹൃദയങ്ങളെ തൊട്ടുണർത്തിയ Rejoice 2026

“എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും “Philippi 4:18

2026 ഫെബ്രുവരി 19-22 വരെ Yanfield park ഇൽ സംഘടിപ്പിക്കപ്പെട്ട Rejoice 2026 പുതിയ പല അനുഭവങ്ങൾ കൊണ്ട് തീർത്തും ആകർഷണീയമായിരുന്നു. UK യിലെ വിവിധ മിഷനുകളിൽ നിന്നുമെത്തിയ 9 നും 17 നും ഇടയിൽ പ്രായമുള്ള 93 കുട്ടികൾ എല്ലാം മറന്ന് ഒന്നുചേർന്ന് ദൈവത്തെ ആരാധിച്ചു, അനുഭവങ്ങൾ പങ്കുവെച്ച് വീടുകളിലേക്ക് മടങ്ങി

“ നിങ്ങൾ എപ്പോഴും നമ്മുടെ കർത്താവിൽ സന്തോഷിക്കുവീൻ. ഞാൻ വീണ്ടും പറയുന്നു നിങ്ങൾ സന്തോഷിക്കുവീൻ “ Philipi 4:4

എന്ന വചനമായിരുന്നു ഇതിനായി ഞങ്ങൾ തിരഞ്ഞെടുത്തത്.ഈ അത്യന്താധുനിക കാലഘട്ടത്തിൽ വിവിധ തരം പ്രതിസന്ധികളിലൂടെയും പ്രലോഭനങ്ങളിലൂടെയും കടന്നു പോകുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക്, യഥാർത്ഥ സന്തോഷവും, ആത്മീയ അറിവും, ക്നാനായ സമുദായ കൂട്ടായ്മയുടെ ആവശ്യവും മനസ്സിലാക്കുവാൻ ഈ ഒത്തുചേരലിലൂടെ സാധിച്ചു. എല്ലാ ദിവസവുമുള്ള വി. കുർബാനയും, ദിവ്യ കാരുണ്യ ആരാധനയും, ഒരുക്കത്തോടെയുള്ള കുമ്പസാരവും,വി.കുർബാന സ്വീകരണവും, ഗ്രൂപ്പ് ഡിസ്കഷനും,വിവിധ തരം ഗ്രൂപ്പ് ഗെയിംസും,ആക്ഷൻ സോങ്ങും,സമുദായ ബോധവത്കരണവും, നട വിളിയും എല്ലാം കുട്ടികളുടെ അഭിരുചിക്ക് ഇണങ്ങുന്നതായിരുന്നു.

നമ്മുടെ കുട്ടികൾക്ക് ഒരുമിച്ച് കൂടുവാൻ ഇപ്രകാരമുള്ള വേദികൾ ഉണ്ടാക്കുവാൻ നാം പരിശ്രമിക്കണം. ചെറുപ്രായത്തിൽ തന്നെ അവർക്ക് ഉറച്ച വിശ്വാസ അടിത്തറ നൽകുവാനും അത് തുടർന്നു കൊണ്ട് പോകുവാനും നമുക്ക് സാധിക്കണം.

ആഘോഷങ്ങൾ മാത്രമല്ല നമ്മുടെ പാരമ്പര്യമെന്നും, ദൈവ വിശ്വാസം നമ്മുടെ പാരമ്പര്യത്തിന്റെ അടിസ്ഥാന ഘടകമാണെന്നുമുള്ള ബോധ്യം നമുക്ക് നമ്മുടെ കുഞ്ഞുങ്ങൾക്ക് വിവരിച്ചു കൊടുക്കാൻ സാധിക്കണം.

ഈ ഉദ്യമത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുവാൻ താൽപര്യം കാണിച്ച മാതാ പിതാക്കൾ, ഇതിനായി എല്ലാ പിന്തുണയും നൽകിയ നമ്മുടെ വൈദികർ, കുട്ടികൾക്ക് ആവശ്യമായ കരുതൽ നൽകി അവരെ ആൽമിയ അനുഭവത്തിലും സമുദായ ബോധത്തിലും പടുത്തുയർത്തുവാൻ നയിച്ച Mili Rengi യുടെ നേതൃത്വത്തിലുള്ള Kna Fire Youth Minisry, ധ്യാനത്തിന്റെ വിജയത്തിനായും കുട്ടികൾക്ക് പരിശുദ്ധാൽമാവിന്റ് അഭിഷ്കേകത്തിനായും നിരന്തരം മധ്യസ്ഥ പ്രാർത്ഥനകൾ നടത്തിയ Dennis ചേട്ടന്റെ നേതൃത്വത്തിലുള്ള Kna Fire Team എന്നിവരെല്ലാം തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു.

ധ്യാനം കഴിഞ്ഞു പിരിയുമ്പോൾ വീണ്ടും ഒക്ടോബർ മാസം നടക്കുന്ന Daniel അച്ഛന്റെ ധ്യാനത്തിന് മാതാപിതകളോടൊപ്പം ഞങ്ങൾ വീണ്ടും ഇതേ സ്ഥലത്ത് വീണ്ടും വരും എന്ന് പലരും പറഞ്ഞു പോകുന്നത് കേട്ടപ്പോൾ മനസ്സ് നിറഞ്ഞു പോയി

വേറൊരു ഗ്രൂപ്പിനൊപ്പം ഇവിടെ എത്തിയ Grace എന്ന ഇംഗ്ലീഷ് കാരി സ്നേഹപൂർവം എന്നോട് “Your children are really disciplined.They are well behaved. You can be proud of them.എന്ന് അവരുടെ ഡൈനിംഗ് ഹാളിലുള്ള പെരുമാറ്റം കണ്ടപ്പോൾ പറഞ്ഞ കമന്റ് എന്നെ അതിയായി സന്തോഷിപ്പിച്ചപ്പോൾ ഞാൻ അവരുടെ മാതാപിതാക്കളെ ഓർത്തു ദൈവത്തിന് നന്ദി പറഞ്ഞു.

പ്രിയമുള്ളവരെ നമ്മുടെ കുട്ടികളെ ദൈവാശ്രയത്തിലും, വിശ്വാസത്തിലും നമുക്ക് വളർത്താം. ഇന്റർനെറ്റും മറ്റു ഭൗതിക ചിന്തകളും അവരുടെ ബുദ്ധിയെയും മനസ്സിനെയും അടിമകളാക്കുമ്പോൾ നമുക്ക് അവരെ നേടാനായി മുൻകൈ എടുക്കാം.അതിനായുള്ള അനുഗ്രഹത്തിനായി നമുക്ക് നിരന്തരം പ്രാർത്ഥിക്കാം

NR സിറ്റി, തിരൂർ ഇടവകളിൽ ‘വാഴ്‌വിന്റെ’ വെളിച്ചം വീശി!

2025ൽ നടത്തപെട്ട വാഴ്‌വിന്റെ ‘വീടൊരുക്കം വാഴ്‌വിലൂടെ’ എന്ന പദ്ധതിയിലൂടെ നിർധനരായ രണ്ട് ക്നാനായ കാത്തോലിക്ക കുടുംബങ്ങൾക്ക് ഭവനം നൽകുവാൻ തീരുമാനിച്ചിരുന്നു! ഇതിൻപ്രകാരം നാട്ടിലെ വിവിധ ഇടവകകളിൽ നിന്നും വികാരിയച്ചന്മാരിലൂടെ ലഭിച്ച നിരവധി അപേക്ഷകളിൽ നിന്നും മലബാറിലും തിരുവിതാംകൂറിലുമായി ഓരോ കുടുംബങ്ങളെ കമ്മിറ്റി തെരഞ്ഞെടുക്കുകയായിരുന്നു. മലബാറിലെ തിരൂരും തിരുവിതാംകൂറിൽപെട്ട ഹൈറേഞ്ചിലെ NR സിറ്റിയിൽ നിന്നുമുള്ള അപേക്ഷയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സ്വന്തമായി ഭവനമില്ലാത്ത ഒരു കുടുംബത്തെയും, തീർത്തും വാസയോഗ്യമല്ലാത്ത വീടും കിടപ്പുരോഗിയുമുള്ള മറ്റൊരു കുടുംബത്തേയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

ഈ വീട് ലഭിക്കുന്നതിലൂടെ ഇവരുടെ ചിരകാല അഭിലാഷം പൂർത്തിയാവുകയാണ്. അതാത് വികാരിമാരുടെയും ഇടവകാംഗങ്ങളുടെയും നേതൃത്വത്തിൽ പണികൾ തുടങ്ങി. നിലവിൽ ഈ വീടുകളുടെ ഗ്രൗണ്ട് വർക്ക് ആരംഭിക്കുകയും ചെയ്‌തു. ഈ ഉദ്യമത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി കോൺടാക്ട് പേഴ്സൺസായി, തിരൂരിലെ വീടിനു അഭിലാഷ് മൈലപ്പറമ്പിലിനെയും സജി രാമചനാട്ടിനേയും, NR സിറ്റിയിലെ വീടിനു ബെന്നി മാവേലിയെയും, ബെന്നി വേങ്ങച്ചേരിലിനെയും നിയോഗിച്ചു. ഈ മഹത്തായ ഉദ്യമത്തിന് പങ്കാളികളായ ഓരോരുത്തരും അഭിനന്ദനവും നന്ദിയും അർഹിക്കുന്നു!

വീടൊരുക്കാം വാഴ്‌വിലൂടെ എന്ന പദ്ധതിയിലൂടെ നാട്ടില്‍ അര്‍ഹതപ്പെട്ട ഒരു ക്‌നാനായ കുടുംബത്തിന് 10 ലക്ഷം രൂപമുടക്കി ഒരു വീടു നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഈ പദ്ധതിയെ യു.കെയിലുള്ള ക്‌നാനായ കത്തോലിക്കര്‍ ഹൃദയത്തില്‍ ഏറ്റെടുത്തതിനാല്‍ ഒരു വീടിനുപകരം രണ്ടു വീടുകള്‍ നല്‍കാന്‍ സാധിച്ചു. ഇതിന്‍ പ്രകാരം പല അപേക്ഷകളില്‍ നിന്നും തിരൂര്‍, എന്‍. ആര്‍. സിറ്റി എന്നീ ഇടവകകളില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ തിരഞ്ഞെടുത്തു. മുന്ന് ബെഡ്‌റൂമുകളും അടുക്കളയും ഹാളും വരാന്തയും ഉള്‍പ്പെടെ 850 സ്‌ക്വയര്‍ഫീറ്റ് വീടാണ് നിര്‍മ്മിച്ചു നല്‍കുന്നത്. ഈ രണ്ടു ഇടവകകളിലും നിര്‍മ്മാണക്കമ്മറ്റി സജീവമായി പ്രവര്‍ത്തിക്കുന്നു. എത്രയും വേഗം പണി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. ഈ സത്കര്‍മ്മത്തില്‍ പങ്കാളികളാകുന്ന എല്ലാവരെയും ഹൃദയപൂര്‍വ്വം അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു. ഈ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് നിങ്ങളുടെ പ്രാര്‍ത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു.

ഫാ. സുനി പടിഞ്ഞാറേക്കര

വിശുദ്ധ വാരം: കത്തോലിക്കാ സഭയിലെ ഏറ്റവും പവിത്രമായ ദിനങ്ങൾ

കത്തോലിക്കാ സഭയുടെ ആരാധനാക്രമ വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഭക്തിനിർഭരവുമായ കാലയളവാണ് വിശുദ്ധ വാരം (Holy Week). ഓശാന ഞായർ മുതൽ ഈസ്റ്റർ ഞായർ വരെയുള്ള എട്ട് ദിവസങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. യേശുക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളെയും മരണത്തെയും ഉത്ഥാനത്തെയും അനുസ്മരിക്കുന്ന ഈ വാരം വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആത്മീയ നവീകരണത്തിന്റെ സമയമാണ്.

വിശുദ്ധ വാരത്തിലെ പ്രധാന ദിവസങ്ങൾ

വിശുദ്ധ വാരത്തിലെ ഓരോ ദിവസത്തിനും സഭയുടെ ചരിത്രത്തിലും ആരാധനാക്രമത്തിലും വലിയ പ്രാധാന്യമുണ്ട്:

ഓശാന ഞായർ (Palm Sunday): യേശുക്രിസ്തു രാജകീയമായി ജെറുസലേമിലേക്ക് പ്രവേശിച്ചതിന്റെ ഓർമ്മ പുതുക്കുന്ന ദിവസം. വിശ്വാസികൾ കുരുത്തോലകൾ ഏന്തി “ഓശാന” പാടി പ്രദക്ഷിണം നടത്തുന്നു.

പെസഹാ വ്യാഴം (Maundy Thursday): യേശു തന്റെ ശിഷ്യന്മാരോടൊപ്പം അവസാനത്തെ അത്താഴം കഴിച്ചതിന്റെയും, വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും ഓർമ്മ. ഈ ദിവസം ഗുരു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയ വിനയത്തിന്റെ മാതൃകയും അനുസ്മരിക്കപ്പെടുന്നു.

ദുഃഖവെള്ളി (Good Friday): യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെയും കുരിശുമരണത്തിന്റെയും ദിനം. ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടി ഈ ദിവസം ആചരിക്കുന്നു. കുരിശിന്റെ വഴി ചൊല്ലുന്നതും കുരിശ് ചുംബിക്കുന്നതും ഈ ദിവസത്തെ പ്രധാന ചടങ്ങുകളാണ്.

ദുഃഖശനി (Holy Saturday): യേശു കല്ലറയിൽ ശയിക്കുന്നതിന്റെ ഓർമ്മ. ഈ ദിവസം പ്രത്യേക പ്രാർത്ഥനകളും ഈസ്റ്റർ ജാഗരണവും നടക്കുന്നു.

ഈസ്റ്റർ ഞായർ (Easter Sunday): യേശുക്രിസ്തു മരണം ജയിച്ച് ഉയർത്തെഴുന്നേറ്റതിന്റെ ആഘോഷം. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനശിലയായ ഈ ദിവസം വലിയ സന്തോഷത്തോടും പ്രത്യാശയോടും കൂടി ആഘോഷിക്കുന്നു.

വിശുദ്ധ വാരത്തിന്റെ പ്രാധാന്യം

വിശുദ്ധ വാരം വെറുമൊരു അനുസ്മരണമല്ല, മറിച്ച് വിശ്വാസികൾക്ക് ക്രിസ്തുവിനോട് കൂടുതൽ അടുക്കാനുള്ള ഒരു അവസരമാണ്. ഇതിന്റെ പ്രധാന വശങ്ങൾ താഴെ പറയുന്നവയാണ്:

രക്ഷാകര ദൗത്യത്തിന്റെ പൂർത്തീകരണം: മനുഷ്യരാശിയുടെ പാപങ്ങൾക്ക് പരിഹാരമായി യേശു സ്വയം ബലിയായി തീർന്നത് ഈ വാരത്തിലാണ്. ഇത് ദൈവത്തിന്റെ അനന്തമായ സ്നേഹത്തെ വെളിപ്പെടുത്തുന്നു.

ത്യാഗവും സഹനവും: ക്രിസ്തുവിന്റെ സഹനങ്ങൾ ധ്യാനിക്കുന്നത് വഴി സ്വന്തം ജീവിതത്തിലെ കഷ്ടപ്പാടുകളെ ക്ഷമയോടെ നേരിടാൻ വിശ്വാസികൾ കരുത്ത് പ്രാപിക്കുന്നു.

ആത്മീയ നവീകരണം: നോമ്പും ഉപവാസവും പ്രാർത്ഥനയും വഴി വിശ്വാസികൾ തങ്ങളുടെ പാപങ്ങളിൽ നിന്ന് അകന്ന് പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്നു.

പ്രത്യാശയുടെ സന്ദേശം: മരണത്തിന് ശേഷമുള്ള നിത്യജീവിതത്തെക്കുറിച്ചും പ്രത്യാശയെക്കുറിച്ചും വിശുദ്ധ വാരം നമ്മെ ഓർമ്മിപ്പിക്കുന്നു.

“ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ.” – വിശുദ്ധ യോഹന്നാൻ 13:34

ചുരുക്കത്തിൽ, കത്തോലിക്കാ സഭയുടെ ജീവനും ചൈതന്യവും വിശുദ്ധ വാരത്തിലാണ് കുടികൊള്ളുന്നത്. വിനയം, സ്നേഹം, ത്യാഗം, പ്രത്യാശ എന്നീ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തിക്കൊണ്ട് ക്രിസ്തുവിന്റെ ഉത്ഥാനത്തിൽ പങ്കുചേരാൻ ഈ വിശുദ്ധ ദിനങ്ങൾ നമ്മെ ആഹ്വാനം ചെയ്യുന്നു.

Fr. Tom Puthenpurackal

അടക്കം തെക്കൻ ടൈംസ് 29-മത് ലക്കം.

ഫാ ടോം പുത്തെൻപുരക്കലിന്റെ നോമ്പുകാല ലേഖനം, വാഴ്‌വിന്റെ വെളിച്ചം രണ്ട് ഭവനങ്ങളുടെ നിർമ്മാണം ആരംഭിച്ചു, കുട്ടികളുടെയും ടീനേജസിന്റെ ക്യാമ്പ് – റിജോയിസ് വിശദമായ വാർത്തകളും ചിത്രങ്ങളും അനുഭവസാക്ഷ്യങ്ങളും, വൈവാഹിക പംക്തി, വിവിധ മിഷനുകളിലെ നിരവധിയായ വാർത്തകൾ , വൈദിക സ്ഥലംമാറ്റം , സെൻറ് ജൂഡ് മിഷൻ മതബോധന അധ്യാപകരെ പരിചയപ്പെടുത്തുന്നു കൂടാതെ നിരവധിയായ വാർത്തകളും ചിത്രങ്ങളും അടക്കം തെക്കൻ ടൈംസ് 29-മത് ലക്കം.

Saint of the Week- Blessed Rani Maria

Blessed Rani Maria Vattalil (1954–1995) was an Indian Catholic Franciscan Clarist nun and social worker who was murdered for defending the poor, oppressed villagers in Madhya Pradesh, India. She was stabbed 54 times on a bus on February 25, 1995. She was beatified as a martyr in 2017.

Key Details About Sister Rani Maria:

  • Background: Born on January 29, 1954, in Kerala, India, she was baptized as Mariam Vattalil.
  • Mission Work: She worked in the Diocese of Indore, focusing on education, social justice, and empowering marginalized communities against local exploiters.
  • Martyrdom: She was killed by assassins hired by landlords who opposed her social work.
  • Legacy: Known for her profound faith and commitment to the poor, her family famously forgave her killer, Samandar Singh, who later expressed remorse.

Veneration: She was declared “Blessed” on November 4, 2017, in Indore.

The twist in the story- Samundar Singh

Singh was convicted of Vattalil’s murder and was sentenced to life imprisonment. Vattalil’s sister visited Singh in prison where she expressed her forgiveness on 31 August 2002. Singh was overcome with grief after witnessing such a gesture and begged for forgiveness for what he had done while expressing repentance. Vattalil’s mother visited Singh on 25 February 2003 and kissed his hands as a sign of forgiveness.

Singh was released from prison in 2006 due to good conduct. He was pardoned by Vattalil’s family, and he is considered one of their own. He was moved to tears when he learned of her impending beatification in March 2017 and expressed his enthusiasm for being able to attend the beatification.

Beatification

The diocesan process took place in Indore from 29 June 2005 to 28 June 2007. The Congregation for the Causes of Saints received the Positio (document used in the process by which a Catholic person is declared Venerable – the second of four steps on the path to canonisation as a saint) in 2014 and Pope Francis approved the cause on 23 March 2017 and confirmed that Vattalil would be beatified on 4 November 2017 in Indore.

Media & the Film world

The documentary entitled ‘The Heart of a Murderer’, depicting the murder and subsequent repentance of Samundar Singh, was the winner at the World Interfaith Harmony Film Festival of 2013.

In 2023 a movie named ‘The Face of the Faceless’ was created inspired from her life.

Sr Rani Maria and her family lived a true Catholic life following Christ’s path in every way. Her life is truly inspiring to us especially the Kerala Catholics as she hails from our motherland and she lived in our time- in the 21st century.

A truly motivating testimony for our youth & children.

How many of us could forgive the killer of our daughter and consider that person as a member of our family??? Truly remarkable!!!

വൈറലായി തെക്കൻ ടൈംസ് എഡിറ്റോറിയൽ / വൈവാഹിക പംക്തി

കഴിഞ്ഞ ലക്കം തെക്കൻ ടൈംസ് പ്രസിദ്ധീകരിച്ച വിവാഹ വസ്ത്രം മാന്യതയും പവിത്രതയും എന്ന എഡിറ്റോറിയൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഏകദേശം അറുപതിനായിരത്തിലധികം ആളുകളാണ് ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നും വായിച്ചത്. കൂടാതെ മറ്റു പേജുകൾ നിന്നും ഇടവകയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും വായിച്ചവർ വേറെയുമുണ്ട്. വൈവാഹിക പംക്തി എല്ലാ ലക്കത്തിലും ഏകദേശം മുപ്പതിനായിരം ആളുകളാണ് വായിക്കുന്നത്.

വിവാഹ വസ്ത്രധാരണത്തെ പറ്റി വ്യക്തമായ നിലപാട് എഡിറ്റോറിൽ വഴി രേഖപ്പെടുത്തിയപ്പോൾ വളരെ നേരത്തേ തന്നെ ഇത്തരം കാര്യങ്ങൾ പൊതുസമൂഹത്തെ അറിയിക്കേണ്ടതായിരുന്നു എന്ന അഭിപ്രായം വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്നു. അനേകം വ്യക്തികളാണ് എഡിറ്റോറിയൽ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തത്. സമൂഹം എത്ര അധികം പ്രാധാന്യത്തോടെയാണ് വിവാഹ വസ്ത്രധാരണത്തെ പറ്റി ചിന്തിക്കുന്നത് എന്നത് എഡിറ്റോറിൽ വഴി മനസ്സിലാകുവാൻ സാധിച്ചു. ദേവാലയത്തിൽ വരുന്നത് ഫാഷൻ ഷോയ്ക്ക് അല്ല പകരം ദൈവസന്നിധിയിൽ പ്രാർത്ഥനകൾ, യാചനകൾ അർപ്പിക്കാനാണ് എത്തേണ്ടത് എന്ന ബോധ്യം ഉടലെടുക്കുവാൻ എഡിറ്റോറിയൽ സഹായിച്ചു എന്നും സാക്ഷ്യപ്പെടുത്തി.

വൈവാഹിക പംക്തി ജീവിതപങ്കാളിയെ കണ്ടെത്തുവാൻ വളരെയധികം ഉപകാരപ്പെടുന്നു. യുകെയിൽ ഉള്ളവരുടെ മാത്രമാണ് ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത്. സമീപഭാവിയിൽ അമേരിക്കൻ ക്നാനായ കാത്തലിക് മിഷനോട് ചേർന്നുനിന്ന് അമേരിക്കയിൽ നിന്നും ഉള്ള വൈവാഹിക പരസ്യങ്ങളും പ്രസിദ്ധീകരിക്കുവാൻ പദ്ധതിടുന്നു.

ലിജിയൻ ഓഫ് മേരി കെറ്ററിംഗ്‌ ലൂർദ് തീർത്ഥാടനം

ലിജിയൻ ഓഫ് മേരി Kettering റോസ മിസ്റ്റിക പ്രസീദിയം ലൂർദ് തീർത്ഥാടനം നടത്തുന്നു. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട ലൂർദ്ദിലേക്ക് 2026 മെയ് മാസം ഒന്ന് രണ്ട് മൂന്ന് തീയതികളിലാണ് ത്രിദിന തീർത്ഥാടനം നടത്തപ്പെടുന്നത്. എല്ലാ ബുധനാഴ്ചകളിലും പ്രാർത്ഥനാ യോഗം നടത്തുന്ന റോസ മിസ്റ്റിക പ്രസീദിയം വിശുദ്ധ കുർബാനയിലും ദൈവാലയം ഒരുക്കുന്നതിൽ സജീവമായി പ്രവർത്തിക്കുന്നു. പ്രാർത്ഥനയിൽ പരിശുദ്ധ അമ്മയോട് ചേർന്ന് ദൈവകുമാരനിൽ നിന്നും അനുഗ്രഹം പ്രാപിപ്പാനും വചന അടിസ്ഥാനത്തിൽ ജീവിതം കെട്ടിപ്പിടിക്കുവാനും ഉപകരിക്കുന്ന വിധത്തിലുള്ള പ്രവർത്തന രീതിയാണ് നടന്നുവരുന്നത്. പ്രസീദിയ തുടങ്ങിയ നാൾ മുതലുള്ള അംഗങ്ങളുടെ ആഗ്രഹമായിരുന്നു ലൂർദ് തീർത്ഥാടനം. അതിനായി അംഗങ്ങൾ പ്രാർത്ഥിച്ചു ഒരുങ്ങി തീർത്ഥാടനത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

VALENTINE’S DAY CELEBRATION IN ST MARY’S SUNDAY SCHOOL, MANCHESTER- The True Catholic Meaning.

Valentine’s day is celebrated all over the world with flowers and chocolates as a symbol of love. In St Mary’s Sunday school- Manchester, the students were encouraged to think of the Catholic view of Valentine’s day. The history of Valentine’s day through St Valentine and how he risked his life to help people in love with the sacrament of marriage was explained to students. Apart from that, the students were inspired to think about a love that beats all other love in this world- Jesus’ love and students were motivated to discuss why Jesus love is better than all other love during the Catechism class on Sunday- 15th February.

After Catechism class, during the Mass students offered a massive poster with the words ‘JESUS’ LOVE BEATS ALL OTHER LOVE’ at the start of the Mass and at the end of the Mass Alvina Denny of year 11 gave a heartening speech about the true love of Jesus that is invaluable in comparison with all other love. (The full script of Alvina’s speech is published here which is a must read.) Through this session on Valentine’s day, the students were made to reflect the Catholic perspective of Valentine’s day apart from the Valentine’s day celebration the youngsters see around them and a session like this is crucial in the times we now live.

വിശ്വാസ പരിശീലനത്തിന്റെ കരുത്തരായ അമരക്കാർ

ഈ ലക്കത്തിലെ തെക്കൻ ടൈംസ് ഓരോ മിഷനുകളിലെയും ഡെപ്യൂട്ടി ഹെഡ് ടീച്ചർമാരെ പരിചയപ്പെടുത്തുന്നു. സഭാ സമുദായ പഠനങ്ങളിൽ ഇടവക വികാരിയോടും ഹെഡ് ടീച്ചറോടും ഒപ്പം തുല്യ പ്രാധാന്യത്തോടെ പ്രവർത്തിക്കുന്ന ശക്തരായ ഡെപ്യൂട്ടി ഹെഡ് ടീച്ചർമാരാണ് ഇവർ. ചില മിഷനുകളിലെ ഡെപ്യൂട്ടി ഹെഡ് ടീച്ചർമാർ മാസ് സെൻററുകളിലെ ഹെഡ് ടീച്ചർമാരായും സേവനം അനുഷ്ഠിക്കുന്നു.

ഹോളി ഫാമിലി ക്നാനായ കാത്തലിക് മിഷൻ സ്കോട്ട്‌ലൻഡിൽ ഫാമിലി ഡേ ആഘോഷിച്ചു.

സ്കോട്ട്‌ലൻഡിലെ ഹോളി ഫാമിലി ക്നാനായ കാത്തലിക് മിഷനിൽ 2026 ഫെബ്രുവരി 15-ന് കുടുംബസംഗമം (Family Day) ആത്മീയവും സാംസ്‌കാരികവുമായ പരിപാടികളോടെ ആഘോഷിച്ചു. ഇടവക വികാരി ഫാ. ജോസ് തെക്ക്‌നിൽക്കുന്നതിന്റെ നേതൃത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് ദിനാഘോഷങ്ങൾ ആരംഭിച്ചത്. തുടർന്ന് ഫാ. ജോസ് തെക്ക്‌നിൽക്കുന്നത്, കൈക്കാരന്മാർ, കാറ്റിക്കിസം ഹെഡ് ടീച്ചർ, നാട്ടിൽ നിന്നും എത്തിയ മാതാപിതാക്കൾ എന്നിവർ ചേർന്ന് തിരികൾ കൊളുത്തി പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

തുടർന്ന് സ്വാദിഷ്ടമായ സ്നേഹവിരുന്ന് നൽകി ഇടവക കൈക്കാരൻ സിബി തയ്യിൽ എല്ലാവർക്കും നന്ദി പറഞ്ഞ് ഫാമിലി ഡേ സമാപിച്ചു.

തുടർന്ന് നടന്ന കൾച്ചർ പ്രോഗ്രാമിന് ജൂലി, ഷിജോ, ജയ്ബി, ജൂബി, സെലിൻ എന്നിവർ നേതൃത്വം നൽകി. ഇടവകയിലെ കാറ്റിക്കിസം പഠിക്കുന്ന കുഞ്ഞു കുട്ടികളുടെയും, തിരുബാലസഖൃം, മിഷൻ ലീഗ്, കെസിവൈഎൽ, എന്നീ സംഘടനകളുടെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ നയന മനോഹരമായിരുന്നു.

സെന്റ്‌ ജൂഡ് മിഷനിൽ വിഭൂതി തിരുനാൾ ആചരിച്ചു

വലിയ നോമ്പിന് തുടക്കമായി പ്രാർത്ഥനയുടെയും അനുതാപത്തിന്റെയും അനുരഞ്ജിതത്തിന്റെയും പ്രതിത്യാഗത്തിന്റെയും 50 ദിനങ്ങൾ, വലിയ നോമ്പിന് തുടക്കമായിട്ടുള്ള വിഭൂതി തിരുനാൾ സെൻറ് ജൂഡ് ക്നാനായ കാത്തലിക് മിഷൻ വിശുദ്ധ കുർബാന സെന്റർ ആയ കെറ്ററിംഗ്‌ ഹോളി മാസ്സ് സെന്ററിൽ വിഭൂതി തിരുനാൾ ഭക്തിസാന്ദ്രമായി ആചരിച്ചു.

സെൻറ് മേരീസ് ദൈവാലയത്തിൽ നടത്തപ്പെട്ട തിരുകർമ്മങ്ങൾക്ക് വികാരി ഫാ. ജിൻസ് കണ്ടക്കാട് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്ക് മടങ്ങും ന്യൂനം എന്ന ഹൃദയസ്പർശിയായ ഗാനത്തിന്റെ അകമ്പടിയിൽ വിശ്വാസികളുടെ നെറ്റിയിൽ കുരിശ് വരച്ചപ്പോൾ വിശ്വാസത്തോടെ വരുന്ന 50 ദിവസത്തെ നോമ്പിന് വരവേറ്റു.

ഫലം നൽകേണ്ട സമയം

അനുതാപത്തിന്റെ പ്രതീകമായ ചാരം കൊണ്ട് രക്ഷയുടെ അടയാളമായ കുരിശു വരച്ചുകൊണ്ട് 50 നോയമ്പിന്റെ ചൈതന്യത്തിലേക്ക് നമ്മൾ ഓരോരുത്തരും പ്രവേശിച്ചിരിക്കുകയാണല്ലോ. ഈ 50 നോമ്പ് നമ്മുടെ ആത്മീയ വളർച്ചയ്ക്ക് കാരണമാകട്ടെ എന്ന് ആശംസിക്കുന്നു. വിഭൂതിയുടെ തിരുകർമ്മത്തിൽ ആലപിക്കുന്ന ‘മനുഷ്യ നീ മണ്ണാകുന്നു’ എന്ന ഗാനത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഫലം തരാത്ത വൃക്ഷത്തെപ്പറ്റി വിശുദ്ധ ലൂക്കായുടെ സുവിശേഷം 13ആം അധ്യായത്തിൽ 6 മുതൽ 9 വരെയുള്ള സുവിശേഷഭാഗത്തെ ആസ്പദമാക്കി ഈ നോമ്പുകാലത്തിന്റെ സന്ദേശം നൽകുന്നത് ഉചിതമാണെന്ന് കരുതുന്നു.

മേൽപ്പറഞ്ഞ സുവിശേഷത്തിൽ തന്റെ മുന്തിരിത്തോട്ടത്തിൽ നട്ടുപിടിപ്പിച്ച അത്തിവൃക്ഷത്തിൽ ഫലം ഉണ്ടോ എന്ന് നോക്കാൻ വരുന്ന യജമാനനെ കാണാം. എത്ര വളം ഇട്ടിട്ടും ഫലം നൽകാത്ത അത്തിവൃക്ഷത്തെ വെട്ടി കളഞ്ഞേക്കാൻ യജമാനൻ കൃഷിക്കാരനോട് കൽപ്പിക്കുന്നു. എന്നാൽ, കൃഷിക്കാരൻ ആകട്ടെ, ഒരു വർഷം കൂടി അതിൻറെ ചുവട് കിളച്ച് വളം ഇടാം എന്നിട്ടും അത് ഫലം നൽകുന്നില്ലെങ്കിൽ അത് വെട്ടി കളയാമെന്ന് യജമാനനോട് പറയുന്നു. ഒന്നാമതായി, നമ്മൾ ധ്യാനിക്കേണ്ടത് ആ യജമാനനെ പറ്റിയാണ്. മുന്തിരിത്തോട്ടം ക്രമീകരിച്ച് കൃഷി ചെയ്യുന്നിടത്ത് അതിൻറെ അതിരുകളിൽ അത്തി വൃക്ഷം നട്ടുപിടിപ്പിക്കാറുണ്ട്. ഇവിടെയും ഒത്തിരി പ്രതീക്ഷയോടെ മറ്റെവിടെയോ മുളച്ച അത്തിവൃക്ഷത്തെ യജമാനൻ തൻറെ മുന്തിരിത്തോട്ടത്തിൽ നട്ട് പിടിപ്പിക്കുന്നു. ആവശ്യമായ എല്ലാ പരിചരണങ്ങളും നൽകിയിട്ടും അത് ഫലം നൽകുന്നില്ല. രണ്ടാമതായിട്ട്, നാം ധ്യാനിക്കേണ്ടത് കൃഷിക്കാരനെ പറ്റിയാണ്. വെട്ടിക്കളയാൻ പറഞ്ഞിട്ടും അത്തിവൃക്ഷത്തെ അനുകൂലിച്ച് സംസാരിച്ചുകൊണ്ട് കൃഷിക്കാരൻ വീണ്ടും ഒരു അവസരം കൂടി അതിന് നൽകുന്നു. അതിയായ സന്തോഷത്തോടും പ്രതീക്ഷയോടും കൂടി നട്ടു പിടിപ്പിച്ച യജമാനനേക്കാൾ സ്നേഹം അത്തിവൃക്ഷത്തോട് കൃഷിക്കാരൻ കാണിക്കേണ്ട കാര്യമില്ല. എന്നിട്ടും അയാൾ അത്തിവൃക്ഷത്തിനു വേണ്ടി വാദിക്കുന്നു.

സ്നേഹമുള്ളവരെ, ആവശ്യത്തിന് കൂടുതൽ വെള്ളവും വളവും അതിലുപരി പരിചരണവും സ്വീകരിച്ച് വളർന്നുവന്ന അത്തിവൃക്ഷം ഫലം നൽകാൻ ബാധ്യസ്ഥനാണ്. എന്നിട്ടും, യജമാനൻ പ്രതീക്ഷിക്കുന്ന ഫലം നൽകാൻ അതിന് സാധിക്കുന്നില്ല. ദൈവത്തിൻറെ പരിപാലനയാൽ, ആവശ്യമായതെല്ലാം സ്വീകരിച്ച് വളർന്നുവന്നവരാണ് നമ്മൾ ഓരോരുത്തരും. അതുപോലെതന്നെ ദൈവത്തിൻറെ സംരക്ഷണയാലും പരിപാലനത്താലും വിശ്വാസത്തിലും പാരമ്പര്യത്തിലും വളർന്നു വന്നതാണ് നമ്മുടെ വിശ്വാസസമൂഹവും. എന്നിട്ടും ദൈവം ആഗ്രഹിക്കുന്ന ഫലം നൽകാൻ നമുക്ക് സാധിക്കുന്നുണ്ടോ എന്ന് നാം ചിന്തിക്കണം. ഒരു വൃക്ഷത്തിന് ആവശ്യമായ വെള്ളവും വളവും സ്വീകരിച്ച് അതിനെ വളർത്തുന്നതിന് സുപ്രധാനമായ പങ്ക് ആ വൃക്ഷത്തിൻറെ വേരുകൾക്കും തായിത്തടിക്കും ഉണ്ട്. ഇതിനെ ഒരു കുടുംബത്തോട് താരതമ്യപ്പെടുത്തിയാൽ, മാതാപിതാക്കന്മാർ ആകുന്ന വേരുകളും തായിത്തടിയും ദൈവത്തിൽ നിന്ന് ആവശ്യമായ കൃപകളും അനുഗ്രഹങ്ങളും സ്വീകരിച്ച് ശാഖകൾ ആകുന്ന വരും തലമുറയിൽ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും സുകൃതത്തിന്റെയും ഫലങ്ങൾ വിരിയിക്കാൻ സുപ്രധാനമായ പങ്ക് വഹിക്കേണ്ടവരാണ്. നമ്മുടെ വ്യക്തിജീവിതങ്ങളും ഇപ്രകാരം ദൈവത്തിൻറെ കൃപയാലും അനുഗ്രഹത്താലും വളരേണ്ടതും ഫലം പ്രാപിക്കേണ്ടതുമാണ്. എന്നാൽ വ്യക്തിപരമായും കുടുംബപരമായും സമൂഹപരമായും ഫലം നൽകാൻ സാധിക്കുന്നുണ്ടോ എന്ന് ഈ നോമ്പുകാലത്ത് നാം പരിശോധിക്കേണ്ടിയിരിക്കുന്നു. ചിലപ്പോഴെങ്കിലും നമ്മുടെ വളർച്ചയും തീരുമാനങ്ങളും മറ്റുള്ളവരെ ആശ്രയിച്ച് പോകാറുണ്ട്. ദൈവം നമുക്ക് നൽകുന്ന സാധ്യതകളെ നന്ദിയോടെ ഓർത്തുകൊണ്ട് അതിനെ പ്രയോജനപ്പെടുത്തി ആത്മീയമായും ഭൗതികമായും വളരാൻ ആയിട്ട് പരിശ്രമിക്കേണ്ടതിന് പകരം മറ്റുള്ളവരുടെ വളർച്ചയിൽ അസൂയ കാണിചും നമുക്ക് നൽകപ്പെടാത്ത കാര്യങ്ങളെപ്പറ്റി ദൈവത്തോട് പരിഭവപ്പെട്ടും നാം ജീവിക്കാറുണ്ട്. നമുക്ക് കുറവുകളും പോരായ്മകളും ഉണ്ടായിരിക്കെ അതിനെ അംഗീകരിച്ചുകൊണ്ട് തിരുത്തിക്കൊണ്ട് മുന്നോട്ട് പോകുന്നതിന് പകരം മറ്റുള്ളവരുടെ കുറവുകളെയും പോരായ്മകളെയും വീഴ്ചകളെയും സൂക്ഷ്മമായി വീക്ഷിച്ചുകൊണ്ട്, ചൂണ്ടിക്കാണിച്ചുകൊണ്ട്, വിമർശിച്ചുകൊണ്ട് നാം ജീവിക്കാറുണ്ട്. മറ്റുള്ളവരെ തിരുത്തുമ്പോഴും സ്വയം തിരുത്തുവാനും ആത്മീയമായി വളരുവാനും ദൈവം ആഗ്രഹിക്കുന്നത് പോലെ ഫലം നൽകാനും ഈ നോമ്പുകാലം നമുക്ക് സഹായകമാകണം.

സ്നേഹമുള്ളവരെ, അനുതപിച്ച് ആത്മീയമായ അഭിവൃദ്ധി പ്രാപിച്ച് ദൈവം ആഗ്രഹിക്കുന്ന, സുവിശേഷം ആഗ്രഹിക്കുന്ന ഫലം നൽകാൻ ഈ നോമ്പുകാലം നമ്മളോട് ആഹ്വാനം ചെയ്യുന്നു. അത്തിവൃക്ഷത്തിന് ലഭിച്ചതുപോലെ വീണ്ടും ഒരു അവസരം കൂടി ദൈവം നമുക്ക് നൽകിയിരിക്കുന്നു. നമ്മൾ ഫലം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദൈവവചനം അനുസരിച്ച് വളരേണ്ടതും ആത്മീയമായ വിശ്വാസത്തിൻറെ ഫലം നൽകേണ്ടവരുമായ നമുക്ക് അതിനു സാധിച്ചില്ലെങ്കിൽ, നാം സ്വന്തമാക്കുന്ന, നേടിയെടുക്കുന്ന മറ്റു കാര്യങ്ങൾ എല്ലാം അതിൽ തന്നെ വ്യർത്ഥമാണ്. എത്ര വളർന്നാലും കരുത്ത് നേടിയാലും പടർന്നു പന്തലിച്ചാലും ദൈവം ആഗ്രഹിക്കുന്ന ഫലം നൽകാൻ സാധിച്ചില്ലെങ്കിൽ നാളെ നമ്മളും വെട്ടി മാറ്റി കളയപ്പെടും. കുറച്ചുകൂടി സ്നേഹിക്കാൻ, പ്രാർത്ഥിക്കാൻ, നന്മ ചെയ്യാൻ, ഫലം ചൂടാൻ നമുക്ക് സാധിക്കട്ടെ.

നവ വൈദികരെ സ്വാഗതം ചെയ്തു

ലിവർപൂളിൽ നടത്തപ്പെട്ട പുറത്തു നമസ്കാര ശുശ്രൂഷയിൽ ക്നാനായ കാത്തലിക് മിഷൻസ് യുകെയിൽ പുതുതായി ശുശ്രൂഷ ചെയ്യാനെത്തിയ നവ വൈദികരെ മിഷൻസ് ഡയറക്ടർ ഫാ. സുനി പടിഞ്ഞാറേക്കര പൊതുവായി പരിചയപ്പെടുത്തുകയും സ്വാഗതം അരുളുകയും ചെയ്തു. ഫാ. എൽബിൻ തിരുനെല്ലിപറമ്പിൽ, ഫാ. ടോം പുത്തൻപുരയ്ക്കൽ എന്നിവരാണ് പുതുതായി ശുശ്രൂഷ ചെയ്യാൻ എത്തിയ വൈദികർ.

ഫാ. എൽബിൻ തിരുനെല്ലിപ്പറമ്പിൽ പാലത്തുരുത്ത് ഇടവക തിരുനെല്ലിപറമ്പിൽ തോമസ് (പരേതൻ) – എൽസമ്മ ദമ്പതികളുടെ മകനാണ്. കോട്ടയം അതിരൂപത മൈനർ സെമിനാരിയിലും ആലുവ മേജർ സെമിനാരിയിലും പഠനം പൂർത്തിയാക്കിയ ഫാ. എൽബിൻ 2022 ഡിസംബർ 31ന് അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ കൈവെയ്പ്പ് ശുശ്രൂഷ വഴി പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് ഉഴവൂർ ഫൊറോനാ പള്ളി അസിസ്റ്റൻറ് വികാരിയായും അറയങ്ങാട്, പോത്തുകുഴി ഇടവകകളിലെ വികാർ-ഇൻ-ചാർജായും സേവനം അനുഷ്ഠിച്ചതിന് ശേഷമാണ് യുകെയിലേക്ക് എത്തിയത്.

കാരിത്താസ് ഇടവക പുത്തൻപുരയ്ക്കൽ ജോർജ് മോളി ദമ്പതികളുടെ മകനാണ് ഫാ. ടോം. കോട്ടയം അതിരൂപത MSP മൈനർ സെമിനാരിയിൽ പഠനം പൂർത്തിയാക്കിയതിനു ശേഷം ഫിലോസഫി ഉജ്ജയിനിൽ നിന്നും തിയോളജി വടവാതൂർ സെമിനാരിൽ നിന്നും പഠനം പൂർത്തിയാക്കി. 2023 ജനുവരി രണ്ടിന് അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ കൈവെയ്പ്പ് ശുശ്രൂഷ വഴി പൗരോഹിത്യം സ്വീകരിച്ചു. ഗുജറാത്തിലെ രാജ്കോട്ട് ക്രൈസ്റ്റ് ഹോസ്പിറ്റലിലെ അസിസ്റ്റൻറ് ഡയറക്ടറായും, പുന്നത്തറ, തൊടുപുഴ ചുങ്കം എന്ന ഇടവകകളിൽ അസിസ്റ്റൻറ് വികാരിയായും, കാനം വയലിൽ ഇടവകയുടെ വികാരിയായും സേവനം അനുഷ്ഠിച്ചതിന് ശേഷമാണ് ഫാ. ടോം പുത്തൻപുരയ്ക്കൽ യുകെയിലേക്ക് എത്തിയത്.

ക്നാനായ കലോത്സവം ‘തെക്കൻസ് ഫെസ്റ്റ് 2026’:ഒരുക്കങ്ങൾ സജീവം

ലണ്ടൻ: യുകെയിലെ ക്നാനായ മിഷനുകളെ ഏകോപിപ്പിച്ചുകൊണ്ട് ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയതല കലോത്സവം ‘തെക്കൻസ് ഫെസ്റ്റ് 2026’-ന്റെ ആദ്യഘട്ട ഒരുക്കങ്ങൾ പൂർത്തിയായി. മിഷൻ, നാഷണൽ കോർഡിനേറ്റർമാരുടെ പ്രഥമ ഓൺലൈൻ യോഗത്തിൽ മത്സരക്രമങ്ങൾ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ എടുത്തു.

​നമ്മുടെ തനതായ പാരമ്പര്യങ്ങളും ആചാരങ്ങളും പുതുതലമുറയ്ക്ക് കൈമാറുന്നതിനുള്ള വലിയൊരു വേദിയായി ഈ കലോത്സവം മാറും. പ്രവാസലോകത്ത് വളരുന്ന യുവതലമുറയ്ക്ക് ക്നാനായ സംസ്‌കാരത്തിന്റെ വേരുകൾ തിരിച്ചറിയാനും, വരുംതലമുറകളിലേക്ക് ഈ പൈതൃകം അഭിമാനപൂർവ്വം പകർന്നുനൽകാനും ഇത്തരം ഒത്തുചേരലുകൾ അനിവാര്യമാണ്. നമ്മുടെ സമുദായത്തിന്റെ തനിമ നിലനിർത്തുന്നതിനും ഐക്യം ദൃഢമാക്കുന്നതിനും ‘തെക്കൻസ് ഫെസ്റ്റ് 2026’ ഒരു വലിയ ചുവടുവെപ്പായിരിക്കും.

​കലോത്സവ വിവരങ്ങൾ:

​കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും നിങ്ങളുടെ മിഷൻ കോർഡിനേറ്റർമാരുമായി (Mission Coordinators) ഉടൻ ബന്ധപ്പെടുക. യുകെയിലെ ക്നാനായ പൈതൃകം ആഘോഷമാക്കാൻ ഒരുങ്ങുന്ന ഈ കലോത്സവത്തിനായി വലിയ ആവേശത്തോടെയാണ് മിഷനുകൾ കാത്തിരിക്കുന്നത്.

ഡിജിറ്റൽ ഉപവാസം കാലഘട്ടത്തിന്റെ ആവശ്യം

വിരൽത്തുമ്പിൽ ലോകത്തിലെ സകല വിശേഷങ്ങളും അറിയുന്ന ഈ കാലഘട്ടത്തിൽ പണ്ട് ആഡംബര പ്രതീകം ആയിരുന്ന മൊബൈൽ ഫോൺ ഇന്ന് ഒഴിച്ചുകൂടാൻ ആവാത്ത വസ്തുവാണ്. കത്തുകൾ എഴുതിയ കാലം കാലഹരണപ്പെട്ടു. ലാൻഡ് ഫോൺ പയ്യെ നിശ്ചലമാകുന്നു. ഐഫോണും ആൻഡ്രോയിഡ് ഫോണുകളും ജീവിതത്തിൻറെ ഗതി നിർണയിക്കുന്ന ഘടകമായി മാറുകയാണ്. സോഷ്യൽ മീഡിയ ആപ്പുകൾ പ്രചുര പ്രചാരം ആയതുകൊണ്ട് , വ്യക്തികളുടെ ഫോൺ സ്ക്രീൻ ടൈം വളരെയധികം ആയി വർദ്ധിച്ചു.

ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറി “റീച്ച്” കൂട്ടാൻ വേണ്ടി എന്തും കാണിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമായി. ഒപ്പം റീൽസിൽ മുഴുകി ഇരുന്ന് ജീവിതത്തിൻറെ നല്ലൊരു സമയവും നഷ്ടപ്പെടുത്തുന്ന മാനവ സമൂഹത്തെയാണ് ഇപ്പോൾ കണ്ടുവരുന്നത്.

മത്സ്യം മാംസാദികൾ ഉപേക്ഷിച്ചു ദൈവ സന്നിധിയിൽ അനുതാപത്തോടും പ്രാർത്ഥനയോടുകൂടി നോമ്പുകാലത്തെ വരവേൽറ്റ ഒരു ജനത – ആ ജനത സൗഭാഗ്യങ്ങൾ വന്നുചേർന്നപ്പോൾ തനിക്ക് ലഭിച്ച ആത്മീയ ചൈതന്യ ഉറവിടമായ ക്രിസ്തുവിനെയും ക്രിസ്തുവിൻറെ പഠനങ്ങളെയും തമസ്കരിക്കുന്ന ജനതയായി മാറുകയാണ്.

വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി സഭാ അധികാരികളെയും സഭ നേയും അകാരണമായി വിമർശിക്കുന്ന വ്യക്തികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രിയാത്മകമായ വിമർശനം നല്ലതാണ്. പക്ഷേ ഞാൻ പറയുന്നതുപോലെ കാര്യങ്ങൾ നടക്കുന്നില്ല എങ്കിൽ അതിന് വിഘാതമായിരിക്കുന്നവരെ സോഷ്യൽ മീഡിയ വഴി അവഹേളിക്കുന്നവരുടെ എണ്ണം വളരെയധികം. ഈ നോമ്പുകാലത്ത് സോഷ്യൽ മീഡിയയുടെ അതിപ്രസരം എന്റെ ജീവിതത്തിൽ ഉണ്ടാകാതിരിക്കുക എന്ന മുഖമുദ്ര ഏറ്റെടുക്കുവാൻ ഓരോരുത്തരും തയ്യാറായാൽ അർത്ഥസമ്പുഷ്ടമായ നോമ്പുകാലമായി മാറ്റപ്പെടും.

അതിരാവിലെ എഴുന്നേൽക്കുമ്പോൾ ഫോണിനു പകരം പുസ്തകരൂപത്തിലുള്ള ബൈബിൾ വായിച്ച് മനസ്സിന് ഉന്മേഷം പകരുക മാത്രമല്ല കുട്ടികൾക്ക് മാതൃകയും ആകും. രാത്രിയിൽ കിടക്കുന്നതിനുമുമ്പും ബൈബിൾ വായന ഈ നോമ്പുകാലത്ത് ശീലിക്കുക. ഉത്തരവാദിത്തങ്ങൾക്ക് തടസ്സമാകുന്ന സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കുക. വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ കാണപ്പെടുന്ന ഒരു ഉപകാരമില്ലാത്ത ചർച്ചകളിൽ നിന്നും ഒഴിവാക്കുക.

വാരാന്ത്യങ്ങളിൽ 24 മണിക്കൂർ സോഷ്യൽ മീഡിയ ഉപേക്ഷിക്കുക. വൈഫൈ , ഡേറ്റ ഇൻറർനെറ്റ് എന്നിവ സ്വിച്ച് ഓഫ് ചെയ്തു ഇതിനോടുള്ള അഭിനിവേശം കുറയ്ക്കുവാൻ സാധിക്കും. സ്ക്രീൻ ടൈം കുറച്ച് കുട്ടികളോടും, പങ്കാളിയോടും ചേർന്നിരുന്ന്സംസാരിക്കുക, നല്ല പുസ്തകം വായിച്ച് അതിനെക്കുറിച്ച് ചർച്ച ചെയ്യുക ,സീരിയൽ, സിനിമ, റീൽസ് ഭ്രമം ഉപേക്ഷിക്കുക.നോമ്പുകാലം അത് ദൈവമായിട്ടുള്ള ബന്ധം പുനസ്ഥാപിക്കുവാൻ ഉപകാരപ്പെടുന്ന ആത്മീയപരമായ കാര്യങ്ങളിൽ വ്യാപൃതരാവുക. സോഷ്യൽ മീഡിയ കൂടുതലായി ഉപയോഗിച്ച് വിഷാദരോഗത്തിന് അടിമയാകാതെ ആത്മീയ ചൈതന്യത്തിൽ വളരുവാൻ ആത്മീയമായ കാര്യങ്ങളിൽ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ സാധ്യമാകും.

കുടുംബ ബന്ധം ഊഷ്മതമാക്കുവാനും അതുവഴി സന്തോഷവും സമാധാനവും സാധ്യമാകുവാനും ഈ നോമ്പുകാലത്ത് ഡിജിറ്റൽ ഫാസ്റ്റിംഗ് വഴി സാധ്യമാകട്ടെ.

പുറത്തു നമസ്കാരം ഭക്തിസാന്ദ്രമായി

ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട നാലാമത് പുറത്തു നമസ്കാരം ഭക്തിസാന്ദ്രമായി സമാപിച്ചു. യുകെയുടെ വിവിധ ദേശങ്ങളിൽ നിന്നായി അനേകം ഭക്തജനങ്ങൾ വിശ്വാസപൂർവ്വം തിരുകർമ്മങ്ങളിൽ പങ്കുചേർന്നു. ക്നാനായ കാത്തലിക് മിഷൻസ് യുകെയിൽ സേവനമനുഷ്ഠിക്കുന്ന എല്ലാ വൈദികരും ദിവ്യബലിയിലും പുറത്തു നമസ്കാര ശുശ്രൂഷയിലും പങ്കുചേർന്നു.

മനോഹരമായ അലങ്കരിച്ച ക്നാനായക്കാരുടെ സ്വന്തം ഇടവക ദൈവാലയത്തിൽ രാവിലെ കൃത്യം പത്തുമണിക്ക് ആരാധന ആരംഭിച്ചു. തുടർന്ന് തിരുവസ്ത്രങ്ങൾ അണിഞ്ഞ് വൈദികർ പ്രദിക്ഷണമായി അൾത്താരയെ നമിച്ചു ദിവ്യബലിയിലേക്ക് പ്രവേശിച്ചു. മതബോധന കമ്മീഷൻ ചെയർമാൻ ഫാ. ഷഞ്ചു കൊച്ചു പറമ്പിൽ ആയിരുന്നു മുഖ്യ കാർമികൻ.

ക്നാനായ കാത്തലിക് മിഷൻസ് ഡയറക്ടർ ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. സജി തോട്ടം, ഫാ. മാത്യൂസ് വലിയ പുത്തൻപുര, ഫാ. ജോസ് തേക്ക്നിൽക്കുന്നതിൽ, ഫാ. ജിൻസ് കണ്ടക്കാട്, ഫാ. ജിബിൻ പാറടിയിൽ, ഫാ. അജൂബ് തോട്ടനാനിയിൽ, ഫാ. എൽബിൻ തിരുനെല്ലിക്കുന്നേൽ, ഫാ. ടോം പുത്തൻപുരയ്ക്കൽ എന്നിവർ സഹ കാർമികരായിരുന്നു.

പുറത്തു നമസ്കാരത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഗായകസംഘം. ടോമി പടപ്പുരക്കലിന്റെ നേതൃത്വത്തിൽ യുവജനങ്ങളും മുതിർന്നവരും ചേർന്ന് സംഘഗാനം ലൈവ് ഓർക്കിസ്ട്ര ആയി നടത്തപ്പെട്ടു. ഹൃദ്യവും മനോഹരമായ ഗാനങ്ങൾ മനസ്സിനെ ആർദ്രമാക്കി.

വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫാ. സുനി പടിഞ്ഞാറേക്കര പുറത്തു നമസ്കാരത്തിന് നേതൃത്വം നൽകി.

15 ക്നാനായ മിഷനുകളിൽ നിന്നുമായി ഏകദേശം 500-ലധികം ആളുകളാണ് പുറത്തു നമസ്കാരത്തിന് എത്തിച്ചേർന്നത്. ഭക്തിസാന്ദ്രമായ ചടങ്ങുകൾ ഭയഭക്തി ബഹുമാനത്തോടെ ഏവരും പങ്കുചേരുകയും തിരുക്കർമ്മങ്ങൾക്ക് ശേഷം കടുത്തുരുത്തി മുത്തിയമ്മയുടെ തിരുസ്വരൂപം വണങ്ങി നേർച്ചകൾ അർപ്പിക്കുകയും ചെയ്തു.

സ്നേഹ വിരുന്നോടെ സമാപിച്ച പുറത്ത് നമസ്കാരം അടുത്തവർഷം വീണ്ടും കാണാം എന്ന വിശ്വാസത്തിൽ ഭക്തജനങ്ങൾ അനുഗ്രഹം പ്രാപിച്ച് വീടുകളിലേക്ക് മടങ്ങി.

അഭി മാത്യു മൂലക്കാട്ട് പിതാവിന്റെ ഇടയലേഖനം

ഈശോമിശിഹായിൽ പ്രിയ സഹോദരീ സഹോദരന്മാരേ,

“ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീർപ്പോടും കൂടി നിങ്ങൾ പൂർണ്ണ ഹൃദയത്തോടെ എൻ അടുക്കലേക്ക് തിരിച്ചു വരുവിൻ” (ജോയേൽ 2:12). നോമ്പുകാലത്തേക്കു പദമൂന്നുന്ന നമുക്കു ജോയേൽ പ്രവാചകൻ്റെ ഈ വാക്കുകൾ പ്രചോദനമാകട്ടെ. എല്ലാ വർഷവും ദൈവജനത്തിന് അനേകം നന്മകളുടെയും ദൈവകൃപയുടെയും വാഗ്ദാനവുമായിട്ടാണ് നോമ്പുകാലം കടന്നുവരുന്നത്. എക്കാലത്തെയുംപോലെ ഇന്നു നാം ജീവിക്കുന്ന സാഹചര്യങ്ങളിലും തിന്മയുടെ ശക്തികൾ പടർന്നു കയറാൻ ശ്രമിക്കുന്നതു നാം കാണുന്നുണ്ട്. യുദ്ധങ്ങളും അധികാരമോഹങ്ങളും അവയ്ക്കെല്ലാം കൂട്ടുനിൽക്കുന്ന സ്വാർത്ഥതയും അഴിമതിയും, ധൂർത്തും, അഹന്തയുമെല്ലാം ജീവിതത്തെ ദുസ്സഹമാക്കുന്നു. അഭയാർഥികളും ആലംബഹീനരുമെല്ലാം ആശ്വാസത്തിനായി കേഴുന്നു. ധാർമ്മിക മൂല്യങ്ങൾ തിരസ്ക്‌കരിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങൾ വർധിച്ചു വരുന്നു. നവീകരണ പരിശ്രമങ്ങൾ പലതും ഫലപ്രാപ്തിയിലെത്തുന്നില്ല, ഒരുതരം നിസംഗത എല്ലാ മേഖലകളെയും ബാധിച്ചിരിക്കുന്നു. കാരണം, സ്വയം നവീകരണത്തിലൂടെയല്ലാതെ ആർക്കും ലോകത്തെയോ മറ്റുള്ളവരെയോ നവീകരിക്കാനാവില്ല.

നമ്മിൽ യാഥാർഥ മാറ്റം ഉണ്ടാകണമെങ്കിൽ നമ്മുടെ ആത്മാവിലും ഹൃദയത്തിലുമാണ് അത് ആദ്യം സംഭവിക്കേണ്ടത്. നമ്മുടെ പ്രലോഭനങ്ങളെയും വീഴ്‌ചകളെയും തിന്മകളെയും സത്യസന്ധതയോടെ നോക്കിക്കാണാൻ നാം പരിശ്രമിക്കണം. ദൈവനിഷേധം, കോപം, നിസ്സംഗത, സ്വാർത്ഥത, വിശ്വാസവഞ്ചന, അശുദ്ധി, പാപബന്ധനങ്ങൾ തുടങ്ങിയവയും ഇവയോട് ചേർന്നുപോകുന്ന മറ്റു ദുശീലങ്ങളും ഗൗരവമായ പാപസാഹചര്യങ്ങളാണ് സൃഷ്ടിക്കുക. ശരിയായ രീതിയിൽ ഇവയെ നിയന്ത്രിക്കുന്നില്ലെങ്കിൽ നമ്മുടെ ആധ്യാത്മിക ജീവിതത്തെയും അതുവഴി പൊതുസമൂഹത്തെയും ശ്വാസംമുട്ടിക്കുന്ന കളകളും മുള്ളുകളുമായി അവ വളർന്നു കൊണ്ടേയിരിക്കും. സങ്കീർത്തനം പറയുന്നതുപോലെ ‘എൻ്റെ പാപങ്ങൾ ഞാനറിയുന്നു, അവ എപ്പോഴും എൻ്റെ കണ്മുൻപിലുണ്ട്’ (സങ്കീ 51,3). നോമ്പാചരണത്തിന്റെ കൃപയും വിശുദ്ധീകരണവും ഇവിടെ നമുക്കനിവാര്യമാണ്. അവയിലൂടെ നമ്മുടെ ജീവിതത്തെയും ചുറ്റുപാടുകളെയും മെച്ചപ്പെടുത്താനാവശ്യമായ എല്ലാ ഉപകരണങ്ങളും നമുക്ക് ലഭിക്കുന്നു. ഇവയെ വേണ്ടവിധം പ്രയോജനപ്പെടുത്താൻ നാം തീർച്ചയായും പരിശ്രമിക്കേണ്ടിയിരിക്കുന്നു. “നിങ്ങൾക്കു കൈവന്നിരിക്കുന്ന ദൈവകൃപ വ്യർത്ഥമാക്കരുത്” (2 കോറി 6:1) എന്ന പൗലോസ് അപ്പസ്തോലൻ്റെ വാക്കുകൾ നോമ്പിൻ്റെ ആരംഭത്തിൽ നമുക്ക് പ്രചോദനമാകട്ടെ. നന്മ ചെയ്യാൻ ആഗ്രഹിക്കുന്ന നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന തിന്മയുടെ ശക്തികളെപ്പറ്റിയും അവയെ നിർവീര്യമാക്കാൻ സഹായിക്കുന്ന ആത്മാവിൻ്റെ ഫലങ്ങളെപ്പറ്റിയും ഗലാത്യർക്കെഴുതിയ ലേഖനത്തിൽ പൗലോസ് അപ്പസ്തോലൻ പറയുന്ന വാക്കുകൾ (ഗലാ 5:20-23) ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടും കൂടി ക്രൂശിച്ചുകൊണ്ട് നോമ്പുകാലം ഫലപ്രദമായി ആചരിക്കാൻ നമുക്കു ശക്തി നൽകും.

അമിതമായ മദ്യപാനവും അടക്കക്കുറവായ വസ്ത്രധാരണവും വിവിധ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ആഢംബരവും ധൂർത്തും അനുഷ്ഠാനങ്ങളുമെല്ലാം അന്യർക്ക് ഇടർച്ച നൽകുന്ന ആത്മീയ പാപ്പരത്വത്തിന്റെ നഗ്‌നമായ പ്രദർശനമായി മാറുന്നു എന്ന കാര്യം വീണ്ടും ഓർമ്മിപ്പിക്കേണ്ടി വരുന്നു. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസിന്റെ ഈ ജൂബിലി വർഷത്തിൽ ലാളിത്യത്തിന്റെയും ക്രൈസ്തവ സ്നേഹാനുഭവത്തിന്റെയും മാതൃകയായ ഈ വിശുദ്ധന്റെ ജീവിത മാതൃകയിൽനിന്ന് പ്രചോദനമുൾക്കൊള്ളാൻ നമുക്ക് ആത്മാർത്ഥമായി പരിശ്രമിക്കാം. നോമ്പുകാലമെന്നു കേൾക്കുമ്പോൾ കുറെ കാര്യങ്ങൾ ഉപേക്ഷിക്കാനുള്ള ഒരു കാലഘട്ടമാണ് അതെന്നു ചിന്തിക്കുന്നവരുണ്ട്. എന്നാൽ അതിലുപരി ദൈവത്തോടൊത്തുള്ള ഒരു തീർത്ഥാടനത്തിന്റെ കാലമാണത്. നമ്മുടെ ജീവിതയാത്രയിൽ തടസ്സങ്ങൾ മാറ്റി നിറുത്തിക്കൊണ്ട് നമുക്ക് ജീവൻ നൽകിയ ദൈവത്തിന്റെ സ്വരം വ്യക്തമായി ശ്രവിക്കാനും അനുധാവനം ചെയ്യാനുമുള്ള സുവർണ കാലഘട്ടമാണിത്. ഈ യാത്രയിൽ നമ്മെ സഹായിക്കാൻ തിരുസഭ അവളുടെ അനുഭവ ജ്ഞാനത്തിൽനിന്നും നമുക്ക് നൽകുന്ന മൂന്നു പരമ്പരാഗത ഉപകരണങ്ങളാണ് പ്രാർത്ഥന, ഉപവാസം, ദാനധർമ്മം എന്നിവ. നമ്മുടെ ഹൃദയങ്ങൾ ദൈവത്തിലേക്ക് തിരിയുമ്പോൾ അത് മറ്റുള്ളവരിലേക്കും തുറക്കുന്നു എന്നും നിസ്സംഗത ഒഴിവാക്കി നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും ലോകത്തിലും സ്നേഹത്തിന്റെ സത്ഫലങ്ങൾ പുറപ്പെടുവിക്കാനുള്ള നല്ല അവസരമാണ് നോമ്പുകാലം എന്നും വി. ജോൺ പോൾ മാർപ്പാപ്പ നമ്മെ ഓർമ്മിപ്പിക്കുന്നു. ഫ്രാൻസീസ് മാർപ്പാപ്പയുടെ വാക്കുകളിൽ ‘അത്യാവശ്യങ്ങളിലേക്കു മടങ്ങാനുള്ള ഒരു കാലഘട്ടമാണ് നോമ്പുകാലം’. നമ്മുടെ ഹൃദയങ്ങൾ മൃദുലമാക്കാൻ ദൈവത്തിനു നാം വിട്ടുകൊടുക്കുന്ന അവസരമാണ് മാനസാന്തരം. പ്രാർത്ഥനയിലൂടെ നാം വീണ്ടും ദൈവത്തെ ശ്രവിക്കുന്നു. നമ്മെ ഭാരപ്പെടുത്തുന്നവയിൽനിന്നു മോചിതരാകാൻ ഉപവാസം സഹായിക്കുന്നു. ദാനധർമ്മത്തിലൂടെ നമ്മുടെ സഹോദരങ്ങളെ, വിശിഷ്യാ ക്ലേശിതരെയും വിസ്മരിക്കപ്പെട്ടവരെയും നാം വീണ്ടും കണ്ടെത്തുന്നു.

ആത്മാവിന്റെ നിശ്വാസമാണ് പ്രാർത്ഥന. എല്ലാ ദിവസവും വിശിഷ്യാ നോമ്പുകാലത്ത് കുറച്ചുസമയം ദൈവതിരുമുമ്പിൽ നിശബ്ദരായിരിക്കാൻ നമുക്കു പരിശ്രമിക്കാം. നമ്മുടെ ആവശ്യങ്ങളുടെ പട്ടിക അവതരിപ്പിക്കാനല്ല ദൈവത്തിൻ്റെ സ്വരം ശ്രവിക്കാൻ ഈ സമയം മാറ്റി വയ്ക്കുക. സാധിക്കുന്നവരെല്ലാം അനുദിന ബലിയിൽ പങ്കുചേരുന്നതും പ്രാർത്ഥനാ ജീവിതത്തെ ശക്തിപ്പെടുത്താൻ സഹായിക്കും.

നോമ്പുകാലം ഒരു യഥാർത്ഥ ത്യാഗമാണ്. നമ്മൾ ആസ്വദിക്കുന്ന കാര്യങ്ങൾ ഉപേക്ഷിക്കാൻ ശക്തമായ പ്രതിബദ്ധതയും ആത്മനിയന്ത്രണവും ആവശ്യമാണ്. ശാരീരികമായ വിശപ്പ് ഉളവാക്കുന്ന ഉപവാസം ‘മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്’ എന്ന സത്യം നമ്മെ അനുസ്‌മരിപ്പിക്കാൻ സഹായിക്കും. നമ്മുടെ ജീവിതത്തിലെ അനേകം മേഖലകളെ വിശുദ്ധീകരിക്കാൻ ഉപവാസത്തിനു ശക്തിയുണ്ട്. ഭക്ഷണപാനീയങ്ങളിൽ നിന്ന് മാത്രമല്ല, നമ്മെ അടിമകളാക്കാൻ പരിശ്രമിക്കുന്ന എല്ലാറ്റിനെയും ബോധപൂർവം നിയന്ത്രിക്കുമ്പോൾ മാത്രമേ ഉപവാസം ശരിയായ ഫലം നല്‌കുകയുള്ളു. പ്രാർത്ഥനയുടെയും ഉപവാസത്തിൻ്റെയും സൽഫലമാണ് ദാനധർമ്മം. നമ്മുടെ പരിത്യാഗത്തിലൂടെ മിച്ചം വയ്ക്കുന്നവ സ്നേഹത്തിൽ പകർന്നു നൽകപ്പെടണം. ഏകാന്തരിലും ദരിദ്രരിലും പാർശ്വവൽക്കരിക്കപ്പെട്ടവരിലും ദൈവത്തെ ദർശിക്കാൻ നമുക്ക് സാധിക്കുന്നില്ലെങ്കിൽ നമ്മുടെ പ്രാർത്ഥനയും ഉപവാസവും ഉപരിപ്ലവം മാത്രമായിരിക്കും. ദൈവസ്നേഹത്തിൻ്റെ ആഴങ്ങളെ അനുഭവിച്ചറിയാൻ ഈശോയുടെ തിരുഹൃദയസ്നേഹം നമ്മുടെ മുൻപിൽ വരച്ചു കാട്ടിയ ഫ്രാൻസിസ് മാർപ്പാപ്പയുടെ ‘അവൻ നമ്മെ സ്നേഹിച്ചു’ (ഡിലെക്സിത് നോസ്) എന്ന ചാക്രികലേഖനവും ഈ സ്നേഹം എപ്രകാരമാണ് ദരിദ്രരോടുള്ള സ്നേഹത്തിലൂടെ പ്രകാശിതമാകുന്നതെന്നു കാണിക്കാൻ, ലെയോ പതിനാലാമൻ മാർപ്പാപ്പ നൽകിയ ‘ഞാൻ നിന്നെ സ്നേഹിച്ചു’ (ഡിലെക്സിത് തേ) എന്ന അപ്പസ്തോലിക ലേഖനവും നമ്മുടെ നോമ്പുകാല വായനയ്ക്ക് ഫലപ്രദമായി പ്രയോജനപ്പെടുത്താൻ നമുക്ക് സാധിക്കട്ടെ. അർത്ഥപൂർണ്ണമായ നോമ്പാചരണത്തിൻ്റെ നല്ല ഫലങ്ങൾ നാം സ്വീകരിക്കുന്നത് ഒരുക്കത്തോടെയുള്ള അനുരഞ്ജന കൂദാശയിലൂടെയാണ്.

നമ്മിൽ പലരും അനാവശ്യമായ കുറ്റബോധവും ജീവിത ഭാരങ്ങളും വഹിച്ചു തളരുന്നവരാണ്. എന്നാൽ ഇവയിൽ നിന്നെല്ലാം വിമോചിപ്പിച്ചു നമ്മെ സ്വതന്ത്രരാക്കാൻ ആഗ്രഹിക്കുന്ന ദൈവതിരുമുമ്പിൽ പശ്ചാപത്തോടെ നാം അണയുമ്പോൾ ലഭിക്കുന്ന ആശ്വാസം അവർണ്ണനീയമാണ്. “അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങൾ എല്ലാവരും എൻ്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങൾക്കു ആശ്വാസം നല്കാം” (മത്താ 11:28) എന്നാണല്ലോ ഈശോ നമ്മോട് പറയുന്നത്.

ഇവിടെ നാം ഓർക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്. ഒന്നാമത്തേത് പാപമെന്ന യാഥാർഥ്യം അംഗീകരിക്കാൻ തയ്യാറാവുക; പാപത്തെക്കാൾ വലിയ തിന്മയാണ് പാപബോധമില്ലായ്‌മ. വിശുദ്ധ പൗലോസ് അപ്പസ്തോലൻ റോമക്കാർക്കെഴുതിയ ലേഖനത്തിൻ്റെ ഒന്നും രണ്ടും അദ്ധ്യായങ്ങളിൽ ഇക്കാര്യം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ധൂർത്തപുത്രൻ്റെ കഥയിൽ തൻ്റെ ദൈന്യാവസ്ഥയിൽ അവനു സുബോധമുണ്ടായി എന്ന് കർത്താവു നമ്മോട് പറയുന്നു (ലൂക്ക 15). ആ സുബോധമാണല്ലോ അവനെ പശ്ചാത്താപത്തിലേക്കും ഹൃദയപരിവർത്തനത്തിലേക്കും അതുവഴി അനുരഞ്ജനത്തിലേക്കും നയിച്ചത്. “അങ്ങയുടെ വചനം എൻ്റെ പാദത്തിന് വിളക്കും പാതയിൽ പ്രകാശവുമാണ്” (സങ്കീ 119:105) എന്നുപറയുന്ന സങ്കീർത്തകനോടൊപ്പം നമുക്കും ദൈവപ്രമാണങ്ങളുടെ വെളിച്ചത്തിൽ നമ്മുടെ ഹൃദയങ്ങളെ പരിശോധിക്കാനും നമ്മിലുള്ള തിന്മയുടെ യാഥാർഥ്യം അംഗീകരിക്കാനും സാധിച്ചാൽ മാത്രമേ അനുരഞ്ജനകൂദാശക്ക് യോഗ്യതയോടെ അണയാനും പാപബന്ധനങ്ങളിൽ നിന്ന് മോചിതരാകാനും സാധിക്കൂ.

നാം അനുസ്മരിക്കേണ്ട രണ്ടാമത്തെ കാര്യം അനുരഞ്ജനവേദി ഒരു കുറ്റവിചാരണ മുറിയല്ല. പ്രത്യുത, നമുക്കായി കുരിശിൽ മരിച്ച നമ്മുടെ കർത്താവീശോമിശിഹാ തൻ്റെ ഹൃദയരക്തം കൊണ്ട് നമ്മുടെ ഹൃദയങ്ങളെ കഴുകി വെണ്മയാക്കുന്ന കരുണ്യത്തിന്റെ വേദിയാണത്. അനുതാപത്തോടെ അനുരഞ്ജന കൂദാശയ്ക്കണയുന്ന ഓരോ വ്യക്തിയും ദൈവമക്കളുടെ സ്വാതന്ത്യത്തിലേക്കും സന്തോഷത്തിലേക്കുമാണ് പ്രവേശിക്കുക. പാപഭാരത്താൽ വലയുന്നവരുടെ ഹൃദയത്തിൽ നിരാശ നിറയ്ക്കാൻ നിരന്തരം പരിശ്രമിക്കുന്ന സാത്താന്റെ എല്ലാ പ്രയത്നങ്ങളും ഫലശൂന്യമാക്കുന്ന ഈ കൂദാശയിൽനിന്നും ആളുകളെ അകറ്റി നിർത്താനുള്ള പിശാചിൻ്റെ കുതന്ത്രങ്ങളിൽ വീഴാതെ ദൈവകാരുണ്യത്തിന്റെ അനുഭവത്തിലേക്ക് മടങ്ങി വരാനും വിശുദ്ധിയുടെ പാതയിൽ മുന്നേറാനും അനുരഞ്ജനകൂദാശ വഴിയൊരുക്കുന്നു. പുത്രനെന്ന അംഗീകാരത്തിന് താൻ അർഹനല്ലെങ്കിലും പിതാവിൻ്റെ ഭവനത്തിലെ ദാസനായെങ്കിലും സ്വീകരിക്കപ്പെടുമായിരിക്കും എന്ന പ്രതീക്ഷയോടെ പിതൃഭവനത്തിലേക്കു മടങ്ങിയെത്തിയ ധൂർത്തപുത്രന് ലഭിച്ച സ്വീകരണം അനുരഞ്ജനകൂദാശയെ പ്രത്യാശയോടെ സമീപിക്കാൻ നമ്മെ സഹായിക്കുന്നു. മനസ്തപിച്ച് പാപങ്ങൾ ഏറ്റുപറഞ്ഞ് ദൈവകരുണയ്ക്കായി യാചിക്കുമ്പോൾ മനം മടുക്കുന്നവർക്കും ജീവിതത്തിന് അർത്ഥമില്ലെന്ന് കരുതുന്നവർക്കും പ്രത്യാശയും പ്രതീക്ഷയും നല്കപ്പെടുന്നു. “നമ്മോട് ക്ഷമിക്കുന്നതിൽ ദൈവം ഒരിക്കലും മടുക്കുന്നില്ല. അവന്റെ കരുണ തേടുന്നതിൽ നമ്മളാണ് മടുക്കുന്നത്” എന്ന ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ മറക്കാതിരിക്കാം.

പിതാവിന്റെയും + പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും + നാമത്തിൽ ഇടയനടുത്ത ആശീർവാദം നൽകുന്നു.

എന്ന് കോട്ടയം അതിരൂപതാകേന്ദ്രത്തിൽനിന്നും 2026 ഫെബ്രുവരി മാസം 6-ാം തീയതി,

+ മാർ മാത്യു മൂലക്കാട്ട്

കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത

വലിയ നോമ്പ്: ഉപവാസം, പ്രാർത്ഥന, ദാനധർമ്മം

വലിയ നോമ്പ് ആത്മപരിശോധനയുടെയും മാനസാന്തരത്തിന്റെയും കാലഘട്ടമാണ്. ഈസ്റ്ററിന്റെ മഹിമയിലേക്ക് നമ്മെ ഒരുക്കുന്ന ഈ വിശുദ്ധ ദിവസങ്ങൾ, വെറും ആചാരപരമായ അനുഷ്ഠാനങ്ങൾക്കല്ല; മറിച്ച് ആത്മാവിന്റെ പുതുക്കലിനും ഹൃദയത്തിന്റെ ശുദ്ധീകരണത്തിനുമാണ്.

ഇന്നത്തെ ലോകം ആഡംബരവും അതിവേഗവും സ്വാർത്ഥതയും നിറഞ്ഞ ഒരു ജീവിതശൈലിയിലേക്ക് നമ്മെ നയിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ വലിയ നോമ്പ് നമ്മെ നിർത്തി ചിന്തിക്കാൻ വിളിക്കുന്നു. “ഞാൻ ആരാണ് ? എന്റെ ജീവിതത്തിന്റെ ദിശ എന്താണ് ? ദൈവവുമായി എന്റെ ബന്ധം എങ്ങനെയാണ് ?” എന്ന ചോദ്യങ്ങളിലേക്കാണ് ഈ കാലം നമ്മെ നയിക്കുന്നത്.

ഉപവാസം: നിയന്ത്രണത്തിന്റെ പാഠം

ഉപവാസം വെറും ഭക്ഷണം ഒഴിവാക്കലല്ല. അത് ആഗ്രഹങ്ങളെ നിയന്ത്രിക്കാനുള്ള ആത്മീയ പരിശീലനമാണ്. നമുക്ക് ആവശ്യമില്ലാത്ത ആഡംബരങ്ങൾ ഒഴിവാക്കി, ലാളിത്യത്തിലേക്ക് തിരിയുമ്പോൾ ഹൃദയം ദൈവസന്നിധിയിലേക്ക് കൂടുതൽ തുറക്കപ്പെടുന്നു. ശരീരത്തിന്റെ ശബ്ദം കുറയുമ്പോൾ ആത്മാവിന്റെ ശബ്ദം വ്യക്തമായി കേൾക്കാൻ കഴിയും.

പ്രാർത്ഥന: ദൈവസന്നിധിയിലേക്കുള്ള പാലം

പ്രാർത്ഥന ദൈവത്തോടുള്ള ജീവൻമയമായ സംഭാഷണമാണ്. വലിയ നോമ്പ് നമ്മെ കൂടുതൽ പ്രാർത്ഥിക്കാൻ ക്ഷണിക്കുന്നു — വ്യക്തിപരമായും കുടുംബമായും സമൂഹമായും. ദൈവവചനധ്യാനം, വിശുദ്ധ കുർബാന, ക്രൂശുവഴി തുടങ്ങിയ ആത്മീയാനുഭവങ്ങൾ നമ്മെ ആത്മീയമായി വളർത്തുന്നു. പ്രാർത്ഥനയിൽ ചെലവഴിക്കുന്ന ഓരോ നിമിഷവും ഹൃദയത്തെ പുതുക്കുന്ന അനുഗ്രഹമായി മാറുന്നു.

ദാനധർമ്മം: സ്നേഹത്തിന്റെ സാക്ഷ്യം

ഉപവാസവും പ്രാർത്ഥനയും ദാനധർമ്മത്തിലൂടെ പൂർണ്ണത പ്രാപിക്കുന്നു. നമ്മുടെ കൈവശമുള്ളത് പങ്കുവെക്കുമ്പോൾ ദൈവസ്നേഹം പ്രവർത്തിയിൽ പ്രകടമാകുന്നു. ദരിദ്രർക്കും ആവശ്യമുള്ളവർക്കും സഹായം നൽകുന്നത് വെറും ദാനം മാത്രമല്ല; അത് മനുഷ്യസ്നേഹത്തിന്റെ പ്രകടനമാണ്. കരുണയും പങ്കിടലും വലിയ നോമ്പിന്റെ യഥാർത്ഥ ആത്മാവാണ്.

ആത്മപരിഷ്കാരത്തിലേക്കുള്ള ക്ഷണം

വലിയ നോമ്പ് നമ്മെ കുറ്റബോധത്തിലല്ല, പ്രത്യാശയിലേക്കാണ് നയിക്കുന്നത്. മാനസാന്തരത്തിലൂടെ പുതിയ ജീവിതത്തിലേക്കുള്ള യാത്രയാണ് ഇത്. ഉപവാസം, പ്രാർത്ഥന, ദാനധർമ്മം — ഈ മൂന്നു സ്തംഭങ്ങൾ നമ്മുടെ ആത്മീയ ജീവിതത്തെ ഉറപ്പിക്കുന്ന അടിസ്ഥാനങ്ങളാണ്.

ഈ വലിയ നോമ്പ് നമുക്ക് വെറും ഒരു ആചാരകാലമായി കടന്നുപോകാതിരിക്കട്ടെ. മറിച്ച് അത് നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും ബന്ധങ്ങളെയും മാറ്റുന്ന ഒരു അനുഭവമായി മാറട്ടെ. അതുവഴി, പുനരുത്ഥാനത്തിന്റെ സന്തോഷത്തിലേക്ക് പുതുക്കപ്പെട്ട ഹൃദയത്തോടെ പ്രവേശിക്കാൻ നമുക്ക് കഴിയട്ടെ.

ഫാ. മാത്യൂസ് വലിയ പുത്തൻപുര

ചീഫ് എഡിറ്റർ